അമ്മത്തൊട്ടിലിൽ എന്നെ
കണ്ടെത്തിയതിന്റെ തലേന്ന്,
തൊട്ടടുത്തുളള
പാറമടയുടെ വിള്ളലിൽ,
നീണ്ടുചുരുണ്ട് കറുത്ത്
കൊഴുത്തൊരു മറുപിളള
അനാഥമായിക്കിടന്നിരുന്നതായി ,
എന്റെ ചരിത്രരേഖയിൽനിന്ന്
ഞാനിന്നലെ കണ്ടെത്തി..
മാതൃത്വത്തിന്റെ മരവിച്ചുമരിച്ച ,
തിരുശേഷിപ്പ് പോലെ ..
അതിന്റെ മറ്റേ അറ്റത്ത്
എന്റെ അമ്മ
ആത്മഹത്യ ചെയ്തിരിക്കും.
അല്ലെങ്കിൽ
വരരുചിമാരുടെ
ചോരക്കുഞ്ഞുങ്ങളെ
അനാഥരാക്കി ഇപ്പൊഴും ,
പെരുവഴികളിൽ
ഉപേക്ഷിച്ചുകൊണ്ടിരിക്കയാവും.
പിന്നെ,
വായില്ലാ കുന്നിലപ്പന്മാരുടെ
കുലങ്ങളിൽ അവരൊക്കെ
ഒതുങ്ങിപ്പോയിരിക്കും.
ഞാൻ നിന്നു കത്തുന്നു.
ഈ തീപ്പന്തംകൊണ്ട്
ഞാനിപ്പോൾ
ആരെയാണ് തിരയേണ്ടത്.?
ബാലു പൂക്കാട്✍