ഒരിക്കലും തിരിച്ചു കിട്ടാത്തത് ഒന്നേ ഉള്ളൂ അതാണ് കാലം അല്ലെങ്കിൽ സമയം. ഞാൻ ഇത് എഴുതുന്ന മാത്രയിലും സമയം പോയി കൊണ്ടിരിക്കുകയാണ്. ആർക്കും പിടിക്കാൻ കഴിയാത്ത വേഗതയിൽ.
ജീവിതത്തിൽ ഏറ്റവും സുന്ദരവും നമ്മളെ നമ്മളാക്കിയ ആ കാലം ഏതാണ്? അറിയുമോ? അത് യൗവനമോ, കൗമാരമോ അല്ല. എന്നും ആ ഒരു കാലത്തെക്കുറിച്ചാണ് കവികളും എഴുത്തുകാരും എഴുതുന്നത്. വർണിക്കാൻ വാക്കുകൾ ഇല്ലാതെ നിഷ്കളങ്ക തയുടെ ഒരു കാലം. അതെ ബാല്യം. ഞാനും നിങ്ങളും ഈ ലോകത്തുള്ള സകലരും ആസ്വദിച്ച ബാല്യ കാലം. ആരോടും ഏത് വേദിയിലും അഭിമാനപൂർവം ഒരു പൊടിപ്പും തൊങ്ങലും ചേർക്കാതെ എനിക്കും നിങ്ങൾക്കും പറയാം ഈ കാലത്തെ പറ്റി. ഇതിന്റെ ഒരു ഭാഗമാണ് സ്കൂൾ കാലഘട്ടം. ഏറ്റവും സ്മരണകൾക്ക് ഒരു വേദി തേടിയാൽ നമ്മൾക്ക് കാണിക്കാം എന്റെ വിദ്യാലയം.
മാതാവിന് തുല്യം നമ്മൾ സ്നേഹിച്ച വിദ്യാലയതിനെയാണ് ‘ Second Parents’ എന്ന് വിളിക്കുന്നത്. ഇവിടെ കഥാപാത്രങ്ങൾ വേറെ ആരുമല്ല, നമ്മൾ തന്നെ. പിന്നെ നമ്മിലേക്ക് സ്മരണകൾക്ക് മാറ്റ് കൂട്ടാൻ വന്ന മരങ്ങളും, പാടങ്ങളും, കൂട്ടുകാരും, അദ്ധ്യാപകരും, മാതാ പിതാക്കളും കടകളിലെ നാരങ്ങാ മിട്ടായി മുതൽ കണ്ണാടി കൂടിനുള്ളിൽ ആരെയെങ്കിലും തേടി ശാപമോക്ഷം കാത്തു വിങ്ങിയിരുന്ന മധുരപലഹാരങ്ങൾ വരെ അക്കൂട്ടത്തിൽ പ്പെടും.
ആദ്യമായി സ്കൂളിൽ പോയ അനുഭവം ഓർമ്മയുണ്ടോ? അമ്മയുടെ കയ്യും പിടിച്ചു പോയതും കരഞ്ഞു ക്ലാസ്സിൽ ഇരുന്നതും ഇന്നും ഓർക്കുന്നു. ആ നമ്മൾ തന്നെയല്ലേ പിന്നീട് ക്ലാസ്സിലേക്ക് താല്പര്യ പൂർവം എത്തിയതും. അവിടെ നിന്നാണ് പിന്നീട് കൂട്ടുകാർ ഒപ്പം കൂടുന്നത്. ചെറിയ ക്ലാസ്സിലെ കൂട്ടുകാരെയും അദ്ധ്യാപകരെയും ഒരിക്കലും നിങ്ങൾ മറക്കില്ല. അവിടുന്നാണ് അനുഭവങ്ങൾ തുടങ്ങുന്നത്.
പൊട്ടിയ സ്ലേറ്റുമായി വീട്ടിലേക്കു വരുന്നതും പെൻസിൽ പോയി എന്ന സ്‌ഥിരം പല്ലവിയും ഇന്നും ഞാൻ ഓർക്കുന്നു. ഇതെല്ലാം ഒരു കുട്ടിയുടെ മനഃശാസ്ത്ര ഘട്ടങ്ങളാണ്. എല്ലാവരും ഇതിലൂടെ പോകണം. പുത്തൻ യൂണിഫോം ഇട്ടു പോകുന്ന ദിവസം നല്ല സന്തോഷമാണ്. ചളി പിടിച്ചാൽ നല്ല ചീത്ത കേൾക്കും. ചിലവരുടെ യൂണിഫോം കീറിയിട്ടുണ്ടാകും. “പിള്ള മനസ്സിൽ കള്ള മില്ല ” എന്നല്ലേ . അവർക്കു അവിടെ നാണം വരില്ല. പലപ്പോഴും ഒരു ഗാങ് എപ്പോഴും കൂടെ ഉണ്ടാകും. ചിലപ്പോൾ 3 അല്ലെങ്കിൽ 4 പേർ. ബോഡി ഗാർഡ്‌സ് എന്ന് വേണേൽ പറയാം. വല്ല്യ ക്ലാസ്സുകളിൽ ചെന്നപ്പോൾ പേടിയായിരുന്നു. ബല്ല്യ കൂട്ടുകാർ. പൊതുവെ ‘ലീഡർ’ ഉണ്ടായിരുന്നെങ്കിലും അവർ ‘ലീഡേഴ്‌സ്’ ആയി. ആദ്യം പരിചയം പുതുക്കലും ചിലപ്പോൾ നല്ല അടിയും ഉണ്ടാകും. ചൂരൽ മാഷ് മാർ സ്കൂളിൽ കുറേ ഉണ്ടായിരുന്നു. അത് കൊണ്ട് എല്ലാവരും അടങ്ങും.
ഇന്റർവെൽ സമയങ്ങളിൽ കടകളിലേക്ക് ഓടും. മിട്ടായി വാങ്ങിക്കണം. ചില കുട്ടികൾ എല്ലാത്തിന്റെയും വില ചോദിക്കും. കടക്കാരന്റെ വക ചീത്ത അപ്പോൾ ഉറപ്പാകും. സ്കൂൾ വരാന്തകളിൽ ചില വിട്ട നിമിഷങ്ങൾ, നിത്യവും ഉണ്ടാകുന്ന സ്കൂൾ പ്രാർത്ഥന., അസംബ്ലി ഇവയെല്ലാം എനിക്ക് ഇന്ന് കഴിഞ്ഞ പോലെ തോന്നുന്നു. ക്ലാസ്സ് 10 മണിക്ക് തുടങ്ങിയാൽ നിശബ്ദമായും, ബഹളമയമായും ക്ലാസുകൾ കാണാം. കൂടെ നിൽക്കാൻ നല്ല കൂട്ടുകാരും , ചിലവർ പാര വയ്ക്കുന്നവരും ഉണ്ടായിരുന്നു.
എല്ലാവർക്കും പേടി ഉള്ള വിഷയം കണക്കാണല്ലോ. ടീച്ചറുടെ കയ്യിൽ ചൂരലുണ്ടോ, അന്ന് പൊട്ടും. ചിലർ ‘ഹോം വർക്കു’കൾ സ്കൂളിലെത്തി യിട്ട് ‘സ്കൂൾ വർക്ക് ‘ആക്കാറുണ്ട്. പകർത്തി എഴുതി കഴിഞ്ഞാൽ കൊടുത്തവർക്ക് പാരിതോഷിക ങ്ങളും നൽകിയിരുന്നു. ഉച്ച ഭക്ഷണ സമയം എല്ലാവരും ഒന്നിക്കും. വീട്ടിലെ പൊതിച്ചോറും, ചോറ്റു പാത്രവും എല്ലാം ഉണ്ടാകും. പിന്നെ ആരാണ് സ്പെഷ്യൽ കൊണ്ട് വന്നത്. അതായി പിന്നെ. പങ്കിട്ട് ഭക്ഷണം കഴിച്ച ഓർമ്മകൾ മറക്കില്ല ഒരിക്കലും.
ക്ലാസ്സ് മുറികളിൽ ബാക്കി വന്ന ചോക്ക് എടുത്തു വക്കുക., പരീക്ഷ സമയത്തു മരച്ചുവട്ടിൽ ഒത്തു കൂടി പഠിത്തം, ട്യൂഷൻ ക്ലാസ്സിലെ വിശേഷങ്ങൾ, സ്പോർട്സ്, യുവജനോത്സവ പരിപാടികളിലെ വൈവിധ്യങ്ങൾ എല്ലാം മനസ്സിന്റെ ചില്ലു കൂട്ടിൽ ഉണ്ട്. ചില ഓർമ്മകളുടെ വാതായനങ്ങൾ ഇനിയും തുറക്കാനുണ്ട്.
ക്ലാസ്സ് ഫോട്ടോ എടുക്കുന്ന ദിവസം എല്ലാവർക്കും സന്തോഷദായകമാണ്. ഒന്നാമത് ക്ലാസ്സ് പീരിയഡ് കുറയും. രണ്ടാമത് ഫോട്ടോയിൽ വരുമല്ലോ?. പിന്നെ ഫോട്ടോ കിട്ടിയാലോ പറയണ്ട. ദേശീയ ഗാനത്തിന്റെ അവസാന വരി കേൾക്കുന്ന നേരം ഓടാൻ കൊതിക്കുന്നവർ. വേഗം വീട്ടിൽ എത്തണം. ആദ്യം ആര്?
ഇന്ന് വർഷങ്ങൾ കുറേ കഴിഞ്ഞപ്പോൾ ഞങ്ങൾ മാത്രം വളർന്നു. ആ മഴയും, പാടവും, ക്ലാസ്സ് മുറികളും കുറേ ഓർമകളും ഇന്നും അവിടെ ഉണ്ട്.
ഓർമകളുടെ ബാല്യം ഇനിയും തീർന്നിട്ടില്ല. ഓരോ രാത്രിയും പകലും ഇവ വീണ്ടും വീണ്ടും എന്നിൽ അയവെട്ടി കൊണ്ടിരിക്കും.
എന്റെ മനസിനു ഈ സായാഹ്നത്തിലും ഇങ്ങനെ മന്ത്രിക്കുവനെ കഴിയൂ……
” എനിക്കെന്റെ ബാല്യം തിരികെ തരൂ കാലമേ, എന്റെ യൗവനം പകരം തരാം “.
✍️ജയശങ്കർ. വി
ഒരിക്കലും തിരിച്ചു കിട്ടാത്ത, മനോഹരമായ, മധുരം കിനിയുന്ന ബാല്യകാല ഓർമ്മകളിലൂടെ… തൂലികയ്ക്ക് അഭിനന്ദനങ്ങൾ 🙏👍❤️