17.1 C
New York
Monday, February 6, 2023
Home Literature "സ്ത്രൈണം" (കഥ)

“സ്ത്രൈണം” (കഥ)

ഹരീഷ് മൂർത്തി ✍

Bootstrap Example

വാസന്തി,
അക്ഷരത്തെറ്റോടെയുള്ള ഈ കത്ത് വായിച്ചുകഴിയുമ്പോൾ, ചിലതെങ്കിലുമൊക്കെ നിനക്ക് മനസ്സിലാകുമെന്നു കരുതുന്നു. കത്തിന്റെ ദൈർഘ്യതയിൽ മടുക്കാതെ വായിക്കണം, കാരണം ഇനിയൊരു കത്തെഴുതാൻ വിറയ്ക്കുന്ന എന്‍റെ വിരലിൽ ഉതിർന്നു വീഴാൻ, അക്ഷരങ്ങൾ ബാക്കിയില്ല. ഇതെന്റെ മനസ്സിന്റെ വിഷമതകൾക്കുമപ്പുറമുള്ള കുമ്പസാരമാണ്, തെറ്റുകളൊന്നും ചെയ്യാത്ത വിശുദ്ധിയുടെ കുമ്പസാരം.

വാസന്തി, ആദ്യമേ പറയട്ടെ,
മാപ്പ്‌. നീ ഓങ്ങിയടിച്ച കവിളിൽ,
തിണിർത്തുപോയ ചോരപൊടിയുന്ന വിരൽപ്പാടുകളിൽ, ഞാൻ നിറുത്താതെ സ്പർശിച്ചുകൊണ്ടേയിരിക്കുന്നു. വേദന കവിളിലല്ല,
കീറിമുറിഞ്ഞുപോയ ഹൃദയത്തിലാണ്.

എന്‍റെ കടന്നുവന്ന ജീവിതത്തിന്റെ ഓർമ്മകളുടെ ചില്ലുകൊട്ടാരം, ഞാൻ തുറക്കാം മെല്ലെ. എന്നെങ്കിലുമൊരിക്കൽ നേരിട്ടു നിന്നോട് പറയണമെന്ന് കരുതിവച്ച കാര്യങ്ങൾ. ഈ ഏറ്റുപറച്ചിലിലൂടെ, എന്തെങ്കിലും നേടാമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് മറ്റൊന്നും വേണ്ട നിന്നിൽനിന്നും, ഒരു മനസ്സിലാക്കലിന്റെ നേർത്ത നിശ്വാസമെങ്കിലും മതി.

ഓർമ്മവച്ചനാൾ മുതൽ ഞാൻ അച്ഛനെ കണ്ടിട്ടില്ല. വടക്കെങ്ങാണ്ട് മരപ്പണിക്ക്പോയ അച്ഛൻ പിന്നീടൊരിക്കലും വന്നില്ല. ഒറ്റമുറി, അടുക്കളയുടെ കൂരയിൽ അമ്മ മാത്രമായിരുന്നു എനിക്കെല്ലാം. ചുരം കയറിവരുമ്പോൾ മുളങ്കാടുകളിൽ മറഞ്ഞുനിൽക്കുന്ന, കുമ്മായം തേക്കാത്ത എന്‍റെ വീടും മുഷിഞ്ഞതും, ഒറ്റപ്പെട്ടതുമായിരുന്നു എന്നെയും, അമ്മയെയുംപോലെ.

അടുത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ എന്നെ അവിചാരിതമായി, മെല്ലെ തിരിച്ചറിയാൻ തുടങ്ങിയത്. അമ്മയുടെ വട്ടപൊട്ടിനോടും, കരിവളകളോടുമുള്ള മോഹം ആദ്യമൊക്കെ മറച്ചുവച്ചു. അമ്മയോടൊപ്പം തോട്ടത്തിൽ പണിക്കുപോകുന്ന ചെറിയ പെൺകുട്ടികളുടെ തലമുടിക്കെട്ടിലെ നിറമുള്ള റിബ്ബണുകളും,കൈവിരൽ നഖങ്ങളിലെ നിറങ്ങളും, എന്‍റെ വല്ലാത്ത കൗതുകങ്ങളായിരുന്നു. കൂട്ടുകൂടുവാൻ ആരുമില്ലാത്ത ഒറ്റയാനായിരുന്നു ഞാൻ. എന്നിലെ ഞാനറിയാത്ത പ്രത്യേകതകളുടെ തുടക്കവും ഒരുപക്ഷെ, അവിടെനിന്നുതന്നെയാകണം.
കൂടെപ്പഠിക്കുന്നവരുടെ കണ്ണിൽ ഞാനൊരു അപൂർവ്വതയായിരുന്നു. എന്‍റെ നടത്തത്തിലെ അവർക്കില്ലാത്ത താളം, അവരാണ് ആദ്യമായി കണ്ടുപിടിച്ചത്. ‘പുഷ്പ്പൻ’ എന്ന എന്‍റെ പേരു ലോപിപ്പിച്ചു ‘പുഷ്പ്പയാക്കിയതും’ ആദ്യമായി അവരായിരുന്നു. ഉടലിന്റെ ഒളിയിടങ്ങളിൽപ്പോലും പലപ്പോഴും, അവരുടെ കൈവിരലുകൾ എനിക്കസഹീനമായ കുസൃതികൾ കാട്ടിത്തുടങ്ങിയപ്പോൾ, റാന്തലിന്റെ ചിമ്മിനിപ്പുകയിൽ
വിരലുകൾകൊണ്ട് ചിത്രംവരച്ചു ഒരു സന്ധ്യയിൽ അമ്മയോട്
വിക്കിപ്പറഞ്ഞു.

“അമ്മ, എനിക്കിനി പഠിക്കാൻ പോകണ്ട”…

ഇടവപ്പാതി മഴ കുത്തിയൊലിക്കുന്ന ഒറ്റമുറിയിൽ, അമ്മ മൺപാത്രങ്ങൾ നിരത്തിവച്ചുകൊണ്ടു എന്നെ
തുറിച്ചുനോക്കി.

“എന്താടാ നിനക്ക്, പഠിക്കണ്ടേ”.?
“വേണ്ട”.

മഴത്തുള്ളികളെ വിരൽകൊണ്ട്
തട്ടിത്തെറിപ്പിച്ചു, ഉറച്ചു തന്നെ പറഞ്ഞു.
അച്ഛന്റെ ചിതല്തിന്നു ഇളകിയാടുന്ന ഫോട്ടോയിലേക്കു നോക്കി ഒന്ന് നിശ്വസിച്ചതല്ലാതെ, അമ്മ പ്രതീക്ഷിച്ചതുപോലെ ഒന്നും പറഞ്ഞില്ല. പിന്നെ എന്‍റെ പകലുകളിൽ ഞാൻ ഒറ്റക്കായിരുന്നു.
അമ്മ തോട്ടത്തിലേക്കു പോയ്ക്കഴിഞ്ഞ വിരസമായ ഏതോ പകലിൽ, ഞാൻ അമ്മയുടെ വാർമുടി തലയിൽ ചേർത്ത് ഒതുക്കിവച്ചു നോക്കി. പുരികക്കൊടികളിൽ, കൺതടങ്ങളിൽ കണ്മഷി തേച്ചു. നീലറിബ്ബൺകൊണ്ട് തലമുടി ചേർത്ത്കെട്ടി. ചെറിയ ചുണ്ടുകൾ മെല്ലെ കടിച്ചു ചുവപ്പിച്ചു. എന്‍റെ വസ്ത്രത്തിനുമേൽ അമ്മയുടെ പഴയ സാരിയൊന്നെടുത്ത്
വാരിച്ചുറ്റി. മുറ്റത്തെ
നന്ത്യാർവട്ടത്തിൽനിന്നും കുറെ മൊട്ടുകൾ പറിച്ചെടുത്തൊരു മാലകോർത്തു, തലമുടിയിൽ
വശംചേർത്ത് സ്ലൈഡ്പിൻ കുത്തിവച്ചു, മങ്ങിയ നിലക്കണ്ണാടിക്ക് മുന്നിൽ വന്നുനിന്ന് അമ്മയുടെ സിന്ദൂരപ്പെട്ടി തുറന്നു വട്ടമൊക്കാതെയെങ്കിലും, ഒരു
പൊട്ടുചാർത്തി. ഞാൻ ആദ്യമായി കാണുന്നതുപോലെ കണ്ണാടിയിൽ എന്നെ തുറിച്ചുനോക്കിനിന്നു എത്രയോനേരം. എന്‍റെ കവിളുകൾ നാണംകൊണ്ട് മെല്ലെ ചുവക്കുന്നതും, ഹൃദയമിടിപ്പ് എന്‍റെ കാതുകളിൽ മുഴങ്ങുന്നതും ഞാനറിഞ്ഞു. ആർത്തലച്ചു പെട്ടെന്ന് പെയ്തമഴയിലേക്ക് ഓടിയിറങ്ങണമെന്നും, മഴയിൽ കുതിർന്നു തിക്കിമുട്ടുന്ന ഉള്ളൊന്നു തണുപ്പിക്കണമെന്നും ഞാൻ മോഹിച്ചു. എന്നെ പൊതിഞ്ഞുനിന്ന കാരണമറിയാത്ത ഭയത്തിലും, മഴയുടെ തണുവിൽ, ചോർന്നൊലിക്കുന്ന കൂരയിൽ, എന്‍റെ പുതിയ പിറവിയെ ഞാൻ ആദ്യമായി മെല്ലെ അറിയുകയായിരുന്നു. എന്നിൽ ഉറങ്ങിക്കിടന്ന സ്ത്രൈണത്തിന്റെ, സമ്മോഹനത്തിൽ മനസ്സ് ഒരു ഉന്മാദിനിയെപോലെ തിരതല്ലി. ഉടൽ വല്ലാതെ വിറച്ചുകൊണ്ടിരുന്നു. എന്റെയുള്ളിൽ നിന്നും ആരോ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഇതാണ് നീ, മായ്ച്ചാലും, മറച്ചാലും, വീണ്ടും തിളങ്ങി തിരിച്ചുവരുന്ന ‘സ്ത്രൈണം’ ഉറങ്ങിക്കിടക്കുന്ന നീ.

ചുരമിറങ്ങി, മുളംകാട് ചുറ്റി വനാന്തർഭാഗത്തെ, വല്ലപ്പോഴും വരുന്ന മൃതങ്ങളെ ദഹിപ്പിക്കുന്ന ശ്മശാനത്തിനരുകിലെ
പാലമരച്ചുവടായി, എന്‍റെ പിന്നെയങ്ങോട്ടുള്ള നേരംകൊല്ലി സ്ഥലം. കനത്ത നിശബ്ദതയിൽ ഇടയ്ക്കു മൂളുന്ന കാട്ടുപക്ഷികളും, ചുരമിറങ്ങി മൂളലോടെ വരുന്ന കാറ്റുമൊഴിച്ചാൽ, അവിടമെന്നും വിജനമാണ്. എക്കാലത്തും
പൂത്തുനിൽക്കുന്ന പാലമരം ആദ്യമൊക്കെ, എനിക്ക് പേടിയായിരുന്നു. പിശറൻകാറ്റു പിടിച്ചുകുലുക്കുന്ന ചില്ലകളെ, ഞാൻ ഭയത്തോടെ നോക്കിനിന്നിരുന്നു. ആരോ എന്നോ, പണിതിട്ട പാലമര ചുവട്ടിലെ കരിങ്കൽതിട്ടക്ക് എന്നും എന്ത് തണുപ്പാണെന്നറിയാമോ വാസന്തി .?

തോട്ടപ്പണിക്ക് അമ്മ ആസ്തമയും വലിച്ചു പൊയ്ക്കൊണ്ടിരുന്നു. മഴ മാറിയകാലം അമ്മ പറഞ്ഞു, ചുരമിറങ്ങി, കുറച്ചുകാലം കുട്ടൻ മേസ്തിരിയോടൊപ്പം നിന്നു മരപ്പണി പഠിക്കാൻ. വിസ്സമ്മതങ്ങൾ വിലപ്പോകാതെവന്ന ഒരു പ്രഭാതത്തിൽ, അമ്മയുടെകൂടെ നിഴലുപോലെ കുട്ടൻമേസ്ത്രിയുടെ പണിപ്പുരയിലെത്തി. നീണ്ട
നിറംമങ്ങിയ ടാർപോളിൻ വലിച്ചുകെട്ടിയ പണിപ്പുരയിൽ, വീതുളി മൂർച്ചവരുത്തി മേസ്തിരി എന്നെയൊന്നു ചുഴിഞ്ഞുനോക്കി, വെറ്റിലമുറുക്കിയത് നീട്ടിത്തുപ്പി.

അച്ഛന്റെ സ്നേഹിതനായിരുന്ന മേസ്ത്രിയോട്, അമ്മ
പഴയതുപലതും പതംപറഞ്ഞു കരഞ്ഞു. പാതികൊത്തി ഉപേക്ഷിച്ചപോലെ നിർത്തിയ ഒറ്റത്തടിയിലെ ആൾരൂപത്തിലെ അറിയാത്ത സ്ത്രീയേ വിസ്മയത്തോടെ, തിരയുകയായിരുന്നു എന്‍റെ കണ്ണുകളപ്പോഴും.

തലയിൽ തടവി, മുഷിഞ്ഞ കുറച്ചു നോട്ടുകൾ പാതികീറിയ ഷർട്ടിന്റെ പോക്കറ്റിൽത്തിരുകി അമ്മ കണ്ണുതുടച്ചു, പെട്ടെന്ന് പിന്തിരിഞ്ഞു നടന്നു. മേസ്ത്രിയുടെ കനത്ത കൈപ്പടം തോളത്തു മെല്ലെ പതിഞ്ഞു.

“പുഷ്പ്പ, ഇനി കുറച്ചുകാലം ഇവിടെ കൂടിക്കോ, തച്ചൻ പണിയൊക്കെ പഠിക്കണ്ടേ.? ഡാ.. നിന്‍റെ തുണീം, മണീം, സഞ്ചിയുമൊക്കെ പണിപ്പുരയുടെ പുറകിലോട്ടു വച്ചോ.”?

മേസ്ത്രി വെറ്റിലക്കറയുള്ള പല്ലുകൾ പുറത്തുകാട്ടി പറഞ്ഞു.
സംശയിച്ചുനിന്ന എന്നെ നോക്കി മേസ്ത്രി വീണ്ടും പറഞ്ഞു.

“പേടിക്കണ്ട നീയ്യ്‌, വീടും, പണിപ്പുരയും ഒക്കെ, ഇതുതന്നെ. താമസിക്കാൻ ഞാൻ മാത്രം, ഇപ്പൊ നീയുമായി.”

മേസ്ത്രി വലിയ ഒച്ചയിൽച്ചിരിച്ചു. പരുക്കൻ കൈകൾകൊണ്ട് എന്‍റെ കവിളുകളിൽ അമർത്തിതടവി. പണിപ്പുരക്കപ്പുറം മറ്റൊരു
ടാർപോളിനിൽ ചായ്ച്ചുകെട്ടിയ ചായ്പ്പിൽ, ഞാൻ എന്‍റെ
തുണിസഞ്ചി ഒതുക്കിവച്ചു.
കയറുകെട്ടിയ ഒരുകട്ടിലും, അതിന്മേൽ മുഷിഞ്ഞ ഒരു തലയിണയും, പിന്നെ അതിനുമുകളിയായി
അയഞ്ഞുപോയ കൊടികയറിൽ, മേസ്ത്രിയുടെ ഒന്നുരണ്ടു മുഷിഞ്ഞ വസ്ത്രങ്ങളും ഉണ്ടായിരുന്നു.
ചായ്പ്പിന്റെ വശം തുറന്നു കീറിവച്ച ജനാലയിലൂടെ, ദൂരെ തോട്ടം തൊഴിലാളികളുടെ വീടുകൾ കാണാം. ചായ്പ്പിന്റെ കോണിൽ ചാരംമൂടികിടന്ന അടുപ്പും, പിന്നെ കുറച്ചു പാത്രങ്ങളും ഒരു
ദുരന്തക്കാഴ്ച്ചപോലെ തോന്നി. കാരണമറിയാത്ത
ഒരസ്വസ്ഥതയുടെ കാർമേഘം, എന്നെ വല്ലാതെ വരിഞ്ഞുമുറുക്കി കൊണ്ടിരുന്നു.

പട്ടണത്തിലെ ചില കടകൾക്കുവേണ്ടിയുള്ള ഫർണീച്ചറുകളും, പിന്നെ തോട്ടം തൊഴിലാളികളുടെ വീടുകളിലെ മരസാമഗ്രഹികളുടെ അറ്റകുറ്റ പണികളുമായിരുന്നു, മേസ്ത്രി ചെയ്തിരുന്നത്. വീതുളിയും, കൊത്തുളിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്നു മേസ്ത്രി തുടങ്ങി. അമ്മതന്ന വെറ്റിലയിൽ അടക്കയും, പിന്നൊരു ഒറ്റരൂപാതുട്ടും വച്ച്, മേസ്ത്രിയുടെ കറുത്ത നഖങ്ങളുള്ള കാലിൽതൊട്ടു ഞാൻ വന്ദിച്ചു,പച്ചമരത്തിൽ ആദ്യമായി കൈവിരലുകളോടിച്ചു.

“ഒറ്റരൂപായിലൊന്നും ദക്ഷിണ തീരില്ല കേട്ടോ പുഷ്പ്പാ”.

മേസ്ത്രിയുടെ നീട്ടിപ്പറച്ചിൽ വീതുളിയുടെ മൂർച്ചക്കുള്ള ഉരസലിൽ, കേൾക്കാത്തപോലെയിരുന്നു ഞാൻ.
വിയർത്തുനനഞ്ഞപ്പോൾ ഊരിയിട്ട മുറിക്കയ്യൻ ബനിയനപ്പുറത്തേക്കു, എന്‍റെ നഗ്നമായ ഉടലിലേക്കു മേസ്ത്രിയുടെ കണ്ണുകൾ,വല്ലാതെ ഉഴിഞ്ഞുകൊണ്ടിരുന്നു. മടക്കിക്കുത്തിയ കൈലിമുണ്ടു അഴിച്ചിട്ടു ഞാൻ, പച്ചമരത്തിൽ പാളിപ്പോകുന്ന ചിന്തേരുറപ്പിച്ചു പിടിക്കാൻ പാടുപെട്ടു.

സന്ധ്യക്ക്‌ അടുത്തുള്ള പുഴയിൽ മുങ്ങിനിവർന്നപ്പോൾ സുഖം തോന്നി. വള്ളിപ്പടർപ്പുകൾക്കപ്പുറം കാട് തുടങ്ങുന്നു. അവിടെയായിരുന്നു പിന്നീടെന്നും പ്രഭാതകൃത്യങ്ങൾ. കുളിച്ചുവന്നപ്പോൾ മേസ്തിരി കഞ്ഞിവാർത്തിരുന്നു.
പുഴമീൻ കറിയാകുമ്പോഴേക്കും മേസ്തിരി കുളികഴിഞ്ഞുവന്നു. ഇളകുന്ന ബഞ്ചിന്റെ അറ്റത്തിരുന്നു റാന്തൽ ചിമ്മിനി
തുടച്ചുവൃത്തിയാക്കി കത്തിച്ചു. കട്ടിലിനടിയിലെ
തകരപ്പാത്രത്തിൽനിന്നും വലിച്ചെടുത്ത റാക്കിന്റെ കുപ്പിയുടെ കോർക്ക് തുറന്നു, ചില്ലുഗ്ലാസ്സിന്റെ അരയോളം പകർത്തി വെള്ളംചേർത്ത് ഒറ്റവലിക്ക് കുടിച്ചു.

“പുഷ്പ്പ”.. മേസ്തിരി കുഴഞ്ഞു വിളിച്ചു.
“വന്നിരിക്കു ഇവിടെ”.

അയാൾക്കരുകിലേക്കു കൈചൂണ്ടി മേസ്തിരി പറഞ്ഞു.

അടുത്തിരുന്നപാടേ എന്‍റെ വലംകൈയെടുത്തുവച്ച്, മേസ്തിരി ചിരിച്ചു. അയാളുടെ തടിച്ച വിരലുകൾ എന്‍റെ ഉള്ളംകയ്യിലും, ഓരോ വിരലഗ്രത്തിലും വല്ലാതെ
ഓടിനടന്നുകൊണ്ടിരുന്നു.

“പുഷ്പ്പ, നിന്നെ ഞാനൊരു വലിയ മേസ്തിരിയാക്കും, പെരുന്തച്ചനെക്കാൾ വലിയ മേസ്തിരി.”

അയാൾ ഉറക്കെച്ചിരിച്ചു
വെറുപ്പുപോലെ എന്തോ ഒന്ന്, എന്‍റെ ഉള്ളിൽ
ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു.

“നിനക്കു വേണോ പുഷ്പ്പ ശകലം.”?

അയാൾ ചോദിച്ചു. വേണ്ടെന്നു ഞാൻ ചുമലിളക്കി.കണ്ണുകളിൽ പെട്ടുപോയ ഉറക്കം കലശലാകും വരെ അന്ന്, ഞാൻ അയാളുടെ പരസ്പരബന്ധമില്ലാത്ത
സംസാരംകേട്ടിരുന്നു. കൂമ്പിയടയുന്ന കണ്ണുകൾ കണ്ടപ്പോൾ, അയാൾ എന്നോട് കഞ്ഞികുടിച്ചു കിടന്നോളാൻ പറഞ്ഞു. വിശപ്പ് കെട്ടുപോയ ഞാൻ, കയറ്റുകട്ടിലിനു താഴെ തഴപ്പായവിരിച്ചു കിടന്നതും ഉറങ്ങിപ്പോയി.

വാസന്തി, ഇതുവരെ പറഞ്ഞതൊക്കെ നീ മനസ്സിരുത്തി വായിച്ചിരിക്കും എന്ന് ഞാൻ കരുതട്ടെ. നീണ്ട രണ്ടുവർഷങ്ങൾ ഞാൻ അവിടെ കഴിച്ചുകൂട്ടി. വീതുളിയുടെ മൂർച്ചകൂട്ടി, വിറക്കാതെ മുഴക്കോലുപിടിച്ചു, ഞാൻ പച്ചമരത്തിൽ പലതും പണിതേറ്റി. മേസ്ത്രിയുടെ തുറിച്ചു നോട്ടങ്ങളെയും, അനവസരത്തിലും എന്‍റെ ഉടൽ സ്പർശിക്കുന്ന വിരലുകളെയും, കർക്കശ നോട്ടത്തിലൂടെ ഒരു പരിധിവരെ ചെറുത്തുനിന്നു. അമ്മ ഇടയ്ക്കു
വന്നുംപോയുമിരുന്നു. മേസ്ത്രി ഉപേക്ഷിച്ചുവച്ച ഒറ്റത്തടിയിൽ, സമയം കിട്ടുമ്പോഴൊക്കെ എന്‍റെ വിരലുകൾ മനസ്സിൽവരാത്ത ഒരു സ്ത്രീരൂപം കൊത്തിയൊരുക്കി കൊണ്ടിരുന്നു. അവസാനവട്ടം കാണാൻവന്ന അമ്മയുടെ ശ്വാസത്തിനുവേണ്ടിയുള്ള കിതപ്പും, കൺതടങ്ങളിലെ കറുപ്പും, നരകേറി പിഞ്ഞിപ്പോയ തലമുടിയും കണ്ടു, മേസ്തിരിയോട് അനുവാദം ചോദിച്ചു ഒരു മടങ്ങിപ്പോക്കിന്.
കാലിപ്പുകയിലഞെട്ട് കടിച്ചിറക്കി മേസ്ത്രി മൂളിയൊരു അനുവാദം തന്നു.

അന്ന് രാവുറങ്ങിയപ്പോൾ കാട്ടിനുള്ളിൽ ഏതോ
പേരറിയാപക്ഷി വികൃതമായി ചിലച്ചു രാപ്പകുതിയിൽ എന്‍റെ കണ്ണുകൾ തുറപ്പിച്ചു. എന്‍റെ ഉടലിലിഴയുന്ന വിരലുകളെ തിരിച്ചറിയാൻ, എനിക്ക് ഏറെനേരം വേണ്ടിവന്നില്ല. റാക്കിന്റെ പുളിച്ചഗന്ധം എന്റെ വിയർപ്പിൽ തൊട്ടുനിന്നു. പുകയിലക്കറയുള്ള പല്ലുകൾ, കവിളിൽ, ചുണ്ടുകളിൽ പോറലുകൾ വീഴ്ത്തി,മേസ്ത്രി എന്‍റെമേൽ വല്ലാത്തൊരു ഘനമായി
മാറിക്കഴിഞ്ഞിരുന്നു. തടിച്ച മേസ്ത്രിയുടെ വിരലുകൾ എന്‍റെ കൈകൾ മലർത്തി,ബലമായി തഴപ്പായോട് ചേർത്തമർത്തി വച്ചിരുന്നു. കനത്ത നരച്ച മീശത്തുമ്പുകൾ കാതോരം മുട്ടിച്ചു മേസ്ത്രി മെല്ലെ പറഞ്ഞു.

“പുഷ്പ്പ, അനുവാദമില്ലാതെ, ഏറെനാളത്തെ ആഗ്രഹവും ചേർത്ത്, ഞാനെന്റെ ഗുരുദക്ഷിണ ഇങ്ങെടുക്കുവാ. പ്രതിഷേധിക്കാൻ ശ്രമിക്കേണ്ട.”

എന്‍റെ ബലത്തിന്റെ അവസാന നൂലിഴയും പൊട്ടുംവരെ, പ്രതിരോധിച്ചു ഞാൻ തോറ്റു. എപ്പോഴോ വിയർപ്പിൽകുളിച്ചു മേസ്ത്രി എന്നിൽനിന്നും
അകന്നുമാറിയപ്പോൾ, എന്‍റെ കണ്ണുകൾ വല്ലാതെനനഞ്ഞും, ചുണ്ടുകൾ മുറിഞ്ഞുമിരുന്നു. ഏങ്ങലടികളിൽ ശ്വാസംവിലങ്ങി ഞാൻ, തഴപ്പായുടെ നാരുകൾ പല്ലുകളിൽ കടിച്ചുപിടിച്ചുകിടന്നു വെളുക്കുവോളം.

പുലരുംമുൻപേ, പൊട്ടിയ മനസ്സുമായി മേസ്ത്രിയോട് പറയാതെ ഞാൻ യാത്രതിരിച്ചു. ബസ്സിറങ്ങി ചുരം കയറുമ്പോൾ, എന്നെ ചുഴിഞ്ഞുനോക്കുന്ന കണ്ണുകളെ അവഗണിച്ചു ഞാൻ നടന്നു. ഏങ്ങലടിച്ചു അമ്മയുടെ മടിയിൽവീഴുമ്പോൾ, അമ്മ കാരണമറിയാതെ പരിഭ്രമിച്ചു, എന്‍റെ തലമുടിയിഴകൾ തടവിക്കൊണ്ടിരുന്നു. അമ്മയോട്, കാരണം പറയാതെ കരഞ്ഞ എന്‍റെ ആദ്യ കരച്ചിൽ ഒരുപക്ഷെ അതാവാം.

വാസന്തി, ജീവിതം എന്നെ എങ്ങോട്ടാണ് പിടിച്ചു വലിച്ചുകൊണ്ടുപോയതെന്നു ഇന്നും, എനിക്ക് വ്യക്തതയില്ല. ഒറ്റമുറിയുടെ കോണിൽ ഞാൻ ഒരു
പാഴ് വസ്തുവിനെപ്പോലെ കിടന്നു ദിവസങ്ങളോളം. മനസ്സ് മുറിവുകൾ കരിയിക്കാനൊരു മരുന്ന് തേടുകയായിരുന്നു. പിന്നെയൊരുനാൾ മതിഭ്രമം വന്നവനെപ്പോലെ ഞാൻ
പുറത്തുവന്നു, നനഞ്ഞ കണ്ണുകൾ തുടച്ചു. വീതുളിയുടെ മൂർച്ച നോക്കി, മുഴക്കോലിലെ പൊടി തട്ടിമാറ്റി. കൊട്ടുവടിയുടെ ഇളകിയ പിടിമുറുക്കി, അടുത്ത ജന്മ്മത്തിലേക്കെന്നപോലെ മെല്ലെ നടന്നുകയറി. ആരോടോക്കെയോ ഉള്ള വാശിക്കപ്പുറം, പകൽവെളിച്ചത്തിൽ ഞാൻ എനിക്കൊരു സുരക്ഷയുടെ കോട്ട സ്വയം തീർക്കുകയായിരുന്നു പിന്നെ. ആരാലും ശ്രദ്ധിക്കപ്പെടാതിരിക്കാൻ ഞാൻ എന്നെ, ഞാനല്ലതാക്കി. പകലുകളിൽ ചിന്തേരിന്റെ താളത്തിൽ കൊക്കിച്ചുമച്ചു ബീഡി വലിച്ചുപഠിച്ചു. വൈകുന്നേരങ്ങളിൽ ചുരമിറങ്ങി റാക്ക് മണത്തു. കാലിപ്പുകയിലകൂട്ടി മുറുക്കി പഠിച്ചു. നീട്ടിവളർത്തിയ തലമുടിക്കുമപ്പുറം രോമം
അറച്ചുനിന്നു എന്നിൽ പടർന്നേറാൻ എങ്കിലും, മടക്കി കുത്തിവച്ച ഉടുമുണ്ടിലും, വല്ലാതെ വിരിച്ചുപിടിച്ച നെഞ്ചിലും ഞാൻ, പകലുകളിൽ പുരുഷത്വം ആവാഹിച്ചു നിറച്ചുകൊണ്ടിരുന്നു. വീടിന്റെ മുറ്റത്തു ഒഴിഞ്ഞകോണിൽ
പഴയപടുത വലിച്ചുകെട്ടി, പണിയും, കിടപ്പും അങ്ങോട്ടുമാറ്റി. അമ്മ നിശ്വാസങ്ങൾക്കപ്പുറം വാക്കുകൾ മറന്നുതുടങ്ങിയിരുന്നു. ഏറെ നാളേക്ക്ശേഷം നഗരത്തിൽ പോയപ്പോൾ വാങ്ങികൂട്ടിയതെല്ലാം, ഞാൻ വീട്ടിയിൽപണിത മരപ്പെട്ടിയിൽ, നിലാവുള്ള രാത്രിയിൽ എടുത്തു വയ്ക്കും മുൻപേ, ആർത്തിയോടെ ഒരോന്നും
എടുത്തുനോക്കി. തടിച്ച
കസവുകരയിട്ട സാരി, അതിനു ചേരുന്ന കോറതുണിയുടെ ബ്ലൗസ്, ഇരുണ്ടനിറമുള്ള അടിപ്പാവാട, പിന്നെ, മുഖത്ത് തേക്കുന്ന വാസന പൌഡർ, കണ്മഷി, നിറമുള്ള വട്ടപ്പൊട്ടുകൾ. ചുണ്ടുകൾ ചുവക്കുന്ന ചായം, പലവർണ്ണ കുപ്പിവളകൾ അങ്ങിനെയെല്ലാം. പഴയ നന്ത്യാർവട്ടച്ചെടി മെല്ലെ വളർന്നു മരം പോലെയായിരിക്കുന്നു.

പകൽപ്പണികളിൽ ഞാൻ മരത്തിന്റെ ഗന്ധമറിഞ്ഞു. വീതുളിയുടെ പിടിയിൽ എന്‍റെ വിരലുകൾ ലാസ്യത കാട്ടുമ്പോൾ ഞാൻ സ്വയംനിയന്ത്രിച്ചു. രാത്രികളിൽ പക്ഷെ, ഞാനെന്ന പുരുഷനെ എനിക്ക് നഷ്ടപ്പെടുകയായിരുന്നു. രാപ്പക്ഷികൾ ചിറകടിക്കുമ്പോൾ ഞാൻ എന്നെ നിയന്ത്രിക്കാനാവാതെ, എന്തിനെന്നറിയാതെ, മരപ്പെട്ടി തുറന്നു അണിഞ്ഞൊരുങ്ങി. അവസാനം നന്ത്യാർവട്ടത്തിന്റെ പൂക്കൾ അഴിച്ചിട്ട
നീളൻതലമുടിയിൽ ചൂടിക്കഴിയുമ്പോൾ, എന്നിലെ പുരുഷൻ എന്നും അസ്തമിക്കുമായിരുന്നു. ചുരമിറങ്ങി കൂമൻമൂളുന്ന
കാട്ടിലൂടെ ഒട്ടും ഭയമില്ലാതെ ഞാൻ നടന്നു പാലമരച്ചോട്ടിലെത്തും. മരിച്ച മൃതങ്ങളുള്ളപ്പോൾ ശ്മശാനത്തിൽ കനലെരിയും. ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കും, പാലമരം എന്നെ കേട്ടുകൊണ്ടും. ഇടയ്ക്കു ഉതിർന്നു വീഴുന്ന പാലപ്പൂക്കൾ എന്നെ സാന്ത്വനിപ്പിച്ചാലും, ഒടുവിൽ എന്തിനെന്നറിയാതെ ഞാൻ ചിരിച്ചുകൊണ്ട് കരയും. എന്‍റെ സ്ത്രൈണതയിൽ ഞാൻ സ്വയം വിരലോടിക്കും. പിന്നെ വികൃതമായ പാദചലനങ്ങളിൽ ചിലപ്പോൾ മെല്ലെ ആടിത്തിമിർത്തു, പാലച്ചുവട്ടിൽ കഴച്ചിരിക്കും. എപ്പോഴും മറക്കാതെ കൂടെക്കൊണ്ടുണ്ടുവരുന്ന കുഞ്ഞു വട്ടകണ്ണാടിയിൽ നോക്കി
മേൽചുണ്ടിലെ വിറയ്ക്കുന്ന വിയർപ്പുകണങ്ങളെണ്ണും, ഒടുവിൽ മൃതങ്ങളുടെ കനൽച്ചൂടോ, അല്ലെങ്കിൽ പാലച്ചുവട്ടിലെ തണുവോ, പറ്റികിടന്നുറങ്ങും. ആദ്യ സൂര്യകിരണം പൊഴിയുംമുൻപേ കണ്ണുതുറക്കും. അഴിഞ്ഞുപോയ ഉടയാടകളുമായി, ഇരുട്ടിലൂടെതന്നെ ഞാൻ തിരിച്ചു വീട്ടിലെത്തും.എന്റെ ഒരുക്കങ്ങൾ, രാത്രി സഞ്ചാരങ്ങൾ അമ്മക്കുപോലും സംശയം തോന്നാതെ ഞാൻ മറച്ചുവെച്ചു. ജൻമ്മം എന്നിൽ പാതിവച്ച സ്ത്രൈണം, അസ്തമയങ്ങൾക്കു വേണ്ടി ദാഹിച്ചു കാത്തിരുന്നു ഓരോ ദിവസവും. വെന്താറുന്ന പകലിന്റെ അവസാന വെളിച്ചത്തിന്റെ കണികയും വിട്ടുപോകുംവരെ, ഞാൻ എന്നിലെ പുരുഷനെയും വെറുത്തു സ്നേഹിച്ചു, തുല്യതയുടെ കണക്കറിയാതെ. എന്‍റെ
രണ്ട്ഭാവങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് ചുരുങ്ങാനാവില്ല എനിക്കെന്ന സത്യം, ആദ്യം എനിക്കുൾക്കൊള്ളാനായില്ല. പൊള്ളി നീറ്റുന്ന ഉള്ളിലെ കനലുകളേ, ആരെയെങ്കിലും കാണിക്കാനും ഞാൻ ഭയന്നു. പത്രങ്ങളിലും, പുസ്തകത്താളിലും ഞാൻ എന്നെപോലെ ഒരുവനെ, അല്ലെങ്കിൽ ഒരുവളെ, തിരഞ്ഞുകൊണ്ടിരുന്നു. ‘സ്ത്രൈണം ലാസ്യമാകുന്ന ഒരു പുരുഷനെ’, പക്ഷെ കണ്ടെത്താനായില്ല. ചികിത്സയിലൂടെ എനിക്ക് എന്നിലെ പുരുഷനെ മറന്നുവയ്ക്കാമെന്നു, എന്തൊക്കെയോ വായിച്ചു ഞാൻ മനസ്സിലാക്കി പക്ഷെ, എന്നിലെ പുരുഷൻ മരിച്ചാൽ, അതെന്റെ ജീവനായ സ്ത്രൈണത്തിന്റെയും മരണമായിരിക്കുമെന്നെനിക്കു തോന്നി. റാക്കിന്റെ ലഹരി തലച്ചോറിൽ തിങ്ങി നിറയുമ്പോഴൊക്കെ, എന്നിലെ അർദ്ധപ്രാണനായ ‘പുഷ്പ്പനും’ എനിക്കുമാത്രമറിയുന്ന ‘പുഷ്പ്പയും’ ഏറ്റുമുട്ടും. ആരും ജയിക്കാത്ത, ആരും തോൽക്കാത്ത, യുദ്ധങ്ങളിൽ എനിക്ക് മാത്രം മുറിവുകൾ ഏറെയുണ്ടായിരുന്നു.

കൊക്കിച്ചുമച്ചു ശ്വാസം വല്ലാതെ വിലങ്ങിയ ഒരു സന്ധ്യക്ക്‌. അപ്പു വൈദ്യരുടെ ഗുളികകൾ വിഴുങ്ങാൻ വിസമ്മതിച്ചു, എന്‍റെ വലതുകരം അമ്മയുടെ നെറുകയിൽ തൊടുവിച്ചു അമ്മ എന്നിൽനിന്നും നിർബന്ധിച്ചു നേടിയെടുത്തു, ഒരു സത്യം. വിസമ്മതങ്ങളൊക്കെ മാറ്റിവച്ചു, അമ്മ പറയുന്ന ഏതുപെണ്ണിനെയും, ഞാൻ താലികെട്ടാമെന്നു. വിലങ്ങിപ്പോയ ശ്വാസം നേരെവീണപ്പോഴോ, പിന്നെ അമ്മയുടെ മടിയിൽകിടന്നു അമ്മയുടെ നെഞ്ചിന്റെ
കുറുങ്ങലുകളും കേട്ടു
കണ്ണ്നനയാതെ കരഞ്ഞപ്പോഴോ, ഞാനെന്ന സത്യം അമ്മയോടെങ്കിലും പറയണമെന്ന് മനസ്സ്
പലവട്ടംപറഞ്ഞു. പ്രതീക്ഷകൾ വറ്റിപ്പോയ ആ കണ്ണുകളിലെ എന്‍റെ വിവാഹമെന്ന തിളങ്ങി നിൽക്കുന്ന സ്വപ്നത്തിന്റെ നനുത്ത സ്വർണ്ണവെളിച്ചത്തിൽ നോക്കി, ഞാനെന്തെന്നു പറയാൻ പക്ഷെ, എനിക്ക് ഭയമായിരുന്നു വാസന്തി.

ചടങ്ങിനുവന്നു. മൂന്നാന്റെ ഉറക്കെ ചിരിക്കൊപ്പം, നിന്നെയൊന്നു
പാളിനോക്കിയപ്പോൾ ഞാനാകെ വിയർത്തിരുന്നു. അന്ന് രാവിൽ എന്‍റെ വേഷപ്പകർച്ചയുടെ നിശ്ശബ്ദതയിലും, ഞാൻ നിന്നെ വല്ലാതെയോർത്തു. നിന്‍റെ വലതു കവിളിലെ കറുത്ത സുന്ദര മറുകിനെയും. എന്‍റെ തീരുമാനത്തിന്റെ പതർച്ചകൾ അറിയാതെ, ഇനി കണ്ണുകൾ തുറക്കാതെ, എന്നോടൊന്നും പറയാതെ ഒരുനാൾ അമ്മ നിശബ്ദയായി, എന്‍റെ വിവാഹമെന്ന സ്വപ്നവും ചേർത്തുവച്ചു കടന്നു പോയി. ചോണനുറുമ്പുകൾ വട്ടമിട്ടു നടന്ന അമ്മയുടെ തണുത്ത ശരീരത്തിൽ ചേർന്നിരുന്നു ഞാൻ, കാലങ്ങൾക്കുശേഷം ഉറക്കെ കരഞ്ഞു. അമ്മക്ക് വിരലഗ്രങ്ങളിൽ നിന്നും ഞാൻ ഊർത്തിട്ടു കൊടുത്ത വിവാഹം എന്ന സത്യത്തെക്കുറിച്ചു ഓർത്തു, പിന്നെ അധികം ആലോചിക്കാതെ എപ്പോഴോ മൂന്നാനോട് സമ്മതം ഒരു മൂളലായി പറഞ്ഞു.

വാസന്തി, നീ കടന്നുവന്ന എന്‍റെ നിശബ്ദതയുടെ വീട്ടിൽ, ഞാൻ വല്ലാതെ ജാഗരൂകനായിരുന്നു. വീതുളിയുടെ മൂർച്ചകൂട്ടുന്ന സൂക്ഷ്മതയോടെ ഞാൻ എന്നെ നിന്നിൽനിന്നും മറച്ചുവെച്ചു. നിന്‍റെ വളകിലുക്കങ്ങൾ എന്നെ വല്ലാതെ ഉൻമത്തനാക്കികൊണ്ടിരുന്നു. പകലിൽ എന്‍റെ പുരുഷാംശങ്ങൾ നിന്നെ വിഭ്രാന്തികലർന്ന കൗതുകത്തോടെ നോക്കി. രാവിന്റെ ഇരുളിമയിൽ, എന്‍റെ നിയന്ത്രണങ്ങൾക്കപ്പുറം എന്നിലെ സ്ത്രീ തലയുയർത്തുമെന്ന സത്യം സ്വയം തിരിച്ചറിഞ്ഞ ആദ്യരാത്രിയിൽ, നീ തന്ന പാൽപാത്രം പാതികുടിച്ചു ബാക്കിമടക്കുമ്പോൾ, അങ്ങാടിയിലെ ഭരതൻവൈദ്യർ പ്രത്യേകം തയ്യാറാക്കിയ തന്ന ഉണക്ക നീലച്ചടയന്റെ വേരുകൾ
പൊടിച്ചുചേർത്ത ചൂർണ്ണം അതിലലിഞ്ഞിരുന്നു. പിന്നെയങ്ങോട്ടുള്ള കഴിഞ്ഞ പതിനാലു രാവുകളിലും, പാൽപ്പതയിൽ ഒളിഞ്ഞിരുന്ന ഉറക്കത്തിന്റെ ലഹരി നീയറിഞ്ഞില്ല.
കസവുസാരിചുറ്റി, കവിളിലും, ചുണ്ടുകളിലും നിറങ്ങൾചേർത്ത്, ഒതുക്കി കെട്ടിവച്ച മുടിയിൽ പൂക്കൾ ചൂടി, രാത്രിയുടെ ഇരുളിലേക്ക് ഊളയിടും മുൻപ്, നിന്‍റെ
വലതുകവിളിലെ കറുത്തമറുകിൽ ഞാൻ അസൂയയോടെ വിരലോടിച്ചിരുന്നു എന്നും. ചാരിവയ്ക്കുന്ന മുൻവാതിലിനപ്പുറം ഞാൻ എന്നും എന്തുകൊണ്ടോ തെറ്റുചെയ്യുന്ന കുട്ടിയെപ്പോലെ അസ്വസ്ഥനായിരുന്നു. പുലർകാലത്തെ തണുത്ത മഞ്ഞുകണങ്ങളുമായി, ഗാഢമായി ഉറങ്ങുന്ന നിന്നരുകിലേക്കു നിശബ്ദമായി തിരിച്ചു വന്നു അഴിച്ചുവച്ച സ്ത്രൈണത അയവിറക്കി കിടക്കുമ്പോഴും, എന്‍റെ പരിഭ്രാന്തികളിൽ, എന്‍റെ നിയന്ത്രിക്കാനാവാത്ത നിസ്സഹായതയിൽ, ഞാൻ സ്വയം പഴിച്ചുകൊണ്ടിരുന്നു.

ഈ രാവ് വെളുക്കാതിരുന്നെങ്കിൽ എന്നാശിക്കുന്നു, വാസന്തി ഞാൻ. ഇന്നലെ സന്ധ്യയുടെ ഇരുള് പരക്കുന്നനേരത്തു എന്തോ തിരഞ്ഞുപോയ നിന്‍റെ കയ്യിൽ ഞാൻ അതിസൂക്ഷ്മമായി ഒളിപ്പിച്ചു വച്ച മരപ്പെട്ടി, കിട്ടാതിരുന്നെങ്കിൽ, എന്‍റെ നിസ്സഹായതയുടെ ഈ കഥ, ഇനിയും തുടരുമായിരുന്നു. നീ തുറന്നുവച്ച പെട്ടിയിലെ അത്ഭുത കാഴ്ച്ചകൾ, നിന്നെ തകർത്തു തീർത്ത കോപത്തിന്റെ, സങ്കടങ്ങളുടെ,വിഭ്രാന്തിയുടെ അന്ധതയിൽ നീ നിലവിളിച്ചു ഉഴറി പതംപറഞ്ഞു കരഞ്ഞതും, പിന്നെ നീ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു ചിതറിപ്പോയ എന്‍റെ പെട്ടിയിലെ കസവുസാരിയും, കുപ്പിവളകളും, നിറങ്ങളും, എന്നെ വേദനിപ്പിച്ചതിലുപരി, എന്നിലേക്ക്‌ തറഞ്ഞു കയറിയത്, നിന്‍റെ കരച്ചിലുകൾക്കിടയിൽ നീ പല്ലിറുമ്മി പറഞ്ഞ ‘രണ്ടും കെട്ടവൻ, വഞ്ചകൻ’ എന്ന വാക്കുകളായിരുന്നു. . ഉത്തരങ്ങൾ തീർന്നു പോയവനെ പോലെനിന്ന, എന്റെകണ്ണുകളിലെ നനവ്മാത്രം നീ കണ്ടില്ല. അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടാൻ മുതിരാതെ, ഞാനെന്തെന്ന തിരിച്ചറിവിൽ, കരഞ്ഞു ചുവന്ന കണ്ണുകളിൽ തീയും, ശ്വാസംവിലങ്ങി പോയനെഞ്ചുമായി, വലംകൈയാൽ നീ വിറച്ചുവീശി ഓങ്ങിയടിച്ച എന്‍റെ വലതുകവിളിൽ ചോരതിണിർക്കും മുൻപേ, മുൻവാതിൽ ശക്തമായി വലിച്ചടച്ചു നീ വീടിനകത്തേക്ക് പോയിരുന്നു.

വാസന്തി, പതിവില്ലാതെ മാനത്ത് അൽപ്പാൽപ്പമായി മറയാൻ തുടങ്ങിയ നിലാവിൽ ഞാൻ കിതച്ചു, തരിച്ചിരുന്നു, സന്ധ്യമാറി ഇരുള്
കനക്കുവോളം. നീ മുൻവാതിൽ തുറന്നു ഇനിയും, പുകക്കറയുള്ള റാന്തൽ വിളക്കുമായെത്തുമെന്ന പ്രതീക്ഷ തീർന്നുപോയ യാമപകുതിയിൽ, വീണ്ടും മെല്ലെ തെളിഞ്ഞ നിലാവിൽ, എന്‍റെ സ്ത്രൈണം പതുക്കെ വിറച്ചുണർന്നു. നീ വലിച്ചെറിഞ്ഞു ചുളിഞ്ഞു
ചെളിപറ്റിയ കസവുസാരി, നിവർത്തിയുടുത്തു. കവിളും, ചുണ്ടകളും നിറംചേർത്തു, ഉലഞ്ഞ നീണ്ടമുടി ചീകിയൊതുക്കി
നന്ത്യാർ വട്ടപൂക്കൾ തലയിൽ ചൂടി, പൊട്ടിയ കുപ്പിവളകൾ കരങ്ങളിൽ ചേർത്തിട്ടു എന്‍റെ പതിവുയാത്രക്ക് മുൻപ്
പതിവ്തെറ്റി, ഞാൻ പിടിച്ചു നിർത്താനാവാതെ, അർത്ഥമില്ലാത്ത, വിങ്ങിപൊട്ടിക്കരഞ്ഞിരുന്നു.

വാസന്തി, തണുത്തുറഞ്ഞ ഈ പാലമരച്ചുവട്, എന്‍റെ മനസ്സുപോലെ ഇന്ന് നിർവികാരമാണ്. ഇന്ന് ചിതയിലെരിയുന്ന ഈ മൃതശരീരം പോലും എന്നെ കേൾക്കുന്നതുപോലെ തോനുന്നു. ഇന്നെനിക്കു ഉന്മാദത്തോടെ വിറച്ചാടാനാവില്ല. നാളെ പുലരിയിൽ നിന്നിലൂടെ ദേശമറിയുന്ന എന്‍റെ യാഥാർത്ഥകഥ എന്നെ വല്ലാതെ പേടിപ്പിക്കുന്നു. എന്‍റെ
സൂക്ഷ്മതയിൽ സ്വയം കാത്ത്സൂക്ഷിച്ച ഞാൻ, നാളെ കൂടുതുറന്നു വെളിവാകുന്നവരുടെ ഇടയിൽ, ഇനിയുമെനിക്ക് ജീവിച്ചു തീർക്കാനാവില്ല എന്ന ഭയവും ഞാനറിയുന്നു. ശാപ ജന്മ്മത്തിലേക്കു നിന്നെ വലിച്ചിഴക്കരുതായിരുന്നു ഒരിക്കലും. അളവുകൾ കുറിച്ചു മറന്ന മുറിപ്പെൻസിലിൽ, നിറംപോയ
പഴയതാളുകളിൽ കുറിച്ചിട്ട എന്‍റെ കഥയിൽ പലയിടത്തും എന്‍റെ
കണ്ണ്നീരുവീണുമാഞ്ഞ അക്ഷരങ്ങൾ ഇനി തിരുത്താൻ ഞാൻ ശ്രമിക്കുന്നില്ല. കത്തിത്തീരുന്ന ചിതയുടെ വെളിച്ചത്തിൽ ആരും മനസ്സിലാക്കാൻ ശ്രമിക്കാത്ത, ഞാനെന്ന എന്നെ, കളവുകളില്ലാതെ, അക്ഷരത്തെറ്റോടെ എഴുതി നിറച്ചിരിക്കുന്നു. തണുത്തകാറ്റ് ചിതയിലെ ജ്വാലകളെ വല്ലാതെ വളച്ചൊടിക്കുന്നു.

വാസന്തി, എന്നത്തേക്കെന്നറിയാതെ, എപ്പോഴോ കരുതിവച്ച ചെറിയ കുപ്പിയിലെ വിഷത്തുള്ളികൾ എന്‍റെ വരണ്ട ദാഹം ശമിപ്പിക്കുമിന്ന്. ഉടയാത്ത ചേലോടു കൂടി, ഒരു സ്ത്രീയായിത്തന്നെ, മരിക്കണമെന്നുള്ള എന്‍റെ ഗൂഢമായ ആഗ്രഹത്തിന്റെ സമാഗത സമയമായിരിക്കുന്നു. നാളെ ഈ ചിതക്കരുകിൽ വിറങ്ങലിച്ച എന്‍റെ ശരീരത്തിലേക്ക്,സൂക്ഷ്‌മതയോടെ പാഞ്ഞുകയറി എന്നെ .
വിവസ്ത്രയാക്കുന്ന അനേകം കണ്ണുകളെ, ഞാൻ ഭാവനയിൽ കാണാൻ ശ്രമിക്കുന്നു. എന്‍റെ രഹസ്യങ്ങളുടെ അവസാനയറയും തുറന്നു,നാളെമുതൽ ജനിക്കുന്ന വിചിത്രകഥകളിൽ ഇനി ഞാനുണ്ടാകും. വൈചിത്ര്യങ്ങളുമായി.

വാസന്തി, സങ്കരപ്പെട്ടുപോയ എന്‍റെ ജീവിതത്തിൽ നീ എനിക്കെന്തായിരുന്നു എന്നെനിക്കറിയില്ല. പകലുകളിൽ ഞാനെന്ന ദുർബല പുരുഷന്റെ കാമനകൾ എപ്പോഴെങ്കിലും ഉണർത്തിവിട്ട സ്ത്രൈണമോ.? രാവുകളിൽ ഏറെനേരം നോക്കി നിന്നു, വിരലഗ്രത്താൽ വിറച്ചു തൊട്ടുനോക്കിയ, ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന സ്ത്രൈണ സഹജമായ അസൂയയോ.?
അക്കമിട്ടു പറയാനറിയില്ല.
ഒന്നുമാത്രം പറയാം.
നിന്നെ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു. വ്യക്തമായി നിവചിച്ചു ഉത്തരം പറയാനാവാത്ത, ആരും ഇന്നുവരെ അനുഭവിച്ചിറഞ്ഞിട്ടില്ലാത്ത ഒരു സ്നേഹഭാവത്തോടെ.

വാസന്തി, എന്‍റെ സ്ത്രൈണതയുടെ ശാപജന്മം, ഇവിടെ പൂർണ്ണമാകുന്നു, പരാതികളും, പരിഭവവുമില്ലാതെ. മെല്ലെ ഉള്ളിൽ പരന്നുപടരുന്ന വിഷം. കൈവിരലുകൾ മരവിപ്പിക്കുന്നു. അവസാന ഊർജ്ജകണികകൾ എനിക്ക് വേണം. എന്‍റെ വേഷവിധാനങ്ങൾ ഒന്ന് കൂടി ചെറിയ വട്ടക്കണ്ണാടിയിൽ ഉറ്റുനോക്കി തിരുത്തുവാൻ. ജ്വലകളടങ്ങിയ ഈ ചിതക്കരുകിൽ ഒന്ന് നിവർന്നു കിടക്കുന്ന നാളേക്കുള്ള പ്രദര്ശനവസ്തുവാകാൻ തയ്യാറെടുക്കാൻ,ഒടുവിൽ എന്‍റെ കഥകൾ കേട്ടു എന്നെ മനസ്സിലാക്കിയ, എന്നെ അറിയുന്ന, ഞാനറിയുന്ന, ഇലകളിളകുന്ന പാലമരം, ഒന്ന് കൂടി കണ്ണ്നിറച്ചു കാണുവാൻ. ആ പൂക്കളുടെ ഗന്ധം അവസാനമായി നെഞ്ചകം നിറച്ചു വയ്ക്കാൻ, പിന്നെ എന്നിലേക്ക്‌ അവിചാരിതമായി കടന്നുവന്നു ഇനിയും വാക്കാൽ പറയാനറിയാത്ത, തീരാത്ത ഇഷ്ട്ടമുള്ള നിന്നെ, ഒന്നോർത്തു കണ്ണ്നനക്കുവാൻ. ചോർന്നുപോകുന്ന അവസാന ഊർജ്ജകണികകളെ ഞാൻ ചേർത്ത് വയ്ക്കട്ടെ അതിനുവേണ്ടി.

വാസന്തി, നിനക്കെന്നെ ശപിക്കാം മനസ്സ് തണുക്കുംവരെ.നിന്റെ സ്നേഹത്തിനു പകരംതരാൻ എന്‍റെ കയ്യിൽ ഇനിയൊന്നുമില്ല. ഇനിയൊരു ജന്മമമുണ്ടെങ്കിൽ ഞാൻ വരാം, പൂർണ്ണ സ്ത്രൈണത നിറഞ്ഞൊരു സ്ത്രീയായി, അന്ന് എന്നെ നിന്റെ നെഞ്ചോട് ചേർത്ത്നിർത്തുന്ന, ഒരു പൂർണ്ണ പുരുഷനായി നീ ജനിക്കുമെങ്കിൽ. എന്നെ തേടിപ്പിടിക്കുമെങ്കിൽ.എണ്ണിപ്പറഞ്ഞു ക്ഷമചോദിക്കാൻ, അടയുന്ന കണ്ണുകളിലും, ഇഴയുന്ന ശ്വാസത്തിനുമിനിയാവില്ല. . ഒറ്റവാക്കിൽ യാചിച്ചു ചോദിക്കാം, എല്ലാ തെറ്റുകൾക്കും ….മാപ്പ്.

Harish Moorthy✍

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: