17.1 C
New York
Friday, December 1, 2023
Home Literature "സ്വപ്‌നങ്ങൾ ഉറങ്ങുന്ന വീട് " (കഥ) - രമ്യ വിജീഷ്

“സ്വപ്‌നങ്ങൾ ഉറങ്ങുന്ന വീട് ” (കഥ) – രമ്യ വിജീഷ്

” ഹാപ്പി ബർത്ഡേ മുത്തശ്ശാ” പേരക്കുട്ടി കേശുവിന്റെ ആശംസകൾ കേട്ടപ്പോൾ ഗോവിന്ദൻമാഷിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

      " ആഹാ മുത്തശ്ശന്റെ കേശുക്കുട്ടൻ രാവിലെ സുന്ദരനായല്ലോ "? നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞു നിറപുഞ്ചിരിയുമായി നിൽക്കുന്ന കേശുവിന്റെ മുഖം കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനസ്സിലൊരു കുളിർക്കാറ്റു വീശി!

        "പിറന്നാൾ ഉമ്മകൾ മുത്തശ്ശാ" അവൻ മാഷിന്റെ ഇരുകവിളിലും ചുംബനങ്ങൾ നൽകി 

         " മുത്തശ്ശാ ഇന്നു അപ്പച്ചിമാരും മാമ്മൻമാരും വല്യച്ഛനും വല്യമ്മയും ചേട്ടൻമാരും ചേച്ചിമാരും ഒക്കെ ഇവിടെ വരുന്നുണ്ട്.ഇന്നത്തെ പിറന്നാൾ ആഘോഷം അടിച്ചുപൊളിക്കാൻ ".അവന്റെ ഈണത്തോടും കൊഞ്ചലോടുമുള്ള സംസാരം അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. 

     "എന്നിട്ട് മുത്തശ്ശൻ ഇതൊന്നും അറിഞ്ഞില്ലല്ലോ കേശുക്കുട്ടാ"

    "എല്ലാം പെട്ടെന്നുള്ള തീരുമാനമായിരുന്നു അച്ഛാ" അപ്പോളേക്കും മകൻ വേണുവും മരുമകൾ ലക്ഷ്മിയും അവരുടെ അടുത്തേക്കു എത്തിചേർന്നു. 

       "ഇപ്പോൾ ഇങ്ങനൊരു ആഘോഷം ഒന്നും വേണ്ട വേണുവേ. ലോകം മുഴുവൻ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നു. എത്രയോ ജീവൻ പൊലിയുന്നു. വിമാനാപകടവും ഉരുൾപ്പൊട്ടലും പിന്നെയും ദുരന്തം വിതച്ചു. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ആഘോഷം ഒന്നും ശരിയാവില്ല. ഇത്രയും ആളുകൾ കൂടുന്നതും ഒഴിവാക്കണം. ഇതൊന്നും അറിയാൻ പാടില്ലാന്നുണ്ടോ "? 

    മാഷിന്റെ കർക്കശസ്വരം കേട്ടപ്പോൾ തന്നെ അവരുടെ മുഖം വാടി. 

        "പ്ലീസ് മുത്തശ്ശാ പറ്റില്ലാന്നു പറയല്ലേ. എല്ലാരേം കാണാൻ കേശുവിനു കൊതിയാവുന്നു".അവന്റെ നിർബന്ധത്തി നു മുന്നിൽ അദ്ദേഹത്തിന് സമ്മതം നൽകേണ്ടി വന്നു. അല്ലെങ്കിലും പേരക്കുട്ടിയുടെ മുന്നിൽ ആണല്ലോ എല്ലാ മുത്തശ്ശന്മാരും മുത്തശ്ശിമാരും എപ്പോളും തോറ്റു പോകുന്നത് !

          പിറന്നാൾ ആഘോഷം പോലും"   ഗോവിന്ദൻ മാഷിന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു. സ്വത്ത്‌ ഭാഗം ചെയ്ത അന്നു കണ്ടതാ തന്റെ മക്കളിൽ പലരെയും. എല്ലാവർക്കും ജോലിത്തിരക്കു. എന്തിനു വല്ലപ്പോളും ഒന്നു ഫോൺ ചെയ്യാൻ പാടില്ലേ.. അച്ഛന് സുഖമാണോ? എന്നൊന്ന് ചോദിക്കാൻ പാടില്ലേ. വർഷത്തിലൊരിക്കൽ ഓണത്തിന് ഒരു കോടിമുണ്ടും വിഷുവിന് അഞ്ഞൂറിന്റെ ഒരു നോട്ടുമായി മക്കൾ വരാറുണ്ട്.എന്നിട്ടെന്തോ വലിയ കാര്യം ചെയ്തപോലെ ഒരു ഭാവവും അവരുടെയൊക്കെ മുഖത്തു കാണാം. ഈ വൃദ്ധനു ഇതൊന്നുമല്ല വേണ്ടതെന്നും ഒരിറ്റു സ്നേഹം മാത്രമേ വേണ്ടുവെന്നും പറയാതെ എത്രയോ പറഞ്ഞിരിക്കുന്നു താൻ. ജീവനിൽ പതിയായിരുന്നവളെ എന്നു നഷ്ടമായോ അന്നു മുതൽ താനും ഏകനായതാ. അതൊക്കെ അറിയാനും മനസ്സിലാക്കാനും ആർക്കാ നേരം..

       മക്കളും കൊച്ചുമക്കളും ഓരോരുത്തരായി വന്നു തുടങ്ങി. 

       "അച്ഛനങ്ങു വല്ലാതെ ക്ഷീണിച്ചു " മൂത്തമകളുടെ പരിഭവം. 

      "അതേ ചേച്ചിയെ.. അച്ഛനെ ഞങ്ങൾ പട്ടിണിയൊന്നും കിടത്തുന്നില്ല കേട്ടോ ".മരുമകളുടെ മറുപടി. 

         കൊച്ചുമക്കളൊക്കെ തന്നോട് ചേർന്നിരുന്നു.. ഫോട്ടോ എടുക്കുന്നു. കൂട്ടുകാർക്കൊക്കെ തങ്ങളുടെ മുത്തശ്ശനെ പരിചയപ്പെടുത്തുന്നു. സ്നേഹനിധിയായ ഞങ്ങളുടെ മുത്തശ്ശന് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞു സ്റ്റാറ്റസ് ഇടുന്നു. 

ഗോവിന്ദൻ മാഷിന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. ഈ പ്രഹസനങ്ങൾ ഒക്കെ ഒന്നു നിർത്തിയിരുന്നെങ്കിൽ !അദ്ദേഹം ആത്മാർത്ഥമായും ആഗ്രഹിച്ചു.

              "അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ.. അതിപ്പോൾ സാധിച്ചു തരാം എന്ന മൂത്തമകന്റെ ചോദ്യത്തിൽ "എന്റെ തറവാട്ടിൽ ഇരുന്നു പിറന്നാൾ സദ്യ ഉണ്ണണം. അതാണെന്റെ ആഗ്രഹം എന്നായിരുന്നു ഗോവിന്ദൻ മാഷിന്റെ മറുപടി. 

         " നിങ്ങളുടെ അച്ഛന് വട്ടാണ്" അല്ലെങ്കിൽ ആരെങ്കിലും ആ ചെറ്റക്കുടിലിൽ പോകുമോ "എന്നു മരുമകൾ ചോദിക്കുന്നതു കേട്ടു. 

        കുറച്ചു വർഷങ്ങൾക്കു മുൻപ് അടുക്കളജോലിക്കാരി പാറുവിന്റെ മകൾ ലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നു മകൻ വേണു പറഞ്ഞപ്പോൾ അതിനു സമ്മതം മൂളിയ തന്നോട് "ഗോവിന്ദൻ മാഷിന് വട്ടാണോ" എന്നു പലരും ചോദിച്ചതോർത്തു അദ്ദേഹം ചിരിച്ചുപോയി.

           "ഞങ്ങൾ അപ്പോളെ പറഞ്ഞതാ ഇതിനൊന്നും ഒരുങ്ങേണ്ടന്ന്. അയ്യേ.. ആ വൃത്തികെട്ട വീട്ടിൽ എങ്ങനെ ഇരുന്നു വല്ലതും കഴിക്കും. ഞങ്ങൾക്ക് നാണക്കേടാ " കുറച്ചു മുൻപ് തന്നോട് ചേർന്നിരുന്നു ഫോട്ടോയും എടുത്തു കൂട്ടുകാരോടൊക്കെ തന്നെ പുകഴ്ത്തി പറഞ്ഞ കൊച്ചുമക്കളുടെ പ്രതികരണവും വന്നു. 

       " ആ ചെറ്റക്കുടിൽ ഇടിച്ചു നിരത്തികളയേണ്ട സമയം കഴിഞ്ഞു. അച്ഛന് നാണമില്ലേ ഇങ്ങനെ ഒക്കെ പറയാൻ. നമ്മുടെ സ്റ്റാറ്റസ്നു ചേർന്നതാണോ ആ വീട് ".മൂത്ത മകൾ ആഞ്ഞടിച്ചു. 

       " മതി നിർത്ത് എല്ലാവരും.. നിനക്കൊക്കെ എങ്ങനെ ഇങ്ങനെയൊക്കെ പറയുവാനും ചിന്തിക്കുവാനും കഴിയുന്നു. വന്ന വഴികളൊക്കെ മറന്നോ എല്ലാവരും"? 

       "ആരും വരേണ്ട എന്നോടൊപ്പം.. ഞാൻ തനിച്ചു പൊയ്ക്കൊള്ളാം.എനിക്കിത്തിരി സമാധാനം വേണമായിരുന്നു".

            "മുത്തശ്ശാ ഞാനും വരുന്നു"തറവാട് ലക്ഷ്യമാക്കി നടന്ന മാഷിനൊപ്പം കേശുവും ഓടിയെത്തി. 

           കേശുവിന്റെ കയ്യും പിടിച്ചു തറവാട്ടിലേക്ക് നടക്കുമ്പോൾ മാഷിനെ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. 

           നടന്നു നടന്നു അവർ ആ വീടിന്റെ അടുത്തെത്തി. തന്റെ സ്വപ്‌നങ്ങൾ ഉറങ്ങുന്ന ഓർമ്മകൾ ഉറങ്ങുന്ന വീട്‌. വെട്ടുകല്ലിൽ നിർമ്മിച്ച ഒറ്റമുറിവീട്‌. ചാണകം മെഴുകിയ തറ. മേൽക്കൂര ഓല മേഞ്ഞിരിക്കുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും വിയർപ്പിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന വീട്‌. കേശുവിനൊപ്പം ആ വീട്ടിൽ കയറുമ്പോൾ ഗോവിന്ദൻ മാഷും ഒരു അഞ്ചുവയസ്സ്കാരൻ ബാലനായി. ആ ഒറ്റമുറി വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം കഴിഞ്ഞു കൂടിയ കാലം ഓർത്തു. മനസ്സിന്റെ നിറവ് ആ മുഖത്തും പടർന്നു കാണാമായിരുന്നു. 

          വീടിന്റെ പിന്നാമ്പുറത്തിരുന്ന് അമ്മ മുറത്തിൽ അരി പേറ്റുന്ന ശബ്ദം കേട്ടുവോ??" മോനെ പൊടിയരി എടുക്കാൻ ഒരു പാത്രം കൊണ്ടുവാ" എന്നമ്മ പറഞ്ഞത് പോലെ. പണ്ടൊക്കെ അങ്ങനെ ശേഖരിച്ചു വയ്ക്കുന്ന പൊടിയരി അമ്മ വെള്ളത്തിൽ ഇട്ടു കുതിർത്തു തേങ്ങായും ചുമന്നുള്ളിയും വെളുത്തുള്ളിയും ജീരകവും ചേർത്ത് അരകല്ലിൽ അരച്ചെടുത്ത് കൊഴുക്കട്ട ഉണ്ടാക്കിതരുമായിരുന്നു. ഹോ ! അതിന്റെ രുചി !!! ഗോവിന്ദൻ മാഷിന്റെ നാവിൽ വെള്ളമൂറി. 

           മഴക്കാലമാകുമ്പോൾ ചോർന്നൊലിക്കുന്ന വീട്ടിൽ പാത്രങ്ങൾ നിരത്തി വയ്ക്കാൻ മത്സരിച്ചിരുന്നു. വെള്ളം വീണു പൊട്ടിപ്പൊളിയുന്ന തറ മെഴുകാൻ ചാണകം ശേഖരിക്കുന്നത് തൊടിയിൽ തീറ്റാൻ വിടുന്ന പശുവിന്റെ അടുത്തു നിന്നാവും. പണ്ടൊരിക്കൽ പശു തന്നെയിട്ടു ഓടിച്ചപ്പോൾ അമ്മേ എന്നു വിളിച്ചു കരഞ്ഞത് ഓർത്തപ്പോൾ അദ്ദേഹത്തിന് ചിരി വന്നു. 

         ഉണക്ക തൊണ്ടു കരിച്ചു ചാണകവും ചേർത്തു അമ്മ തറ തല്ലി മെഴുകും. ചാണകത്തിന്റെ ഗന്ധം വരുമ്പോൾ മൂക്കു പൊത്തുന്ന തന്നോട് "ഉണ്ണി ചാണകം അറയ്ക്കരുത്. ദോഷമാണ് കേട്ടോ "എന്നു ശാസന സ്വരത്തിൽ അമ്മ പറയും. 

             മുഴുപ്പട്ടിണിയുള്ള ദിവസങ്ങളിൽ പണിക്കു പോയ അച്ഛനെയും കാത്തിരുന്നു തളർന്നു ഉറങ്ങിയിട്ടുണ്ട് പലപ്പോഴും. അച്ഛൻ തന്റെ പണിത്തുണിയിൽ പൊതിഞ്ഞു കൊണ്ടു വന്ന അരി വേവിച്ചു കഴിക്കുമ്പോൾ ഉപ്പുരസം കൂടുതൽ ആയിരുന്നു. അതച്ചന്റെ വിയർപ്പിന്റെ ആയിരുന്നു.

        പൂർണ്ണ ഗർഭിണിയായ അമ്മ ഉരലിൽ അരി കുത്തി അവൽ ഉണ്ടാക്കുമ്പോൾ "അമ്മേ കുഞ്ഞാവക്കു നോവില്ലേ "എന്ന് താൻ ചോദിക്കുമ്പോൾ അച്ഛനും അമ്മയും ചിരിക്കുമായിരുന്നു. നന്നായി തല്ലി മെഴുകിയ തറയിൽ അമ്മ വാവയേംകൊണ്ട് നീണ്ടു നിവർന്നു കിടക്കും. എന്റമ്മ ഒരിയ്ക്കലും "നടു വേദനിക്കുന്നു " എന്നു പറഞ്ഞു കരഞ്ഞിട്ടില്ല. 

      കാലം മാറി.. ജോലി കിട്ടി.. സമ്പാദ്യങ്ങൾ ഒരുപാടായി. എന്നിട്ടും താൻ വന്ന വഴി മറന്നിട്ടില്ല. എപ്പോളെങ്കിലും അഹങ്കരിക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോളൊക്കെ താനിവിടെ വന്നിരിയ്ക്കും. കാലനാശം വന്നു പോകാതിരിക്കാൻ വീട്‌ വേണ്ടരീതിയിൽ സംരക്ഷിച്ചു. 

       പണക്കൊഴുപ്പിന്റെ പ്രൗഢി നിറഞ്ഞു നിൽക്കുന്ന ശീതീകരണ മുറിയേക്കാൾ എന്തു കൊണ്ടും കുളിരു തരുന്നത് ഈ മൺകുടിലിൽ തന്നെ. 

           കേശുവിന് അദ്ദേഹം ഉരലും അരകല്ലും മുളനാഴിയും അടച്ചുവാറ്റിയും അടുപ്പിനു മുകളിൽ വിറക് ശേഖരിക്കുന്ന ചേരും ഒക്കെ കാട്ടികൊടുത്തു. അതിശയംകൊണ്ടു ആ കുഞ്ഞു മുഖം തിളങ്ങുന്നതു കണ്ടു. 

        " മുത്തശ്ശാ കേശുവിന് ഈ വീട്‌ ഒത്തിരി ഇഷ്ടമായി ട്ടോ " അതു കേൾക്കുമ്പോൾ അറിയാതെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. 

     ഗോവിന്ദൻ മാഷ് നിലത്തു നീണ്ടു നിവർന്നു കിടന്നു. എൺപത് വർഷങ്ങൾക്കു മുൻപ് ഇതു പോലെ വെറുംതറയിൽ അമ്മയുടെഓരം പറ്റി കിടന്നു കരഞ്ഞ ദിവസം അല്ലെ ഇന്നു. തന്റെ പിറന്നാൾ ദിവസം. 

        വീട്ടിൽ എത്തുമ്പോൾ മക്കളോട് കേണപേക്ഷിക്കണം തന്റെ കണ്ണടയുന്ന നാൾ വരെയെങ്കിലും ഈ ചെറ്റകുടിൽ നശിപ്പിക്കരുതേയെന്ന്.ഓരോന്നോർത്ത് ആ കണ്ണുകൾ മെല്ലെ അടഞ്ഞു. 

ആരൊക്കെയോ മുന്നിൽ വന്നു നിൽക്കുന്നു… അച്ഛൻ, അമ്മ, വല്യേച്ചി അവരൊക്കെ തന്നെ വിളിക്കുന്നു. ആരോ മുൻപിലേക്ക് നടന്നു വരുന്നു.. അതേ ഇതവൾ തന്നെ തന്റെ പ്രിയപത്നി സുഭദ്ര.

       " ഗോവിന്ദേട്ടാ ഇന്നും മക്കൾ വിഷമിപ്പിച്ചു അല്ലെ. അവർക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു "

     "അല്ലെങ്കിലും നീ മുൻപും അങ്ങനെ തന്നെ ആയിരുന്നല്ലോ? മക്കൾക്കു മുന്നിൽ വക്കാലത്തുമായി നീ എപ്പോളും ഉണ്ടാകും "ആ കരം കവർന്നുകൊണ്ടദ്ദേഹം പരിഭവിച്ചു. 

    "വാ മതി ഇനി അവരുടെ കൂടെ നമുക്ക് പോകാം...അച്ഛനും അമ്മയും ഒക്കെ അവിടെ കാത്തിരിക്കുന്നു ". പ്രിയ പത്നിയുടെ കരം കവർന്നു ഗോവിന്ദൻ മാഷും നിത്യതയിലേക്ക് മണ്മറഞ്ഞു. തന്റെ ആഗ്രഹം പോലെ" തന്റെ സ്വപ്നങ്ങളുറങ്ങുന്ന " ആ വീട്ടിൽ വച്ചു തന്നെ.......കേശുവിന്റെ നിലവിളി അദ്ദേഹം കേട്ടതില്ല. 


             ശുഭം

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചുകുടുംബ സങ്കടവും സംഘടിപ്പിച്ചു

പത്തനംതിട്ട --അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന...

എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1)  

പത്തനംതിട്ട --ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതലദിനാചരണം ഇന്ന് (1) രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും....

വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മക അഭിരുചികളാവണം : ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട ---വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടതു സര്‍ഗാത്മക അഭിരുചികളാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനഎക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ അടൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഒരു ചുവര്‍ ചിത്രം ജില്ലാതല...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ ഡിസംബര്‍ 9നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട --  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ ഒന്‍പതിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സമ്മറി റിവിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്ഫറന്‍സ് ഹാളില്‍...
WP2Social Auto Publish Powered By : XYZScripts.com
error: