മാനസികാരോഗ്യകേന്ദ്രത്തിൽ, പരന്നുകിടന്ന കെട്ടിടങ്ങളിലൊന്നിൽ,വരാന്തയുടെ അങ്ങേയ റ്റത്തായി, റസീന മാഡവുമായുള്ള സംസാരത്തിന്റെ ആറാം ഘട്ടത്തിലാണ്, ‘വൈജയന്തി’ എന്ന വിജി. മുറിക്കു പുറത്ത്, ഡോക്ടർ റസീന പത്മം, ന്യൂറോ സൈക്കോളജി സ്പെഷ്യലിസ്റ്റ്, എന്ന ബോർഡിൽ, ഓപ്പറേഷൻ തിയേറ്ററിലെന്നപോലെ,ചുവന്ന ബൾബ് കത്തി നിൽക്കാൻ തുടങ്ങിയിട്ട്,മുക്കാൽ മണിക്കൂറിലേറെയായി.ആറാം ഘട്ടം അവസാന ഘട്ടമാണ്. ഇതിനു ശേഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ,വിജി ഇവിടുത്തെ അംഗമല്ലാതാകും. പുറംലോകത്തേക്കിറങ്ങാൻ, അവൾ പര്യാപ്തയാണെന്ന് രേഖപ്പെടുത്തിയ കടലാസ്, അഥവാ ഡോക്ടർ റസീനയുടെ സാക്ഷ്യപത്രം മാത്രം മതിയാകും, അവൾക്ക് സാധാരണമനുഷ്യരുടെ, ഭ്രാന്തിന്റെ മൂളിച്ച ഇല്ലാത്ത വെളിച്ചത്തിലേക്കിറങ്ങുവാൻ.
ഡോക്ടർ റസീന, മാസത്തിൽ ഒരിക്കലാണ് പൈങ്കുളം മാനസികാരോഗ്യകേന്ദ്രം സന്ദർശിക്കുന്നത്. ചികിത്സയ്ക്ക് ശേഷമുള്ള, അഥവാ, അതിന്റെ അവസാന ഭാഗമായ, ആറു ഘട്ട കൗൺസിലിങ്, കഴിഞ്ഞ ആറു മാസങ്ങളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു. ഈ ആറു മാസത്തെ പരിചയം,അടുപ്പം,അവൾക്ക് ഒരു പ്രയോജനം ചെയ്തു. സാധാരണ, രോഗിയെ, അല്ല രോഗവിമുക്തരായവരെ,വീട്ടുകാർ,അല്ലെങ്കിൽ ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ടു പോകുന്നതാണ് രീതി .മിക്കപ്പോഴും, വഴിക്കണ്ണുകൾ വ്യർത്ഥമായി നീണ്ടു പോകാറാണ് പതിവ്.മാനസിക രോഗാശുപത്രി യുടെ വരാന്തയുടെ അങ്ങോളമിങ്ങോളം, സന്ദർശകമുറിയുടെ ഒഴിഞ്ഞ കസേര കളിൽ,പിന്നെ വിരിഞ്ഞ മുറ്റവും,ഇടവഴിയും ചെന്നെത്തുന്ന ഇരുമ്പു ഗേറ്റിലും,ഇങ്ങനെ എത്രയോ ദൃഷ്ടികൾ സ്ത്രീപുരുഷഭേദമെന്യേ തറഞ്ഞു കുടുങ്ങിക്കിടക്കുന്നുണ്ട്.
വിജിക്ക്, ഡോക്ടർ റസീനയുടെ ചുമതലയിൽ പുറത്തേക്കുള്ള വഴി തുറന്നു.ഒരു ബുധനാഴ്ച രാവിലെ,വിജിയെ കൂട്ടിക്കൊണ്ടു പോകുമ്പോൾ, ഒരു കരുണയുടെ അംശം മാത്രമായിരുന്നു കടലാസിലെ കയ്യൊപ്പിനൊപ്പം ഡോക്ടർ റസീന ചാർത്തിയത്. ഭേദപ്പെട്ട ഒരു ഹോട്ടലിലെ ഉച്ചഭക്ഷണത്തിനുശേഷം, വിജിയെ പത്തനംതിട്ട ബസ്സിൽ കയറ്റി വിടുമ്പോൾ, അങ്ങേത്തലയ്ക്കൽ അവളെ സ്വീകരിക്കാൻ അവളുടെ ചേട്ടനും കുടുംബവും, അവൾ ജനിച്ചു വളർന്ന വീടും ഉണ്ടായിരിക്കുമെന്നതിൽ അവർക്ക് സംശയം തെല്ലുമുണ്ടായിരുന്നില്ല.
ഡോക്ടർ റസീന കയ്യിലേക്ക് തിരുകിവച്ച ആയിരം രൂപയും,’ചിങ്കൂസ് ‘എന്ന ഏതോ അപ്രശസ്ത തുണിക്കടയുടെ നരച്ച കിലുങ്ങുന്ന കവറിൽ,മടക്കിയ രണ്ടു ചുരിദാറുകളും,അച്ഛന്റെ മരണം അറിയിച്ചു എത്തിയ പോസ്റ്റ് കാർഡും,കൂടെ ആശുപത്രിയിൽ നിന്നും കിട്ടിയ രോഗവിമുക്തി നേടിയെന്ന ഡോക്ടറിന്റെ സാക്ഷ്യപത്രവും. ഇത്രയുമായാൽ കുമ്പഴ ‘തലക്കത്ത് ‘മാധവന്റെ മകൾ,26 വയസ്സുള്ള ‘വൈജയന്തി ‘എന്ന വിജയുടെ സ്വത്തുവിവരങ്ങൾ പൂർത്തിയായി.
പുറത്ത് ബുക്കിംഗ് കൗണ്ടറിലെടുത്ത ടിക്കറ്റ്, കയ്യിലിരുന്ന് വിയർക്കുന്നുണ്ടായിരുന്നു. കെഎസ്ആർടിസി ബസിന്റെ നടുഭാഗത്തായി മൂന്ന് പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ, ജനാലക്കരികിൽ ഇരിക്കുമ്പോൾ, വിജി അമ്മയെ ഓർത്തു, അച്ഛനെയും, പിന്നെ അരുണിനെയും. അമ്മയാണ് തനിക്ക് മുമ്പ് പൈങ്കുളം ആശുപത്രിയിലെത്തിയത്. അമ്മയുടെ സ്നേഹം വിജി അറിഞ്ഞിട്ടില്ല. സ്വബോധത്തോടെ അമ്മയെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.ആശുപത്രിയിൽ ഇരിക്കെയാണ് അമ്മ മരിക്കുന്നത്. ഏകദേശം മൂന്നു നാലു വർഷങ്ങൾക്കു മുമ്പ്. പാരമ്പര്യമായി ലഭിച്ച മാനസിക അസ്വാസ്ഥ്യം തന്നെയും അവിടെ എത്തിച്ചു. പതിനഞ്ചാം വയസ്സിൽ. അച്ഛന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ, സന്ദർശകരുടെ മുറിയിൽ പിന്നീട് പല പ്രാവശ്യം തന്നെ തേടി വന്നിട്ടുണ്ട്. അമ്മയുടെ മരണശേഷം,ഒന്നോ രണ്ടോ തവണ കൂടി, തോളിലെ തോർത്തുമുണ്ട് കൊണ്ട് കണ്ണനീരൊപ്പുന്ന, മെലിഞ്ഞു വെളുത്ത അച്ഛന്റെ ക്ഷീണിച്ച രൂപം, തന്നെ തേടി വന്നു. പിന്നീട് വന്നത്, അച്ഛന്റെ മരണവിവരം ചീതറിയ അക്ഷരത്തിലെഴുതിയ ഒരു പോസ്റ്റ് കാർഡ് ആയിരുന്നു.
ഓർമ്മകളുടെ പെരുക്കത്തിൽ, വിജിക്ക് ഓക്കാനം വന്നു. തല വെളിയിലേക്കിട്ടു ഛർദ്ദിക്കുമ്പോൾ,പുറകിലെ സീറ്റുകളിലിരുന്നവർ ധൃതിയിൽ അവരവരുടെ ഷട്ടറുകളിട്ടു. മുറുമുറുപ്പിന്റെയും ശാസനകളുടെയുമിടയിൽ, കണ്ടക്ടർ വന്ന് വിജിയുടെ ചുമലിൽ കുത്തി,എന്നിട്ട് പറഞ്ഞു. “കൊച്ചേ, പുറകിലൊരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്. അവിടെങ്ങാനും ചെന്നിരിക്ക്. ഇനിയും കുറെ ദൂരം ബാക്കിയുണ്ടല്ലോ. ബാക്കി യാത്രക്കാരെക്കൂടി ശല്യപ്പെടുത്താതെ”
വിജി കവറുമെടുത്ത് ഏറ്റവും പുറകിലെ സീറ്റിൽ ചെന്ന് കണ്ണടച്ച് പുറകിലേക്ക് ചാരിയിരുന്നു.
വൈകുന്നേരമായി കുമ്പഴ എത്തിയപ്പോൾ. കവലയിലിറങ്ങി മുന്നോട്ടു നടന്ന്,വർക് ഷോപ്പിന്റെ ഇടതുവശത്തുകൂടിയുള്ള ഇടവഴിയിലൂടെ ഉള്ളിലേക്ക് നടക്കുമ്പോൾ, വിജിയുടെ ഹൃദയമിടിപ്പിന് ദ്രുതതാളമായിരുന്നു. പരിചയക്കാരെയാരെയും കണ്ടില്ല, പൊതുവേ ആൾപാർപ്പ് കുറവുള്ള സ്ഥലമാണ്. ഇനി ആരെങ്കിലുമുണ്ടെങ്കിൽത്തന്നെ,വിജിയെ സംബന്ധിച്ച് എല്ലാവരും അപരിചിതരാണ്.
വീടിന്റെ മുറ്റത്തെത്തി നിൽക്കുമ്പോൾ
വിജിക്ക് നേരിയ കിതപ്പ് അനുഭവപ്പെട്ടിരുന്നു. ആരും വീട്ടിലുള്ള ലക്ഷണമില്ല. ” അരുണേട്ടാ.. ” ഒന്ന് രണ്ട് തവണ വിളിച്ചു. പുറത്തെങ്ങാനും പോയിട്ടുണ്ടാകും. മുൻവശത്തെ പടിയിലിരുന്ന് അവൾ വിയർപ്പു തുടച്ചു. കയ്യിലിരുന്ന ടിക്കറ്റ് അവൾ പടിയുടെ വശത്തേക്ക് കളഞ്ഞു. മുറ്റത്ത് കരിയിലകളേറെ കിടപ്പുണ്ട്. അടുത്തെവിടെയോ ചക്ക പഴുത്തളിഞ്ഞതിന്റെ മണം വരുന്നുണ്ട്. മുറ്റത്തെ ചെടികളൊക്കെ, വെള്ളം കിട്ടാതെ പഴുത്തുണങ്ങിത്തുടങ്ങിയിട്ടുമുണ്ട്. ലക്ഷണങ്ങൾ ഒക്കെ കണ്ടിട്ട് കുറേ ദിവസമായി ആൾതാമസമില്ലാത്തതുപോലെ.
നേരം വൈകുന്തോറും,വിജിക്ക് പരിഭ്രമം കൂടിത്തുടങ്ങി.ഇന്നലെവരെ ആശുപത്രിയുടെ ചുമരുകളും മേൽക്കൂരയും തനിക്കു സംരക്ഷണമുണ്ടായിരുന്നു.ഇപ്പോൾ അതില്ല.. ഇരുട്ടായപ്പോൾ വിജി മുൻവശത്തെ പടിയിൽ നിന്നെഴുന്നേറ്റ് വരാന്തയിൽ കയറിയിരുന്നു. പിന്നെ, പതുക്കെ ഓർമ്മകളുടെ ഭാരവും, യാത്രയുടെ ക്ഷീണവും,അവളെ ഒരു മയക്കത്തിലേക്ക് തള്ളിവിട്ടു.
രാവിലെ മുറ്റത്താരോ സംസാരിക്കുന്ന ശബ്ദം കേട്ട്, പരിഭ്രമിച്ചെഴുന്നേറ്റു നോക്കുമ്പോൾ,മുറ്റത്ത് തൂമ്പയും ചൂലുമൊക്കെയായി ഒന്ന് രണ്ട് പണിക്കാരാണ്.
“ആരാ?” അതിൽ ഒരാൾ ചോദിച്ചു.
“ഞാൻ ഇവിടുത്തെയാ “
“ഇവിടുത്തേന്നുപറഞ്ഞാൽ?, മരിച്ചുപോയ മാധവന്റെ?”
” മോളാണ്… അരുണേട്ടനെ കാണാൻ….”
” അയാൾ വീട് വിറ്റതൊന്നും കൊച്ച് അറിഞ്ഞില്ലേ? നാലഞ്ചുമാസം ആയല്ലോ! എങ്ങോട്ടാണ് പോയതെന്നൊന്നും അറിയില്ല. ഒരു കാര്യമറിയാം… കുടിച്ചുകുടിച്ച്, കടംകയറി, നിൽക്കക്കള്ളിയില്ലാതെ, പിള്ളേരേം കൊണ്ട് പോയ പോക്കാണ്. “
വിജിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ചിങ്കൂസിന്റെ കവറും തൂക്കി അവൾ ഇടവഴിയിലേക്ക് ഇറങ്ങി,ആഞ്ഞു നടന്നു. എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ വിജി ഒന്നും ആലോചിച്ചില്ല.നടന്നു… മണിക്കൂറുകളോളം….മുന്നിൽ കണ്ട വഴിയിലൂടെയൊക്കെ നടന്നു… ഇടയ്ക്ക് കണ്ട ഒരു ഓഡിറ്റോറിയത്തിന്റെ വരാന്തയിൽ, കുറെ നേരം വിശ്രമിച്ചു. വിശപ്പും ദാഹവും കാരണം കണ്ണിലിരുട്ടു കയറുന്നത് പോലെ തോന്നി. ഇന്നലെ രാവിലെ ഡോക്ടർ വാങ്ങിത്തന്ന ആഹാരമാണ് അവസാനം കഴിച്ചത്.ആ വരാന്തയുടെ തണുത്ത തറയിലേക്ക് ചായുമ്പോൾ, ഭാരമില്ലാതെയാകുന്നത് പോലെ വിജിക്ക് തോന്നി.
മഴച്ചാറ്റൽ മുഖത്തേക്ക് തെറിച്ചപ്പോഴാണ് കണ്ണുതുറന്നത്.ചുറ്റുമിരുട്ടാണ്. ചിങ്കൂസിന്റെ കവറും കാണാനില്ല. പേടിതോന്നി.ഒരു കോണിലേക്ക് ഒതുങ്ങി ഒളിച്ചിരിക്കുമ്പോൾ വിശപ്പ് തലവേദനയുടെ രൂപത്തിലാക്രമിച്ചു തുടങ്ങി.ചുറ്റിക വെച്ച് ആരോ തലയ്ക്ക് അടിക്കുന്നതു പോലെ. മേൽക്കൂരയുടെ ഷീറ്റിലൂടൊഴുകിവന്ന മഴവെള്ളം കൈക്കുമ്പിളിലാക്കി വിശപ്പ് ശമിപ്പിക്കുമ്പോൾ, വിജിക്ക് വലിയൊരു അപകടം മണത്തു.
വളരെയടുത്ത് മദ്യത്തിന്റെയും പെർഫ്യൂമിന്റെയും ഗന്ധം. ബലിഷ്ഠമായ ഒരു ശരീരം തന്നെ ചുറ്റി വരിയുന്നു. വന്യമൃഗത്തിനെ പോലെ തന്നെ കീഴ്പ്പെടുത്തുന്ന അയാളെ ചെറുക്കാൻ ഒരു രീതിയിലും അവൾക്കായില്ല. താൻ നിസ്സഹായയാണെന്ന്, വിശപ്പിനും പൊട്ടിപ്പൊളിക്കുന്ന തലവേദനയ്ക്കുമപ്പുറം അവളറിഞ്ഞു.. ആശുപത്രിയുടെ ചുമരുകളും മേൽക്കൂരയും തനിക്കു ഇത്രനാളും നൽകിയ സംരക്ഷണം എത്ര വലുതായിരുന്നു. സാക്ഷ്യപത്രത്തിൽ പറഞ്ഞ പര്യാപ്തത തനിക്കു വളരെ അകലെയാണ്. പ്രാണവേദനയോടെ വിജി ഞരങ്ങി. ഇരമ്പിപ്പെയ്ത മഴയിൽ ആ ഞരക്കമലിഞ്ഞു. വീണ്ടുമൊരു മയക്കത്തിലേക്ക് അവൾ വഴുതിവീണു.
ഉണർന്നപ്പോൾ,അവൾ പകുതിയിലേറെ നനഞ്ഞിരുന്നു.ദേഹത്ത് അങ്ങിങ്ങ് നീറുന്നുണ്ടായിരുന്നു. കാലൊടിഞ്ഞ പോലെ വേദന. നീറുന്ന ചുണ്ടിൽ നിന്ന് ചോര പൊടിയുന്നു.അടുത്ത ഗ്രൗണ്ടിൽ കളിക്കാൻ വന്ന കുട്ടികളാരോ കമ്പുകൊണ്ട് കുത്തിയുണർത്തിയതാണ്. അവൾ ഭിത്തിയുടെ അരികിലേക്കു നിരങ്ങി നിരങ്ങി നീങ്ങി. അഴിഞ്ഞുലഞ്ഞ പാറിപ്പറന്ന മുടി മുഖം മൂടിയിരുന്നു.കാൽമുട്ടുകൾക്കിടയിലേക്ക് മുഖംതിരുകി,അവൾ കുനിഞ്ഞിരുന്നു. നോക്കി നിന്ന കുട്ടികളുടെ എണ്ണം,രണ്ടിൽ നിന്ന് മൂന്നും, അഞ്ചും,ഏഴുമായി.ആരോ ആകാംക്ഷയുടെ ഭാഗമായി, ഒരു ചെറിയ കല്ലെടുത്ത് വിജിയുടെ ദേഹത്തേയ്ക്കെറിഞ്ഞു.വിജി തലപൊക്കി മുടികൾക്കിടയിലൂടെ ആ കുട്ടിയെ നോക്കിച്ചിരിച്ചു.
” കണ്ടേ.. “
വിജി വീണ്ടും തല മുട്ടിനിടയിലേക്ക് പൂഴ്ത്തി, “ഒളിച്ചേ…”
കുട്ടികളുടെ എണ്ണവും കല്ലുകളുടെ എണ്ണവും കൂടിക്കൂടി വന്നു.
“ഒളിച്ചേ…”
” കണ്ടേ… ” വിജി അത് ആസ്വദിച്ചു..
അവൾ എഴുന്നേറ്റ് നടന്നു തുടങ്ങി. ഉറക്കെ ചിരിച്ചുകൊണ്ട്… കുട്ടികളുടെ പിന്നാലെ അവൾ ഓടി തുടങ്ങി..
” ഇനി എന്നെ പിടിച്ചേ… “
കാലിലുടക്കിയ പൈജാമയും വലിച്ചു കൊണ്ട്,മുന്നിലോടിയ വിജിയുടെ പിറകെ, ഒരുപറ്റം കുട്ടികളുമുണ്ടായിരുന്നു. കുറേ നേരത്തെ ഓട്ടത്തിനൊടുവിൽ, തളർന്നിരുന്ന വിജിയെ, ഒരു സ്ത്രീ ബലമായി ഒരു വണ്ടിയിലേക്ക് തള്ളിക്കയറ്റി. ‘ശരണാലയ’ത്തിന്റെ വാൻ റോഡിലേക്ക് ഉരുണ്ട് നീങ്ങുമ്പോൾ, ഓഡിറ്റോറിയത്തിന്റെ മുറ്റത്ത്, മഴയിൽ കുതിർന്ന, ഡോക്ടർ റസീനയുടെ സാക്ഷ്യപത്രം കിടക്കുന്നുണ്ടായിരുന്നു….
ആനി ജോർജ്ജ്✍