ഇരുട്ടിൻ്റെ സാക്ഷികൾ ചന്ദ്രനും നക്ഷത്രങ്ങളും .വെളിച്ചം പടിയിറങ്ങിയ ഭൂമിയിലൂടെ സൈക്കിളിൻ്റെ അരണ്ട വെളിച്ചത്തിൽ യാത്ര ചെയ്യുമ്പോൾ വേലുവിൻ്റെ കാഴ്ചകൾ മങ്ങിത്തുടങ്ങും .കണ്ണsച്ച വഴിവിളക്കുകൾ വിരിച്ചിട്ട ഇരുട്ടിലൂടെ മിന്നാമിന്നി വെളിച്ചത്തിൽ യാത്രയാവുമ്പോൾ മരങ്ങൾ പലതും പറയും .തിരിച്ചറിയാത്ത സംഗീതം പോലെ ഇരുട്ട് പാടും .പാമ്പും കീരിയും എലിയും പോരാട്ടത്തിൻ്റെ പുതിയ പുസ്തകങ്ങളെഴുതും .അമാവാസിയുടെ ഇരുട്ടിൽ ആകാശത്തിലെ നക്ഷത്ര ശോഭ കൂടും .മരക്കൂട്ടത്തിനിടയിൽ മിന്നാമിനുങ്ങുകൾ നൃത്തം ചെയ്യും .മരക്കൂട്ടത്തിൻ്റെ നിഴലുകൾക്ക് നടുവിലൂടെ ജീവനുള്ള നിഴലുകൾ ഇഴയും .പാദസ്വര ത്തിൻ്റെ കിലുക്കം സംഗീതമാവും.ഇറുത്തു കെട്ടിയ മുല്ലപ്പൂവിൻ്റെ മണം മൂക്കിലേക്ക് കയറും .കുപ്പി വളയുടെ കിലുക്കം കാതുകളിൽ മുഴങ്ങും .പാറക്കെട്ടിൽ ചിന്നിച്ചിതറുന്ന കാട്ടരുവിയുടെ നാദത്തിനിടയിലൂടെ ചാമിയുടെ വിളി മുഴങ്ങും
” അപ്പാ ,എനിക്ക് മുത്തുള്ള കാൽത്തള വേണം .”
” മുത്തിന് അപ്പൻ ഒന്നാം തീയതി മൊയലാളി കാശു തരുമ്പോൾ വാങ്ങിത്തരാം .”
പാല വളവിലെ ഇരുട്ടിൽ സൈക്കിൾ നിർത്തി എത്ര വർഷമായി അയാൾ ചാമിയോട് പറയുന്നു .എന്നിട്ടും ഒന്നാം തീയതി ശമ്പളവും വാങ്ങി റാക്കും കുടിച്ച് അയാൾ കാൽത്തളയുമായ് വരുമ്പോൾ ചാമി മറഞ്ഞിരിക്കും .അയാൾ റാക്കിൻ്റെ പിടുത്തം വിടുന്നതുവരെ പാലയുടെ ചുവട്ടിൽ ചാമിയെ വിളിച്ചിരിക്കും .പിന്നെ മിന്നാമിന്നികൾ ഉറങ്ങുമ്പോൾ ഉറക്കം മറന്ന കണ്ണുകൾ കത്തിച്ച് വച്ച് കുടിയിലെത്തും .അവിടെ ദിക്ക് നഷ്ടപ്പെട്ട നോട്ടവുമായി കനകം നിൽക്കും .സമയ ബോധമില്ലാതെ അവൾ ചിരിക്കും . പാകമാകാത്ത കഞ്ഞി ,ചേരുവ തിരിയാത്ത ചമ്മന്തിയിൽ കോരിക്കുടിക്കും .അറിയാവുന്ന ഭാഷയിൽ അയാൾ കനകത്തെ വാഴ്ത്തും .പകരാനാവാത്ത ചിലങ്കയിൽ ചാമിയ്ക്കായി വലിയ വായിൽ കരയും .അവളെ പിച്ചിച്ചീന്തിയ ഇരുട്ടിനെ തെറി വിളിക്കും .അവളുടെ നഗ്നത തുറന്നിട്ട സൂര്യനെ വെറുക്കും . ചാമിയുടെ ഘാതകരെ കൈയാമം വയ്ക്കുക എന്ന ഫ്ലെക്സുകൾ മഴ മറയ്ക്കുന്ന കുടിലിൽ ശയിക്കും . താളം തെറ്റിയ മനസ്സിനെ തീപിടിപ്പിച്ച് കനക കിടക്ക വിരിക്കും .സ്വയം കത്തുന്ന കിടക്കയായി കനക കത്തിതീരുമ്പോൾ, റാക്കിൻ്റെ മരവിപ്പിലും വേലു സ്വയം ആശ്വസിക്കും
” അവള് നനയ്ക്കത്തും കുളിക്കത്തുമില്ലെങ്കിലും പി രാന്തില്ല .പിരാന്തുണ്ടെങ്കിൽ ഓള് രാത്രീ പൂക്കുമോ?”
മാസത്തിൻ്റെ തീയതികൾ വീണ്ടും തിരിയും ,ചന്ദ്രൻ ചെറുതായും വലുതായും ഇരുട്ടിന് വിലയിടും .നക്ഷത്രങ്ങൾ രാത്രിയുടെ നിഗൂഢതയെ ഒളിഞ്ഞു നോക്കും .ഇരുട്ട് പല കഥകളും എഴുതും .വഴിയിൽ അതിജീവനത്തിനായി കീരിയും പാമ്പും എലിയും പോരാടും .തവളയും ചീവീടും രാത്രിയുടെ ഗാനം പാടും .ഇരുട്ടിൽ മരങ്ങൾ സംസാരിക്കും .നിഴലുകൾ ജീവിക്കും .മരിച്ചു പോയവർ ഇരുട്ടിൻ്റെ ഉള്ളറകളിൽ സ്നേഹിച്ചവരെ തിരക്കിയിരിക്കും . മോക്ഷം കിട്ടാത്ത ആത്മാവുകൾ പ്രതികാര ദാഹവുമായി അലറും .ചിലർ സംസാരിക്കും .
ആ വെള്ളിയാഴ്ചയും അങ്ങനെയൊരു രാത്രിയായിരുന്നു .വേലു ഒരു മൂളിപ്പാട്ടും പാടി വരുകയായിരുന്നു .ചന്ദ്രൻ ഒഴിഞ്ഞു പോയ ആകാശത്ത് നക്ഷത്രങ്ങൾ ഒളിച്ചു നോക്കുന്നു .പാലയുടെ വളവിൽ കറുത്ത ഒരു കാർ .കാറിൽ നിന്നും ചാമിയെപ്പോലെ ഒരു പെണ്ണിൻ്റെ അലർച്ച .ചില പുരുഷ ശബ്ദങ്ങളുടെ ശീൽക്കാരം . കീഴടങ്ങിയ ഒരു എലിയുടെ ഒരു തുള്ളി ചോര .പിന്നെ പാമ്പുകൾ പോലെ ഇഴഞ്ഞിഴഞ്ഞ് ചോര വാർന്ന ഒരു പെൺകുട്ടി .മരങ്ങൾക്കിടയിലേക്ക് അവളെ വലിച്ചെറിഞ്ഞ് ഒരു പൊലയാട്ടുമായി വേലുവിൻ്റെ മുഖത്തേക്ക് പാമ്പിൻ്റെ നോട്ടം വീണു
” എടാ കഴുവേറി ,നീയൊന്നും കണ്ടില്ല ,കേട്ടില്ല .വറീതിൻ്റെ വഴിയിൽ നിന്നാൽ ചുട്ടുകളയും പാണ്ടിക്കഴുവേറി .”
പിന്നെ കവിളിലേക്ക് മൂന്ന് തല്ലും .
” ഓടെടാ ,പൊലയാടി മോനേ “
എന്ന ഒരു ആട്ടും
ചാമിയുടെ മരണത്തിനെക്കുറിച്ച് സംശയിച്ചപ്പോൾ വറീത് പറഞ്ഞ അതേ തെറി .
പതിവായതിനാൽ തെറി വിഴുങ്ങി ഇരുട്ട് കീറി കുടിലിലെത്തിയപ്പോൾ വേവാത്ത കഞ്ഞി ,ചേരാത്ത ചമ്മന്തി .നാറ്റം മാറാത്ത കനക .
നേരം വെളുത്തപ്പോൾ കുടിയ്ക്കു ചുറ്റും പോലീസേമാന്മാർ . തെറിമൂടി തൂക്കിയെടുത്ത് ജീപ്പിലിട്ടു .
” എടാ ,പാണ്ടീ നിനക്ക് അതേ പ്രായത്തിൽ ഒരു മോള് ഉണ്ടായിരുന്നതല്ലേ .ഓളെയും നീയാണോടാ ഇങ്ങനെ കൊന്നത് .കഴുവേറീ , മോടെ പ്രായമുള്ള പെണ്ണിനെ ഇങ്ങനെ ചെയ്യാൻ നിനക്ക് നാണമില്ലേടാ.”
പതിവ് രാത്രി,വേലു ലോക്കപ്പിൽ തല കീഴായി നക്ഷത്രമെണ്ണി .പിറ്റേന്ന് അറസ്റ്റ് ,റിമാൻഡ് ,പോലീസ് കസ്റ്റഡി . പത്രം ,മീഡിയ ,യൂ ട്യൂബ് ,വാട്ട്സാപ്പ് ചർച്ചകൾ .
കോടതി ,കുറ്റപത്രം വിചാരണ .
കുറ്റം തെളിയിക്കുന്ന പ്രോസിക്യൂഷൻ ,മിടുക്കുള്ള പോലീസ് .കണ്ണുള്ള കോടതി .ജീവപര്യന്തം ശിക്ഷ . സ്ഥിരം ക്ലീഷേയിൽ ഭ്രാന്താശുപത്രിയിലാവുന്ന കനക .
കാലം പിന്നെയും ഇരുട്ട് വീഴ്ത്തി .മരങ്ങൾ സംസാരിച്ചു .ഇരയും വേട്ടക്കാരനും ജീവിച്ചു .പ്രേതങ്ങൾ രാത്രിയിൽ ഇരുട്ടിൽ പതിവുകാർക്കായി തിരക്കിനിന്നു .വറീതുമാർ ക്ലോൺ ചെയ്യപ്പെട്ടു .പുതിയ ചാമിമാരും കനകളും ജനസംഖ്യയിൽ പേരു ചേർക്കും .ജനാധിപത്യത്തിൽ വോട്ട് ചെയ്യും .സർക്കാരുകളും പോലീസും കോടതിയും നിയമ വ്യവസ്ഥയും നിർലജ്ജം മുഖം മിനുക്കി നീതി നടപ്പാക്കും .കാലം ക്രൂരമായ പ്രയാണം തുടരും .വെയിലും മഴയും രാവും പകലും വന്നു പോകും. ഭൂമി സ്വയം കറങ്ങും സൂര്യനേയും ചുറ്റും.വേലു ജീവപര്യന്തം ജയിലിൽ കൊഴുത്തു ജീവിക്കും.വറീത് ലഹരിയുടെ വീണ ഉറക്കെ വായിക്കും. ഒടുക്കം പതിവുപോലെ കാലഗണനയ്ക്ക് പ്രസക്തിയില്ലാതെ ഏതോ വർത്തമാനപത്രത്തിൽ ഈ വാർത്തയും വന്നു .
” പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ,തനിക്കെതിരെ സാക്ഷി പറഞ്ഞ വറീതിനെ കൊന്നു .പാതിരായ്ക്ക് ഈ ഹീനകൃത്യം ചെയ്തത് വേലു എന്ന ക്രിമിനലാണ് .ഇയാൾ ഒരു സ്ത്രീയെ മാനഭംഗം ചെയ്ത് കൊല്ലുന്നത് കണ്ടപ്പോഴാണ് വറീത് പ്രതിയെ തടയാൻ ശ്രമിച്ചതും സ്ഥിരം ക്രിമിനലായ പ്രതി വറീതിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതും .ഏഴു വർഷം മുമ്പ് ഇയാളുടെ ഇതു പോലെയുള്ള ഒരു കൊലപാതകത്തിൻ്റെ മുഖ്യ സാക്ഷിയായിരുന്നു വറീത് .ശ്രീ .വറീതിൻ്റെ മൊഴിയും ജാഗ്രതയുമാണ് ഈ ക്രിമിനലിന് ജീവപര്യന്തം വാങ്ങിക്കൊടുക്കുവാൻ സഹായിച്ചത് .”
ഈ സാക്ഷിമൊഴിയോടെ കഥ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യാം .
Dr. അനിൽ കുമാർ S. D✍