17.1 C
New York
Thursday, September 28, 2023
Home Literature വീണു ചിതറിയ മഴവില്ല് (കഥ)

വീണു ചിതറിയ മഴവില്ല് (കഥ)

മഞ്ജുള ചന്ദ്രകുമാർ.✍

കുമാരസദനത്തിന്റെ ഗേറ്റ്‌ കടന്ന് പുറത്തേയ്ക്ക് പോവുമ്പോഴും മാധവൻ ചിന്തിക്കുകയായിരുന്നു. എന്തിനാവും സുശീലൻസാർ തന്നെ വിളിപ്പിച്ചത്? അപ്പു മരിച്ചിട്ട്, അല്ല അവനെ നിഷ്കരുണം കൊലപ്പെടുത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സഞ്ചയനം പോലും കഴിഞ്ഞിട്ടില്ല. ഇനിയും തോരാത്ത കണ്ണീരിന്റെ നനവേറ്റ നിശ്വാസങ്ങളും നെടുവീർപ്പുകളും അകത്തളങ്ങളിലെ നനുത്ത വായുവിൽ അലകൾ തീർക്കുന്നു. ഈ ജന്മത്തിലെ എല്ലാ ബന്ധങ്ങളേയും വിച്ഛേദിച്ചുകളഞ്ഞ ഏതോ കിരാതവാഴ്ചയുടെ നൃശംസതയാൽ അനന്തമായ കാലത്തിന്റെ ഒരു ചെറുബിന്ദുവിൽ വിലയം പ്രാപിച്ച അപ്പൂ, നീ കേൾക്കുന്നുണ്ടോ? നിന്റെ വിയോഗത്താൽ അസ്തിത്വമില്ലാതെ ആടിയുലയുന്ന ആത്മാക്കളുടെ രോദനങ്ങൾ. നീ കാണുന്നുണ്ടോ? രക്തം രക്തത്തിൽ നിന്നകലുമ്പോൾ, പ്രാണൻ പ്രാണനിൽ നിന്നടരുമ്പോൾ പിടയുന്ന നിന്റെ ഉറ്റവരുടെ വേദനകൾ.

ദുഃഖം അന്വേഷിച്ചെത്തുന്നവരുടെ തിരക്കുണ്ടെങ്കിലും വല്ലാത്തൊരു മൂകത പൂമുഖത്തെ ചൂഴ്ന്നു നിൽക്കുന്നു. പൊതുവേ മിതഭാഷിയായ അച്ഛൻ പൂർണ്ണമായും നിശ്ശബ്ദനായിരിക്കുന്നു. എന്നോ കൊഴിഞ്ഞ തന്റെ സ്വപ്‌നങ്ങൾ ചുടലച്ചാരമായി മാറിയ തെക്കേക്കണ്ടത്തിലേയ്ക്ക് നോക്കി ചാരുകസേരയിൽ പരിക്ഷീണനായി കിടക്കുന്ന അച്ഛന്റെ നീറുന്ന ഉള്ളം അതിലെ നൊമ്പരങ്ങൾ, കുറ്റബോധം ഇവ എനിക്കേ നന്നായറിയൂ.

ഒരു തുടക്കം അതിലെല്ലാം അടങ്ങിയിരിക്കുന്നു. ഒന്നോർത്താൽ അപ്പുവിനെ അവന്റെ വിധിയിലേയ്ക്കടുപ്പിച്ച നാൾവഴികളുടെ തുടക്കം നാട്ടിലെ തന്നെ ആ കോളേജിൽ നിന്നായിരുന്നില്ലേ.വിപ്ലവപ്പാർട്ടിയുടെ വിദ്യാർഥിസംഘടനയ്ക്ക് മേൽക്കൈയ്യുള്ള കാമ്പസ് രാഷ്ട്രീയം എത്ര പെട്ടെന്നാണ് അപ്പുവിനെ സ്വാധീനിച്ചത്. അവൻ മാത്രമല്ല പലരുമുണ്ടായിരുന്നു നല്ലതെന്ന് തോന്നുന്ന എന്തിനേയും വാരിപ്പുണരാൻ വെമ്പി നിന്നവർ. വിപ്ലവത്തിന്റെ തീച്ചൂളയിൽ നിന്നുയർന്നുവന്ന് നവലോകവിതാനങ്ങളിൽ വിരാജിച്ച ചുവന്ന നക്ഷത്രങ്ങളെ അടർത്തിയെടുത്ത് സംഘടനാനേതൃത്വം അവരുടെ മുന്നിൽ നിറുത്തി.നേതൃത്വം ആവശ്യപ്പെടുമ്പോഴൊക്കെ അവർ സമരമുഖങ്ങളിലേയ്ക്ക് ഇറങ്ങി. ചന്തയിലേയ്ക്ക് മാടുകളെ കൊണ്ടുപോവും പോലെ കോളേജിൽ നിന്ന് വലിയ വണ്ടികളിൽ അവർ സമരപ്പന്തലുകളിലേയ്ക്ക് തെളിക്കപ്പെട്ടു.

ഒരിക്കൽ ലാത്തിയടിയേറ്റ് പുറം പൊളിഞ്ഞു വീട്ടിലേയ്ക്ക് കയറി വന്ന അപ്പുവിനെ കണ്ട് അച്ഛൻ ആദ്യമായി പൊട്ടിത്തെറിച്ചു.

“ചോര നീരാക്കി നിന്നെ പഠിക്കാനാണ് കോളേജിലേയ്ക്ക് അയക്കിണത് അല്ലാതെ വല്ലവന്റേം തല്ല് കൊള്ളാനല്ല. എല്ലാം നിറുത്തി വല്ലതും രണ്ടക്ഷരം പഠിക്കാൻ നോക്ക്. ഈ പോക്ക് പോയാൽ നീ ഒരിക്കലും ഗുണംപിടിക്കാൻ പോണില്ല “

സഹിക്കാൻ പറ്റാത്ത വേദനയാൽ അച്ഛന്റെ വായിൽ നിന്നും വീണുപോയ വാക്കുകൾ.
പിന്നീട് എത്രയോ തവണ അച്ഛൻ എന്നോട് ഇതേക്കുറിച്ച് പറഞ്ഞ് പരിതപിച്ചിട്ടുണ്ട്.

അംഗബലം കൂട്ടുക എന്നതിനപ്പുറം ആശയപരമായ അറിവോ ഔന്നത്യമോ പകർന്നു കൊടുക്കാത്ത പാർട്ടി ക്‌ളാസ്സുകൾ. എന്തും പരീക്ഷിക്കാൻ ഔത്സുക്യം കൊള്ളുന്ന കൗമാരം. ഒരു പുതുതരംഗത്തിൽ കാമ്പസിന്റെ നിറം മാറുകയായിരുന്നു. തീവ്രദേശീയതയിലേയ്ക്ക് വിദ്യാർത്ഥികൾ ആകർഷിക്കപ്പെട്ടു. ചുവടുമാറിയവരിൽ അപ്പുവുമുണ്ടായിരുന്നു. പുറത്തുനിന്നുള്ള പാർട്ടി അംഗങ്ങൾ കോളേജിനുള്ളിൽ കയറി ഇറങ്ങി.ആരുമറിയാതെ അശാന്തിയുടെ കാർമേഘങ്ങൾ കലാലയാന്തരീക്ഷത്തിലേയ്ക്ക് പടർന്നു കയറുകയായിരുന്നു.

നടാടെ ആയിരുന്നു അത് സംഭവിച്ചത്. വിപ്ലവപ്പാർട്ടിയുടെ തീപ്പൊരി നേതാവ് വിഷ്ണുവിന്റെ കൊല. അന്ന് കോളേജിൽ ഫുട്ബോൾ മത്സരം നടക്കുകയായിരുന്നു. ചീറിപ്പാഞ്ഞ് കാമ്പസിനുള്ളിലേയ്ക്ക് കടന്നുവന്ന രണ്ടു മോട്ടോർ സൈക്കിളുകളിലായി അവർ അഞ്ചുപേരുണ്ടായിരുന്നു. എഞ്ചിൻ ഓഫാക്കാതെ തന്നെ വണ്ടി നിറുത്തി അവർ ഗ്രൗണ്ടിലേയ്ക്ക് പാഞ്ഞു കയറി കൂട്ടുകാർക്കൊപ്പമിരുന്നു കളികാണുകയായിരുന്ന വിഷ്ണുവിനെ വിദ്യാർത്ഥികളുടെ മുന്നിലിട്ട് വെട്ടി.

മുഖംമൂടി അണിഞ്ഞിരുന്ന അവരുടെ കൈയ്യിലും കഴുത്തിലുമൊക്കെ ഉണ്ടായിരുന്ന ചില ചിഹ്നങ്ങൾ കൊലപാതകത്തിൽ അപ്പു അംഗമായ സംഘടനയുടെ പങ്ക് വ്യക്തമാക്കി. പല ഊഹാപോഹങ്ങളും പരന്നു. കൃത്യം നടക്കുമ്പോൾ ഗ്രൗണ്ടിലില്ലാതിരുന്ന പലരും സംശയത്തിന്റെ നിഴലിലായി. സംഘടനയോട് ഏറ്റവും അടുത്ത അഞ്ചു പേരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യ്തു. അതിലൊരാൾ അപ്പു ആയിരുന്നു. വിഷ്ണു അവരിൽ ഓരോരുത്തരുടേയും പ്രിയ സുഹൃത്തും ജ്യേഷ്‌ഠനുമൊക്കെയായിരുന്നു. എല്ലാറ്റിനുമുപരി ആ അഞ്ചുപേരിൽ ആർക്കും തന്നെ ഒരു കൊല നടത്താൻ തക്ക കൈക്കരുത്തോ മനക്കരുത്തോ ഉണ്ടായിരുന്നില്ല അതായിരുന്നു വാസ്തവം.

പോലീസ് കുട്ടികളെ ചോദ്യം ചെയ്യ്തു. സംഭവം നടക്കുമ്പോൾ അപ്പു ലൈബ്രറിയിലായിരുന്നു. രണ്ടുപേർ ക്യാന്റീനിലും മറ്റു രണ്ടുപേർ അവരവരുടെ ക്‌ളാസ്സുകളിലുമുണ്ടായിരുന്നു. ആ അരുംകൊല നടത്തിയതവരല്ല എന്നതിന് സാക്ഷിമൊഴികളും തെളിവുകളുമുണ്ടായി. അവർ കുറ്റക്കാരല്ല എന്ന് തെളിഞ്ഞു. എങ്കിലും വിഷ്ണു ഇല്ലാത്ത കാമ്പസിലേയ്ക്ക്, അവന്റെ ചോര വീണ മണ്ണിലേയ്ക്ക് ഇനി താനില്ലെന്ന് അപ്പു തീർത്തു പറഞ്ഞു.

അതൊരു വല്ലാത്ത കാലം തന്നെയായിരുന്നു. വീട്ടിൽ എപ്പോഴും ഒരു മൂകത കട്ടപിടിച്ചു നിന്നു. രാത്രിയും പകലും തമ്മിൽ ഭേദമില്ലാത്തതു പോലെ. അച്ഛൻ ആരോടും ഒന്നും സംസാരിക്കാതെയായി. അപ്പു സദാസമയവും വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. ഉറക്കത്തിൽ അവൻ വിഷ്ണുവിനെ സ്വപ്നം കണ്ടു. ലൈബ്രറിയിലെ ഷെൽഫിൽ പുസ്തകങ്ങൾ തിരയുമ്പോൾ, അവയ്ക്കിടയിൽ വിഷ്ണുവിന്റെ മുഖം. ഗ്രൗണ്ടിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ പന്തടിയുടെ ഒച്ച കേട്ട് തിരിഞ്ഞുനോക്കുമ്പോൾ വിഷ്ണു.ക്‌ളാസ്സിലേയ്ക്ക് ധൃതിയിൽ നടന്നുപോകുമ്പോൾ വിജനമായ ഇടനാഴിയിൽ ചോരയിൽ കുതിർന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ വിഷ്ണുവിന്റെ ജഡം കണ്ട് ഞെട്ടിയുണർന്ന് അവൻ പിച്ചും പേയും പറയാൻ തുടങ്ങി.

ആശങ്കകൾ ആധിയുടെ വന്മരമായി വളർന്ന് എന്നെ ഗ്രസിച്ചു. അതെന്റെ ഉള്ളിൽ ഭയത്തിന്റെ ആയിരം വേരുകളാഴ്ത്തി. രാത്രികാലങ്ങളിൽ ഞാൻ അപ്പുവിനൊപ്പം അവന്റെ മുറിയിൽ കിടന്നു. മൂത്രമൊഴിക്കാൻ കിടക്കവിട്ട് എഴുന്നേൽക്കുമ്പോൾ പോലും ഞാൻ അവന്റെ പിന്നിൽ നിഴൽ പോലെ കൂടി.

പഠനം കഴിഞ്ഞ് പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മധുവിനെയും രണ്ടാം വർഷ പ്രീഡിഗ്രിക്കാരി അമ്മുവിനെയും വീട്ടിലെ സ്‌ഥിതിഗതികൾ കുറച്ചൊന്നുമല്ല ബാധിച്ചത്. അപ്പുവിന്റെ ഇരുളടഞ്ഞ ഭാവി വീട്ടിൽ ഓരോരുത്തരുടേയും മുഖത്ത് കരിനിഴൽ പടർത്തി.

അമ്മാവന്മാരും മറ്റു ബന്ധുക്കളും ഇടപെട്ടത് വീട്ടിലെ അവസ്‌ഥയ്‌ക്ക് തെല്ലൊരു അയവുവരുത്തി.

“നടക്കേണ്ടതൊക്കെ നടന്നു, അതിനിങ്ങനെ നിങ്ങളൊക്കെ മിണ്ടാതെയും മുഖത്തോടുമുഖം നോക്കാതെയും ഇരുന്നിട്ട് വല്ല കാര്യവുമുണ്ടോ? അടുത്ത പടി എന്തെന്ന് വേണ്ടേ ചിന്തിക്കാൻ. “

അപ്പുവിന്റെ ചില സുഹൃത്തുക്കൾ അവനെ കാണാനെത്തിയത് വലിയൊരാശ്വാസമായി.
“ഇങ്ങനെ ഇരുപത്തിനാലു മണിക്കൂറും ഇതിനകത്ത് അടച്ചിരുന്നാൽ തന്നെ ഭ്രാന്തു പിടിക്കും. അപ്പൂ നീ പുറത്തേയ്ക്കൊക്കെ ഒന്നിറങ്ങ് “

അവരവനെ നിർബന്ധപൂർവ്വം ജങ്ഷനിലേയ്ക്കും വായനശാലയിലേയ്ക്കുമൊക്കെ കൂട്ടിക്കൊണ്ടു പോയി.

“നാട്ടിൽഅസഹിഷ്ണുത പെരുകിക്കൊണ്ടിരിക്കുന്നു. ഒരു നുള്ള് ഉപ്പിനുപോലും വിലയില്ലാത്ത തർക്കങ്ങളും നിസ്സാരപ്രശ്നങ്ങളും കുത്തിപ്പൊക്കി വലുതാക്കിക്കൊണ്ടിരിക്കുന്നു അതൊക്കെ നിസ്സാരമാണെന്ന് മനസ്സിലാക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും മനസ്സ് വിശാലമാവണം. വിശാലമായ മനസ്സിലാണ് സഹിഷ്ണുത ഉളവാകുന്നത്. സഹിഷ്ണുത സംസ്കാരത്തിന്റെ ഭാഗമാണ്. നമുക്ക് കാണാം., ഇനിയും ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. “

കാലുമാറ്റത്തിനുശേഷവും അതിന് മുമ്പും സംഘടനകളിൽ നിന്ന് കേട്ടു പഠിച്ച കാര്യങ്ങൾ അപ്പു വീട്ടിൽ വന്നു വിളമ്പുമ്പോഴൊക്കെ അവന്റെ വാചകകസർത്തുകളെ എന്നും ഖണ്ഡിക്കുകയും കളിയാക്കുകയും ചെയ്യ്തിരുന്ന മധു പ്രതികരിച്ചു. വീട്ടിലെ അവസ്‌ഥയും ആകെക്കൂടെ നാട്ടിലെ അന്തരീക്ഷവും അവനെ അത്രമേൽ ഉത്കണ്ഠാകുലനാക്കിയിരുന്നു.

പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം കൂട്ടക്കൊലകളിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മധുവിന്റെ വാക്കുകൾ ഞാൻ വീണ്ടുമോർത്തു.

കാലത്തിന്റെ തേർചക്രങ്ങൾക്ക് നീക്കുപോക്കുകളും ഒഴിവുകഴിവുകളുമില്ലല്ലോ.

ഇനി ഒരു പിന്മടക്കമില്ല, ഇനിയും ഒരു ചുവടുമാറ്റവുമില്ല. താൻ ഒരിക്കൽ എടുത്ത തീരുമാനം അത് വെട്ടിത്തുറന്നിട്ട പാത. വീടു വിട്ടാൽ നാടു തന്നെയായി അപ്പുവിന്റെ ലോകം.നാട്ടിലെ ജനങ്ങളുടെ അവരുടെ പ്രശ്നങ്ങളുടെ ഭാഗമായി മാറി അവൻ. പലപ്പോഴും വളരെ വൈകി വീട്ടിലെത്തുന്ന മകന് ചോറുവിളമ്പി അമ്മ കാത്തിരിക്കും. അമ്മ അച്ഛന്റെ ശകാരം മുഴുവൻ കേട്ടത് അപ്പുവിന് വേണ്ടിയായിരുന്നു. അമ്മയുടെ കണ്ണിൽ അപ്പു എന്നും അസാമാന്യൻ ആയിരുന്നു. അപ്പുവിന്റെ തോൽവികളെ അമ്മ അവന്റെ സമയദോഷത്തിൽ കെട്ടിവച്ചു.

“മാധവാ, നീ കേട്ടോ, ഞാനിന്ന് അപ്പൂന്റെ ജാതകോം കൊണ്ട് ജ്യോത്സ്യരെ കാണാൻ പോയിരുന്നു. അദ്ദേഹം പറഞ്ഞു അവന് കണ്ടകശനിയാണ് വളരെ സൂക്ഷിക്കണം എന്ന്. ശിവന്റെ അമ്പലത്തിലെ പോറ്റീം ഇതു തന്നെ പറഞ്ഞു. “

“ഈശ്വരാ, എന്റെ കൊച്ചിനെ കാത്തോളണേ “എന്ന് പറഞ്ഞ് അമ്മ നെടുവീർപ്പിടും.

“അപ്പു വളരാതിരുന്നെങ്കിൽ അടുക്കളയിലും മുറ്റത്തുമൊക്കെയായി അവൻ എന്റെ കൺവെട്ടത്തു തന്നെ ഉണ്ടാവുമായിരുന്നു. ങും, അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ “എന്ന് പറഞ്ഞ് അമ്മ തന്റെ എല്ലാ സങ്കടങ്ങളും നിരാശകളും അതിലൊതുക്കി. അപ്പുവിന്റെ സമയദോഷത്തിനായുള്ള പരിഹാരക്രിയകൾക്കായി അമ്മ പൊള്ളുന്ന വെയിലിൽ ആയിരം കറുകനാമ്പുകൾ തേടിയലഞ്ഞു.

ഓർമ്മകളുടെ കടും ചായങ്ങളിൽ എഴുതിയ ഒരു ചുമർച്ചിത്ര പരമ്പരയാണ് മനസ്സ്. ദുഃഖാവസ്‌ഥയിൽ അത് പിന്നോട്ട് പായും. ഗതകാലത്തിന്റെ മുക്കിലും മൂലയിലും തിരമാലകൾ പോലെ ചെന്നലയ്ക്കും. ചിതറിക്കിടക്കുന്ന എത്ര എത്ര ചിത്രങ്ങൾ.

വീടിന്റെ ചുമരുകളിലും തൂണുകളിലും അപ്പു എന്നോ വരച്ച് ചായം കൊടുത്ത ചിത്രങ്ങൾക്ക് ഇന്നും ജീവനുള്ളത് പോലെ. റേഡിയോ ഗാനങ്ങൾക്കൊപ്പം ചേർന്ന് മനോഹരമായി പാടുന്ന അപ്പു. വായനശാലാ വാർഷികത്തിന് കളിച്ച നാടകത്തിൽ അപ്പു അഭിനയിച്ച് ഫലിപ്പിച്ച കുഷ്ഠരോഗിയായ കഥാപാത്രം.
എല്ലാ കലകളിൽ നിന്നും ഒരു നുള്ളു വീതം ചേർത്താണ് ദൈവം അപ്പുവിനെ സൃഷ്ടിച്ചതെന്ന് ഒരിക്കൽ പറഞ്ഞത് അമ്മുവാണ്.

പാടശേഖരങ്ങൾക്കും തെങ്ങിൻതോപ്പുകൾക്കുമപ്പുറം വീടിന്റെ കിഴക്കുവശത്തു നിന്നു നോക്കിയാൽ കാണാവുന്ന മലഞ്ചരിവിലേയ്ക്ക് കണ്ണും നട്ടിരിക്കുക അപ്പുവിന്റെ വിനോദമായിരുന്നു.

“അതുകണ്ടോ, ആ മലയുടെ ചരിവിൽ, എന്തൊരു ചന്തം !! മഴവില്ല് വീണ് ചിതറിയ പോലെ. എല്ലാ നിറങ്ങളുമുണ്ട്. ചുവന്ന നിറമാണ് കൂടുതൽ. വെയിലിൽ കുറച്ചു നിമിഷങ്ങൾ അങ്ങോട്ടു തന്നെ നോക്കിയിരിക്കണം. പിന്നെ എങ്ങോട്ടു നോക്കിയാലും അവിടൊക്കെ ചുവന്ന നിറമായിരിക്കും. ചിലപ്പോൾ അവിടെ ഏതെങ്കിലുമൊരു നദി ഒഴുകുന്നുണ്ടാവും. അതിൽ സൂര്യരശ്മികൾ തട്ടി പ്രതിഫലിക്കുന്നതാവാം മഴവില്ലിന്റെ ഈ നിറങ്ങൾ. “

മഴവില്ലിന്റെ നിറമുള്ള സ്വപ്‌നങ്ങൾ നെഞ്ചോടു ചേർത്തുവച്ചവൻ. വിശപ്പില്ലാത്ത, അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമില്ലാത്ത, ഭ്രാന്താസ്പത്രികളും ജയിലുകളുമില്ലാത്ത ലോകം സ്വപ്നം കണ്ട മനുഷ്യസ്നേഹി. ഒഴിവുദിനങ്ങളിലെ വീണുകിട്ടുന്ന ഇടവേളകളിൽ കണ്ടുമുട്ടുമ്പോഴൊക്കെ നിലവിലെ രാഷ്ട്രീയ സ്‌ഥിതിഗതികൾക്കൊപ്പം മനസ്സിൽ സ്വരുക്കൂട്ടി വച്ച എത്ര എത്ര സ്വപ്നങ്ങളാണ് അവൻ എന്നോട് പങ്കുവച്ചത്. നാടിനെ കുറിച്ച്, വീടിനെ കുറിച്ച്, മനുഷ്യനെ കുറിച്ച് എത്ര എത്ര സ്വപ്‌നങ്ങൾ.. ആരോടും പറയാത്ത, പങ്കുവയ്ക്കപ്പെടാത്ത സ്വപ്‌നങ്ങൾ ഇനിയുമെത്ര ഉണ്ടായിരുന്നിരിക്കും അപ്പുവിന്റെ ഉള്ളിൽ.

കല്യാണം ആലോചിക്കുന്നതിന് മുമ്പ് അപ്പുവിനെ അടക്കിയൊതുക്കി നിറുത്താൻ അച്ഛൻ കണ്ടെത്തിയ വഴിയായിരുന്നു പലചരക്കുകട. കച്ചവടം അവന്റെ പൊതുപ്രവർത്തനങ്ങൾക്ക് തടസ്സമായില്ല. ഓരോ വിവാഹാലോചനകൾ വരുമ്പോഴും അപ്പു ഓരോ ഒഴിവ്കഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു.

“ഇപ്പോ തന്നെ വയസ്സ് കുറേയായി, ഇനി എപ്പഴാ മൂക്കീ പല്ല് വന്നിട്ടാ. എന്റെ കണ്ണടയിണയിന് മുമ്പെങ്കിലും നീയൊന്ന് പെണ്ണുകെട്ടി കാണാൻ പറ്റ്വോ. “

അച്ഛനും അമ്മയും പരാതിപ്പെട്ടുകൊണ്ടിരുന്നു.

എന്റെ വീടു പണികൾക്ക് വേണ്ടി ഓടി നടന്നതും അപ്പുവാണ്. എന്റെ മക്കൾക്കും എന്താവശ്യത്തിനും എന്നേക്കാൾ കൂടുതൽ അവൻ മതി. കുട്ടികളുടെ വാശി കാണുമ്പോൾ അമ്മ പറയും

“അവനാവുമ്പോ വഴീക്കണ്ട കിണ്ണാരങ്ങളൊക്കെ വാങ്ങിക്കൊടുത്ത് ഇതിന്റെയൊക്കെ കൂത്തിനൊത്ത് തുള്ളുമല്ലോ. “

പിന്നെ പിന്നെ അവനെ തീരെ കാണാനേ കിട്ടാതായി. അപ്പുവിന് എപ്പോഴും തിരക്കായിരുന്നു. ദിവസം ചെല്ലും തോറും പാർട്ടിക്കുള്ളിൽ അവന്റെ സ്വീകാര്യത കൂടിക്കൂടി വന്നു.

സംഭവങ്ങൾ എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അപ്പു ഉറങ്ങുകയായിരുന്നു. ഉറക്കത്തിൽ നിന്നെണീറ്റ് ഇനിയുമൊരുണർവില്ലാത്ത നിതാന്ത നിദ്രയിലേയ്ക്ക്. ഭൂതവും വർത്തമാനവുമല്ലാതെ തൊട്ടടുത്ത നിമിഷം എന്താവുമെന്ന് പ്രവചിക്കാൻ മനുഷ്യനാവുമോ? ഉച്ചയൂണ് കഴിഞ്ഞ് ഒന്നു മയങ്ങി എണീറ്റ് കടതുറക്കാനായി വയൽ വരമ്പിലൂടെ നടക്കുമ്പോൾ തന്റെ നേർക്ക് നടന്നടുക്കുന്ന വിധിയെ കുറിച്ച് അപ്പുവിന് എന്തറിയാമായിരുന്നു.

അഞ്ചു വർഷത്തെ ഇടവേള കഴിഞ്ഞ് വീണ്ടും വിപ്ലവപ്പാർട്ടി സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റ ദിവസമായിരുന്നു അന്ന്. കുല മുറിച്ച വാഴകളുടെ തടകൾ വെട്ടിമാറ്റി പുതിയ കൃഷിക്കായി വയലൊരുക്കുന്ന പണിക്കാരോട് കുശലം പറഞ്ഞു നടന്നു നീങ്ങിയ അപ്പുവിന് മുന്നിൽ പെട്ടെന്ന് അവതരിച്ചതുപോലെ ദാമു. അപ്പുവിന്റെ പാർട്ടി അണികളുടെ ബദ്ധവൈരി, നാട്ടുകാരൻ, വിപ്ലവപാർട്ടിയുടെ പ്രാദേശികഘടക പ്രവർത്തകൻ. ഇരയെ കണ്ടുകിട്ടിയ ആഹ്ലാദത്തിൽ അവൻ അപ്പുവിന് നേരെ ചാടിവീണു. വിജയോന്മാദത്തിന്റെ പേരിൽ അകത്താക്കിയിരുന്ന കള്ളിന്റെ ലഹരിയിൽ ആക്രോശിച്ചു.

“ഇനി ഒരുത്തന്റേം പരിപ്പിവിടെ വേവൂല്ലെടാ. ഇനി ഇവിടെ എന്തു നടക്കണം എന്തു നടക്കണ്ടാന്ന് നമ്മള് തീരുമാനിക്കും. നീ മറ്റേ വലിയ പ്രവർത്തകനല്ലേ, നിന്നെ പണ്ടേ നമ്മള് നോട്ടമിട്ടിരിക്ക തന്നെ. “

ദാമുവിന്റെ വീമ്പു പറച്ചിൽ അതിരു കടന്നു. അപ്പുവിന്റെ പഴയ കാലുമാറ്റത്തെ ഓർമ്മപ്പെടുത്തി അവൻ പരിഹസിച്ചു. ഒരാൾക്ക് മാത്രം കഷ്ടിച്ച് നടന്നു പോവാൻ കഴിയുന്ന വയൽവരമ്പിൽ നേർക്കുനേർ നിന്ന് അവർ പോർ വിളിച്ചു. തീപാറുന്ന വാക്കും നോക്കും പരിധികൾ ലംഘിച്ച് കൈയ്യാങ്കളിയിലെത്തി. നടവരമ്പ് വിട്ട് രണ്ടുപേരും വയലിലേയ്ക്കിറങ്ങി മൽപ്പിടുത്തം നടത്തി. വയലിന് സമീപം തോടരുകിലെ പൊന്തയിൽ ഒളിച്ചിരുന്ന ഒരു സംഘം വയലിലേയ്‌ക്ക് ചാടിയിറങ്ങി. അനങ്ങാൻ കഴിയാത്ത വിധം അപ്പുവിനെ അവർ പിടിച്ചു വച്ചു. ഒന്നിനും കഴിയാതെ പണിക്കാർ സ്തംഭിച്ചു നോക്കിനിൽക്കെ ദാമു തന്റെ അരയിൽ കരുതിയിരുന്ന കത്തിയൂരി അപ്പുവിനെ തുരുതുരെ കുത്തി. അച്ഛന്റെ വിയർപ്പു വീണ മണ്ണിലേയ്ക്ക്, ആരുടെയൊക്കെയോ മോക്ഷത്തിനായ് മുളപൊന്തിയ കറുകനാമ്പുകളുടെ ധന്യതയിലേയ്ക്ക് അപ്പുവിന്റെ ചുടു ചോര ചീറ്റിതെറിച്ചു. അവൻ വയലിലെ മണ്ണിൽ പിടഞ്ഞു വീണു. ചോരവാർന്ന് നിശ്ചേതനായി വാഴത്തടകൾക്കിടയിൽ മറ്റൊരു വാഴത്തട പോലെ അപ്പു കിടന്നു. ദാമുവും കൂട്ടരും ഓടിമറഞ്ഞു.

അരുതാത്തത് സംഭവിച്ചു. സൂര്യൻ പോയി മറഞ്ഞപോലെ ആകാശം മൂടിക്കെട്ടി നിന്നു. പാർട്ടിക്ക് മുതൽക്കൂട്ടായ സജീവ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. പോരാഞ്ഞ്, അപ്പു നാട്ടുകാരുടെ കണ്ണിലുണ്ണിയും.

“അപ്പുവിന്റെ ജഡം ചിതയിലേയ്ക്ക് എടുക്കും മുമ്പ് നമ്മൾ അവനെ തട്ടിയിരിക്കും “.

രോഷാകുലരായ പ്രവർത്തകർ വടിവാളും പന്തങ്ങളുമായി ദാമുവിന്റെ വീട്ടിലേയ്ക്ക് കുതിച്ചു. അക്രമാസക്തരായി അവർ വീടിനുള്ളിൽ ഇരച്ചു കയറി, മുക്കും മൂലയും പരതി.

“അവന്റെ വീടിന് തീയിടം “. ആരോ അലറി.

പക്ഷേ ആരും അനങ്ങിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഏകാന്തവും ഭീതിദവുമായ ഒരു മൗനവക്ത്രത്തിൽ അകപ്പെട്ടതുപോലെ അവർ നിന്നു. സിരകളിൽ ധമനികളിൽ തിളച്ചുകൊണ്ടിരുന്ന രക്തം പെട്ടെന്ന് തണുത്തു. ആയുധത്തിൽ പിടിമുറുക്കിയിരുന്ന കൈത്തണ്ടകൾ അയഞ്ഞു. മുന്നിൽ ദാമുവിന്റെ വൃദ്ധയായ അമ്മയും ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും. അവർ കരഞ്ഞില്ല, പക്ഷേ കേൾക്കാമായിരുന്നു, വനരോദനം പോലെ തൊണ്ടയിൽ കുരുങ്ങിയ അവരുടെ നിലവിളി. അവർ അരുതേ എന്നു പറഞ്ഞില്ല, എങ്കിലും കാണാമായിരുന്നു, പേടിച്ചരണ്ട് പരസ്പരം മുറുകെ കെട്ടിപ്പിടിച്ചു നിന്ന അവരുടെ നാലു ജോഡി കണ്ണുകളിലെ ദൈന്യത.
ദുർബലനെ കീഴടക്കുന്നതിന് മുമ്പ് അവനെ കാണാൻ കഴിയണം. ആയുധങ്ങൾ യഥാ സ്‌ഥാനത്ത്‌ തിരികെ വച്ച്, പന്തങ്ങൾ അടുത്തുള്ള തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് അവർ നിശബ്ദരായി മടങ്ങി. ആ കെട്ടടങ്ങൽ താത്കാലികം മാത്രമായിരുന്നു. പ്രതികാരം കെടാത്ത കനലായി ചാരം മൂടി കിടന്നു.ദാമുവിനെ കിട്ടിയില്ലെങ്കിൽ അവന്റെ വർഗ്ഗത്തിൽപ്പെട്ട മറ്റൊരുത്തൻ ചോരയ്ക്ക് ചോരകൊണ്ടുതന്നെ കണക്കു തീർക്കാൻ അവർ ഉഴറി നടന്നു.

അനുശോചനം അറിയിച്ചെത്തിയ പാർട്ടി പ്രവർത്തകരോടും നാട്ടുകാരോടുമായി അച്ഛൻ പറഞ്ഞു.

“എന്റെ മകനെ അവർ കൊന്നു. ഇനി അവന്റെ പേരിൽ ഒരു തുള്ളി ചോരപോലും ഈ മണ്ണിൽ വീഴരുത്. അവനുവേണ്ടി നിങ്ങൾ ആയുധമെടുക്കരുത്. പ്രതികാരം ചെയ്യാൻ നിങ്ങളോ ഞാനോ ആര്? എന്തു വേണമെന്ന് നിയമം തീരുമാനിക്കട്ടെ. “

എല്ലാം ശാന്തമായി. പകരം വീട്ടിയും പകരത്തിന് പകരം വീട്ടിയും നാട്ടിൽ ചോരപ്പുഴ ഒഴുക്കുമായിരുന്ന കൊലപാതക പരമ്പരകൾ അതോടെ അവസാനിച്ചു.

ഇപ്പോഴിതാ ശൂന്യതയിൽ നിന്ന് മറ്റൊരു സത്യം പൊട്ടിവീണിരിക്കുന്നു. കൊല്ലപ്പെടുമ്പോൾ അപ്പു ഒരച്ഛനായിരുന്നു എന്ന വലിയ സത്യം അവന്റെ സുഹൃത്തുക്കളിൽ ചിലർ വീട്ടിലെത്തിയപ്പോൾ എന്നോട് സ്വകാര്യമായി പറഞ്ഞ കാര്യം. തന്റെ ഉറ്റ ചങ്ങാതി ഗോപിയുടെ സഹോദരി ഗീതയുമായി അവൻ പ്രണയത്തിലായിരുന്നുവത്രേ. ഗോപിയുടെ അച്ഛനും അമ്മയ്ക്കും അപ്പുവിനെ വലിയ കാര്യമായിരുന്നു. ഏത് നേരത്തും ആ വീട്ടിൽ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. രണ്ടു കുടുംബങ്ങളും തമ്മിൽ സമ്പത്തിലും സാമൂഹികാന്തസ്സിലും ഉണ്ടായിരുന്ന അന്തരം കാരണം വിവാഹക്കാര്യം അച്ഛന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള ധൈര്യം അപ്പുവിനുണ്ടായിരുന്നില്ല. സമയവും സന്ദർഭവും നോക്കി നയത്തിൽ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാമെന്ന് അവൻ വിചാരിച്ചു. മനുഷ്യൻ വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവില്ലല്ലോ. അപ്പുവിന്റെ കുഞ്ഞ് ഗീതയുടെ ഉദരത്തിൽ വളരുന്നു. ഒരിക്കലും മറയ്ക്കാനോ, മായ്ക്കാനോ കഴിയാത്ത സത്യം. ഒരു നിമിഷത്തെ ചിന്ത പോലും ആവശ്യമില്ലാത്ത ഉചിതമായ ഒരുറച്ച തീരുമാനം. ഗോപിയുടെയും പാർട്ടിയിലുള്ള മറ്റു നാലഞ്ച് സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ അപ്പു ഗീതയെ രജിസ്റ്റർ ഓഫീസിൽ വച്ച് താലികെട്ടി. സങ്കടക്കടൽ കടക്കാൻ വേച്ചുവേച്ച് നീന്തുന്നതിനിടയിൽ മുന്നിൽ വന്നുപെട്ട ഹിമാനി പോലെയായിരുന്നു എനിക്കാ സത്യം.

അമ്മു നേരത്തേ സംഗതികൾ അറിഞ്ഞിരുന്നു, അവളുടെ വീട്ടിൽ പുറംപണിക്ക് വരുന്ന ആരോ വഴി. സഹോദരന്റെ നാവിൽ നിന്നു തന്നെ നിജസ്‌ഥിതി അറിയാൻ, അമ്മയുടെ അസുഖവിവരം അറിയാനെന്ന നാട്യത്തിൽ അവൾ കുടുംബത്തിലെത്തി. ഉച്ചയ്ക്ക് ഊണ് കഴിക്കാനെത്തിയ സഹോദരനോട് അവൾ കുത്തി കുത്തി ഓരോന്ന് ചോദിച്ചു. തന്നെ ഇടംവലം തിരിയാൻ വിടാതെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഒരുമ്പെട്ടു നിൽക്കുന്ന അമ്മുവിനെ നേരിടാനാവാതെ, കള്ളി വെളിച്ചത്താവുമെന്ന വെപ്രാളത്തിൽ അവളുടെ തലയിലടിച്ച് അവൻ ആണ ഇട്ടു. അതൊരു ഒന്നൊന്നര ആണയിടീൽ ആയിരുന്നു. അപ്പു മരിച്ചു കിടക്കുമ്പോൾ പോലും ആ അടിയുടെ ശക്തിയിൽ അമ്മുവിന്റെ തല വേദനിച്ചു കൊണ്ടിരുന്നു എന്ന് അവൾ പിന്നീട് പറഞ്ഞു.

ഇപ്പോഴോർമ്മിക്കുന്നു, അവസാനമായി കാണുമ്പോൾ അപ്പുവിന്റെ മുഖത്ത് ജാള്യതയിൽ പൊതിഞ്ഞ ഒരു ചിരി ഉണ്ടായിരുന്നില്ലേ?

“അടിയന്തിരമായി ചില കാര്യങ്ങൾ ചേട്ടനോട് പറയാനുണ്ട്, ഞാനുടനേ അങ്ങോട്ട് വരുന്നു”
എന്ന് ഫോൺ ചെയ്യ്തത് വിവാഹക്കാര്യം സംസാരിക്കാനായിരുന്നോ?

അപ്പു സ്വപ്നങ്ങളും മോഹങ്ങളും കൊടുത്ത അവന്റെ സ്വന്തം പെണ്ണ്, ഗീത. മുമ്പ് എപ്പോഴൊക്കെയോ, എവിടെയൊക്കെയോ വച്ച് അവളെ കണ്ടിട്ടുണ്ട്. തന്റെ പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാനോ, തകർന്നടിഞ്ഞു കിടക്കുന്ന തന്റെ സ്വപ്നങ്ങളിൽ വീണ് ഒന്നു പൊട്ടിക്കരയാൻ പോലുമോ വിധി അവകാശം നിഷേധിച്ച ഹതഭാഗ്യയായ പെണ്ണ്. അപ്പുവിന്റെ പെണ്ണാണ് ഗീത എന്നത് വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന സത്യം. അവന്റെ ചേതനയറ്റ ശരീരത്തിനരികിലേയ്ക്ക്, തറവാട്ടിലേയ്ക്ക് എന്തു പറഞ്ഞാണ് അവൾ കയറി വരേണ്ടത്. ലോകാപവാദത്തിന്റെ ചാട്ടയടിയേറ്റ് ഇനി എത്ര നാൾ. ഭൂമിയിലെ സർവ്വ ദുഖങ്ങളും ഒരു പെണ്ണിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്നു, ഈ ലോകത്തെ അന്ധകാരം മുഴുവൻ അവളിലേയ്ക്ക് കുമിഞ്ഞിറങ്ങുന്നു. അണയാൻ വേണ്ടി മാത്രം ആളിക്കത്തുന്ന തീ, അതിലേയ്ക്ക് പറന്നടുക്കുന്ന പ്രാണിയുടെ വിധിയും എത്ര മുമ്പേ കുറിക്കപ്പെട്ടിരിക്കുന്നു.

ദുഖമൊന്ന് ശമിച്ച് മനസ്സല്പം ശാന്തമായ ശേഷം എല്ലാ സത്യവും അച്ഛനോട് പറയണം. പിറക്കുന്നത് ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും അപ്പുവിന്റെ സന്തതി ഒരിക്കലും അനാഥത്വത്തിന്റെ കയ്പ്പുനീർ കുടിക്കാൻ പാടില്ല.

“നീ നമ്മുടെ അപ്പുവിന്റെയാണ്, നീ ഈ തറവാട്ടിലേതാണ്, നീ നമ്മുടേതാണ് എന്നു പറഞ്ഞ് എന്നും ചേർത്തു നിർത്തണം.

ഇന്നെനിക്ക് മനസ്സിലാവുന്നു. അപ്പു എന്തായിരുന്നു എന്ന്. ആരോടും സ്വാതന്ത്ര്യമെടുക്കാത്ത ഞാൻ അപ്പുവിനോട് സ്വാതന്ത്ര്യം കാണിച്ചിരുന്നു. ആരേയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടപ്പെടാത്ത ഞാൻ എന്തിനും അപ്പുവിനെ സമീപിച്ചിരുന്നു. ആരുടേയും ഔദാര്യം സ്വീകരിക്കാൻ ആഗ്രഹിക്കാത്ത ഞാൻ അപ്പുവിനോട് അങ്ങനെയായിരുന്നില്ല. അപ്പുവിന് വേണ്ടപ്പെട്ടതൊക്കെ എനിക്കും വേണ്ടപ്പെട്ടതായിരുന്നു. ഇന്നു ഞാനറിയുന്നു, ഞാൻ തന്നെയാണ് അപ്പു, അപ്പു തന്നെയാണ് ഞാൻ. എന്റെ ജീവന്റെ, ആത്മാവിന്റെ അംശം. അതിന്നെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മാധവന്റെ അന്തരാത്മാവിൽ നിന്ന് ഒരു തിരയുയർന്നു. അത് നെഞ്ചിൽ അലതല്ലി മുകളിലേയ്ക്കുയർന്ന് കണ്ഠത്തിലൂടെ പുറത്തേയ്ക്കിരമ്പി. അയാളുടെ കണ്ണുകൾ ഈറനായി. പരിസരം മറന്ന് ആയാൾ വിങ്ങിപ്പൊട്ടി.

വെയിൽ കനത്തു തുടങ്ങിയിരുന്നു. മെയിൻ റോഡിൽ നിന്ന് സുശീലൻസാറിന്റെ വീട്ടിലേയ്ക്കുള്ള തിരിവിലൂടെ മാധവൻ ധൃതിയിൽ നടന്നു. മതിലിനു പുറത്ത് നിരത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, അതിലൊരു സ്‌റ്റേറ്റ് കാറുമുണ്ടായിരുന്നു. മതിലിനുള്ളിൽ കൂറ്റൻ സപ്പോട്ടമരത്തിന് താഴെയായും ചരൽ വിരിച്ച മുറ്റത്തങ്ങിങ്ങായും ചിലർ നിന്നിരുന്നു. ആരുടെയും മുഖത്തേയ്ക്ക് മാധവൻ നോക്കിയില്ല. സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയെ ഭേദിച്ച് മാധവന്റെ ചെരുപ്പിനടിയിൽ ഞെരിഞ്ഞമരുന്ന ചരൽക്കല്ലുകളുടെ ഒച്ച മാത്രം. അതയാളുടെ മനസ്സിൽ എന്തോ ഒരു വല്ലായ്മ ഉണർത്തി. കോളിങ്‌ബെൽ അമർത്താൻ തുടങ്ങുമ്പോഴേയ്ക്കും സുശീലൻ സാറെത്തി, മാധവന് കൈ കൊടുത്ത് ഉള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. സിറ്റൗട്ടിന്റെ ഒരറ്റത്ത് ദാമുവിന്റെ അമ്മയും ഭാര്യയും കുട്ടികളും. മാധവനെ കണ്ടതും അവർ എഴുന്നേൽക്കാൻ ശ്രമിച്ചു. അയാൾ അതു കണ്ടതായി നടിച്ചില്ല.അകത്ത് ഹാളിന്റെ ഒരുവശത്ത് സുശീലൻസാർ അതിഥികളെ സ്വീകരിക്കുന്ന ഡ്രായിങ്‌റൂമിലെ സീലിങ്ഫാനിന്റെ കറക്കവും കർട്ടനു പിന്നിലെ നിഴലക്കങ്ങളും നിശബ്ദതയും ഏതോ നിഗൂഢരഹസ്യം ഒളിപ്പിക്കുന്നതു പോലെ മാധവന് തോന്നി. കൊടിവച്ച സ്റ്റേറ്റ്കാറിൽ സുശീലൻസാറിനെ കാണാനെത്തിയ അതിഥി ആരായിരിക്കും? മുമ്പ് എത്രയോ തവണ താൻ വന്നുപോയ ആ വീട് അന്നാദ്യമായി മാധവന് അപരിചിതമായി തോന്നി.

യാതൊരു മുഖവുരയും കൂടാതെയാണ് സുശീലൻസാർ ആരംഭിച്ചത്.

“മാധവാ, ദാമുവിന്റെ വൃദ്ധയായ അമ്മയ്ക്കും ഭാര്യയ്ക്കും പറക്കമുറ്റാത്ത രണ്ടു കുട്ടികൾക്കും അവൻ മാത്രമേ തുണയായുള്ളൂ. ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവരൊക്കെ അവന്റെ കൈയ്യിലിരിപ്പ് കാരണം ശത്രുക്കളുമാണ്. അപ്പുവിനെ ദാമു കൊല്ലുന്നതിന് ദൃക്‌സാക്ഷികളുണ്ട്. കുമാരേട്ടനോടും കുടുംബത്തോടുമുള്ള വിധേയത്വം. ഒരിക്കലും അവർ തങ്ങളുടെ മൊഴിയിൽ നിന്ന് മാറില്ല. മറിച്ച് സംഭവിക്കണമെങ്കിൽ നീയോ കുമാരേട്ടനോ അവരോട് അതാവശ്യപ്പെടണം.

പ്രതീക്ഷിക്കാതെ മുഖത്തടിയേറ്റതു പോലെ മാധവൻ നിന്നു. അയാളുടെ തൊണ്ട വരണ്ടു. നവനാക്കാൻ പറ്റാത്തതു പോലെ. അയാൾ നിന്നു വിയർത്തു. കൊടിവച്ച കാർ, മുറ്റത്തെ ആളുകൾ, ദാമുവിന്റെ കുടുംബം, ഡ്രായിങ് റൂമിലെ നിഗൂഢത എല്ലാറ്റിന്റെയും പൊരുൾ മാധവന് മുന്നിൽ തെളിഞ്ഞു. നാട്ടിലെ നേരുള്ളവർ തട്ടാത്ത സുശീലൻ സാറിന്റെ വാക്ക്, തന്നെ മുറുക്കാനുള്ള കുരുക്ക്.

“ഇങ്ങനെയൊരു സാഹചര്യത്തിൽ കുമാരേട്ടന്റെ നേർക്ക് നിൽക്കാൻ എനിക്കാവില്ല. എങ്കിലും ആ മനസ്സെനിക്കറിയാം. ഞാനാവശ്യപ്പെടുന്നതിലെ ശരി വേർതിരിച്ചെടുക്കാൻ അദ്ദേഹത്തിനാവും. ഒരു വാക്ക്, അതുവഴി കുമാരേട്ടന്റെയും മക്കളുടെയും മഹത്വം കൂടുകയേയുള്ളൂ.

“ദാമുവിന്റെ കുടുംബം അനാഥമാവും പോലും, അപ്പോൾ അപ്പു, അവന്റെ ജീവന് ഒരു വിലയുമില്ലെന്നോ? എന്റെ അനുജനെ കുത്തിമലർത്തിയവന് കേവലം നിയമം nനൽകുന്ന ശിക്ഷ എങ്കിലും വേണ്ടേ? “

പിന്നെയും മാധവൻ എന്തൊക്കെയോ ചോദിച്ചു, പുലമ്പി. ഉത്തരത്തിന് പ്രസക്തിയില്ലാത്ത ചോദ്യങ്ങൾ ശിഥിലമായ വാക്കുകളായി മുറിയിൽ ഇടറി വീണുകൊണ്ടിരുന്നു. ദാമുവിന്റെ കത്തി തുളഞ്ഞു കയറുമ്പോൾ അപ്പുവിനുണ്ടായ അതേ വേദന മാധവൻ അനുഭവിച്ചു.

സുശീലൻസാർ പ്രതിവചിച്ചു.

“ദാമുവിന് ശിക്ഷ കിട്ടുന്നില്ല എന്നു നീ കരുതുന്നുണ്ടോ? ഇരുവശത്ത് കൈയ്യിൽ പുരണ്ടുപോയ ചോരക്കറ, മറുവശത്ത് നിന്റെയും കുടുംബത്തിന്റെയും ഔദാര്യം. നാട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും കണ്ണിൽ കൊലപാതകി. മരണം വരെ കുറ്റവാളി. തന്റെ തന്നെ മനസ്സിന്റെ തടവറയിലായിരിക്കും അവൻ ഇനിയുള്ള കാലം. കൈക്കരുത്തും ചോരത്തിളപ്പും ജീവിതത്തിന്റെ പരിമിതമായ ഒരു ഘട്ടം വരയേയുള്ളൂ. ഏത് വാടകഗുണ്ടയും ഏത് കൊടും കുറ്റവാളിയും മരണത്തിന്റെ തൊട്ടു മുമ്പെങ്കിലും തന്റെ ചെയ്തികളോർത്ത് പശ്ചാത്തപിക്കും, പടുജന്മത്തെയോർത്ത് പരിതപിക്കും. പാപബോധമുള്ള മനസ്സിനേക്കാൾ ഇടുങ്ങിയ, ഇരുണ്ട തടവറകളില്ല. മനസ്സാക്ഷിയേക്കാൾ വലിയ കോടതിയുമില്ല. “

“തത്വങ്ങൾ എത്ര വേണമെങ്കിലും പറയാം,പക്ഷേ അവയ്ക്കെന്റെ അപ്പുവിനെ മടക്കിത്തരാൻ കഴിയുമോ? “

“മാധവാ, നിനക്കെന്നപോലെ എനിക്കും പ്രിയപ്പെട്ടവനാണ് അപ്പു. മരിച്ചവർ പോയി, ഓർമ്മകൾ മാത്രമായി. ജീവിച്ചിരിക്കുന്നവരാണ് സത്യം, കണ്മുന്നിൽ നീളുന്ന ജീവിതമാണ് സമസ്യ. നിരപരാധികളുടെ ജീവിതം. “

“ആ സമസ്യാപൂരണത്തിന്, അവന്റെ കൈയ്യിൽ പുരണ്ട എന്റെ കൂടപ്പിറപ്പിന്റെ ചോര ഞാൻ തന്നെ കഴുകണമെന്ന്. സാക്ഷികളെ ഞാൻ സ്വാധീനിക്കണമെന്ന്. ഇതെന്തൊരു ധർമ്മസങ്കടം”

മുഖം അല്പമുയർത്തി., കണ്ണുകൾ മുറുകെ അടച്ച്,അയാൾ തന്റെ ഇരു കൈകളിലേയും മുഷ്ടി ചുരുട്ടി. മാധവന്റെ എല്ലാ വികാരങ്ങളും അയാളുടെ സ്വത്വം തന്നെയും ആ മുഷ്ടികൾക്കുള്ളിൽ പിടഞ്ഞുഞെരിഞ്ഞു. മാധവൻ ഓർത്തു, വയലിലെ ചെളിയിൽ ചിന്തിയ അപ്പുവിന്റെ ചോര. അതിൽ ഇപ്പോഴും അവന്റെ ജീവന്റെ അംശം തുടിക്കുന്നുണ്ടോ? ഒരു സ്വപ്‌നാടകനെ പോലെ അയാൾ കണ്ണുകൾ തുറന്നു. ചുറ്റും നോക്കുന്നേടത്തൊക്കെ ചുവന്ന നിറം. അത് അപ്പുവിന്റെ ചോരയുടെ നിറമാണോ, അതോ മഴവില്ലിന്റെ തിളക്കമുള്ള അവന്റെ സ്വപ്നങ്ങളുടേയോ? മാധവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ കാലുകൾ നിയന്ത്രണത്തിലല്ലെന്ന് മാധവന് തോന്നി. അയാൾ അടുത്തുള്ള സോഫയിലേയ്ക്ക് ചാഞ്ഞു. ഉച്ചവെയിലിൽ അപ്പോഴും മലഞ്ചെരുവിൽ മഴവില്ല് തിളങ്ങി.

മഞ്ജുള ചന്ദ്രകുമാർ.✍

FACEBOOK - COMMENTS

WEBSITE - COMMENTS

5 COMMENTS

 1. അപ്പു ഇനിയും ജീവിക്കും അപ്പുവിന്‍റെ കുഞ്ഞിലൂടെ …

 2. മനസ്സിനെ മഥിച്ച കഥ.
  ഉന്നതനിലവാരം പുലർത്തുന്ന കഥ
  This is too good for social medias.
  ഇതു്‌ ഫെയ്സ്ബുക്കിൽ മാത്രം ഒതുങ്ങേണ്ട ഒരെഴുത്തല്ല.

 3. പണ്ടൊരിക്കൽ വായിച്ച ഒരു നൊമ്പരകഥയുടെ അവസാന വരികൾ ഓർമ്മയിൽ എത്തുന്നു..
  ” മരിച്ചിട്ടും നിങ്ങളെന്തിനാണ് അവനെ മഴയത്ത് പുറത്ത് നിർത്തിയിരിക്കുന്നത്? അവൻ നനയില്ലെ…?
  മകൻ നഷ്ട്ടപ്പെട്ട ഒരച്ഛന്റെ മുഴുവൻ രോഷവും വേദനയും ഇൗ വരികളിൽ ഒളിച്ചിരുന്നു. വായിച്ച് ഒരുപാട് വേദനിച്ചു….

  പിന്നീട് ഇപ്പൊ ഇൗ കഥ വായിക്കുമ്പോൾ വീണ്ടും മനസ്സ് വിങ്ങുന്നു. എന്തിനെന്ന് അറിയാതെ ആർക്കോ വേണ്ടി കൊല്ലുകയും മരിക്കുകയും ചെയ്യുന്ന കുറെ ജന്മങ്ങൾ ബാക്കി വയ്ക്കുന്ന നഷ്ടവും തീരാ ദുഃഖവും ഇൗ വരികളിൽ ജ്വലിച്ച് നിൽക്കുന്നു.
  ആദ്യം പറഞ്ഞ വരികൾ എഴുതിയത് മകൻ നഷ്ട്ടപ്പെട്ട അച്ഛൻ തന്നെയാണ്. അദ്ദേഹം അനുഭവിച്ച വേദന പകർന്നു തരിക മാത്രമാണ് ചെയ്തത്
  പക്ഷേ ഇവിടെ ഭാവനയിൽ നെയ്തെടുത്ത കഥയും കഥാപാത്രങ്ങളും നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു എങ്കിൽ , അതിന്റെ ക്രെഡിറ്റ് മുഴുവൻ എഴുത്തുകാരിക്ക് മാത്രം ഉള്ളതാണ്.

  ഹൃദ്യം ഇൗ രചന. സാമൂഹ്യ തിന്മകൾക്കതിരെ തിരിച്ച് വച്ച ഇൗ കണ്ണാടിയിൽ പ്രതിഫലിക്കുന്ന ദൃശ്യങ്ങൾ കാണാനുള്ള ഉൾക്കാഴ്ച സമൂഹത്തിന് കിട്ടിയിരുന്നു എങ്കിൽ എന്ന് ആശിച്ച് പോകുന്നു.
  അപ്പുവിന് മരണമില്ല. വായനക്കാരുടെ മനസ്സിൽ അവൻ ജീവിക്കും. പിറക്കാനിരിക്കുന്ന അപ്പുവിന്റെ കുഞ്ഞ്
  ഒരു പ്രതീകമായി വളർന്നു വരട്ടെ…..

  ആശസകൽ പ്രിയ എഴുത്തുകാരി…
  ഇനിയും ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്ക് ജന്മം നൽകാൻ ആ തൂലികയ്ക്ക് കഴിയട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: