രഥമേറിപ്പായുന്നു സമയം ഝടുതിയിൽ
രഥചക്രതാളംചെവിയോർത്തു കേൾക്കനീ,
എണ്ണയിട്ടോടുന്ന യന്ത്രം കണക്കേ
എണ്ണിയാൽ തീരാ, വിനാഴിക നീങ്ങുന്നു
നീർമുത്തുപോലെയീ ജീവിതംഓർക്കുകിൽ,
നില തെറ്റിയൊഴുകില്ല ജീവിത പാതയിൽ.
അരക്ഷണംപാഴായിപോകാതെനോക്കുകിൽ
അർത്ഥ കർമ്മത്തിനായ് മാറ്റിടാം യാത്രയും
ചന്തക്കാരനാം സന്ധ്യാംബരത്തിനും, ചന്ത
മെഴുന്നൊരാപുലർമഞ്ഞു പെയ്ത്തിനും,
ഒരല്പനേരത്തേയ്ക്കു മാത്രമാണായുസ്സും
ആരോഗ്യമെന്നതും പ്രപഞ്ചസത്യം
ഓരോ ദളവും കൊഴിഞ്ഞു മാറുമ്പോഴും
ഓർക്കുവാനാകട്ടെ ഓമൽക്കിനാവുകൾ
ധന്യതയോടന്നു ജീവിച്ചനാളിനെ
ധന്യമായ്തന്നെ നെഞ്ചേറ്റിടാം നന്ദിയാൽ
ആകെത്തളിർക്കുവാൻ,പൂക്കുവാൻ കായ് –
ക്കുവാൻ,അല്പകാലത്തേക്കുകിട്ടിയീ ജീവിതം
ആസ്വാദ്യമോടെയനുഭവിച്ചീടുവാൻ
അവനവൻ തന്നെ കനിയേണമോർക്ക നാം
ഉഷാ ആനന്ദ്
നല്ല രചന