അതൊരു നനഞ്ഞ പ്രഭാതമായിരുന്നു.….
ചന്നം പിന്നം മഴ പെയ്തു കൊണ്ടിരുന്ന അതേ-വെളുപ്പാൻ കാലത്തു തന്നെയാണ്, പ്രഭാത നടത്തം കഴിഞ്ഞു നനഞ്ഞൊട്ടിവന്ന മനുവേട്ടന്റെ പിന്നാലെ ഒരു പട്ടിക്കുഞ്ഞും വീട്ടിലേയ്ക്കു വന്നത്.
ഇരുണ്ടതവിട്ടു നിറത്തിൽ, ഒരു മുതിർന്ന പൂച്ചയുടെ മാത്രം വലിപ്പമുള്ള ഞൊണ്ടിനടക്കുന്ന പട്ടിക്കുഞ്ഞിനെ ഒറ്റനോട്ടത്തിൽത്തന്നെ എനിക്കിഷ്ടമായില്ല.
അതിന്റെ ദയനീയമായ നോട്ടം, ഞാൻ കണ്ടില്ലെന്ന് നടിച്ചു. കൈ വീശി
ഓടിക്കാൻ ശ്രമിച്ച എന്നെ മനുവേട്ടൻ തടഞ്ഞു.
“നീ അതിനു തിന്നാനെന്തെങ്കിലും
കൊടുക്ക്, കാൽ സുഖപ്പെടുമ്പോൾ അത് പൊയ്ക്കൊള്ളും” എന്ന് പറഞ്ഞ് അകത്തേക്ക് നടന്നു. മനുഷ്യരെപ്പോലെയല്ല നായയെന്നും, ഭക്ഷണം കൊടുത്താൽ നന്ദി കാണിക്കുന്ന ശീലം അവയ്ക്കുണ്ടെന്നും, പിന്നെ അത് ഇവിടം വിട്ടു പോവില്ലെന്നും എനിക്കറിയാമായിരുന്നു. ഞാനത് പറയുകയും ചെയ്തു..
അഞ്ചു സെന്റിൽ താമസിക്കുന്ന നമുക്ക്
പിന്നീടതു ബാധ്യതയാകുമെന്ന എന്റെവാക്കും പാഴ് വാക്കായി.
അങ്ങിനെയത്, വീട്ടിലെ പാതിയംഗമായി.
പ്രാതൽ കഴിഞ്ഞ് പകൽമുഴുവൻ വീടിനു മുന്നിലെ ചെറുറോഡിലൂടെ ചുറ്റിത്തിരിയും. രാത്രി മനുവേട്ടൻ വരുന്ന നേരംനോക്കി വീട്ടു പടിക്കലെത്തും. ഭക്ഷണം കഴിച്ച് വാലാട്ടി നന്ദി കാണിച്ച് തിരികെപ്പോവുകയും ചെയ്യും.
അതിന്റെ കണ്ണുകളിലെ ദൈന്യതയും അനാഥത്വവും കണ്ട് അപ്പൊഴേക്ക് ഞാനും ഇടയ്ക്കൊക്കെ അതിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു … ഒരനാഥക്കുഞ്ഞല്ലേ ?
പകൽ മുഴുവൻ റോഡിലായതിനാൽ അയൽക്കാരും, പതിവു യാത്രക്കാരും, സന്ധ്യ കഴിയുമ്പോൾ നാട്ടുവിശേഷങ്ങൾ കൈമാറാൻ കലുങ്കിനു മുകളിലൊത്തുകൂടുന്നവരും അവളെ ശ്രദ്ധിക്കാനും, ഭക്ഷണം കൊടുക്കാനുമൊക്കെ തുടങ്ങിയിരുന്നു. അങ്ങിനെയവൾ നാട്ടുകാരുടെ പൊതുമുതലായി.
“ടിപ്പു ” എന്ന പേരുള്ള, ബുദ്ധിമാനായ ഒരു കറുമ്പൻനായ നാട്ടിലുണ്ടായിരുന്നതിനാൽ ചരിത്രബോധമുള്ള നാട്ടുകാർ, പുതിയ അതിഥിക്ക് “സുൽത്താൻ” എന്നു പേരു നൽകി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തു……അതൊരു പെൺപട്ടിക്കുഞ്ഞാണെന്നറിയാതെ……!
മുടന്തു മാറി ആരോഗ്യത്തോടെ ഓടിനടന്ന പട്ടിക്കുഞ്ഞ്, പക്ഷേ ഒരു പെണ്ണാണെന്നറിയാൻ നാട്ടിലെ തിരക്കുകൾക്കിടയിൽ ഇത്തിരി വൈകിപ്പോയിരുന്നു..!
പെണ്ണാണെന്നറിയുമ്പോഴേക്ക് അവളൊരു സുന്ദരിക്കുട്ടിയായി ……സുന്ദരിപ്പട്ടിയായി മാറിയിരുന്നു. അവളുടെ വളർച്ച; പേരിന്റെ കാര്യത്തിൽ തീർച്ചയായും ഒരു പ്രതിസന്ധിയുണ്ടാക്കി.
ഒട്ടുസങ്കോചത്തോടെയും, ഇത്തിരി ജാള്യത്തോടെയും, “സുൽത്താനെ” പെണ്ണാക്കുവാൻ നല്ലവരായ നാട്ടുകാർ തീരുമാനിച്ചു. അന്നു വൈകുന്നേരം മുതൽ അവൾ “സുൽത്താനി” എന്നു വിളിക്കപ്പെട്ടു.
‘സുൽത്താന’ എന്നത് സ്ത്രീലിംഗ പേരാണെങ്കിലും ഇനിയൊരു കൺഫ്യൂഷൻ ഉണ്ടാകരുതെന്ന് കരുതിയാവണം അവർ
‘സുൽത്താനി’ തന്നെ മതിയെന്ന് തീരുമാനിച്ചത്.
അപ്പോഴേക്ക് നാട്ടിലെ കുമാരൻമാരായ ആൺപട്ടികൾ അവളുടെ പിന്നാലെ കൂടാൻ തുടങ്ങി. പെണ്ണാണെന്നറിഞ്ഞതോടെ പുത്തൻ പേരു നൽകിയവരടക്കം പതിയെ പിൻവലിയുകയും ചെയ്തു…
പിന്നെ അവളുടെ ജീവിതം ഞങ്ങളുടെ വീടിന് മുന്നിലെ റോഡും, ഒഴിഞ്ഞ പറമ്പുമായി. ഒരു ദിവസം വീടിനു മുന്നിൽ പട്ടികളുടെ ബഹളം കേട്ട് പുറത്തിറങ്ങിയ ഞാൻ കണ്ടത് ‘ സുൽത്താനി’ യെ മൂന്നു നാലു വലിയ പട്ടികൾ ചേർന്ന് ബലമായി പ്രേമിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ്.
അതിന്റെ പേടിച്ചരണ്ട കണ്ണുകളിലെ യാചനാ ഭാവം തിരിച്ചറിഞ്ഞ ഞാൻ, കല്ലെറിഞ്ഞ് വലിയ പട്ടികളെ ഓടിച്ചു. പക്ഷേ പാവം ‘സുൽത്താനി’ക്ക് ഒളിക്കാനൊരിടമില്ലല്ലോ!
നിരാലംബയായ ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു അപ്പോഴവൾക്ക് !
അൽപ്പം ആലോചിച്ചശേഷം ഞാൻ, ഗേറ്റ് പാതി തുറന്നിട്ടു. അവൾ മുറ്റത്ത് കയറിക്കിടന്നു. അന്നു മുതൽ ഇടയ്ക്കിടെ അവൾ ഗേറ്റിനകത്തായി. ഇതൊരു പതിവുമായി. ചെറിയ അനിഷ്ടമുണ്ടെങ്കിലും ഞാനതനുവദിച്ചു കൊടുക്കുകയായിരുന്നു.
അനാഥയെ സംരക്ഷിച്ച തൃപ്തിയോടെ ഞാനും ജീവിതം തുടർന്നു.
×××××××
ദിവസങ്ങൾ യാതൊരു ഭാവദേദവുമില്ലാതെ
കൊഴിഞ്ഞുകൊണ്ടേയിരുന്നു…
ചെറിയമഴയുള്ള ഒരു ദിവസം രാവിലെ,
പതിവുപോലെ മനുവേട്ടനും മക്കളും പോയതിന് ശേഷം, പത്രമെടുക്കാനായി മുറ്റത്തിറങ്ങിയ ഞാൻ കണ്ടത്, പത്രക്കാരൻ പയ്യൻ എറിഞ്ഞിട്ടു പോയ അന്നത്തെ പത്രത്തിന്റെ പുറത്ത് കിടന്ന് വിശ്രമിക്കുന്ന സുൽത്താനിയെയാണ് …!
എനിക്ക് ദേഷ്യം വന്നു.
‘കിടക്കാൻ കണ്ട ഒരു സ്ഥലം,
പോ … ദൂരെ’ ഞാൻ അവളെ ഓടിച്ചു വിട്ടിട്ട് പത്രം കയ്യിലെടുത്തു. അങ്ങിങ്ങ് നനഞ്ഞിരിക്കുന്നു. അൽപ്പം കീറിയിട്ടുമുണ്ട്. ഗേറ്റടച്ചിട്ട് പത്രം നിവർത്തിയ എന്റെ കണ്ണിലാദ്യം പെട്ടത് ഒരു ചെറുകോളം വാർത്തയാണ്.
“തലസ്ഥാന നഗരിയിൽ, ബസ്റ്റാൻഡിനടുത്തുള്ള മരച്ചുവട്ടിൽ, ഉറങ്ങിക്കിടന്ന അന്യസംസ്ഥാനക്കാരി പെൺകുട്ടി പീഡനത്തിനിരയായി “
വായിയ്ക്കുന്നതിനിടയിൽ, ചെറിയൊരു ബഹളം കേട്ട്, തലയുയർത്തിയ ഞാൻ ഞെട്ടിപ്പോയി. പൂവാലക്കൂട്ടം സുൽത്താനിയെ വട്ടംചുറ്റിയിരിക്കുന്നു.
അവൾക്കപ്പോൾ പത്രവാർത്തയിലെ കുട്ടിയുടെ മുഖമാണെന്ന് എനിക്കു തോന്നി.
‘നരനായാലും നായയായാലും നാരിയ്ക്ക് വിധിച്ചത് നരകം തന്നെ’ യെന്നു ചിന്തിച്ച്, പത്രം താഴെയിട്ട്, ഗേറ്റു തുറന്നു ഞാൻ പുറത്തിറങ്ങി.
പത്രവാർത്തയിലെ, കാണാപ്പെൺകുട്ടിയുടെ മുഖമുള്ള അവളുടെ കൈപിടിച്ച് ഞാൻ വീടിനുള്ളിലേക്കുനടന്നു. ആ മുഖത്തപ്പോൾ എന്റെ മുഖത്തുണ്ടായിരുന്നതിനേക്കാൾ നിശ്ചയദാർഢ്യമുണ്ടായിരുന്നു.
××××××
അതുമൊരു പ്രഭാതമായിരുന്നു…
ഒരു നനഞ്ഞ പ്രഭാതം.