ആദ്യാക്ഷരം കുഞ്ഞു
മനസ്സുകൾക്കേകിടും
അറിവിൻ വെളിച്ചമദ്ധ്യാപകരല്ല യോ
പരിലസിച്ചീടുന്നു മണ്ണിലിതിൽ
വിദ്യയ്ക്കു
നാഥനായറിവിൻ മധുരം പകരുവാൻ
വിദ്യതന്നാലയമാം മലർവാടിയിൽ
പാറിപ്പറന്നു വരുന്ന പതംഗമേ
നേരുന്നു നിങ്ങൾക്കൊരായിരം മംഗളം
സ്നേഹ വാത്സല്യാഭിവാദ്യങ്ങളും
ആർദ്രമായാടിയും പാടിയാമോദിച്ചും
പള്ളിക്കൂടപ്പടിയും കടന്നെത്തുന്ന
കുഞ്ഞുപറവകൾ നിങ്ങൾ തന്നുടെ
കൊഞ്ചൽ
കൊതിക്കുമീയാലയച്ചുവരുകൾ
നിർമ്മലമാനസം പൊട്ടിച്ചിരിക്കുന്ന
ധ്വനികളാലെന്നും മുഖരിതമാകട്ടെ
അക്ഷരം വാഴുന്ന ശ്രീ കോവിലാകുമീ
നാലു ചുമരിന്നകത്തളങ്ങൾ
അക്ഷരമലരാം നിറകുടമേന്തിയും
ക്ഷരമാകുമക്ഷര
ക്ഷീരബലയോതിയും
ഹവിസാൽ ജ്വലിക്കട്ടെ
ഹൃത്തിന്നറകളിൽ
യജ്ഞ പൂർത്തിയ്ക്കുള്ള
മന്ത്രാക്ഷരങ്ങളായ്.
ഒ.കെ.ശൈലജ ടീച്ചർ✍