സ്വീഡിഷ് കവിയായിരുന്ന ആക്സൽ മാർട്ടിൻ ഫ്രെഡറിക്മുൻതേയുടെ ഓർമ്മകൾക്കു മുൻപിൽ ഈ കവിത സമർപ്പിക്കുന്നു!
അന്നാ കാപ്രിയിലെ പൂക്കൾ
ഒന്ന്
മുൻതേ…….
നിൻ്റെ അന്നാകാപ്രിയിലെ
പൂക്കളുടെ നിറം വീണ് എൻ്റെനദി
ചുവന്നൊഴുകുന്നു!
തണൽ വിരിച്ച വഴിയിലൂടെ
രണ്ടാത്മാക്കൾ പ്രേതരൂപങ്ങളെ-
പോലെ നീങ്ങുന്നുണ്ട്!
രാത്രിയെ കുടിച്ചു വറ്റിച്ച്
ശവക്കച്ചയുടെ നിറമുള്ള
വെളുത്തആകാശത്തിലെ സൂര്യൻ
നിൻ്റെ
അന്നാകാപ്രിയിലെ നിത്യസന്ദർശകൻ!
(രണ്ട്)
മുൻതേ….
എൻ്റെ ചൂടേറ്റിട്ടാണല്ലോ
നിൻ്റെപൂക്കൾക്കു നിറമുണ്ടായത്!
ഡിസംബറിലെ അന്നാകാപ്രികൾ –
മഞ്ഞു വീണു നനയുമ്പോൾ
അവിടുത്തെ പൂക്കളുടെ സുഗന്ധം
തണുവുകൊണ്ട് മൂടി കിടന്നിരുന്നു!
മുൻതേ….
നിൻ്റെ പ്രണയം കാടിറങ്ങി
കടലിലെ മഞ്ഞുകട്ടയെ
പുണർന്നു കിടക്കുന്നെന്നോ?
ചക്രവാളത്തിലെ ചുവന്ന സുര്യൻ
നിൻ്റെ ശ്മശാനത്തിൽ വീണ്
തണുത്ത ശവങ്ങളുടെ നിശ്ചലത
പോലെ ചിതറി കിടപ്പുണ്ട്!
(മൂന്ന്)
അതാണെനിക്ക് അന്നാകാപ്രിയിലെ
പൂവുകളോട് പറയുവാനുള്ളത് !
അതാണെനിക്ക് അന്നാകാപ്രി-
യിലെ ശവങ്ങളോടും പറയാനുള്ളത് !
പച്ച വിരിച്ച സൂചിയിലക്കാടുകൾ –
ക്കിടയിൽ ചത്തുമലച്ചവരുടെ
അസ്ഥികൂടങ്ങൾ പിറുപിറുക്കുന്നു!
മഞ്ഞുകട്ടകൾ ചിതറി തെറിക്കു –
ന്നിടത്ത് ചതഞ്ഞരഞ്ഞ പൂക്കളു-
ടെ നിലവിളികൾ !
അതെ – സുഹൃത്തെ !
അന്നാകാപ്രിയിലെ പൂക്കൾക്ക്
മരിച്ച മനുഷ്യൻ്റെ തണുത്ത
ഗന്ധമാണ്!
ബാബുരാജ് KG