ഉത്രാടപ്പാച്ചിലിലാണ് ചുററു പാടുമുള്ള നാട്ടുവഴികള്‍,
ഉച്ചയൂണും കഴിഞ്ഞ് വെറുതെ പുറത്തേയ്ക്കിറങ്ങി. വിശാലമായ മുററത്തിനുമപ്പുറം ഗെയിററ്, അതിനുമപ്പുറം വെയിലു തിളയ്ക്കുന്ന റോഡ് ,
വെറുതെ ഗെയിററില്‍ കവിള്‍ ചേര്‍ത്തു നിന്നു.
ഉച്ചസമയമായതുകൊണ്ട് റോഡ് വിജനമാണ്, വീട്ടില്‍ നിന്നും കുട്ടികളുടെ ആരവം കേള്‍ക്കാം.
അവള്‍ക്കെന്തോ പെട്ടന്ന് അകാലത്തില്‍ യാത്ര പറയാതെ ജീവിതത്തില്‍ നിന്നും മടങ്ങിപ്പോയ ഭര്‍ത്താവിനോട് അമര്‍ഷം തോന്നി.
ഇപ്പോള്‍ ഒരു ആഘോഷങ്ങളോടും മമതയില്ല. ചിലപ്പോള്‍ തോന്നും മഴവില്ലിനു പോലും നരച്ച നിറമാണെന്ന്,
എല്ലാ സൗഭാഗ്യങ്ങളും നേടിത്തന്നിട്ടാണദ്ധേഹം പോയത്,
പക്ഷേ ചിലപ്പോള്‍ വിശാലമായ വാതിലുകളില്ലാത്ത വലിയ ഒരു ഹാളിലകപ്പെട്ടതു പോലെ,
അല്ലെങ്കില്‍ നിറങ്ങളും ചലനങ്ങളുമില്ലാത്ത ഏതോ മരുഭൂമിയിലകപ്പെട്ടത് പോലെ,
അപ്പോളൊരാശ്വാസമാണ് കവിള്‍ ഗേററിന്‍റെ കമ്പിയില്‍ ചേര്‍ത്ത് റോഡിലെ ചലനങ്ങള്‍ കണ്ടു നില്‍ക്കുന്നത്,
അടച്ചിട്ട വീട്ടിലെ, തുറന്നിട്ട ഏക ജനലിലൂടെ പുറം ലോകത്തിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന കുട്ടിയെപ്പോലെ..
അപ്പോളാണവള്‍ കണ്ടത് റോഡിലൂടെ,തിളയ്ക്കുന്ന വെയില്‍ ചവിട്ടിയൊരാള്‍ നിലത്തേയ്ക്ക് നോക്കി അതിവേഗം നടന്നു വരുന്നു.
അടുത്തെത്തിയപ്പോളാണ് ആളെ മനസ്സിലായത് വല്ലപ്പോളും പറമ്പിലെ പണികള്‍ക്കായി വരുന്നയാള്‍,
അയാളുടെ നടപ്പിലെ തിടുക്കം കണ്ട് ചോദിച്ചു
എങ്ങോട്ടാണീ ഉച്ചവെയിലില്‍ തിടുക്കത്തില്‍..?
അയാള്‍ ഞെട്ടി തലയുയര്‍ത്തി നോക്കി .അപ്പോളാണ് അയാളവളെ കണ്ടത്. പെട്ടന്നു ബ്രേക്കിട്ടതുപോലെ നിന്നു.
വിഷം മേടിയ്ക്കാന്‍ പോകുന്നു..
എന്താ..?
വിഷം വാങ്ങാന്‍..
എന്തിന് ?
കഴിച്ച് മരിയ്ക്കാന്‍..
അവള്‍ ഞെട്ടിപ്പോയി
ആദ്യമായാണൊരാള്‍ മരിയ്ക്കാന്‍ പോകുന്നുയെന്നു പറയുന്നതും അവള്‍ കേള്‍ക്കുന്നതും.
അയാളുടെ വാക്കുകളിലെ ഉറപ്പും പതര്‍ച്ചയില്ലായ്മയും അയാളത് വെറുതെ പറഞ്ഞതല്ലെന്ന് അവളെ,ബോധ്യപ്പെടുത്തി.
ഒരു നിമിഷം എന്താണ് കാര്യമെന്നൊന്നു പറയൂ..
അതോ…ആര്‍ക്കും എന്നെ ഇപ്പോള്‍ വേണ്ടന്ന്..
ആര്‍ക്ക് ?
നിങ്ങളുടെ ഭാര്യയെവിടെ?
അവള് മരിച്ചിട്ട് വര്‍ഷങ്ങളായി അതറിഞ്ഞില്ലേ..?
അവളതറിഞ്ഞിരുന്നില്ല.
അവളെങ്ങനറിയാനാണ് ?
വീട്, അവളുടെ മക്കള്‍. മക്കളുടെ കുട്ടികള്‍, അതൊക്കെയാണ് ലോകം,
അയ്യോ ഞാനറിഞ്ഞിരുന്നില്ല..
ആ..പലരും പലതും അറിയാറില്ല.
അവള് പോയി ഞങ്ങള്‍ക്ക് ഒരു മകനായിരുന്നു. അവന്‍ കല്യാണം കഴിച്ച് ഒരു കുട്ടി,
ഇപ്പോ ഞാനവര്‍ക്ക് അധികപ്പററ് … ഞാനിരുന്നാല്‍ കുററം, നടന്നാല്‍ കുററം ചിരിച്ചാല്‍ ഉറക്കെ സംസാരിച്ചാല്‍…
ഇപ്പോ മരിയ്ക്കാനും മാത്രമെന്താണ് പ്രശ്നം?
ഓണമല്ലേ.. നല്ലോരു ദിവസമായിട്ട് അവര്‍ രണ്ടൂം കൂടി അവളുടെ വീട്ടില്‍ പോയി..
അത് സാരമില്ല അവര് നാളെ വരുമായിരിയ്ക്കും ..
അതുവരെ ഞാനെവിടെ കിടക്കും..?
ങേ..എന്താ..?
അവര് തഞ്ചത്തിലെന്നെ പുറത്തിറക്കി വീടും പൂട്ടിപ്പോയി..
അയ്യോ…അപ്പോളിനി എവിടെ, കിടക്കും..?
ഞാനും അവളും കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ വീടാ…അന്നവള് പറഞ്ഞതാ അവന്‍റെ പേരിലെഴുതികൊടുക്കേണ്ടന്ന്.. ഞാന്‍കേട്ടില്ല.. അവള് പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു.
ശരി ഞാന്‍ പോകട്ടെ..
അയാള്‍ വീണ്ടും നടക്കാനൊരുങ്ങി .
ഇതിനു മരിയ്ക്കേണ്ട കാര്യമില്ല വീട് നമുക്ക് തിരിച്ചുവാങ്ങാമെന്നേ..
അയാള്‍ സാവധാനം തിരിച്ചു നടന്നു പോയി.
അന്നു പകലും രാത്രിയും, അവളെ അയാളെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടികൊണ്ടിരുന്നു.
പിറേറന്നവള്‍ അതേ സഥലത്ത് നില്‍ക്കുമ്പോളയാള്‍, കടകളുടെ ഭാഗത്തു നിന്നും നടന്നു വരുന്നു.
ഗേററിന് മുകളില്‍ അവളുടെ മുഖം കണ്ടതേ ചിരിച്ചു ഒരു ചെറിയ കവറിലെന്തൊ ഉണ്ട്,
കടയില്‍ പോയതാ കാപ്പി കുടിയ്ക്കാന്‍, പക്ഷേ തിരുവോണമല്ലേ കടകളൊന്നും ഇന്ന് തുറന്നില്ല..
അയ്യോ അതു കഷ്ടമായിപ്പോയല്ലോ..?
മക്കളു വന്നില്ലേ ?
ഇന്ന് തിരുവോണമല്ലേ ഇന്നു വരും..
ഇന്നലെ രാത്രിയലെന്തുകഴിച്ചു.
ഒന്നും കഴിച്ചില്ല.
ഇതെന്താ..?
രണ്ട് മൂന്നു പഴമാ..
കേറി വന്നാല്‍ ഞാന്‍ കാപ്പിയുണ്ടാക്കി തരാം..
വേണ്ട..
വാ വന്ന് കേറിയിരിയ്ക്ക്..
അയാള്‍ തോളില്‍ കിടന്ന തോര്‍ത്തില്‍ മുഖം തുടച്ചു.
കൈയ്യിലിരുന്ന വെളുത്ത പ്ളാസ്ററിക് കവര്‍ കൈയ്യിലിട്ട് കറക്കി കൊണ്ട് നടന്നു പോയി.
കിഴക്കുനിന്നും വരുന്ന സുര്യപ്രകാശം ആ റോഡില്‍ അയാളുടെ നീണ്ട നിഴല്‍ സൃഷ്ടിച്ചു.
ഇതേ പോലെ പല വീടുകളിലും തുറന്ന വാതിലുകളും എന്നന്നേക്കും അടഞ്ഞ വാതിലുകളും ഉണ്ടായിരിയ്ക്കാം..
ഒരു പക്ഷേ ആ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ഘനീഭവിച്ച തണുപ്പില്‍ നിലാവസ്തമിച്ച രാത്രിപോലെ, സൂര്യചന്ദ്രന്‍മാര്‍ നഷ്ടമായ ആകാശം പോലെ, മാണിക്യം നഷ്ടമായ നാഗത്തെപ്പോലെ ,
ചില ജീവിതങ്ങള്‍ കൂനിക്കൂടിയിരിപ്പുണ്ടാകാം..
തുറന്ന വാതിലുകള്‍ തുറന്നു തന്നെ കിടക്കട്ടെ…
ആരും അവ അടയ്ക്കാതിരിയ്ക്കട്ടെ..!!