17.1 C
New York
Wednesday, September 22, 2021
Home Interviews സൗമ്യ മുഖവുമായി സുമിയ എന്ന എഴുത്തുകാരി = (അഭിമുഖം)

സൗമ്യ മുഖവുമായി സുമിയ എന്ന എഴുത്തുകാരി = (അഭിമുഖം)

കുറഞ്ഞ കാലയളവിനുള്ളിൽ ഭാഷാസാഹിത്യലോകത്ത് സ്വന്തം ഇരിപ്പിടം കണ്ടെത്തിയ സുമിയ ശ്രീലകം എന്ന എഴുത്തുകാരിയുടെ എഴുത്തുശൈലിയും പ്രയോഗരീതിയും അഭിനന്ദനാർഹമാണ്. ഒരു പരിശുദ്ധി നിറഞ്ഞ ചിന്താരീതി ഈ കവിയിൽ കാണാം. എഴുതുന്ന കവിതകളിലെ പദഭംഗി, തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ തുടങ്ങിയവ മുന്നോട്ടു വയ്ക്കുന്നതും ഒരു നല്ല വ്യക്തിത്വത്തെയാണ്. നമുക്ക് കേൾക്കാം സുമിയയെ.

സുമിയ പറയുന്നു :

ഞാൻ സുമിയ ശ്രീലകം.
കൊല്ലം ജില്ലയിലെ പരവൂരിലാണ് ജനനം. ഇപ്പോൾ സകുടുംബം സൗദിഅറേബ്യയിൽ താമസം. ഇവിടെ നജ്‌റാൻ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ലബോറട്ടറി ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്നു. ഭർത്താവ് പ്രവീൺ, മക്കൾ സൗപർണിക , ശ്രേയ .
‘ഓർമ്മച്ചെപ്പിലെ മയിൽപ്പീലികൾ’ എന്ന ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഞാൻ ചോദിക്കട്ടെ സുമിയ.

അജയ് നാരായണൻ – എഴുത്തുവഴിയിൽ പെൺകുട്ടികൾ വരികയെന്നത് എളുപ്പമല്ലായിരുന്ന ഒരു തലമുറയിൽ നിന്നുമാവാം സുമിയ എന്ന എഴുത്തുകാരിയും ഇതുവരെ നടന്നെത്തിയതെന്ന് ഞാൻ കരുതുന്നു. മലയാളിമനസ്സിലെ വായനക്കാർക്കു വേണ്ടി, സുമിയയുടെ എഴുത്തുവഴിയേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാമോ?

സുമിയ – ആദ്യം തന്നെ മലയാളിമനസ്സിലെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നമസ്കാരം.
എന്നെയും ഉൾപ്പെടുത്തിയതിന് പ്രിയപ്പെട്ട അജയ് മാഷിനും ഹൃദയപൂർവം നന്ദി പറയുന്നു .
ചോദ്യത്തിലേക്ക് വന്നാൽ, ഒരു എഴുത്തുകാരി എന്ന് വിശേഷിപ്പിക്കാൻ വേണ്ടിയൊന്നും ഞാൻ ആയിട്ടില്ല എന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ… വല്ലപ്പോഴും കവിതകളെഴുതുന്ന ഒരു വീട്ടമ്മ എന്ന ഒരു ശീർഷകം കുറച്ചുകൂടി comfortable ആയിരിക്കുമെന്ന് തോന്നുന്നു.
പെൺകുട്ടികൾക്ക് എന്ന് മാത്രമല്ല, സോഷ്യൽ മീഡിയയും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് പൊതുവേ ഈ മേഖലയിലേക്ക് കടന്നുവരിക എല്ലാവർക്കും ദുഷ്ക്കരമായിരുന്നു എന്ന് തോന്നുന്നു . ഇന്നിപ്പോൾ ഓൺലൈൻ മീഡിയകളിലൂടെയും മറ്റും എഴുത്തുകാർക്ക് നല്ല വിസിബിലിറ്റി ലഭിക്കുന്നുണ്ട്, പ്രചോദനവും .

എഴുത്തിനെക്കുറിച്ചു പറഞ്ഞാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വായന തന്നെയാണ് എഴുത്തിന് പ്രേരണയായത് എന്ന് നിസംശയം പറയാം. എനിക്ക് വേണ്ടി ആയിരുന്നില്ല ഞാൻ വായിച്ചു തുടങ്ങിയത്. അമ്മയുടെ കൊച്ചച്ഛന് വേണ്ടി ആയിരുന്നു. അധ്യാപകനായിരുന്ന അദ്ദേഹത്തിന് യൗവനകാലത്തിൽ തന്നെ കാഴ്‌ച നഷ്ടപ്പെട്ടിരുന്നു . ഒരു ദിവസത്തെ വർത്തമാനപത്രത്തിൽ തുടങ്ങി, എന്റെ വീട്ടിലുണ്ടായിരുന്ന വിപുലമായൊരു പുസ്തകശേഖരത്തിലെ ഏതെങ്കിലുമൊരു പുസ്തകം എന്നും അദ്ദേഹത്തിന് വായിച്ചു കൊടുക്കേണ്ടി വന്നിരുന്നു. അന്നത്തെ ആ പ്രായത്തിൽ അതൊരു ബാധ്യത ആയിട്ടാണ് തോന്നിയിരുന്നത് . എങ്കിലും പതുക്കെ ആ വായനാ നേരങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി. ആ വായനയാണ് എഴുത്തിലേക്ക് വരാനുള്ള കാരണം.
ഒരു കഥ ആയിരുന്നു ആദ്യമായി എഴുതിയത് അത്‌ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നാണ്‌ ഓർമ . അതിനു ശേഷമാണ് കവിത എഴുതിത്തുടങ്ങിയത്.
എഴുതിയ കവിതകൾ ആരേയും കാണിക്കാതെ പുസ്തകത്തിൽ ഒളിപ്പിച്ചു വച്ചു . കോളേജ് മാഗസീനിലാണ് ആദ്യമായി കവിതയും കഥയും അച്ചടിച്ചു വന്നത്. പിന്നെ വിവാഹവും ജോലിയുമൊക്കെയായി ഒരു നീണ്ട ഇടവേള ഉണ്ടായി. ഇപ്പോൾ വീണ്ടും എഴുതിത്തുടങ്ങിയിട്ട് നാലു വർഷത്തോളം ആകുന്നതേയുള്ളു .
ഇതുവരെയുള്ള കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാസമാഹാരം പ്രകാശനം ചെയ്യാൻ കഴിഞ്ഞത് എഴുത്തുവഴിയിലെ ഒരു സന്തോഷമാണ് .

അജയ് നാരായണൻ – സുമിയയുടെ കവിതകൾ വായിക്കുമ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നുന്നത് അനുഭൂതിയും, പരിശുദ്ധിയുമുള്ള തെളിഞ്ഞ മനസ്സെന്നാണ്.
വിഷാദം, അനുരാഗം, ഭക്തി ഇവയിലെല്ലാം ചാരുതയാർന്ന പദങ്ങൾ കവിതകളിലേക്കു കടന്നുവരുന്നതെങ്ങനെ എന്നു വിശദീകരിക്കാമോ?

സുമിയ – ഈ ചോദ്യത്തിന് ആദ്യം തന്നെ നന്ദി മാഷേ . പരിശുദ്ധമായ മനസ് എന്ന് പറയാമോ എന്ന സംശയം ബാക്കി നിർത്തിക്കൊണ്ട് പറയട്ടെ,
ഈ ചോദ്യത്തിന്റെ ഉത്തരം ചുരുക്കി പറഞ്ഞാൽ അറിയില്ല എന്നായിരിക്കുമെന്ന് തോന്നുന്നു.
കവിതയിൽ പ്രത്യേകമായ ചില വാക്കുകൾ ഉപയോഗിക്കണമെന്നോ, പ്രത്യേകവിഷയത്തെക്കുറിച്ച് എഴുതണമെന്നോ
നേരത്തെ ആലോചിച്ചുവച്ചശേഷം എഴുതാൻ ഒരിക്കലും എനിക്ക് പറ്റിയിട്ടില്ല. ഒരു കവിത എഴുതുന്നതിനുമുൻപ് വരെ എഴുതാൻ പോകുന്ന കവിതയെക്കുറിച്ചോ ആ കവിതയിൽ ഉപയോഗിക്കാൻ പോകുന്ന വാക്കുകളെക്കുറിച്ചോ യാതൊരുധാരണയും എനിക്ക് ഉണ്ടായിട്ടില്ല. അത്‌ ഒരു മേന്മയായി അവകാശപ്പെടുകയല്ല… സംഭവിച്ചു പോകുന്നൂ എന്നല്ലാതെ ഒരു വിശദീകരണം തരാൻ കഴിയുന്നില്ല .
മുൻപൊരു കാലത്തുണ്ടായിരുന്ന ശക്തമായ വായനയുടെ അടിത്തറയാണ് എഴുത്തിന്റെയും പിൻബലം എന്ന് പറയാമെന്നല്ലാതെ, ‘ഞാൻ ഉപയോഗിച്ച പദങ്ങൾ, എന്റെ കവിത….’എന്നൊക്കെ പറയുവാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല … കാരണം ഞാൻ പോലുമറിയാതെ എങ്ങനെയോ സംഭവിക്കുന്നതാണ് ഓരോ കവിതയും.

അജയ് നാരായണൻ – സ്ത്രീകൾക്ക്‌ ഏറെ പരിമിതികൾ കൽപ്പിക്കപ്പെട്ട മേഖലയായി കരുതപ്പെട്ട സാഹിത്യമേഖലയിൽ ഇന്ന് സുമിയെ പോലെയുള്ളവർ കടന്നുവരുന്നു. ഒരു ഭാര്യ, അമ്മ എന്നതിനുമപ്പുറം ഉദ്യോഗസ്ഥ, ഒരു പ്രവാസി.
ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെയാണ് എഴുതാനുള്ള പ്രചോദനം കണ്ടെത്തുന്നത്?

സുമിയ – പരിമിതികൾ കല്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ, ഉദ്യോഗസ്ഥയായാലും അല്ലെങ്കിലും മക്കളെ വളർത്തലും വീടു വൃത്തിയാക്കലും, പാചകവുമടക്കമുള്ള ഉത്തരവാദിത്തങ്ങളെല്ലാം സ്ത്രീകളിൽ കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും തിരക്കുപിടിച്ച ഒരു ജീവിതമാണ് സ്ത്രീകൾക്കുള്ളത്. ഓരോ ദിവസവും so-called ‘കടമകൾ/കർത്തവ്യങ്ങൾ ‘സ്ത്രീകളെ എപ്പോഴും busy ആക്കുന്നു. പുരുഷൻ ആണെങ്കിൽ ജോലി കഴിഞ്ഞു വീട്ടിലെത്തിക്കഴിഞ്ഞാൽ കൂടുതൽ സമയവും വിശ്രമിക്കാൻ കഴിയുന്നുണ്ട്. എത്ര നിഷേധിച്ചാലും ഇത്‌ ഒരു സത്യമാണ് . അങ്ങനെയുള്ള ഒരു സമയക്കുറവ് ആണ് നമ്മൾ ഇപ്പോൾ പറയുന്ന ‘പരിമിതികൾ കല്പിക്കപ്പെട്ടിരിക്കുന്നു’ എന്ന് കരുതേണ്ടിവരുന്ന ഒരു പ്രധാന കാരണം.

വ്യക്തിപരമായിപ്പറഞ്ഞാൽ, കുടുംബിനി എന്ന ഉത്തരവാദിത്തം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരാൾ ആണ് ഞാൻ. എന്റെ കുട്ടികളുടെ കുട്ടിക്കാലം അവരേക്കാൾ കൂടുതൽ ഞാൻ ആസ്വദിക്കുന്നു. എഴുത്തും അനുബന്ധപ്രവർത്തനങ്ങളുമൊന്നും കുടുംബത്തെ ബാധിക്കാതെ കൊണ്ടു പോകാനാണ് എപ്പോഴും താല്പ്പര്യം. കുടുംബം എപ്പോഴും first choice ആയതുകൊണ്ട് തന്നെ വായന ചിലപ്പോഴൊക്കെ മാറ്റി വയ്ക്കാറുണ്ട്. എന്നാൽ എഴുതാൻ എനിക്ക് എപ്പോഴൊക്കെ തോന്നുന്നുണ്ടോ അപ്പോഴെല്ലാം എനിക്ക് കഴിഞ്ഞിട്ടുണ്ട്.
സമയം ഇല്ലാ അല്ലെങ്കിൽ തിരക്കാണ് എന്ന് പരാതിപ്പെടുന്നതിനേക്കാളും ‘മുൻഗണനാക്രമം’ ഒന്നു ശരിയാക്കിയെടുത്താൽ നമുക്ക് എല്ലാം ചെയ്യാൻ കഴിയും എന്നാണ്‌ എന്റെ വിശ്വാസം.

പിന്നെ പ്രവാസം…
പ്രവാസം കവിതയ്ക്ക് ഏറ്റവും പ്രേരണാദായകമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നാടും വീടും വീട്ട് അന്യനാട്ടിൽ കഴിയുന്നത് തന്നെ വല്ലാത്ത വേദനയാണ്. വേദനയും കണ്ണീരും വിരഹവുമൊക്കെ കവിതയ്ക്ക് വളമാകുന്നു.

അജയ് നാരായണൻ – ഇന്ന് സാഹിത്യകാരികൾ നേരിടുന്ന ഒരു ചോദ്യം ഉണ്ട്, പെണ്ണെഴുത്ത് എന്നുണ്ടോ? അതിന്റെ സാധ്യതകളെക്കുറിച്ച് സുമിയ ഞങ്ങളുടെ വായനക്കാരുമായി ഒന്നു പങ്കുവയ്ക്കാമോ?

സുമിയ – പെണ്ണെഴുത്ത് എന്ന വാക്കിന്റെ നിർവചനം, പെണ്ണ് എഴുതുന്നത് എന്നാണെങ്കിൽ, അങ്ങനെയൊരു മാറ്റിനിർത്തപ്പെടലിനോട് എനിക്ക് യോജിപ്പില്ല. പുരുഷൻ എഴുതുന്നത് സാഹിത്യവും സ്ത്രീ എഴുതുന്നത് ‘പെണ്ണെഴുത്തും ‘ എന്ന വേർതിരിവ് എന്തിന്റെ അടിസ്ഥാനത്തിൽ എന്ന് മനസിലാകുന്നില്ല. ആണെഴുത്ത് എന്ന് പറയാത്തിടത്തോളം കാലം പെണ്ണെഴുത്ത് എന്ന് പറയേണ്ടതുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്നാൽ സ്ത്രീപക്ഷ എഴുത്തുകൾ എന്നാണ്‌ പെണ്ണെഴുത്ത് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, അങ്ങനെയുള്ള എഴുത്തുകൾ സ്ത്രീകളുടേതാവണം എന്ന് യാതൊരു നിർബന്ധവും ഇല്ലാ. ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ ‘ മഞ്ഞ് ‘ എന്ന നോവലിൽ, വിമല എന്ന നായികാകഥാപാത്രത്തിന്റെ മാനസികവ്യാപാരങ്ങൾ എത്ര മനോഹരമായാണ് എം. ടി എഴുതി ഫലിപ്പിച്ചിരിക്കുന്നത്. വായനയിലുടനീളം, എം. ടി. യുടെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി, ‘എം. ടി. ടച്ച്’ നമ്മൾ വിസ്മരിക്കുകയും വിമലയോടൊപ്പം നമ്മൾ സഞ്ചരിക്കുകയും ചെയ്യുന്നു. സ്ത്രീപക്ഷ എഴുത്തുകൾ എന്ന് ചിന്തിച്ചാൽ അതൊരു പെണ്ണെഴുത്ത് ആണ് എന്ന് ഉറപ്പിച്ചു പറയാം.
ഹെർക്യൂൾ പെയ്‌റോട്ട് എന്ന പ്രസിദ്ധകുറ്റാന്വേഷകൻ, ഒരു സ്ത്രീ ആയ അഗതക്രിസ്റ്റിയുടെ തൂലികയിൽ പിറവി കൊണ്ടതാണ്.
പറഞ്ഞുവന്നത്,
പെണ്ണെഴുതുന്നോ ആണെഴുതുന്നോ എന്നതിലല്ലാ കാര്യം, എന്തെഴുതുന്നു,എങ്ങനെയെഴുതുന്നു എന്നതിലാണ്.

അജയ് നാരായണൻ – നമുക്ക് ഇന്നു ചർച്ച ചെയ്യുന്ന കാവ് തേടി എന്ന കവിതയിലേക്കു വരാം. സുമിയയുടെ പലകവിതകളിലും കാണുന്നതുപോലെ, ഈ കവിതയിലും പൂർത്തീകരിക്കപ്പെടാത്ത ചില കാമനകളെത്തിരയുന്ന ഒരു പെൺകൗതുകത്തെ കാണാം.
ഈ കവിതയിലേക്കെത്തിയ വഴിയെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

സുമിയ – നമ്മുടെ കേരളത്തിൽ മുൻപൊരു കാലത്തുണ്ടായിരുന്ന കാവുകളിൽ ഏറെയും നശിച്ചുപോകുകയോ ക്ഷേത്രങ്ങൾ ആയി പരിണമിക്കുകയോ ചെയ്തിട്ടുണ്ട് .
എന്റെ ബാല്യത്തിലും കൗമാരത്തിലുമെല്ലാം ഞാൻ തൊഴുതിരുന്ന ഞങ്ങളുടെ തറവാട് വക കാവും കാലക്രമേണ ക്ഷേത്രമായി പരിണമിച്ച ഒന്നാണ്. പുതിയ ആരാധനാമൂർത്തികളും അവിടെ ഉണ്ടായി.
ദൈവങ്ങളെ കോൺക്രീറ്റ് കൂടാരങ്ങളിലടച്ചു. നിറയെ മുക്കുറ്റിപ്പൂക്കൾ വിടർന്നു നിന്ന കാവിന്റെ തറയൊക്കെ ‘വൃത്തിയാക്കി’. മരങ്ങൾ വെട്ടേണ്ടി വന്നു. അങ്ങനെയങ്ങനെ വരുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ കൂടുതലായി ഉണ്ടായി. പണ്ടത്തെ സ്വച്ഛമായഅന്തരീക്ഷം നഷ്ടമായി.

പ്രവാസത്തിന്റെയിടവേളകളിൽ നാട്ടിലെത്തുമ്പോൾ കാണുന്ന ഈ കാഴ്ചകളെ, പണ്ടൊരിക്കൽ അവിടെയൊക്കെ ഏകാകിനിയായ് നടന്ന് പൂക്കൾ ശേഖരിച്ച, ഓരോ കിളികളുടെയും ഇരിപ്പിടം അറിയാമായിരുന്ന, ഗന്ധർവനെ കാണാൻ ആഗ്രഹിച്ച, യക്ഷിയുടെ ചിലമ്പൊലി കാതോർത്തു നടന്ന എന്റെയുള്ളിലെ കുഞ്ഞുപെൺകുട്ടി വേദനയോടെ നോക്കിക്കാണുന്നു. ആ വേദനയിൽ നിന്ന് പിറവിയെടുത്തതാണ് ഈ കവിത.

അജയ് നാരായണൻ – ഞാൻ വീണ്ടും സുമിയയുടെ കവിതാവഴിയിലേക്കൊന്നെത്തി നോക്കട്ടെ.
സുമിയ മുന്നോട്ടു വയ്ക്കുന്ന എഴുത്തുശൈലിയിൽ കാവും തറവാടും ഇടവഴികളും കണ്ണനും രാമനും ദേവിയും എല്ലാം കൂടെക്കൂടെ കടന്നുവരുന്നു. ഈ പരിചിതമായ ബിംബങ്ങളിലൂടെ ചില നഷ്ടസ്വപ്നങ്ങളിൽ ഉഴലുന്ന ഒരു മനസ്സും കാണാം.
ഈ പരിചിത ബിംബങ്ങളുടെ വലയത്തിൽ നിന്നും എന്തുകൊണ്ട് സുമിയയുടെ കല്പനകൾ സ്വതന്ത്രമാവുന്നില്ല? ഈ ബിംബങ്ങൾ ഒരു ബാധ്യതയാവുന്നില്ലേ എഴുത്തിൽ?

സുമിയ – എന്റെ കവിതകളിൽ തറവാടും, കാവും, ദേവിയും, കൃഷ്ണനുമൊക്കെ ഇടയ്ക്കിടെ കടന്നുവരുന്നുണ്ട് എന്നത് ശരിയാണ്. ഈ ബിംബങ്ങളൊന്നും മനഃപൂർവം കവിതയിൽ ഉപയോഗിക്കുന്നതല്ല. മനസിനെ അത്രയേറെ ഉലയ്‌ക്കുന്ന അല്ലെങ്കിൽ സ്പർശിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് മിക്കവാറും കവിതകൾ സംഭവിക്കുന്നത്. എനിക്ക് പരിചിതമായ അന്തരീക്ഷത്തിൽ നിന്നാണ് കൂടുതലും കവിതകൾ എഴുതിയിട്ടുള്ളത്. കാരണം കവിതകൾ വിഷയം choose ചെയ്ത് എഴുതാൻ എനിക്ക് അറിയില്ല. അത്‌ എന്റെ ഒരു ന്യൂനതയാണെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിലും കവി ആയിരിക്കാൻ വേണ്ടി എന്റെയുള്ളിൽ ഇല്ലാത്ത ഒരു കവിത സൃഷ്ടിച്ചെടുക്കാൻ എനിക്ക് കഴിയാറില്ല. ഞാൻ കവിതയ്ക്കായി കാത്തിരിക്കാറുണ്ട്.

എന്റെ മനസിനെ സ്വാധീനിച്ച സംഭവങ്ങൾ എന്റെയുള്ളിൽ നിന്നും വരുമ്പോൾ എനിക്ക് പരിചിതമായ ബിംബങ്ങളിലൂടെയാകുന്നു എന്നതാണ് വാസ്തവം.

പിന്നെ ഈ ബിംബങ്ങൾ ഒരു ബാധ്യതയായി ഇതുവരെ തോന്നിയിട്ടില്ല കാരണം. എന്റെ കവിതകളിൽ ഈ പരിചിത ബിംബങ്ങൾ ഉണ്ടാകണം എന്ന് നിർബന്ധം ഒരിക്കലുമില്ല. അത്‌ അങ്ങനെ സംഭവിച്ചു പോകുന്നതാണ്. കുട്ടിക്കാലത്ത് വായിച്ച പുസ്തകങ്ങൾ, അന്നത്തെ അനുഭവങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. എന്റെ കുട്ടിക്കാലം ഞാൻ ചിലവഴിച്ചത് നിറയെ അമ്പലങ്ങളും കാവും ഉത്സവങ്ങളും എല്ലാവരും ഒത്തുകൂടിയ ഒരു ചെറിയ തറവാടും ഒക്കെയുള്ള ഒരു നാട്ടിൻപുറത്തായിരുന്നു. എങ്കിലും എല്ലാവരെയും പോലെ ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില ഒറ്റപ്പെടലുകളും, നഷ്ടപ്പെടലുകളുമൊക്കെ ഉണ്ടായിട്ടുണ്ട്… അതൊക്കെയാവാം എന്റെ കവിതകളിൽ ഇപ്പോഴും പ്രതിഫലിക്കുന്നത്.

അജയ് നാരായണൻ – സുമിയയുടെ കുടുംബപശ്ചാത്തലം വായനക്കാരുമായൊന്നു പങ്കുവയ്ക്കാമോ? അവരെങ്ങനെയെല്ലാം സുമിയയെ എഴുത്തിൽ പ്രോത്സാഹിപ്പിക്കുന്നു?

സുമിയ – അമ്മ എപ്പോഴും വായനയെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് മിക്കവാറും ഒരു മാസത്തിൽ ഒരു പുസ്തകം എന്ന രീതിയിൽ അമ്മ വാങ്ങിത്തന്നിരുന്നു. ഞാൻ കവിതയെഴുതുന്നത് അമ്മയോട് ആദ്യകാലങ്ങളിൽ പറഞ്ഞിട്ടേയുണ്ടായിരുന്നില്ല. ആദ്യകവിത കോളേജ് മാഗസിനിൽ അച്ചടിച്ചുവന്നപ്പോഴാവണം അമ്മ അറിയുന്നത്.
എനിക്ക് ഒരു സഹോദരിയാണുള്ളത്. അവളാണ് എപ്പോഴും എന്റെ ആദ്യത്തെ വായനക്കാരിയും ‘ആരാധിക’യും!!
വിവാഹശേഷം കുറേനാൾ എഴുത്തിൽ നിന്നും നീണ്ട ഇടവേള ആയിരുന്നു. വീണ്ടും എഴുതിത്തുടങ്ങിയ കാലം തൊട്ട് ഭർത്താവും എഴുത്തിനെ support ചെയ്യുന്നു. ഇപ്പോൾ മക്കൾക്കും, അമ്മയുടെ ഫോട്ടോയുള്ള ഒരു പുസ്തകം ഉണ്ടെന്നും അതിൽ അമ്മ എഴുതിയ കവിതകളാണെന്നും അറിയാം. മൂത്തമകൾ മലയാളം നന്നായി വായിച്ചെടുക്കും. കവിതകൾ വായിക്കാൻ അവൾക്ക് ഇഷ്ടമാണ്. ഇളയമകൾ മലയാളം വായിച്ചുതുടങ്ങുന്നതേയുള്ളൂ. അവൾക്ക് ഞാൻ എന്റെ കവിതകൾ വായിച്ചു കൊടുക്കാറുണ്ട്.

അജയ് നാരായണൻ – സുമിയയുടെ എഴുത്തിന്റെ craft ഒന്നു വിശദീകരിക്കുമോ? എഴുതുന്ന സമയവും എഴുതിക്കഴിഞ്ഞ ശേഷം ആ കവിതയിലേക്ക് വീണ്ടും കടന്നുചെല്ലുമോ എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ട്.

സുമിയ – എന്റെ എഴുത്തിന്റെ ‘craft ‘എന്ന് എടുത്തുപറയാൻ വേണ്ടിയൊന്നും കൃത്യമായ ഒരു രീതിയും ഇല്ല. മഴ പെയ്യുന്നതിനു മുൻപ് കാർമേഘങ്ങൾ ഉരുണ്ടുകൂടിയ ആകാശം പോലെ, കവിത എഴുതുന്നതിന് മുൻപ് വികാര – വിചാരങ്ങൾ മനസിന് ഘനമേറ്റുന്നു. ആ ഒരവസ്ഥയിൽ, എങ്ങനെയാണോ മേഘത്തിൽ നിന്നും മഴപൊഴിയുന്നത് അതേപോലെ മനസിൽ നിന്നും വാക്കുകൾ കടലാസിലേക്ക് പകർത്തുന്നു. ഇങ്ങനെയല്ലാതെ കൂടുതൽ വിശദമാക്കാൻ എനിക്ക് അറിയില്ല.
എഴുത്തിന് പ്രത്യേകിച്ച് സമയം ഒന്നും നീക്കിവയ്ക്കാറില്ല. എപ്പോഴാണോ എഴുതാൻ തോന്നുന്നത്, അതുതന്നെ സമയം. ആ തോന്നലിൽ എഴുതിയില്ലെങ്കിൽ കവിത നഷ്ടപ്പെട്ടുപോകാറുണ്ട്.

മുൻപൊന്നും എഴുതിയശേഷം കവിതയിലേക്ക് വീണ്ടും കടന്നുചെല്ലാറുണ്ടായിരുന്നില്ല. എങ്ങനെയാണോ ആദ്യം എഴുതുന്നത്, ആ കവിത അങ്ങനെതന്നെ വിടുക എന്നതായിരുന്നു രീതി. പിന്നെ എന്റെ കവിതകൾ അധികം ആരേയും ഞാൻ കാണിക്കാറുമില്ലായിരുന്നു. എന്റെ അനിയത്തിയേയും ഒന്നോ രണ്ടോ അടുത്തസുഹൃത്തുക്കളേയും അല്ലാതെ മറ്റാരെയും കാണിക്കാനുള്ള ഒരു ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തിരുത്തലുകൾ നിർദേശിക്കാനോ തെറ്റുകൾ ചൂണ്ടിക്കാണിക്കാനോ ആരും ഉണ്ടായിരുന്നില്ല. കവിതയെഴുത്ത് എന്റെ മാനസികമായ ഒരു ആവശ്യം മാത്രമായിരുന്നത് കൊണ്ടുതന്നെ കവിതകളെ വീണ്ടും വായിച്ച് മനോഹരമാക്കണമെന്ന് എനിക്കും തോന്നിയിരുന്നില്ല. കവിതകൾ എന്നെങ്കിലും എവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന് (ആഗ്രഹമുണ്ടായിരുന്നെങ്കിലും) വിചാരിച്ചിരുന്നില്ല.

എന്നാൽ കവിതകൾ കൂട്ടിച്ചേർത്ത് ഒരു പുസ്തകമാക്കാൻ തീരുമാനിച്ചതിൽപ്പിന്നെ, മലയാളത്തിന്റെ പ്രിയകവി ശ്രീ പവിത്രൻ തീക്കുനിയെ പരിചയപ്പെടുകയും അദ്ദേഹം രക്ഷാധികാരി ആയിട്ടുള്ള രണ്ടു കവിതാഗ്രൂപ്പുകളിൽ അംഗമാകാൻ സാധിക്കുകയും ചെയ്തു. അവിടെയെത്തിയതിന് ശേഷമാണ്, കവിതകളെ വീണ്ടും മനോഹരമാക്കുക എന്നതും ഒരു ‘കല’യാണെന്ന് മനസിലായത്. അതിൽ പിന്നെ, എഴുതിയ കവിതകൾ വീണ്ടും വീണ്ടും വായിച്ചുനോക്കി അവശ്യമായ മാറ്റങ്ങൾ വരുത്തുകയും, മറ്റാരെയെങ്കിലും കാണിച്ചു അഭിപ്രായം തേടുകയും, അവർ ചൂണ്ടിക്കാണിക്കുന്ന തിരുത്തലുകൾ ഉൾക്കൊള്ളുകയും ചെയ്യാറുണ്ട്. അത്‌, കൂടുതൽ മികച്ചരീതിയിൽ എഴുത്തിനെ കൊണ്ടുപോകാൻ സഹായകമാണ് എന്ന് ഞാൻ മനസിലാക്കുന്നു.

അജയ് നാരായണൻ – അവസാനമായി ഒരു ചോദ്യം കൂടി. ഇന്ന് സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ ഇടപെടലുകൾ ഏറെയുണ്ട്, വെല്ലുവിളികൾക്കൊപ്പം അവസരങ്ങളും തുറന്നുവയ്ക്കുന്ന ഇടം ഈ ആധുനികഘട്ടത്തിൽ വളരെ ആവശ്യം. സുമിയ സൈബർ ഇടങ്ങളെ എങ്ങനെ കാണുന്നു?

സുമിയ – സൈബറിടങ്ങൾ സ്ത്രീകൾക്ക് അവസരങ്ങളുടെ ഒരു വസന്തംതന്നെ സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. സോഷ്യൽമീഡിയ സ്ത്രീകളെ സംബന്ധിച്ചടുത്തോളം സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സ്വന്തം കഴിവുകൾ ലോകത്തെ അറിയിക്കാനുമുള്ള ഏറ്റവും നല്ല വേദിയാണ്.
എഴുത്തിനെ മാറ്റിനിർത്തിയാൽ, സ്വന്തം കാർഷികഉൽപ്പന്നങ്ങളും, കരകൗശല വസ്തുക്കളും ഓൺലൈൻ വില്പനനടത്തി വരുമാനമാർഗം ലഭിക്കുവാനുള്ള മികച്ച ഒരു മാർഗമാണിത്.
സൈബറിടങ്ങളിലെ വെല്ലുവിളികളെക്കുറിച്ചു പറഞ്ഞാൽ, മറ്റൊരാൾക്ക് എവിടെവരെ സ്വാതന്ത്ര്യം കൊടുക്കണമെന്ന് ഓരോ സ്ത്രീയും നിശ്ചയിച്ചാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും എന്ന് എനിക്ക് തോന്നുന്നു മാഷേ. ആരുടെയും ‘private space’ ലേക്ക് അനാവശ്യമായി കടക്കാതിരിക്കുക, അവനവന്റെ private സ്പേസിലേക്ക് അപരിചിതരെ കടന്നുകയറാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.

Conclusion – സുമിയയുമായുള്ള സംഭാഷണം ഒരു തെളിമയുള്ള ചിത്രമായി തോന്നി. മലയാളിമനസ്സിലെ വായനക്കാരുടെ പേരിൽ നന്ദി പറയുന്നു. സുമിയയ്ക്ക് എന്തെങ്കിലും പറയണമെങ്കിൽ ആവാം.

സുമിയ – ഇന്ന് ഈ മുഖാമുഖത്തിൽ താങ്കളുമായി സംവദിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
കവിതയുടെ ഉറവിടം തേടി താങ്കൾ എന്റെയരികിൽ എത്തുന്നത് ഒരു ബഹുമതിയായി കാണുന്നു. ആദ്യത്തെ അനുഭവം ആയതുകൊണ്ടുതന്നെ ചെറിയ ഒരു അങ്കലാപ്പോടെയാണ് ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. എങ്കിലും
അജയ് മാഷിന്റെ ചോദ്യങ്ങൾക്ക് എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് പറ്റുന്ന രീതിയിൽ ഉത്തരങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞെന്ന് ഞാൻ വിശ്വസിക്കുന്നു.
മലയാളിമനസ്സിലെ എല്ലാ വായനക്കാരോടും സ്നേഹം,

നന്ദി.

സുമിയയുടെ കവിത നമുക്കു വായിക്കാം.

കാവുതേടി

കാവ് തേടിപ്പോയിരുന്നു ഞാൻ
കാവിൻ തണുപ്പ് തേടിപ്പോയിരുന്നു ഞാൻ!

മാനം തൊട്ടു നിന്നൊരു കരിമ്പനച്ചോട്ടിലെ
പഴയ പേടിതൻ ചിലമ്പൊലി തേടി,
പാരിജാതപ്പൂമണമൊഴുകിയ വഴികളിൽ
ഗന്ധർവ്വനാദമൊട്ടു തേടി.

ഓട്ടുരുളി നിറച്ചപോൽ തെളിനീരുമായ്
ഇത്തിരിവട്ടത്തിലാ കൊച്ചുകുളം തേടി,
അതിന്നോരത്തു തപസ്സിലാണ്ടൊരാ-
കൊറ്റിതൻ ചിറകിന്റെ വെണ്മ തേടി.

ഇലഞ്ഞിമരച്ചില്ലയിലൊത്തു ചേർന്നൊരാ
നാട്ടുതത്തകൾ തൻ കലപില തേടി,
വെളുത്ത ശംഖുപുഷ്പത്തെയുമ്മ-
വച്ചൊരാ കൃഷ്ണശലഭത്തെ തേടി.

പാലപ്പൂ വിരിച്ച വഴിയിലെയജ്ഞാതയാം
നാഗസുന്ദരിയെത്തേടി,
ഇളവെയിൽ കായാനിറങ്ങി വന്നൊരു
നാഗരാജനെത്തേടി.

നിഴൽ വീണ നാഗത്തറയിലെ
മഞ്ഞൾപ്രസാദത്തിന്നൊളി തേടി,
ഒറ്റക്കൽവിളക്കിന്റെയിറ്റു വെട്ടത്തിൽ
കാവിലമ്മ തൻ പീഠം തേടി.

കാവ് തേടിപ്പോയിരുന്നു ഞാൻ,
കാവിൻ തണുപ്പ് തേടി പോയിരുന്നു ഞാൻ.

തേടിത്തേടിയവശയായൊടുവിലായ്,
എത്തിനിന്നു ഞാനെന്റെ കാവിന്റെ ചാരെ.
കാവ് കണ്ടില്ല ഞാൻ
കാവ് കണ്ടില്ല ഞാൻ,
കണ്ടു ഞാൻ,
പൂരത്തിനാളുകൂടിയ പോലൊരാൾക്കൂട്ടവും,
ദേവിയെ മറച്ചൊരു ഭണ്ഡാരവും!!
‘കാവെവിടെ’ യെന്നൊരു നിലവിളി-
യുള്ളിൽ പൊങ്ങവേ,
കേട്ടു ഞാനാരോ പറയുന്നു,
“ദേവി തൻ ശക്തിയിരട്ടിച്ചു”വത്രേ!

എവിടെയെൻ കാവും, കാവിൻ തണുപ്പും
മാനം തൊട്ടു നിന്നൊരാ മരങ്ങളും,
അവരുടെ കുളിരെഴും നിഴലും,
കിളികളുമെങ്ങു പോയ്‌..
നാഗത്താൻമാരെങ്ങു പോയ്‌…
ഒരു ഗദ്ഗദമെൻ നെഞ്ചിലുടക്കി.
ജ്വലിക്കും വെയിലിൻ ചോട്ടിൽ,
അവിടുത്തെയാൾപ്പൂരത്തിൻനടുവി-
ലനാഥയായ് ഞാൻ നിന്നു…

ഇന്റർവ്യൂ താറാക്കിയത് Lesotho യിൽ നിന്ന് ഡോ. അജയ് നാരായണൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...
WP2Social Auto Publish Powered By : XYZScripts.com
error: