✍️ ഹരീഷ് മൂർത്തി
വർഷങ്ങളുടെ ഇടവേളയിലും, ഓർമകളുടെ ഊഷരതയിൽ ഒരു മഞ്ഞുതുള്ളിപോലെ, ഇന്നും ജീവിക്കുന്നു ഒരു മഹാകവി…..
കോതമ്പു മണികൾ ഉതിർത്തു ഇന്നിന്റെ പെൺമനസിന്റെ ഭയത്തിന്റെ വിഹ്വലതകളെ കാലങ്ങൾക്കുമുമ്പേ, വിരലുകളാൽ തൊട്ടടുത്തു മാന്ത്രികാക്ഷരങ്ങളാൽ കേരളക്കരക്കു സമ്മാനിച്ച കവി…
അതിവേഗതയിൽ എരിഞ്ഞു തീർന്നു പ്രകശം പരത്തുന്ന സൂര്യനെ ഓർത്തെടുത്തു തേങ്ങലാക്കി മാറ്റിയ കവി…..
ഹരിത ഭൂമിയുടെ ആസന്നമായ അവസാന നാളുകൾ ഭാവിയിലേക്ക് എത്തിനോക്കി , കണ്ടറിഞ്ഞു വിലപിച്ച കവി…..
ലളിത, സുന്ദര പദാവലികളിൽ ചുണ്ടുകളിൽ കവിതകളുടെ ഈരടികൾ കോറിയിട്ട കവി….
ഓർമകളെ ഭൂതകാലത്തിലേക്ക് പായിച്ചു , നൂല് പൊട്ടിയ പട്ടംപോലെ മനസ്സുകളെ
ഒരുവട്ടംകൂടി ഓർമ്മകളുടെ മേച്ചിൽ പുറങ്ങളിൽ കൈപിടിച്ചു നടത്തിയ കവി….
പൊന്നരിവാൾ അമ്പിളിപ്രഭയിൽ, വിപ്ലവക്ഷരങ്ങൾ കോറിയിട്ട് സമത്വം സ്വപ്നംകാണാൻ പഠിപ്പിച്ച കവി…..
എണ്ണിയാൽ ഒടുങ്ങാത്ത വരികളിലൂടെ സാധാരണക്കാരനെയും മൂളാൻ, തലയാട്ടി ആസ്വദിക്കാൻ പഠിപ്പിച്ച കവി…..
മാന്ത്രികാക്ഷരങ്ങളിലൂടെ, വരികളിലൂടെ, ചിന്തിപ്പിച്ചു, ആർദ്രമായി കൺപീലികൾ നനയിച്ചു, പലപ്പോഴും നെഞ്ചിൽ സുഖമുള്ള ഭാരങ്ങൾ ഇറക്കിതന്ന മഹാകവി……
ആദിയുഷ സന്ധ്യകളിൽ പൂത്ത പൂമരമായി ഈ ജനകീയകവി
ഇവിടെതന്നെയുണ്ട് . പാടിപഴകാനാവാതെ, ഏതു ഓർമ്മത്തെറ്റിലും, ഓർത്തിരിക്കുന്ന കവിതകളിൽ, പാട്ടുകളിൽ, ഇന്നും എന്നും, കേരള കരയാകെ എന്നെങ്കിലുമൊരുനാൾ
മാഞ്ഞു പോകുവോളം….
പ്രണാമം പ്രിയ കവി…..