എന്നും അവളൊറ്റയ്ക്കാണ്. കുടെ ഉണ്ടായിരുന്ന ഒരേയൊരാങ്ങള അയലത്തെ അദ്ദേഹത്തിന്റെ മകളുടെ കൂടെ ഇറങ്ങിപ്പോയതില്‍ പിന്നെ ഒരിക്കല്‍പ്പോലും അവളുടെ വീടിന്റെ ഓരത്ത് എത്തിനോക്കുകയോ ഒന്ന് വിളിക്കുകയോ ചെയ്തിട്ടില്ല. അച്ഛനെ അവള് കണ്ടിട്ടില്ല. അമ്മ പോലും ഒരിക്കലൊരു ബന്ധുവീട്ടില്‍ വെച്ചേ അച്ഛനെ കണ്ടതായ് പറഞ്ഞിട്ടുളളൂ. തന്നെയുമല്ല അവളുടെ ആങ്ങളയായ ഉണ്ണിയുടെ അച്ഛന് വേറെയൊരാളാണെന്ന സത്യം അവളറിഞ്ഞത് അമ്മ മറ്റൊരാളുടെ കൂടെ ഇറങ്ങിപോയതിന് ശേഷമാണ്.
ജീവിതം മടുത്ത് അവള് നിലവിളിച്ചതൊന്നും ആരും കേട്ടതായ് ഭാവിച്ചില്ല സ്വന്തക്കാര്‍ക്കെല്ലാം അവരവരുടെ തിരക്കുകള്‍. ഒന്നിനോടൊന്ന് മിണ്ടാനില്ലാതെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍
എല്ലാ രാത്രികളിലും അവളൊറ്റയ്ക്ക്.
സാവിത്രിയെന്നത് അവള്‍ക്ക് ആരോ ഇട്ട പേരാണ്. അവള് ഒരു തെരുവ് പെണ്ണല്ല.അവളൊരു അഴിഞ്ഞാടി നടക്കുന്നവളുമല്ല. എന്നിട്ടും എല്ലാ രാത്രികളിലും അവളുടെ ശരീരം കൊതിച്ചുകൊണ്ട് ചില നായ്ക്കള്‍ ആ വീടിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ചെറ്റ പൊക്കാന്‍ വരുന്ന കുറുക്കന്റെ കണ്ണുളളവര്‍ വേറെയും. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാത്രി അടച്ചുറപ്പില്ലാത്ത വീടിനകത്ത് ഉടുക്കാന്‍ തുണി പോലുമില്ലാതെ തലയും മുലയും കാണിച്ച് കിടന്നാല്‍ ആരാണ് അങ്ങോട്ടൊന്ന് നോക്കാത്തത്. അവരവരുടെ വിശപ്പ് മാറ്റാനുളള നോട്ടം അവളുടെ ശരീരത്തില്‍ എപ്പോഴും പതിഞ്ഞുകൊണ്ടിരുന്നു.
അവള് താമസിക്കുന്ന ഇടത്ത് പൗരസമതിക്കാരും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും പഞ്ചായത്ത് മെമ്പറും എല്ലാവരും വരാറുണ്ട് വന്നതുപോലെ തിരിച്ച് പോവാറുമുണ്ട്. എന്നിട്ടും അവള്‍ക്കുവേണ്ടി ഒരു സഹായം ചെയ്യാന്‍ ആരും തയ്യാറാവുന്നില്ല. അവള് വേശ്യയല്ല. ആരോടൊപ്പവും കിടക്ക പങ്കിട്ടിട്ടുമില്ല. എന്നിട്ടും കഴുകന്റെ കണ്ണുകള്‍ അവളെ എപ്പോഴും കൊത്തിവലിച്ചുകൊണ്ടിരുന്നു.
ഇന്നവള്‍ ഗര്‍ഭിണിയാണ്. കാരണക്കാരന്‍ ആരാണെന്ന്
ആരൊക്കെ എങ്ങനെ ഒക്കെ ചോദിച്ചിട്ടും നിലവിളിക്കുകയല്ലാതെ കമാന്നൊരക്ഷരം അവള് പറഞ്ഞിട്ടില്ല. പക്ഷേ പലര്‍ക്കും പലരേയും സംശയമുണ്ട്. അസമയത്ത് പറമ്പില്‍ അവളേയും മറ്റൊരാളേയും ഒരുമിച്ച് കണ്ടവരുണ്ട്. മുറ്റത്ത് നിന്ന് അവരുടെ അതിരുവിട്ടുളള കളികളും കണ്ടവരുണ്ട്. തന്നെയുമല്ല രണ്ടുപേരും പരിപൂര്‍ണ്ണ നഗ്നരുമായിരുന്നു.
എത്രയൊക്കെയായാലും ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കി കടന്നുകളയുന്ന ആണിനെ കയ്യോടെ പിടികൂടി കല്ല്യാണം കഴിപ്പിക്കേണ്ടതാണ്. പക്ഷേ കല്ല്യാണത്തിനും രണ്ടുപേരും തയ്യാറല്ല. അവര്‍ക്ക് കല്ല്യാണം പറഞ്ഞിട്ടില്ലത്രേ !ചോദിക്കേണ്ടവിധം നാട്ടുകാര്‍ ചോദിച്ചപ്പം നിര്‍ത്താതെ നിലവിളിക്കയല്ലാതെ രണ്ടാളും ഒരക്ഷരം മിണ്ടുന്നില്ല. കുടുംബമായ് ജീവിക്കാന്‍ അവര്‍ക്കാവില്ല എന്നമട്ടാണ്. അവളുടെ അഹങ്കാരം ആരെക്കൊണ്ടും അവളെ സഹായിക്കാന്‍ കഴിയാത്തവിധം അവളെ തളര്‍ത്തിയിരിക്കുന്നു. ആരെന്ത് ചോദിച്ചാലും നിലവിളിക്കയല്ലാതെ മറ്റൊരുത്തരവും
അവള്‍ക്കില്ല. ഒടുക്കം ഒരു കര്‍ക്കിടകരാത്രി കോരിച്ചൊരിയുന്ന മഴയത്ത് ആരും സഹായത്തിനില്ലാതെ അവള് പ്രസവിച്ചു.
നിവിളികേട്ട് ലൈറ്റിട്ട് വാതില്‍ തുറന്ന് നാരായണിയമ്മ മകനായ കുഞ്ഞിരാമനേയും വിളിച്ചുണര്‍ത്തി ആട് പെറ്റ കാര്യം പറഞ്ഞു. പാത്തുമ്മയുടെ ആട് പെറ്റിട്ട് എത്ര കുട്ടിയുണ്ടമ്മേ എന്നാണ് കുഞ്ഞിരാമനറിയേണ്ടത്. നാരായണിയമ്മ ഓരോ മക്കളെ സാവിത്രി പെറ്റിടുന്തോറും പഴന്തുണിയില്‍ തുടച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നു.
നേരം പാതിരയായിട്ടും നാരായണിയമ്മ അഞ്ചുമക്കളുടെ അമ്മയ്ക്ക് കഞ്ഞിയുണ്ടാക്കുന്ന തിരക്കിലാണ് . ഇവിടെ ആരും ഉറങ്ങിയിട്ടില്ല അപ്പോള്‍ തോന്നി ഒരു കഥയെഴുതാമെന്ന്
അപ്പം ശരി ഞാനെഴുതട്ടെ..പിന്നെ കാണാം
ഹരീഷ് ഇയ്യോളിക്കണ്ടി ✍️
നന്നായിട്ടുണ്ട്…ഹരീഷ് ഭായ്
ആശംസകൾ.
Thank you…..
Thank you…..