ആരോ കോളിംഗ് ബെല്ലടിച്ചു.
ആരോ അല്ല. അയാളായിരിക്കും. അടുക്കളച്ചുമരിൽ അവൾ അറിയാതെ സമയം നോക്കി. അത് നിലച്ചിട്ട് മാസങ്ങൾ മുന്നോ നാലോ കഴിഞ്ഞിരിക്കുന്നു. ഒരു നിലച്ച ഘടികാരത്തിനെ ഓർമ്മയുടെ അടരുകളിൽ വെക്കാനും അവൾക്ക് തോന്നിയില്ല എന്നതാണ് നേര്. കടയിൽ നിന്നും രണ്ട് ഡബ്ബിൾ എ ബാറ്ററി. അതിൽ ജീവൻ വെക്കാവുന്നതേയുള്ളു. ഓർത്തില്ല. അല്ലെങ്കിൽ തന്നെ ഓർമ്മകൾക്കൊന്നും യാതൊരു അടുക്കും ചിട്ടയുമില്ല. നിനച്ചിരിക്കാതെ പെയ്യുന്ന ഒരു ചാറ്റൽ മഴയാണത്. പിന്നെ അടുത്ത നിമിഷത്തിലെ വെയിൽ മഞ്ഞ. തിരക്ക് പിടിച്ച നഗരത്തിലെത്തിപ്പെട്ട ദിശയറിയാത്ത ഒരു വഴിയാത്രക്കാരനാണ് ഓർമ്മകളിപ്പോൾ.
അവൾ ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി. സന്ധ്യയാകാറായിരിക്കുന്നു. അയാൾ തനിയെ ആവാൻ വഴിയില്ല. ഈയിടെയായി ഓഫീസ് വിട്ട് വരുമ്പോൾ കൂടെ ആരെങ്കിലുമുണ്ടാകും. ആരെങ്കിലുമൊരാൾ. രാത്രി വളരെ വൈകുന്നത് വരെ കുടിക്കാനും പൊട്ടിച്ചിരിക്കാനും പിന്നെ അവളുടെ ഭൂതകാല ചരിത്രം നിവർത്തിയിടുമ്പോൾ ആക്രാന്തത്തോടെ വാ പിളർന്നിരുന്ന് കേൾക്കാനുമൊരാള്.
വന്നിരിക്കുന്നവന്റെ മുൻപിൽ കരിപിടിച്ചുണങ്ങിയ എന്നെ വീണ്ടും വീണ്ടും ഒരു കരിക്കട്ടയാക്കി ചുമരിൽ കോറി വരക്കാൻ… ബഫൂൺ വേഷം കെട്ടിച്ച് പാവക്കൂത്ത് കളിക്കാൻ.. പിന്നെയൊരു ഉണക്ക മരമാക്കാൻ.. വിറകിന് പോലും കൊള്ളാത്തത്. ചിതൽ തിന്ന് തീർക്കാൻ പാകത്തിന്.
തുറക്കാനൊരു നിമിഷം വൈകിയാൽ കതക് ചിലപ്പോൾ ചവിട്ടിപ്പൊളിക്കുമെന്നവൾക്കറിയാം. കരിയും ഇരുട്ടും നരച്ച മഞ്ഞ വെളിച്ചവും കൂടിച്ചേർന്ന് കിടക്കുന്ന അടുക്കളച്ചുമരുകൾക്കിടയിൽ നിന്നും ഓടിയെത്തുമ്പോഴേക്കും വാതിൽപ്പഴുതിലൂടെ തെറികളുടെ ഘോഷയാത്ര വരികയായി.
” ആരാടീ അകത്ത് ?”
തെറികളൊന്നും ഹൃദയരേഖകൾ മുറിച്ച് മനസ്സിന്റെ ഉള്ളറകളിലേക്കോ അതുമല്ലെങ്കിൽ തലച്ചോറിന്റെ അകത്തളങ്ങളിലേക്കോ ഇപ്പോൾ കടന്നു വരാറില്ല. അതങ്ങനെ വാതിൽപ്പഴുതിലൂടെ അകത്തു കടന്ന് ഇടുങ്ങിയതും വെളിച്ചം കുറഞ്ഞതുമായ മുറികളുടെ ആളൊഴിഞ്ഞ കോണുകളിൽ കറങ്ങി നടക്കും.
പക്ഷെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേൾക്കുമ്പോഴേ അവൻ ഞെട്ടും. ഭയത്തിന്റെ നരിച്ചീറുകൾ അന്നേരം അവന്റെ തലയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് അവൾക്കറിയാം. പിന്നെ ഉണ്ടക്കണ്ണുകൾ വട്ടം പിടിച്ച് ഭയത്തോടെ ചുറ്റുപാടും നോക്കും. ഉന്തിയ പല്ലുകൾ നിറഞ്ഞ വായ്ക്കോണിൽ നിന്നും ഉമിനീര് ഒലിച്ചു വരുന്നത് കാണാം. സ്വയം തലമുടിയിഴകൾ പിടിച്ചു വലിച്ച് പിഴുതെടുക്കും. പിന്നെ അലമാരയുടേയും കട്ടിലിന്റേയും ഇടയിലുള്ള നരച്ച ഇരുട്ടിലേക്ക് മുട്ടിലിഴഞ്ഞ് മാറാലക്കൂടിനുള്ളിലേക്ക് ചുരുണ്ടു കയറും.
പക്ഷെ അപ്പോഴൊന്നും അവൻ കരയില്ല. കരയാനവനറിയില്ല. അയാൾ അവനെ മുറ്റത്തേക്ക് എടുത്തെറിഞ്ഞ ദിവസം മുതൽ അവൻ തീരെ കരയാറില്ല. അന്നേരം ഭൂമിദേവി അവനെയൊന്ന് താങ്ങിയിട്ടുണ്ടാവണം. തീർച്ച. ആ സമയം അവന്റെ ദേഹമാസകലം ഉരഞ്ഞ് ചോര പൊടിയുന്നുണ്ടായിരുന്നു. അത്രമാത്രം.
കരയുന്നതിന് പകരം അവൻ ചിരിച്ചു. മുറ്റത്ത് കിടന്ന് അവൻ തലയുയർത്തി നോക്കിയതും അയാളെ തന്നെ. പപ്പ തന്നെയാണോ എന്നെ മുറ്റത്തേക്കെറിഞ്ഞത് ? ഒന്നും മനസ്സിലാവാതെ അവൻ ചിരിച്ചതും അയാളെ നോക്കി തന്നെ. അവനെന്തറിയാം.?
കാൽമുട്ടുകളിലും കൈകളിലും നെറ്റിയിലും മണ്ണ് പുരണ്ട ചോരപ്പാടുകളുമായി അവൻ പിന്നേയും മുട്ടുകാലിൽ ഇഴഞ്ഞു വന്നത് പപ്പയുടെ മടിയിലേക്ക് തന്നെ. അവൻ പപ്പയെ നോക്കി ഒന്നുമറിയാതെ വീണ്ടും ചിരിച്ചു. പിന്നെ ഉണ്ടക്കണ്ണുകൾ വിടർത്തി ചുറ്റും അവനമ്മയെ തിരഞ്ഞു. ഉന്തിയ പല്ലുകൾ നിറഞ്ഞ വായ്ക്കോണിൽ നിന്നും അന്നേരം ഉമിനീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സ്വന്തം തലമുടിയിഴകൾ പിടിച്ച് വലിച്ച് വീണ്ടും ചുറ്റുപാടും അമ്മയെ തിരക്കി.
അമ്മയെവിടെ ?
” എന്റെ മോനേ..എന്തിനാടാ നീ പപ്പേടെ അടുത്തു പോയേ..?”
നിലവിളി പുറത്തുവന്നതേയില്ല. തൊണ്ടയിൽ വന്ന് അത് മുട്ടി നിന്നു. ഒരൊറ്റയോട്ടത്തിന് അയാളുടെയടുത്തു നിന്നും അവളവനെ കോരിയെടുത്തു. അവൻ അവളുടെ കൈകളിലിരുന്ന് വീണ്ടും ചിരിച്ചു. ചോര പുരണ്ട മൺതരികൾ കൈകൾ കൊണ്ട് തുടച്ച് അവളവനെ മാറിലേക്ക് ഇറുകെ ചേർത്തു.
” ഈ മന്ദബുദ്ധിയെ നീ മുറിയിലിട്ടടച്ച് വളർത്തിക്കോ. ഇനിയെന്റെ കൺവെട്ടത്ത് കണ്ടാൽ അടുത്തത് കിണറ്റിലേക്കായിരിക്കും എറിയുന്നത്..”
മറുപടി പറയാൻ പാടില്ല. അതും അവൾ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അതൊരു ശീലമാവുകയും ചെയ്തു. അല്ലെങ്കിലോ -? അതിൽ പിടിച്ചു കയറി ഭൂതകാലം മുഴുവൻ മുൻപിലിരുന്ന് കുടിക്കുന്നവന്റെ മുൻപിൽ വലിച്ച് നിവർത്തിയിടും. ഒരു നീണ്ട കഥയാണത്. പക്ഷെ കഥ പറച്ചിൽ അടുക്കും ചിട്ടയുമില്ലാതെ തന്നെയായിരിക്കും. കുഴയുന്ന നാവോടെ.
” കേട്ടോ സുകുമാരാ..ഇവളുടെ പാരമ്പര്യത്തിന്റെ തുടർച്ചയായി കിട്ടിയതാ ഈ ഒഴിയാബാധയെ..”
ഗ്ലാസ്സിലുണ്ടായിരുന്ന പാതി ഒറ്റയടിക്ക് അയാൾ വായിലേക്കൊഴിച്ചു.. പിന്നെ എഴുന്നേറ്റ് പുറം തിരിഞ്ഞ് നിന്ന് ഉടുമുണ്ട് പൊക്കി വരാന്തയിൽ നിന്നും മുറ്റത്തേക്ക് മൂത്രമൊഴിക്കാൻ നേരം അയാൾ അടുക്കളയിലേക്കൊന്ന് ചരിഞ്ഞു നോക്കി.
” എന്റെ നാശം അന്ന് തൊടങ്ങീ.. സുകുമാരാ..”
സുകുമാരൻ അടുക്കള വാതിലിലേക്ക് എത്തി വലിഞ്ഞ് നോക്കി. അന്നേരം അശ്ലീലത്തിന്റെ ഒരു മഞ്ഞച്ചുവ അയാളുടെ മുഖം നിറയെ വീണ് കിടപ്പുണ്ടായിരുന്നു. ആർത്തി പിടിച്ച കണ്ണുകളിലേക്ക് ഒരു കഴുകൻ പറന്നിറങ്ങുന്നതും കാണാം.
” അങ്ങനെയൊന്നും പറയാതെ ശിവാ.. ദൈവം തരുന്നു. നമ്മൾ സന്തോഷത്തോടെ അത് മേടിക്കുന്നു..”
” എന്നാ പിന്നെ നീയെടുത്തോടാ.. ആ നാശത്തിനെ -“
കലിയടങ്ങാതെ അയാൾ മുറ്റത്തേക്ക് നീട്ടിത്തുപ്പി. സുകുമാരൻ മുഖമുയർത്തിയതേയില്ല. ശിവനെ അയാൾക്കറിയാം. തല കുനിച്ചിരുന്ന് കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് അയാൾ രണ്ട് ഗ്ലാസ്സുകളിലും പകുതിയായി പകർന്നു. തൊട്ട് നക്കാൻ ഒന്നുമില്ല. അയാൾ വീണ്ടും അടുക്കളയിലേക്ക് എത്തിവലിഞ്ഞ് നോക്കി.
” ഇത് പാരമ്പര്യമായി കിട്ടിയതാടാ.. കുടുംബത്തീ എല്ലാർക്കും ഇതുപോലെ ഓരോന്ന് കിട്ടീട്ടുണ്ട്.. ദൈവത്തിന്റെ സമ്മാനം..”
അടുക്കളച്ചുമരുകൾക്കുള്ളിലേക്ക് ഇപ്പറയുന്നതെല്ലാം ഇഴഞ്ഞും നനഞ്ഞും ചതഞ്ഞും കയറി വരുന്നുണ്ട്. അവളുടെ ഹൃദയത്തിന്റെ നാലാമത്തെ അറയിലത് മണ്ണടരുകൾ പോലെ ഒന്നിനു മീതെ ഒന്നായി വീണ് കിടന്നു. കണ്ണുനീര് ഒഴുകിയിറങ്ങി എവിടെയും കണ്ണീർപ്പാടുകൾ വീഴ്ത്തുന്നില്ല ഈയിടെയായി. അതും ഒരു ഭാഗ്യം.
അല്ലെങ്കിൽ തന്നെ പ്രസവം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ മുടങ്ങാതെ കേൾക്കുന്നതാണവൾ. തൊട്ടപ്പുറത്തെ മുറിയിൽ കിടന്ന് അമ്മയെല്ലാം അറിയുന്നുണ്ടല്ലൊ എന്നത് മാത്രമായിരുന്നു അപ്പോഴത്തെ അവളുടെ ഏറ്റവും വലിയ വിഷമം. അമ്മയുടെ മുഖത്ത് നോക്കാൻ വയ്യ. കണ്ണുകളിൽ അവളോട് ചോദിക്കാനുള്ള ഒരു പാട് ചോദ്യങ്ങൾ കെട്ടിക്കിടക്കുന്നത് അവൾക്ക് കാണാം. ചോദ്യങ്ങളെ ഭയന്ന് അവൾ അമ്മയുടെ മുറിയിലേക്കുള്ള പോക്ക് കുറച്ചു.
പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മഴയുള്ള ഒരു രാത്രിയിൽ അമ്മ അവളെ അടുത്തേക്ക് വിളിച്ചു.
” നീ അമ്മേടെ അടുത്തേക്കിരിക്ക്..”
” എന്താണമ്മേ.?”
” കുറച്ചൂടെ അടുത്തേക്ക് നീങ്ങിയിരിക്ക്.”
വലതു കൈയെടുത്ത് അമ്മ അവളുടെ കൈകളിൽ ചേർത്ത് വെച്ചു. അമ്മയുടെ കൈകൾക്ക് നല്ല തണുപ്പാണ്. ചോരയോട്ടം കുറഞ്ഞ് വിളറി വെളുത്ത ശോഷിച്ച കൈവിരലുകൾ. പാതി തളർന്ന അമ്മയുടെ ശരീരത്തെ അവൾ ചരിച്ചു കിടത്തി.
” ശിവന്റെ ദ്വേഷ്യം ഇനീം മാറീല്ലേ.. മോളേ.?”
” ഇല്ലമ്മേ.”
” ഉം.. ദൈവത്തിന് എന്തേലും കണക്ക് കൂട്ടലുകളുണ്ടാവും..”
” എന്നോട് മാത്രം എന്തിനാണമ്മേ ദൈവമിങ്ങനെ കണക്കുകൾ കൂട്ടി വെക്കുന്നത്. ?”
” നിന്നോട് മാത്രമല്ല മോളേ..എല്ലാരുടേം അടുത്തും ദൈവം അങ്ങനെയാ.. കണക്കുകളെല്ലാം കൂട്ടി വെച്ച് അവസാനം ഒരു കള്ളനും പോലീസും കളിയാ… കള്ളനെ പിടിക്കാൻ പോലീസിന് ചെലപ്പൊ കൊറച്ച് സമയം പിടിക്കും എന്നേയുള്ളു.. അതിനെയാ നമ്മൾ ക്ഷമ എന്ന് പറയുന്നെ..”
അല്പ സമയം ജനലിനപ്പുറത്തെ ഇരുട്ടിൽ പെയ്യുന്ന മഴയിലേക്ക് നോക്കി അമ്മ മുഖം ചരിച്ച് മിണ്ടാതെ കിടന്നു. ചിലപ്പോൾ കണ്ണുകളിലെ നനവ് കാണാതിരിക്കാനാവണം. പിന്നെ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു :
” ഈ ഭൂമീല് ജനിച്ചു പോയില്ലേ.. കൊല്ലാമ്പറ്റോ അതിനെ -“
ഇവിടെയിങ്ങനെ അധികനേരം ഇരിക്കാൻ വയ്യ. അമ്മയുടെ കണ്ണീരൊഴുകിയിറങ്ങുന്ന ഈ മുഖം എനിക്ക് കാണേണ്ട. മനസ്സിനകത്തുള്ള ഏങ്ങലടികൾ മുഴുവൻ എന്നെക്കുറിച്ചോർത്ത് മാത്രമാണെന്നും അറിയുന്നു. എണീക്കാൻ നേരം അമ്മ കൈകളിൽ മുറുകെ പിടിച്ചു.
” നീ അമ്മേടടുത്ത് കൊറച്ച് നേരം ഇവിടെ കെടക്ക്വോ.?”
അമ്മയെ കെട്ടിപ്പിടിച്ച് എത്ര നേരം കിടന്നെന്നറിയില്ല. പുറത്തെ മഴയുടെ ഇരമ്പൽ മാത്രമേ ഇപ്പോൾ കേൾക്കാനുള്ളു. മനസ്സിനുള്ളിലേക്കാണ് കണ്ണീരിന്റെ ചാറ്റൽ മഴയായി അതപ്പാടെ വന്നു വീഴുന്നത്. വിവാഹത്തലേന്ന് രാത്രിയും ഇതുപോലെ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയത് അവളോർത്തു.
അമ്മ ഒന്നും മിണ്ടാതെ വെറുതെ മച്ചിലേക്ക് നോക്കി കിടക്കുകയാണ്. ജനലിനപ്പുറത്ത് മഴയുടെ ശക്തി കൂടി. നേരിയ തണുത്ത കാറ്റ് അവരെ വന്ന് പൊതിഞ്ഞു. കമ്പിളിയെടുത്ത് അവൾ അമ്മയുടെ ദേഹം മൂടി. കുറെ കഴിഞ്ഞ് അമ്മയുടെ ക്ഷീണിച്ച ശബ്ദം വീണ്ടും അവൾ കേട്ടു :
” എനിക്കിനി അധികകാലമില്ല.. മോളേ.”
അമ്മ ആരോടെന്നില്ലാതെ പറയുകയാണ്. അവളൊന്നു കൂടെ അമ്മയെ ചേർത്ത് പിടിച്ച് കിടന്നു. ഹൃദയത്തിലാരോ ബ്ലേഡ് കൊണ്ട് വരയുന്നതു പോലെ. മുഖം അമ്മയുടെ കവിളിലേക്ക് ചേർത്ത് വെച്ചു.
” അമ്മ എങ്ങടും പോണില്ല -“
പക്ഷെ അവൾക്കറിയാം. ഒട്ടുമിക്ക കാര്യങ്ങളും അമ്മ മുൻപേ കാണും. കാലത്തിന് മുൻപേ പറക്കുന്ന ഒരു പക്ഷിയുടെ ചിറകടികൾ അമ്മയുടെ കണ്ണിണകളിൽ എപ്പോഴും ഉണ്ടായിരുന്നു. അച്ഛന്റെ മരണവും അമ്മ ഇതുപോലെ കണക്കു കൂട്ടിയെടുത്തിരുന്നു. ഒരു കർക്കിടക മാസത്തിൽ.
അന്ന് ഏഴോ എട്ടോ വയസ്സേയുള്ളു. സന്ധ്യാദീപം വെച്ച് മുറ്റത്തിറങ്ങി നിന്ന് ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് കുറെ സമയം അമ്മ വെറുതെ നോക്കി നിന്നു.
” എന്താണമ്മേ.?”
” ചില മരണങ്ങൾക്ക് നീല നിറമാണ് മോളേ. നീല നിറമുള്ള മരണം..”
” ന്ന് വെച്ചാ -?”
” ചെലപ്പോ ഒരച്ഛന്റെ സ്നേഹം ഇത്രേം കാലം അനുഭവിച്ചാ മതീന്ന് ദൈവം കരുതീട്ട്ണ്ടാവും. കണ്ണീര് ഇനീം ആവശ്യംണ്ടാവും. അതപ്പാടെ ഒഴുക്കിക്കളയണ്ട -“
എന്തൊക്കെയാണ് ഈയമ്മ പറയുന്നേ..? മുറ്റത്തു നിന്നും അമ്മയെ പിടിച്ച് തിണ്ണയിലിരുത്തിയത് മാത്രം അവൾക്കോർമ്മയുണ്ട്. പിന്നെ മൂന്നാം ദിവസം നാലഞ്ച് പേർ ചേർന്ന് താങ്ങിക്കൊണ്ട് വന്ന് അച്ഛനെ തിണ്ണയിൽ കിടത്തിയതും. വിഷം തീണ്ടിയതാണെന്ന് അന്ന് ചെവിയിൽ പറഞ്ഞത് പണിക്കാരത്തി ശാന്തേടത്തിയാണോ ? ആണെന്ന് തോന്നുന്നു.
കോടി പുതച്ച് ഇറയത്ത് കിടക്കുന്ന അച്ഛനെ കണ്ട് അമ്മ കരഞ്ഞില്ല. അച്ഛന്റെ മുഖത്ത് വെറുതെയങ്ങനെ നോക്കിയിരുന്നു. ഇടക്കിടക്ക് നെറ്റിയിലും കവിളിലും വെറുതെ തലോടും.
അമ്മയുടെ തളർന്ന ഈ കിടപ്പും അമ്മ മനസ്സിൽ കണ്ടിരിക്കണം. കുട്ടികൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കുമ്പോഴായിരുന്നു പെട്ടെന്ന് നിന്ന നില്പിൽ തന്നെ മറിഞ്ഞു വീഴുന്നത്.
മുത്തശ്ശിയുടെ കഴിവാണ് അമ്മക്ക് കിട്ടിയിരിക്കുന്നതെന്ന് പറഞ്ഞു തന്നതും ശാന്തേടത്തി തന്നെ.
” വല്യ തമ്പുരാട്ടി പറഞ്ഞാൽ അത് അച്ചട്ടാ -“
” ശാന്തേടത്തി കണ്ടിട്ട്ണ്ടോ ന്റെ മുത്തശ്ശീനെ ?”
” പിന്നേ -“
” ന്റെ മുത്തശ്ശി സുന്ദരിയായിരുന്നോ ?”
” അമ്മേതാ.. മോളേതാന്ന് തിരിച്ചറിയാൻ പറ്റൂല്ലാരുന്നു.. രണ്ട് പേർക്കും ചുട്ടെടുത്ത പൊന്നിന്റെ നെറായിരുന്നു.”
കാലങ്ങളെത്ര കഴിഞ്ഞു.? ഇനി ആകെ ബാക്കിയുള്ളത് അമ്മ മാത്രം. അമ്മ പറഞ്ഞത് ശരിയായിരുന്നു. ശിവേട്ടന്റെ വീട്ടിലെത്തി ഒരാഴ്ച്ച കഴിഞ്ഞു കാണും. ഒരുച്ച സമയത്താണ് വേലായുധേട്ടൻ വന്നത്.
” തമ്പുരാട്ടിക്ക് തീരെ വയ്യ.. അവസാനമായി കൊച്ചു തമ്പുരാട്ടീനെ ഒന്ന് കാണണോന്ന് പറഞ്ഞു.”
” ന്താ..ഇപ്പൊ അങ്ങനെ തോന്നാൻ ?”
” കൊറെ നാളായില്ലേ ഈ കെടപ്പ്.. തന്നേമല്ല എല്ലാം മുന്നേ കാണാൻ കഴിവുളള ആളല്ലേ..”
സാവിയേടത്തിയും ഭർത്താവും കുട്ടികളുമൊക്കെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. വരാന്തയിൽ രാമനുണ്ണിമാമയേയും കണ്ടു. ഈ ഉണ്ണി മായക്ക് ആരേയും കാണേണ്ട. ഒക്കത്തിരിക്കുന്നത് ഒരു അഭിശപ്തമായ ജന്മമാണ്. കാണുന്നവർക്കൊക്കെ വെറുപ്പ് തോന്നുന്ന ഒരശ്രീകര ജന്മം. ഒരു നമ്പൂതിരിപ്പെണ്ണ് തീമഴ പെയ്യിച്ച് ഒരു തീയ്യന്റെ കൂടെ ഇറങ്ങിപ്പോയതിന്റെ ശാപമായി എല്ലാവരും കരുതട്ടെ.
മുറ്റത്ത് നിന്നും ഉമ്മറത്തേക്ക് തല കുനിച്ചു തന്നെ കയറി. വേങ്ങേരി ഇല്ലത്ത് ഉണ്ണിമായ തലയുയർത്തി നടക്കാൻ പാടില്ല. ആരെയും കണ്ട് തീണ്ടാനും പാടില്ല.
മുറിയിൽ നാലഞ്ചു പേർ ചുറ്റും നില്പുണ്ട്. അവരോട് പുറത്തു പോകാൻ അമ്മ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അമ്മ നന്നായി ക്ഷീണിച്ചിരിക്കുന്നു. അവൾ അമ്മയുടെ ചാരെ കട്ടിലിലിരുന്നു. ശോഷിച്ച വിരലുകൾ കൊണ്ട് അമ്മ മോന്റെ നിറുകയിൽ തലോടി. തൊണ്ടയിൽ നിന്നും തീരെ ശബ്ദം പുറത്തു വരുന്നില്ല. എങ്കിലും പതിഞ്ഞ ശബ്ദത്തിൽ അമ്മ ചോദിച്ചു:
” ശിവനോട് പറഞ്ഞിട്ടാണോ നീ വന്നേ ?”
” അല്ലമ്മേ -“
” എന്താ ഇവന് പേരിട്ടിരിക്കുന്നെ ?”
” മുത്തശ്ശന്റെ പേരാ..”
” നിന്റെ ജോലി ?”
” പോണില്ലമ്മേ.. ശിവേട്ടനെ എനിക്ക് പേടിയാ..”
” ഉം..”
അമ്മ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. കണ്ണടച്ച് കിടന്നു. എന്തായിരിക്കും ആ മനസ്സിൽ ? ഈ ശാപം കിട്ടിയ ജന്മത്തെക്കുറിച്ചായിരിക്കണം ആകെയുള്ള അമ്മയുടെ വേവലാതി. എല്ലാവരും മുഖം തിരിച്ച് നിന്നപ്പോൾ പടിയിറങ്ങാൻ നേരം മൂർദ്ധാവിൽ കൈ വെച്ച് അനുഗ്രഹിച്ചത് അമ്മ മാത്രം. രണ്ട് വർഷം കൊണ്ട് അമ്മയെത്ര മാറിപ്പോയി..!
” റാങ്ക് കിട്ടീട്ടെന്താ കാര്യം. അടുക്കളേല് കരീം പൊകേം തിന്ന് കിടക്കാനായിരിക്കും യോഗം..”
എല്ലാ ക്ലാസ്സിലും ഒന്നാമത്. സ്കൂളിൽ നിന്നും പുറത്തു വരുന്നത് ഒന്നാം റാങ്കുമായിട്ടാണ്. കോളേജിലും റാങ്ക്. എല്ലായിടത്തും ഉണ്ണിമായ ഒന്നാമത്. പക്ഷെ ജീവിതത്തിൽ ഞാൻ ഒരവസാനബെഞ്ചുകാരിയായി പോയില്ലേ..അമ്മേ –
” നിന്നെ കാണണംന്ന് തോന്നി. അതാ വിളിപ്പിച്ചെ. ഇനി കാണുമ്പൊ ഈ ശരീരത്തില് ജീവനുണ്ടാവാൻ വഴീല്ല.. കുട്ടീ.”
” അങ്ങനെയൊന്നും പറയാതമ്മേ.”
” ശിവന് ഇഷ്ടല്ലാന്ന്ച്ചാ.. നീ വരാനൊന്നും നിക്കണ്ട. ജീവനില്ലാണ്ട് കണ്ടിട്ടെന്തിനാ ?”
അവൾ അമ്മയുടെ ദേഹത്തേക്ക് ഒരു തേങ്ങലോടെ ചാഞ്ഞു. കണ്ണുനീർ ഒഴുകിയിറങ്ങി വീഴുന്നത് ഇപ്പോൾ അമ്മയുടെ നെറ്റിയിലേക്കാണ്. അതിന്റെ നനവോ ചൂടോ അമ്മയറിയാൻ പോണില്ല. അഗ്നിക്ക് മീതെ കണ്ണുനീരിന്റെ ചൂട് എത്ര നിസ്സാരം.
” എല്ലാം മുൻകൂട്ടി കാണുന്ന അമ്മയേന്തേ ഈ പാഴ് ജന്മത്തിന്റെ ദശാസന്ധി കാണാതെ പോയി..?”
അവളുടെ ചോദ്യം അമ്മ കേട്ടോ ആവോ.? അമ്മ കണ്ണുകളടച്ച് കിടക്കുകയാണ്.
ശിവേട്ടൻ വരുന്നതിന് മുൻപ് തിരിച്ച് പോകണം. അവൾ എണീറ്റു. കൈകളിൽ മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈ വിരലുകൾ അവൾ പതുക്കെയകത്തി മാറ്റി…
അമ്മ പറഞ്ഞത് ശരിയായിരുന്നു. മൂന്നാം നാൾ ഞായറാഴ്ച്ച വീണ്ടും സുധാകരേട്ടൻ വന്നു. ഉമ്മറത്ത് ചാരുകസേരയിൽ ശിവേട്ടൻ ഇരിപ്പുണ്ടായിരുന്നു. ഞായറാഴ്ച്ചകളിൽ നേരം വെളുക്കുമ്പോഴേ നാവ് കുഴയാൻ തുടങ്ങും.
” വല്യ തമ്പുരാട്ടി പോയി..”
” നന്നായി. മന്ദബുദ്ധികളുടെ പാരമ്പര്യത്തിന്റെ കണ്ണിയറ്റല്ലോ..”
അയാൾ വാതിൽപ്പടിയിൽ മുഖം ചേർത്ത് നില്ക്കുന്ന ഉണ്ണിമായയെ നോക്കി.
” പോകുന്നില്ലേ.?”
” ഉം.”
” പോകുന്നതൊക്കെ കൊള്ളാം.. തിരിച്ച് വരുമ്പോ ഒക്കത്തിരിക്കുന്ന ആ സാധനമുണ്ടാവരുത്.. കൂടെ -“
അയാൾ രണ്ട് പേരേയും നോക്കി പൊട്ടിച്ചിരിച്ചു. ദൂരെ പാട വരമ്പിൽ നിന്നും വന്യമായ ഒരു കാറ്റ് വന്ന് മുറ്റത്തെ മരച്ചില്ലകളെ ആകെയൊന്നുലച്ചു. അവളെയും ഒന്നുലച്ചു നോക്കി. കാറ്റിനും അവിടെ തെറ്റി. കടപുഴകി വീഴാൻ മാത്രം ഒരു ഉണക്കമരമായില്ലെന്ന് തോന്നുന്നു ഈ ഉണ്ണിമായ.
ഒന്നും മിണ്ടാതെ മുറ്റത്ത് നിന്നും ഇടവഴിയിലേക്കിറങ്ങിയ സുധാകരേട്ടന്റെ പുറകിൽ അവൾ ഓടിച്ചെന്ന് നിന്നു.
” സാരല്യ..മരിച്ച് കെടന്നാലും വല്യ തമ്പുരാട്ടിക്ക് എല്ലാം മനസ്സിലാവും..”
” ചിതേല് എടുക്കുന്നേന് മുന്നേ സ്വകാര്യായി അമ്മയോട് പറയണം.. ഞാൻ തളർന്ന് പോയെന്ന്.. പുറകെ ഞാനും മോനും വരണ് ണ്ടെന്ന്..”
ഉറങ്ങാതെ കിടന്ന രാവുകളെത്ര..? നദിയിലെ ജലം പിന്നേയും കടലിലേക്ക് എത്രയോ വട്ടം ഒഴുകിച്ചേർന്നു. വർഷം പാടവരമ്പിൽ പെയ്ത് തോടുകളിലൂടെ കലക്കവെള്ളമായി കുത്തിയൊഴുകി.
മുട്ട പുഴുങ്ങിയത്. ബീഫ് വരട്ടിയത്. തണുത്ത വെള്ളം. സോഡ. ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം. ഇതിലൊന്നും സുകുമാരന്റെ കണ്ണ് ചെല്ലുന്നില്ല.
മേശയിൽ ചവച്ചു തുപ്പിയിരിക്കുന്ന എല്ലിൻ കഷ്ണങ്ങൾ വാരിയെടുക്കുമ്പോൾ അയാൾ നോക്കുന്നത് അഴുക്ക് പിടിച്ച് മുഷിഞ്ഞ നൈറ്റിക്കിടയിലൂടെ കഷ്ടിച്ച് കാണാവുന്ന ശുഷ്കിച്ച മാറിടങ്ങളെയാണ്. തിരിഞ്ഞു നടക്കുമ്പോൾ പുറകുവശത്തേക്കുള്ള നോട്ടവും അറിയാം. കുലുക്കങ്ങളൊന്നും ഇല്ല മാഷേ.. കണ്ണുകൾക്ക് സദ്യകളൊന്നും തന്നെയില്ല ഈ ശരീരത്തിലെന്ന് അവൾക്ക് നന്നായറിയാം. ഒരു പെൺജന്മം. അത്രമാത്രം.
” നീയിവളെ കണ്ടിട്ടില്ലല്ലൊ.. വല്ല്യ പഠിപ്പുകാരിയാ. രാഷ്ട്രപതീന്ന് സ്വർണ്ണ മെഡൽ വാങ്ങുന്നതാ ആ ഫോട്ടോ. അപ്പുറത്ത് വിദ്യാഭ്യാസ മന്ത്രീടെ കയ്യീന്നും.”
മോനെവിടെ ? ഒക്കത്തു നിന്നുമിറക്കി താഴെ വെച്ചാൽ മതി ഭയത്തോടെ അവൻ കട്ടിലിനടിയിലേക്ക് നൂണ്ട് പോകും. കട്ടിലിനടിയിലെ മാറാലകൾക്കുള്ളിൽ നിന്നും അവളവനെ കോരിയെടുത്ത് മാറത്ത് ചേർത്തു.
രാത്രി ഏറെ വൈകിയിരിക്കുന്നു. പുറത്ത് പൊട്ടിച്ചിരികളൊ സംസാരങ്ങളൊ ഒന്നുമില്ല. ഛർദ്ദിലുകളിലോ, ചവച്ചു തുപ്പിയ മാംസാവശിഷ്ടങ്ങളിലോ വന്നവന്റെ കൂടെ വീണു കിടന്നുറങ്ങുന്നതാണ് പതിവ്. അവളവനെ ചേർത്ത് പിടിച്ച് കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു. ഉറക്കത്തിലേക്കിനി എത്ര ദൂരം ? ഇനിയും കരിവേഷങ്ങൾ കെട്ടിയാടേണ്ട രാത്രികളെത്ര ?
സമയമെത്ര കടന്ന് പോയി കാണും ?
ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ഒരവസ്ഥ. അബോധത്തിന്റെ നൂൽപ്പാലത്തിലൂടെ കടന്ന് ചെല്ലുമ്പോൾ കട്ടിലിൽ തൊട്ടടുത്ത് ആരോ ഇരിപ്പുണ്ട്. ശുഷ്കിച്ച മാറിടങ്ങളിൽ തീരെ മാർദ്ദവമില്ലാതെ ആരുടെയോ ഒരു കൈ തലോടുന്നുണ്ട്. അവൾ ഞെട്ടിപ്പിടഞ്ഞെണീറ്റ് ചുമരിന്റെ ഒരു കോണിലേക്കോടി പറ്റി നിന്നു.
” പേടിക്കേണ്ട.. ശിവേട്ടനിനി നാളെ വെളുപ്പിനേ തല പൊന്തിക്കൂ..”
പെണ്ണിനോടുള്ള ആർത്തി അയാളുടെ ചിറിക്കോണുകളിലും കഴുകനിറങ്ങിയ മഞ്ഞക്കണ്ണുകളിലും രാകി മൂർച്ച കൂട്ടിയ ഒരു കത്തിയുടെ വായ്ത്തല പോലെ മിന്നി. അതവളുടെ ഉണക്ക മാംസത്തിന്റെ കണക്കെടുപ്പ് തുടങ്ങി.
” മാഷേ..നിങ്ങളാരാണെന്ന് എനിക്കറിയില്ല. കണ്ണുകൾക്ക് ഉത്സവക്കാഴ്ച്ച നല്കുന്ന ഒന്നും എന്റെ ശരീരത്തിലില്ല. ശിവേട്ടൻ പറയാറുള്ളതു പോലെ ഞാനൊരു ഉണക്ക…”
” മുന്നിലും പിന്നിലും തൊളയില്ലേ ? അത് മതി ഈ സുകുമാരന്..”
കുഴഞ്ഞ നാവിൽ നിന്നും ഇറച്ചിക്കഷണത്തിന്റെയും തുപ്പലിന്റെയും കൂടെ തെറിച്ചു വീണത് ഒരു പെണ്ണിന്റെ നിർവചനം. എത്ര ലാഘവം ! എത്ര അനായാസം ! പുരുഷന് പെണ്ണെന്നാൽ വെറും സുഷിരങ്ങളെന്നോ ? ആണിനെ ഉന്മത്തമാക്കുന്ന നിഗൂഢഗന്ധങ്ങൾ ഒളിഞ്ഞിരിക്കുന്ന സുഷിരങ്ങൾ.
ഭാഷയിൽ ഇനിയും പഠിക്കാതെ പോയ വാക്കുകളെത്ര ? വാക്കുകളുടെ പൊരുളുകളെത്ര ? അറിയില്ല. ഈ അക്കാദമിക് ബിരുദങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് അവൾക്ക് അന്നേരം തോന്നി.
അവളൊന്ന് ചിരിച്ചു. പിന്നെ ഉറക്കത്തിന്റെ നൂലിഴകൾ കണ്ണുകളിൽ നിന്നും കുടഞ്ഞു കളഞ്ഞ് അവൾ നടന്ന് ചെന്ന് വെളിച്ചത്തിന്റെ സ്വിച്ച് ഓണാക്കി.
” ഞാനൊരു കാര്യം ചോദിക്കട്ടെ ?”
” ഉം..”
” നിങ്ങളുടെ തൂക്കം എത്രയാണ്.?”
” എൺപത്തിമൂന്ന് -“
” ഒരു നാല്പത്തിരണ്ട് കിലോ മാത്രം തൂക്കമുള്ള എന്നെ നിങ്ങൾക്ക് എന്തും ചെയ്യാം. ഈ നട്ടപ്പാതിരാക്ക്. പക്ഷെ മാഷേ… തിരകളെടുക്കുന്ന തീരത്തെ ചമ്പ തെങ്ങ് കടലിന്റെ സ്വന്തമാകുന്നില്ല. മൂന്നാം പക്കം ജീവനില്ലാതെ അത് കരക്കടിയുമ്പോൾ കൂടെ ഈ കിടക്കുന്ന മന്ദബുദ്ധിയുമുണ്ടാകും.. സമ്മതമാണോ ?”
സുകുമാരൻ അമ്പരന്ന് നില്ക്കുകയാണ്. ഒരു കടൽത്തീരവും കരയിലടിഞ്ഞ ഒരുണക്കമരത്തിന്റെ ഫോസിലുകളും അയാളുടെ കണ്ണുകളിലേക്ക് കപ്പലിറങ്ങി വരുന്നുണ്ട്. അയാൾക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അവൾ പറയുന്നതൊന്നും ആർക്കും മനസ്സിലാവാറില്ലല്ലൊ ! തന്റേതും ഒരു മന്ദബുദ്ധി ജന്മം തന്നെ.
അവളുടെ ജീവനില്ലാത്ത കണ്ണുകളിൽ ഒരു ചിരി വിടർന്നു. ആകെ അഴിഞ്ഞുലഞ്ഞ മുടിച്ചുരുൾ അവൾ വാരിക്കെട്ടി വെച്ചു.
” ഈ ജീവിതം അവസാനിപ്പിക്കാതിരിക്കാൻ ഒറ്റ കാരണമേയുള്ളു എനിക്ക്. ഞാൻ പോയാൽ അയാൾ ഒറ്റയ്ക്കാവും. അടുക്കളയിൽ കടന്ന് ഒരു കട്ടൻ കാപ്പി പോലും ഉണ്ടാക്കാനറിയാത്തവൻ. കാരണം അത് മാത്രം….ഇഷ്ടം മൂത്ത് ഒളിച്ചോടിയത് അപ്പുറത്ത് ഛർദ്ദിച്ച് കിടക്കുന്ന ആ മനുഷ്യനോടൊപ്പം. ഉടുപ്പുകൾ മാറുമ്പോലെ ആ ഇഷ്ടമെടുത്ത് മറ്റൊരാൾക്ക് കൊടുക്കാനുള്ള പഠിപ്പൊന്നും ഉണ്ണിമായ ഒരു കോളേജിലും പഠിച്ചില്ല. ഇല്ലത്തൂന്നും പഠിച്ചില്ല. മനസ്സും പറഞ്ഞ് തന്നില്ല… ഓരോ തിരുവാതിരകളിലും അയാളറിയാതെ നൂറ്റിയെട്ട് വെറ്റിലകൾ തിന്നു. എട്ടങ്ങാടി നേദിച്ചു. പാതിരാപ്പൂ ചൂടി. എല്ലാം അയാൾക്ക് വേണ്ടി. തിരിച്ച് കിട്ടിയതോ ? ന്നാലും ആളെ തനിച്ചാക്കി എനിക്ക് എങ്ങടും പോകാൻ വയ്യ -“
പെട്ടെന്നാണ് സുകുമാരൻ ഒരാഘാതത്തോടെ അവളുടെ കാലിലേക്ക് അറിയാതെ കമിഴ്ന്ന് വീഴുന്നത്. ഞെട്ടിപ്പിടഞ്ഞെഴുന്നേല്ക്കുന്നതിന് മുൻപ് കരുത്തുറ്റ ഒരു കാല്പാദം അയാളുടെ നെഞ്ചിന് നേരെ വന്ന് നിന്നു. അവളൊന്ന് ഞെട്ടി. അയാൾക്ക് തൊട്ട് പുറകിൽ ശിവേട്ടൻ. ദൈവമേ..
അയാൾ സുകുമാരനെ തൂക്കിയെടുത്ത് മുറ്റത്തെ ആസുരവും വന്യവുമായ ഇരുട്ടിലേക്കിട്ടു. മുറ്റത്ത് വന്ന് കമിഴ്ന്ന് വീണ അയാൾ പേടിച്ച് അവിടെ കിടന്ന് മണ്ണ് തിന്നാൻ തുടങ്ങി.
ജനലിന് പുറത്ത് രാത്രി കനത്ത് തന്നെ കിടക്കുന്നു. ആകാശച്ചെരുവുകളിൽ നക്ഷത്രങ്ങളേതുമില്ല. മരച്ചില്ലകളിൽ അനക്കങ്ങളേതുമില്ലാതെ കാറ്റും ഉറങ്ങിക്കിടന്നു.
ഒരു തണുത്ത കൈത്തലം അവളുടെ തോളിൽ സ്പർശിച്ചു. അവൾക്കറിയാൻ പറ്റുന്നുണ്ട്. വിരൽത്തുമ്പുകളിലൂടെ വാത്സല്യത്തിന്റെ നിർമ്മലമായ ഒരരുവിയൊഴുകി വരുന്നത് അവളുടെ ഹൃദയത്തിലേക്കാണെന്ന്… പിന്നെയത് നിറഞ്ഞ് വിതുമ്പിയൊഴുകിപ്പരക്കുന്നത് കരിയും പുകയും പിടിച്ച ഈയുണക്ക ശരീരത്തിലേക്കാണെന്ന്…എന്റെ ഈശ്വരൻമാരെ.!!
അയാൾ അവളെ പിടിച്ച് തിരിച്ചു നിർത്തി. പിന്നെ രണ്ട് കൈകൾ കൊണ്ടും പതുക്കെ അവളുടെ മുഖം കോരിയെടുത്ത് പ്രകാശം കെട്ട് പോയ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു :
” ഞാൻ നിന്നെയറിഞ്ഞില്ലല്ലൊ..എന്റെ പെണ്ണേ.!”
” പെണ്ണല്ല.. ഏട്ടന്റെ ഉണക്ക.”
പെട്ടെന്ന് അയാൾ കൈത്തലം കൊണ്ട് അവളുടെ വായ പൊത്തി.
” അല്ല..നീയെന്റെ പച്ച..”
ഇപ്പോൾ ജനലിനപ്പുറത്തെ ഇരുട്ടിൽ മുഗ്ദവും ദീപ്തവുമായ നിലാവ് വീണ് കിടപ്പുണ്ട്. ആകാശച്ചരുവുകളിൽ നക്ഷത്രങ്ങൾ പൂത്തു നില്പുണ്ട്. മരച്ചില്ലകൾ സ്നിഗ്ദമായ കാറ്റിൽ ആടിയുലയുന്നുണ്ട്. ഡിസംബറിലെ തണുപ്പ് പെയ്യുന്നുണ്ട്. പതിരാപ്പൂക്കൾ വിടരുന്നുണ്ട്…
” എവിടെ നമ്മുടെ മോൻ ?”
” അവനുറങ്ങുകയാണ്..”
അന്ന് പോരാൻ നേരം അവസാനമായി അമ്മയുടെ കൈവിരലുകളിൽ നിന്നും പിടി വിടുമ്പോൾ അമ്മ പറഞ്ഞത് അവളോർത്തു : ഓരോ കരിമ്പാറക്കെട്ടുകൾക്കുള്ളിലും സ്ഫടികസമാനമായ, നിർമ്മലമായ തെളിനീരൊഴുകുന്ന ഒരരുവി മറഞ്ഞിരിപ്പുണ്ട് മോളേ.. ഗംഗാ ജലം പോലെ. താമസിയാതെ അത് നിന്നിലേക്കും ഒഴുകിയെത്തും.
അമ്മ പറഞ്ഞ കള്ളനും പോലീസും കളിയിലെ കള്ളനെ പോലീസ് പിടിച്ചു കാണും. അല്ലെ അമ്മേ..? ആകാശച്ചെരുവിലെ തെക്കേ അറ്റത്തായി ഒറ്റക്ക് മിന്നി നില്ക്കുന്ന നക്ഷത്രത്തെ നോക്കി അവൾ കണ്ണുകൾ തുടച്ചു.
” നീയെന്റെ പച്ച..”
ഉണ്ണിമായക്ക് ഇത് മതി. ഈ വാക്കുകൾ മതി. ആയുസ്സൊടുങ്ങും വരെ കരിയും പുകയും തിന്ന് ജീവിക്കാൻ ഈ വാക്കുകളിലെ പച്ച മതി.
പുറത്തേക്കൊന്ന് നോക്കൂ..
എന്തൊരു ഭംഗിയാണ് ഇന്നത്തെ രാത്രിക്ക് –