കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും,
വെയിലത്തുവാടാതെസ്നേഹംവറ്റാതെ
കൊടും കാറ്റിലുമുലയാതെ കുടുംബം
പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം
വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ
ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ
വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന
സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..!
പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ-
ത്തിലെൻകൺപീലിനനയുന്ന നേരം
ചാരത്തുവന്നെൻ കണ്ണുനീരൊപ്പി
തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ !
അറിയാതെ ചെയ്യുന്ന തെറ്റുകളെ
ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ
കടലോളം കണ്ണുനീരൊളിച്ചു വച്ച്
നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ!