ആയിരം മന്ദാരം പൂത്തുവിരിഞ്ഞാലു-
മഴകേ നീയാണെൻ സ്നേഹപുഷ്പം..
ആവണിത്തിങ്കളേ ആത്മാവിൽ വിരിയുമീ-
നീയാണെന്നുടെ മോഹപുഷ്പം…
നമ്മുടെയോമന കുഞ്ഞിനെയാദ്യമായ്
ഗർഭംധരിച്ചു നീ ദേഹം തളർന്നതും…
നിന്നെഞാൻ മാറോടണച്ചു പിടിച്ചൊരാ –
കൂന്തലിഴകൾ തഴുകി മൊഴിഞ്ഞതും…
എന്തിനു പ്രീയേ നീ വെറുതേ ഭയക്കുന്നു
എന്നും ഞാൻ നിന്നുടെകൂടെയില്ലേ….
മിഴിനീർ പൊഴിയേണ്ട മനവുമുരുകേണ്ട
പ്രാർത്ഥനാ മന്ത്രങ്ങൾ കാത്തുകൊള്ളും…
പൊട്ടിക്കരഞ്ഞുകൊണ്ടന്നതാ നമ്മുടെ
കുഞ്ഞിളം പൈതൽ പിറന്ന നാളിൽ….
പുഞ്ചിരിതൂകി ഞാൻ നിന്നുടെ മൂർദ്ധാവിൽ
സ്നേഹമാം ചുംബനം നൽകിയില്ലേ….
പിന്നെയും വന്നു പിറന്നു മൂന്നുണ്ണികൾ
അങ്ങനെ മക്കളും നാലു പേരായ്….
കൈവളരുന്നുവോ കാൽ വളരുന്നുവോ
അങ്ങനെനോക്കി നാം പോറ്റിയില്ലേ…
കാലം കടന്നു പോയ് മക്കളുമോരോരോ –
ജീവിതവീഥികൾ തേടി നീങ്ങി…
ഇന്നു നാം വൃദ്ധരായ് നമ്മുടെ ദേഹവും
ചുക്കിച്ചുളുങ്ങിത്തളർന്നു നമ്മൾ…
ലാളിച്ചു പോറ്റിയ മക്കളുമില്ലടോ
ആരോഗ്യദായക ദേഹവുമില്ലടോ….
പിന്നെയും നമ്മൾമാത്രമായീ സൗധ
നാലു ചുമരുകൾക്കുള്ളിലായി….
അന്നും നമുക്കായി നമ്മൾ മാത്രമായിന്നും
നമുക്കായി നമ്മൾ മാത്രം….
ഒരുവേളയോർത്താൽ ഭാഗ്യമായ്തോന്നിടും –
നിൻപ്രീയ സ്നേഹമെനിക്കു മാത്രം….
എങ്കിലും പ്രീയേ ഞാനോർത്തുപോകുന്നിതാ
സത്യമായ് തീരുമാപഴമൊഴി വീണ്ടുമേ…
മക്കളെക്കണ്ടും മാമ്പൂ കണ്ടും നീ –
സ്വപനങ്ങൾ നെയ്യരുതെന്ന പാഠം……..!!!
അക്ഷരങ്ങളെപ്രണയിച്ചവൻ…
മനോഹരം വരികൾ
നല്ല രചന. ആശംസകൾ