ഓർമകളിലൂടെ എന്റെ ബാല്യം സഞ്ചരിക്കുന്നു. ചിലപ്പോൾ അങ്ങിനെയാണ് , കാലമാകുന്ന ആഴിയിൽ ചുഴികളും, അടിയൊഴുക്കുകളും ഉണ്ടാകും. ചില ഓർമ്മകൾ ഒഴുക്കിലൂടെ തീരത്തു അടിയും. ഇന്നത്തെ സായാഹ്ന ഓർമ്മകൾ ഗതകാലങ്ങളുടെ പ്രൗഢി അറിയിക്കാൻ എത്തിയിരിക്കുന്നു. സ്മൃതി മണ്ഡലത്തിൽ നിന്ന് നീ കുറച്ചു നേരം അചഞ്ചയായിരിക്കണം. എന്റെ ബാല്യങ്ങൾക്കു വെളിച്ചമേകിയ ആ കെടാവിളക്ക് ഒരിത്തിരി നേരം ഓർമകളാൽ തിരി തെളിയിക്കട്ടെ.
നമ്മളുടെ ജീവിതത്തിലും , ഓരോ വീട്ടിലും ഉമ്മറത്തു നന്മയുടെ വിളക്കായി അണയാത്ത മുത്തശ്ശിമാർ ഉണ്ടായിരുന്നു. കഥകൾ തന്റെ ഓർമയുടെ ഭാണ്ഡങ്ങളിൽ നിന്ന് എടുത്തു പല്ല് പോയ മോണ കാട്ടി ചിരിച്ച് കുട്ടികളോട് പറഞ്ഞിരുന്ന മുത്തശ്ശിമാർ. അവിടെ നിന്നും ഓരോ മനസ്സിലും ഓരോ കവിയും കഥാകാരനും ജനിച്ചിരിക്കണം.
ആധുനികതയുടെ നവ സന്തതിയായ പണം ഇന്ന് പരുന്തിനേക്കാൾ ഉയരത്തിൽ പ്രശസ്തിയുമായി പറക്കുന്നു. ഇന്ന് വീട്ടിൽ കെടാ വിളക്കുകൾ ഉണ്ട്, വിവിധ നിറങ്ങളിൽ, ഇൻവെർട്ടറും ഉണ്ട്. പക്ഷേ നന്മയുടെ ആ കെടാ വിളക്ക് ഇന്നില്ല. ഉള്ളത് വൃദ്ധ സദന ങ്ങളിലേക്കു പറിച്ചു നട്ടു. പോകാം ഇനി ഓർമകളിലൂടെ ആ കാലത്തിലേക്ക്………
ത്രിസന്ധ്യയ്ക്ക് ഉമ്മറത്ത് രണ്ടു ദീപങ്ങൾ തെളിയാറുണ്ടായിരുന്നു. അതിലൊന്ന് ചുളിവുകൾ വീണ നെറ്റിയിൽ ഭസ്മവും തൊട്ട് നീട്ടി വച്ച കാൽകളിൽ കൈകൾ കൊണ്ടുഴിഞ്ഞ് ചുണ്ടിൽ രാമനാമവുമായി പുറത്തേയ്ക്ക് ആകുലതയോടെ നോക്കിയിരിപ്പുണ്ടായിരുന്നു.ഇരുട്ടത്ത് നീണ്ട ഇടവഴിയിലൂടെ ഓടിപ്പിടിച്ച് ചെളിപുരണ്ട കാൽ ചവിട്ടിത്തുടയ്ക്കാതെ അകത്തേയ്ക്കു കയറുന്ന കുരുന്നുകളെ ശകാരിയ്ക്കാറുണ്ടായിരുന്നു.
പല്ലിൽ മുറുക്കാൻ കറയും മേത്ത് കുഴമ്പിന്റെ ഗന്ധവുമുണ്ടായിരുന്നു.അച്ഛന്റെ ചൂരലിൽ നിന്ന് മുഷിഞ്ഞ മുണ്ടിനു പുറകിൽ അഭയം തരാറുണ്ടായിരുന്നു. നല്ലവനായ രാജാവിന്റെയും ദുഷ്ടൻ ഭൂതത്താന്റെയും കഥകൾ പറഞ്ഞിരുന്നു. കാവിലെ തമ്പാട്ടിയെ തൊഴാനും കാത്തു രക്ഷിക്കണേ പറയാനും ആദ്യം പറഞ്ഞു തന്നിരുന്നു. ഓരോന്നായ് കൂട്ടിവെച്ച മഞ്ചാടികൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഏറ്റവും വിശ്വസ്തയായ കാവലായിരുന്നു. മനപ്പാഠ പുസ്തകം ചൊല്ലി കേൾപ്പിക്കുമ്പോൾ ശരിയെന്നോണം തലയാട്ടുമായിരുന്നു. ഏറ്റവും നല്ല കൂട്ടായിരുന്നു.
കാവെല്ലാം തീണ്ടി.തമ്പാട്ടിത്തറയ്ക്കു ചുറ്റും കാടു മൂടി. മഞ്ചാടിയെന്നാൽ എന്താവോ?.ഉമ്മറത്തു വല്ലാത്ത ഒരു നിശബ്ദത തളം കെട്ടി. പല നിറത്തിൽ മിന്നിത്തിളങ്ങുന്ന കറങ്ങുന്ന വെളിച്ചം തൂക്കി.കാലിൽ ചളി പറ്റാറില്ലെങ്കിലും ഇടയ്ക്ക് കാൽ തരിയ്ക്കും.ഉമ്മറത്തെ ദീപങ്ങളിൽ ഒന്ന് കെട്ടു .മറ്റൊന്ന് ശോഭയറ്റ് മറ്റനേകം ദീപങ്ങൾക്കൊപ്പം…….
✍️ജയശങ്കർ. വി
(ഞാൻ കണ്ട മുത്തശ്ശിമാർ )
ഗൃഹാതുരത ഉണർത്തുന്ന എഴുത്ത് 👍