എന്നിലെ ബാല്യം എനിക്കന്യമായ
ദിനംമുതൽ മുതിർന്നവരെന്നെ
അരുതുകളുടെ അതിരുകളിൽ
കെട്ടിയിട്ടു.
എന്നിൽ സംഭവിച്ച മാറ്റങ്ങളെ
ഉൾക്കൊള്ളാനാകാതെ
ശരീരത്തിനും, മനസ്സിനും
അനുഭവപ്പെട്ട മ്ലാനതയിൽ
നൊമ്പരപ്പെട്ട് രാത്രിമഴയ്ക്കൊപ്പം
തേങ്ങവേ…
എൻ്റെ ജാലകത്തിനരികിൽ
ഏതോ രാക്കിളിയുടെ
അടക്കത്തോടെയുള്ള
ചിറകടി ഞാൻ കേട്ടു!
നനഞ്ഞ തട്ടത്തിനിടയിൽ
സുറുമയെഴുതിയ മിഴികളിലെ
നാണത്തുടിപ്പുകളോടെ
നോട്ടുബുക്കിൽ അവനെഴുതിയ
കവിതയിലെ
എനിക്കു മാത്രംഅനുഭവപ്പെടുന്ന
ആ വിശുദ്ധ വികാരത്തിൻ്റെ
പരിഭാഷ മറ്റാരും കാണാതെ
നെഞ്ചോടു ചേർത്തു പിടിച്ചപ്പോഴാണ്
പ്രണയമെത്ര മധുരമെന്നറിഞ്ഞത്!
പ്രണയിക്കുന്നവരുടെ ഭാവരസങ്ങളോളം
സുന്ദരവും, തീഷ്ണവും
ആർദ്രവുമായ മറ്റേതു രസമാണുള്ളത്?
നഖമുന കൊണ്ട് കോറിയിട്ട
രൂപങ്ങളിൽ, ലിഖിതങ്ങളിൽ
ഓർമ്മകളുടെ പാട്
ഇന്നുമേറെ അവശേഷിക്കുന്നു!!
Suuuuper