സാറാമ്മച്ചി:“എന്റെ പൊന്ന് ഡോക്ടറെ എനിക്ക്
സ്വന്തമായി ആരുമില്ല, ഉള്ള ഒരാളെ
കർത്താവ് തമ്പുരാൻ നേരത്തെ
അങ്ങ് വിളിച്ചു, പരിശോധനയിൽ
കുഴപ്പം വല്ലതും ഉണ്ടെങ്കിലും
ഇല്ലെങ്കിലും എന്നോട് തന്നെ
തുറന്ന് പറയണം”
ഡോക്ടർ: “പേടിക്കാൻ ഒന്നുമില്ല, ഷുഗർ
ഇത്തിരി കൂടുതലാ മറ്റ്
കുഴപ്പങ്ങളൊന്നുമില്ല”വീട്ടിൽ
ഒറ്റയ്ക്കാണോ അമ്മച്ചി
താമസിക്കുന്നത്?
സാറാമ്മച്ചി : ഒറ്റയ്ക്കാണ് ഡോക്ടറെ,
സഹായിക്കാൻ ഒരു വേലക്കാരി
കൊച്ച് വരും. അതിന്റെ ഭർത്താവും
മക്കളും എന്റെ ചാവടിയിൽ
തന്നെയാ താമസിക്കുന്നത്.
ആരുമില്ലാത അനാഥയായ എനിക്ക്
ഈ അവസാനകാലത്ത് കർത്താവ്
തമ്പുരാൻ തന്ന ഇത്തിരി സന്തോഷം,
ആ കൊച്ചുമക്കൾ അമ്മച്ചി എന്ന്
വിളിക്കുമ്പോൾ എന്റെ ഹൃദയത്തിന്
എന്തൊരു കുളിരാണന്നോ.
ഈ സമയം പുറത്ത്
അകത്തു നടക്കുന്ന സംഭാഷണങ്ങൾ കേട്ട് ഈറനണിഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ജോസും അയാളുടെ ഭാര്യ നാൻസിയും ഇരിപ്പുണ്ടായിരുന്നു. നൊന്തു പ്രസവിച്ച തന്റെ പെറ്റമ്മ താൻ അനാഥയാണെന്നും പറഞ്ഞ് വിലപിക്കുന്നത് കേൾക്കേണ്ടി വരുന്ന ഒരു മകന്റെ നിസ്സഹായ അവസ്ഥയിലയിരുന്നു അയാൾ.
ജോസിന്റെ ചെറുപ്പത്തിലെ അപ്പൻ വർക്കിച്ചൻ സ്വർഗ്ഗം ലോകം പൂകി. സാറാമ്മച്ചി ഒത്തിരി കഷ്ടപ്പെട്ടാണ് ജോസിനെ വളർത്തിയത് . ജോലിയൊക്കെ കിട്ടി കഴിഞ്ഞ് സാറാമ്മച്ചി മുൻ കൈയെടുത്താണ് നാൻസിയുമായി കെട്ട് നടത്തിയത്.
സ്നേഹം മാത്രം അലതല്ലിയ ആ വീട്ടിൽ പെട്ടെന്ന് കാർമേഘങ്ങൾ ഉരുണ്ടുകൂടി. ജോസ് നാഴികയ്ക്ക് നാല്പതുവട്ടം അമ്മച്ചിയുടെ കൈ പുണ്യത്തെ പറ്റി വാഴ്ത്തി പറയുമായിരുന്നു.
ആദ്യമാദ്യം കറികളിൽ ഉപ്പ് കൂടിയും മുളക് കുറഞ്ഞു ചായയിൽ മധുരം ഇല്ലാതെയും ഒക്കെ വന്ന് തുടങ്ങി. പ്രായത്തിന്റെ മറവിയായി കണ്ട് അവർ അതിനെ കാര്യമാക്കിയില്ല.
പക്ഷേ അമ്മച്ചി സ്വന്തം കാര്യങ്ങളിൽ പോലും മറവി കാണിച്ച് തുടങ്ങി. ഒരു സുപ്രഭാതത്തിൽ മരുമകളേയും കൊച്ചുമക്കളേയും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യം വന്നതോട് കൂടിയാണ് ജോസിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
സാറാമ്മച്ചിയെ പരിശോധിച്ച ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ട് ജോസ് ഞെട്ടിപ്പോയി. പുറത്ത് നിന്നു നോക്കുന്നവർക്ക് യാതൊരു അസുഖവും തോന്നാത്ത തന്റെ അമ്മച്ചി ‘അൽഷ്യമേഴ്സ്’ എന്ന മാരക രോഗത്തിന്റെ പിടിയിലമർന്ന് അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു.
കുറച്ച് കാലത്തിനുശേഷം സാറാമ്മച്ചി തന്റേതായ ഒരു ലോകത്ത് ഒതുങ്ങി കൂടി. ഒറ്റയ്ക്കിരുന്ന് വർക്കിച്ചന്റെ ഫോട്ടോയിൽ നോക്കിയിരുന്നു മണിക്കൂറുകളോളം വർത്തമാനം പറയും, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, സ്വന്തം ദിനചര്യകൾ പോലും മറന്ന്.
സ്വന്തം മകനേയും മരുമകളേയും കൊച്ചുമക്കളേയും മറ്റു ബന്ധുമിത്രാദികളെയും ഓർക്കാതെ അവരെ അറിയാതെ മറ്റൊരു ലോകത്ത് അവർ തനിച്ചായി. എങ്കിലും ജോസ് തന്റെ അമ്മച്ചിയെ ഒറ്റയ്ക്കാക്കി പോയില്ല. നാൻസിയെ ജോലിക്കാരിയുടെ വേഷം കെട്ടിച്ച് അമ്മച്ചിയെ പരിചരിച്ച് കൂടെ തന്നെ നിന്നു.
നിതാര....