പരീക്ഷയുടെ ഒരാഴ്ച മുമ്പ് സരിതക്ക് അസ്വസ്ഥതകൾ ആരംഭിയ്ക്കും നാലാം ക്ലാസിൽ പഠിക്കുന്ന മകൾ കാർത്തികക്ക് എല്ലാ വിഷയത്തിലും ഫുൾ മാർക്ക് വേണം, എല്ലാം A+ ആയിരിക്കണം എന്ന് നിർബന്ധമാണ്. അടിച്ചും നുള്ളിയും ഭീഷണിപ്പെടുത്തിയും സരിത പാവം കാർത്തിക മോളെ ഫുൾ A+ വാങ്ങിപ്പിക്കുകയാണ് പതിവ്. പരീക്ഷ കഴിഞ്ഞു വീട്ടിൽ വരുന്ന കുട്ടിയെ ചോദ്യപേപ്പറിലെ എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം എഴുതിയിട്ടുണ്ടോ എന്ന് ഒരു പരീക്ഷ കൂടി നടത്തിയിട്ടേ വീട്ടിൽ കയറ്റു. ചിലപ്പോൾ തെറ്റി എന്ന സംശയം തോന്നിയാൽ നല്ല അടിയും കൊടുക്കും.
പിന്നീട് അടുത്ത പരീക്ഷക്ക് വീണ്ടും പഠിപ്പിക്കാൻ തുടങ്ങും . ഒട്ടും ക്ഷമയില്ലാത്ത ചെറിയ തെറ്റുകൾക്ക് പോലും കാർത്തിക മോൾക്ക് നല്ല ശിക്ഷ കൊടുക്കുമായിരുന്നു അവൾ.
ഓണ പരീക്ഷ തുടങ്ങി കഴിഞ്ഞു. പലപ്പോഴും സരിത കുട്ടിയെ പഠിപ്പിക്കാൻ തുടങ്ങിയാൽ കാർത്തിക മോളുടെ അച്ഛൻ ബാലചന്ദ്രൻ വീട്ടിൽ നിന്ന് ഇറങ്ങി പോകും.
“ഇവൾക്ക് വട്ടാണ്. പാവം കുഞ്ഞിനെ തല്ലി കൊല്ലുകയാണ്.”
തിങ്കളാഴ്ച കണക്ക് പരീക്ഷയാണ്. ഞായറാഴ്ച ഭയങ്കര പഠിപ്പിക്കൽ . അന്നാണ് സരിതക്ക് മൂധേവി കൂടുന്ന ദിവസം. ഭയങ്കര കലിയായിരിക്കും. രാവിലെ പഠിപ്പിക്കൽ തുടങ്ങും. അങ്ങനെയുള്ള ദിവസങ്ങളിൽ ബാലചന്ദ്രൻ റൂമിൽ അടച്ചിട്ടിരിക്കും.
പെട്ടെന്ന് താഴെ കരച്ചിൽ കേട്ടപ്പോൾ ബാലചന്ദ്രൻ ഓടി വന്നപ്പോൾ കാർത്തിക മോളുടെ ചെവിയിൽ നിന്ന് ചോര ഒഴുകുന്നു .. കാര്യം ചോദിച്ചപ്പോൾ കുഞ്ഞ് കരഞ്ഞുകൊണ്ട് പറഞ്ഞു , “അച്ഛാ മാറ്റ്സ് പ്രോബ്ലം തെറ്റിയപ്പോ അമ്മ പിച്ചി അച്ഛാ ” അതും പറഞ്ഞ് കാർത്തിക മോൾ അച്ഛനെ ഓടി വന്ന് കെട്ടി പിടിച്ചു.
ദേഷ്യം സഹിക്കവയ്യാതെ ബാലചന്ദ്രൻ ജീവിതത്തിലാദ്യമായി സരിതയെ അടിച്ചു. അടി കൊണ്ടത് കവിളിലായിരുന്നു. എന്നിട്ടും കലി സഹിക്കാതെ ” ഏത് നേരത്താണാവോ ദൈവമേ ഈ പൂതനയെ കല്യാണം കഴിക്കാൻ തോന്നിയത്?” അതും പറഞ്ഞ് ബാലചന്ദ്രൻ വീട്ടിൽ നിന്നും ഇറങ്ങി പോയി.
അപ്പോഴും കാർത്തിക മോൾ അച്ഛാ എന്ന് വിളിച്ച് ഉറക്കെ കരയുകയായിരുന്നു.
തല്ലിയതിൻ്റെ ദേഷ്യം പതിന്മടങ്ങ് വർദ്ധിച്ച സരിത , ബാലചന്ദ്രൻ മടങ്ങിയെത്തുവോളം കണക്ക് പഠിപ്പിച്ചു. കുഞ്ഞ് പല വട്ടം ഉറക്കം തൂങ്ങി പുസ്തകത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ സരിത വീണ്ടും പഠിപ്പിക്കും.
പിറ്റേ ദിവസം കണക്ക് പരീക്ഷക്ക് പോയ കാർത്തിക വരുന്നതും നോക്കി സരിത കാർപോർച്ചിലിരുന്നുഭാഗ്യത്തിന് രാവിലെ തന്നെ ബാലചന്ദ്രൻ ജോലിക്കായി സ്ഥലം വിട്ടു. വീടിൻ്റെ അടുത്ത് തന്നെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് കാർത്തിക മോൾ പഠിക്കുന്നത്.
പതിവിലേറെ സന്തോഷത്തിൽ വന്ന് കയറിയ കാർത്തിക മോൾ സരിതയോട് പറഞ്ഞു, അമ്മ എനിക്ക് പരീക്ഷ ടൈം ടേബിൾ നോക്കിയല്ലേ പഠിപ്പിച്ചത്? ഇന്നെനിക്ക് ഹിന്ദിയായിരുന്നു എക്സാം .
സരിതക്ക് തല കറങ്ങുന്നത് പോലെ തോന്നി. വീഴാതിരിക്കാൻ അവൾ വേഗം കസേരയിലിരുന്നു.
ചോദ്യപേപ്പർ സരിതക്ക് കാണിച്ചു കൊടുത്തു. അമ്മേ ചോദിക്ക്, അമ്മ വിഷമിക്കണ്ട. എൻ്റെ ആൾ കറക്റ്റാ അമ്മേ …
സരിത പേപ്പർ തൊട്ടു നോക്കാതെ അകത്തേക്ക് പോയി കാർത്തിക മോൾക്ക് ഭക്ഷണം കൊടുത്തു. അമ്മയുടെ സങ്കടം മനസ്സിലാക്കിയ കാർത്തിക വേഗം കണക്ക് പുസ്തകം എടുത്ത് കണക്കുകൾ ചെയ്ത് പഠിക്കാൻ തുടങ്ങി. സരിത അവിടേക്ക് തിരിഞ്ഞു നോക്കിയതേയില്ല.
അങ്ങനെ ഓണ പരീക്ഷയിൽ അവസാനത്തെ വിഷയമായ കണക്ക് പരീക്ഷയും കഴിഞ്ഞു.
“അമ്മേ ദേ , ക്വസ്റ്റ്യൻ പേപ്പർ, ഉത്തരം ചോദിക്കണില്ലേ, ? എനിക്ക് ഈസിയായിരുന്നു അമ്മേ “…
തുടർന്നുള്ള ദിവസങ്ങളിൽ സരിത വളരേ വിഷാദവതിയായിരുന്നു. എന്നാലും ബാലചന്ദ്രനോടും കാർത്തിക മോളോടും പരമാവധി സ്നേഹത്തോടെ ഓണമവധിക്കാലം കഴിച്ചുകൂട്ടി. ഓണപ്പുടവ ധരിച്ച് പല ആഘോഷങ്ങളും സിനിമകളും വിനോദയാത്രയുമൊക്കെയായി ഓണക്കാലം കഴിഞ്ഞു പോയി.
സ്കൂൾ തുറന്ന് വളരേ സന്തോഷത്തോടെയാണ് സരിത കാർത്തിക മോളെ യാത്രയാക്കിയത്.
” നല്ലപോലെ ക്ലാസിൽ ശ്രദ്ധിക്കണം, വെല്ലോടത്തും നോക്കിയിരിക്കരുത് ” എന്ന സ്ഥിരം പല്ലവി അന്നവൾ പറഞ്ഞില്ല.
ഉച്ചക്ക് 2 മണിയാവാറായപ്പോഴാണ് പുറത്ത് കാർത്തിക മോളുടെ “അമ്മേ ” എന്നുള്ള വിളി കേട്ടത്. വലിയ ശബ്ദമായിരുന്നു അത്. സരിത ഓടി വന്നപ്പോൾ ടീച്ചർ നൽകിയ എല്ലാ ഉത്തരക്കടലാസുകളും അമ്മയ്ക്ക് നേരെ നീട്ടികൊണ്ട് അവൾ കിതപ്പിനിടയിൽ പറയുകയാണ്, അമ്മേ എനിക്ക് ഫുൾ ഹൺട്രഡ് ബൈ ഹൺട്രഡ്. അമ്മ പഠിപ്പിച്ചു തരാത്ത ഹിന്ദിയിലും ഹൺട്രഡ്.. ” അവൾ കുഞ്ഞിനെ ഉത്തരക്കടലാസടക്കം ചേർത്ത് പിടിച്ചു സ്ഥലകാലബോധമില്ലാതെ എവിടെയൊക്കെയോ തെരു തെരെ ഉമ്മ വച്ചു. പാവം കുഞ്ഞ് സ്കൂൾ മുതൽ വീട് വരെ ഉത്തരക്കടലാസുമായി ഓടിയ കാരണം ഭയങ്കര കിതപ്പായിരുന്നു.
“വിശക്കുന്നു അമ്മേ ചോറു താ കാർത്തിക മോൾക്ക്, എന്നിട്ട് നമുക്ക് വേഗം പഠിക്കാനിരിക്കണം.”
സങ്കടം സഹിക്കാനാവാതെ സരിത മോളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു,
“ഇനി അമ്മ മോളെ പഠിപ്പിക്കണില്ല. അതിനായി നിർബന്ധിക്കുകയും ചെയ്യില്ല. അടിക്കുകയും ചെയ്യില്ല. മോൾ മിടുക്കിയാണ്.
മോൾക്ക് ഇഷ്ടമുള്ള പ്പോഴൊക്കെ പഠിച്ചോളു. അറിയാത്ത കാര്യങ്ങൾ മാത്രം അമ്മയോട് ചോദിച്ചാൽ അമ്മ പറഞ്ഞു തരാം . “
അമ്മയുടെ സംസാരം കേട്ട് പാവം കാർത്തിക മോൾ അന്തം വിട്ട് നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് കാർത്തിക മോൾ നോക്കിയപ്പോൾ,
“ഹായ് അച്ഛൻ വന്നല്ലോ , അച്ഛാ എൻ്റെ എക്സാം പേപ്പേഴ്സ് ഒക്കെ കിട്ടി. എനിക്ക് ഫുൾ ഹൺട്രഡ് ….”
“ഇനി അമ്മ എന്നെ പഠിപ്പിക്കില്ല, തനിച്ച് പഠിച്ചാ മതീന്ന് പറഞ്ഞു അച്ഛാ “… എന്നെ പഠിപ്പിക്കാൻ പറയു അച്ഛാ അമ്മയോട് …..”
വേണ്ട അച്ഛൻ്റെ മോളിനി ഒറ്റക്ക് പഠിച്ചാൽ മതീ ട്ടാ. അതാ നല്ലത് കുട്ടാ. വാ അച്ഛൻ ഇന്നീ മൂവാണ്ടൻ മാവിലൊരു ഊഞ്ഞാല് കെട്ടി തരാം … കുറേ നേരം കളിച്ച ശേഷം പഠിച്ചാൽ മതീ ട്ടോ…. ” കാർത്തിക മോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൾ മനസ്സ് കൊണ്ട് അപ്പഴേ ഊഞ്ഞാലിലാടി തുടങ്ങി. ….🪂
ഉഷാ ദാസ്
(തംബുരു)✍️