17.1 C
New York
Wednesday, August 10, 2022
Home Literature സന്ദർശനം (കഥ )

സന്ദർശനം (കഥ )

ആനി ജോർജ്ജ്✍

ശാരദ ടീച്ചറിന്റെ വീടിന്റെ പടികൾ കയറി ചെല്ലുമ്പോൾ മനസ്സിൽ ആകാംക്ഷയായിരുന്നു. മുറ്റത്തെത്തിയിട്ടും ആളനക്കമൊന്നുമില്ല.. മുറ്റത്തിന്റെ മൂലയിലൊരു കോൺക്രീറ്റ് പട്ടിക്കൂട്. അതിൽ ഒരു കറുത്ത സാമാന്യം വലുപ്പമുള്ള ഒരു അൾസേഷ്യൻ നായയുമുണ്ട്. അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി. എന്റെ പരുങ്ങൽ കണ്ടിട്ടാവണം , പിന്നെയത് അഴികളിൽ കാലെടുത്തു വച്ച് കുരച്ചു തുടങ്ങി. നല്ല മുഴക്കമുള്ള ശബ്ദത്തിൽ… മുറ്റത്തിന്റെ അങ്ങേ മൂലയിൽ ഒരു കുട്ടി വന്നെത്തി നോക്കി. എന്തോ വയ്യാഴികയുള്ള കുട്ടിയാണ്. എട്ടൊമ്പതു വയസ്സ് പ്രായമുള്ള, കണ്ണുകൾ പകുതിയടഞ്ഞ അവൻ ,കാലുകൾ വലിച്ചു വച്ച് നടന്നു വന്ന് ചോദിച്ചു..
‘ആരാ?”
“ടീച്ചറമ്മയുണ്ടോ മോനെ?”
“ഉണ്ടല്ലോ…കിടക്കുവാ”
ഇത്രയും കേട്ട് ഞാൻ വരാന്തയിലേക്ക് കയറി.പടികൾ കയറിയതിന്റെ കിതപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് പതിനഞ്ചു കിലോയോളം കൂടിയതിന്റെ ഒരു ബുദ്ധിമുട്ട് ഹൃദയം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വിയർപ്പിന്റെ അസുഖമാണെന്ന് മുമ്പ് തമാശക്ക് പറഞ്ഞിരുന്നത് ഇപ്പോൾ തന്നെ ശരിയ്ക്കും ബാധിച്ചിട്ടുണ്ട്. കാറിൽ നിന്നിറങ്ങി പത്തോ പന്ത്രണ്ടോ പടികൾ കയറിയപ്പോഴേക്കും ചെന്നിയിലൂടെ വിയർപ്പുചാലുകളൊഴുകിത്തുടങ്ങി.
മൂന്നാലു മിനിട്ടു കഴിഞ്ഞു മുൻവാതിൽ തുറന്നു. പഴയതെങ്കിലും പ്രൗഢി തോന്നുന്ന വീടാണ്.. അതിനു ചേർന്ന കതകും. വാതിൽക്കൽ ശാരദ ടീച്ചറിന്റെ മുഖം തെളിഞ്ഞു. ടീച്ചർ അന്നുമിന്നും സുന്ദരിയാണ്. ഒരു വശത്തു മാത്രം ഭംഗിയുള്ള നര. വെളുത്തു തുടുത്ത വട്ടമുഖം. വയലറ്റ് കല്ലുള്ള കമ്മലും, വയലറ്റ് കരയുള്ള മുണ്ടും നേര്യതും…
“ടീച്ചറെ, എന്നെ ഓർമ്മയുണ്ടോ?”
ടീച്ചറിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ,ഏതാനും നിമിഷങ്ങൾ .
“ആനി മോളെ, നിന്നെ മറക്കാനുള്ള മറവിയൊന്നുമെനിയ്ക്കായിട്ടില്ല..” ടീച്ചർ എന്റെ കൈ പിടിച്ചു. എന്നെ കെട്ടിപ്പിടിയ്ക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ടീച്ചറിന്റെ നേര്യതിൽ നിന്നുയർന്ന കഞ്ഞിപ്പശയുടെയും വെയിലിന്റെയും മണം.. എനിയ്ക്കു അമ്മയെ ഓർമ്മ വന്നു. അമ്മ സ്കൂളിൽ പോയിരുന്ന കാലത്തു കഞ്ഞിപ്പശയിട്ട തേച്ചുമിനുക്കിയ സാരികളാണ്ടുത്തിരുന്നത്. അതേ രൂപത്തിലാണ് ഇന്ന് അമ്മ എന്റെ ഓർമ്മചിത്രങ്ങളിലുള്ളതും.
എന്റെ മനസ്സ് വിങ്ങുന്നതു ഞാനറിഞ്ഞു..എന്റെ തൊണ്ടയിൽ വാക്കുകൾ തടഞ്ഞു. ടീച്ചറിന്റെ കൈകളിൽ നിന്ന് സ്വയം വിടർത്തുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
“മോളെന്നാ വന്നത്?”
“രണ്ടു മൂന്നു ദിവസമായി ടീച്ചറെ..”
“തനിച്ചെയുള്ളോ?…കുരിയൻ??രണ്ടു മക്കളല്ലേ നിനക്ക്?”
“രണ്ടു മക്കളാണ് ടീച്ചറെ..ഒരുമിച്ചാണ് വന്നത്…അവർ കോട്ടയത്ത് വീട്ടിലാണ്..”
“സൂസൻ റ്റീച്ചർ പോയെ പിന്നെ ,ആദ്യത്തെ വരവാ ,അല്ല്യോ ?”
“അതേ …ടീച്ചറെ…ആ ശൂന്യത എന്നെ കൊല്ലുന്നതാണ്. ആ ഓർമകളിൽ രണ്ടു ദിവസം തനിച്ചിരിയ്ക്കാൻ വേണ്ടിയാണ് ഞാൻ ഒറ്റയ്ക്ക് പോന്നത്.”
“ടീച്ചറിന്റെ വിശേഷം പറയു..ആരോഗ്യം? മിഥുനും മുരളിയും? സീമ വരാറുണ്ടോ? അവൾ ക്യാനഡയിലല്ല്യോ?”
“സീമ വന്നിട്ട് മൂന്നു വർഷമായി.ഇവിടെ മാഷ് പോയേപ്പിന്നെ,അവളുടെ വരവിന്റെ ഇടവേളകളും കൂടി.മാഷില്ലാത്ത വീട്ടിൽ അവൾക്കു ശ്വാസം മുട്ടുമെന്നാണവൾ പറയുന്നത്
അച്ഛന്റെ മോളായിരുന്നു അവൾ.
“മിഥുൻ?”
“അവനെയോർത്തു വിഷമിച്ചാണ് മാഷ് അവസാനകാലം കഴിച്ചത് .അവനിപ്പോ കുട്ടിക്കാനത്തെവിടെയോ വീടും വേറെ കുടുംബവുമൊക്കെയായി കഴിയുകയാണെന്ന് ഇവിടെ കുടുംബക്കാരാരാണ്ടു പറഞ്ഞാണ് ഞാനറിഞ്ഞത്. മിഥുന്റെ ഭാര്യ സുമിയും മോനുമിവിടുണ്ട്. സുമി ജോലിയ്ക്കു പോകുന്നുണ്ട്.. ഇവിടടുത്ത സഹകരണ ബാങ്കിലാണ് അവൾക്കു ജോലി. മോനാണ് ആനിയെ സ്വീകരിച്ചത്.. വയ്യാഴികകളൊത്തിരിയുള്ള കുട്ടിയാണ്.. അവർക്കു ഇപ്പൊ ഞാനേയുള്ളു…. രോഗവും പ്രാരാബ്ധങ്ങളും മടുത്തിട്ടായിരിയ്ക്കണം അവൻ വേറെ കൂടു തേടി പോയത്… സുമി ഒരു പാവം പെണ്ണാണ്.. അവളുടെ മുഖത്ത് നോക്കാൻ യോഗ്യതയില്ലാത്ത അവസ്ഥയിൽ അവനെന്നെ കൊണ്ടുചെന്നെത്തിച്ചു”.
“മുരളിയും കുടുംബവും ഇവിടെയടുത്തു തന്നെയല്ലേ താമസം?”
“ആ…ഇവിടുന്നു രണ്ടു വളവുകൾക്കപ്പുറത്താണ് ..എന്നും വരും. .അന്വേഷിക്കും… അവനു രണ്ടു മക്കളാണ്.”ടീച്ചർ വിശേഷങ്ങളുടെ ഒഴുക്കിനു,ഒരു ദീർഘനിശ്വാസത്തിലൂടെ ഒരു ചെറിയ ഇടവേള നൽകി.
“അമ്മയുടെ ഓർമ്മകൾ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ടീച്ചറിനെയൊന്നു കാണാമെന്നു വിചാരിച്ചതു…”ഞാൻ മൗനം മുറിച്ചു.
അമ്മയ്ക്ക് വെറും ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല ശാരദടീച്ചർ.,സഹോദരി കൂടിയായിരുന്നു.ഒരേ സ്കൂളിൽ ഒരുമിച്ചു പതിനേഴു വർഷത്തോളം ഒരുമിച്ചു പഠിപ്പിച്ച സൗഹൃദം.,ഒരുമിച്ചുള്ള യാത്രകൾ,മീറ്റിംഗുകൾ,അങ്ങനെ..അങ്ങനെ…ഒരേ ദിശയിലുള്ള സമാന്തരമായി ഒഴുകുന്ന രണ്ടു ജീവിതങ്ങൾ…ശാരദ ടീച്ചർ റിട്ടയർ ആയി ഒരുകൊല്ലം കഴിഞ്ഞാണ് ‘അമ്മ റിട്ടയർ ആകുന്നത്.
അമ്മയെ മരണം കൊണ്ടുപോയത് പെട്ടെന്നാണ്.തലേന്ന് വരെ ഓടിനടന്നു കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന അമ്മ പിറ്റേന്ന് ഉണർന്നില്ല.പത്രവും പാലും ഗേറ്റിൽ പതിവില്ലാതെ നേരം നന്നേ പുലർന്നിട്ടും ഇരിയ്ക്കുന്നു ശ്രദ്ധിച്ച അയൽക്കാരൻ മോനായിയാണ് സൂസൻ റ്റീച്ചർ ഉണരാത്ത ഉറക്കത്തിലാണെന്നു അന്വേഷിച്ചു കണ്ടെത്തി മറ്റുള്ളവരെ വിവരമറിയിച്ചത് .ഏകാന്തവാസം അമ്മയ്ക്കും മടുത്തിട്ടുണ്ടാകണം .അപ്പ പോയിട്ട് രണ്ടര വർഷത്തോളം അമ്മ ശ്രമിച്ചു.
ആ ഒറ്റയ്ക്കുള്ള ജീവിതം അമ്മയെ എത്രത്തോളം മനം മടുപ്പിച്ചിട്ടുണ്ടാകുമെന്നു ഇപ്പോൾ എനിക്ക് മനസ്സിലാകും.
‘പൂട്ടിക്കിടക്കുന്ന ഗേറ്റും ,വളർന്നു നിരതെറ്റിയ ചെടികളും,പായല് പിടിച്ചു നിറം മങ്ങിത്തുടങ്ങിയ ടൈലുകളും ,കരിയില മൂടിക്കിടക്കുന്ന വഴികളും,മുറികളിലെ ചിലന്തിവലകളും,പൊടി പിടിച്ച ഫർണിച്ചറും അമ്മയുടെ അസ്സാന്നിദ്ധ്യം ഉറക്കെയുറക്കെ പറയുന്നുണ്ട് .ആകെയൊരു ശൂന്യത..നോവിയ്ക്കുന്ന കരയിയ്ക്കുന്ന ..ശൂന്യത..”
“അടുത്ത വീട്ടിലെ മോനായിയെ വിളിച്ചു ഒക്കെ വൃത്തിയാക്കിയൊതുക്കുമ്പോൾ ,’അമ്മ നിറഞ്ഞ കണ്ണുകളോടെ ,അടുക്കളയിലെ കസേരയിലിരുന്നു എന്നെ നോക്കുന്നതുപോലെ തോന്നി.”
‘അതൊക്കെയവിടെ കിടക്കട്ടെന്റെ ആനി ,ഞാനതു സമയം പോലെ ചെയ്തോളാം .”..എന്ന പതിവ് പറച്ചിൽ ഇല്ല..
“ടീച്ചറെ..’ അമ്മയൊത്തിരി നേരത്തെയാണ് പോയത്, അല്ലെ? അമ്മയെ സ്നേഹിച്ചെനിയ്ക്കു കൊതി തീർന്നില്ല.”റ്റീച്ചർ ആശ്വസിപ്പിക്കാനാണെന്നോണം എന്റെ കയ്യിലമർത്തി.
സുമി ട്രേയിൽ ചായയും പലഹാരവുമായെത്തി.അപ്പൂസ് മേശയ്ക്കു ചുറ്റും വലിഞ്ഞു വലിഞ്ഞു നടക്കുന്നുണ്ട്.സുമി ചായ മേശപ്പുറത്തു വച്ച് ഒരു വിളറിയ ചിരിയുമായി വാതിലിന്റെ കോണിലേക്കു നീങ്ങി നിന്നു.
“മോളെ..സുമീ..ഇത് മോൾക്കറിയതില്ല്യോ ….ആനി…സൂസൻ ടീച്ചറിന്റെ മോള്..”ശാരദ റ്റീച്ചർ എന്നെ പരിചയപ്പെടുത്തി.
“അങ്ങ് ക്യാനഡയിലേല്ല്യോ?” സുമി പരിചയഭാവത്തിൽ ചിരിച്ചു..
“സുമിയ്ക്കു പോകണ്ടാരുന്നോ ഇന്ന്? ഞാൻ കുശലം ചോദിച്ചു..
“മോന് ഇന്നലെ രാത്രി നല്ല സുഖമില്ലാരുന്നു.അതുകൊണ്ടു ഇന്ന് പോയില്ല.”
തൊട്ടടുത്ത സഹകരണബാങ്കിലാണ് സുനിയ്ക്കു ജോലി,രാത്രിയിൽ ഉറക്കമിളച്ചതിന്റെ ക്ഷീണം ആ മുഖത്ത് നന്നായറിയാനുണ്ടായിരുന്നു.
“ഇനി എന്നാ തിരിച്ചു പോണ്ടേ ?”സുമി ഔപചാരികത നിലനിർത്തി.
“ഞാൻ നാളെ അമ്മയുടെ കല്ലറയ്ക്കലൂടെ പോയിട്ട് ,തിരിച്ചങ്ങു കോട്ടയത്തിനു പോകും.16 ത് നു തിരിച്ചു ക്യാനഡയ്ക്ക് .ലീവ് കുറവാണ്.”
കുറച്ചു സമയം കൂടി അവിടെ നിന്നിട്ടു ‘മോനെ കുളിപ്പിയ്ക്കട്ടെ” എന്ന് പറഞ്ഞു സുമി അകത്തേക്ക് പോയി.
അപ്പൂസ് ചിരിച്ചു കൊണ്ട് വലിഞ്ഞു വലിഞ്ഞു പുറകെയും.
ചായ തീരും വരെ ശാരദ ടീച്ചറിനോട് സംസാരിച്ചു.സ്കൂളിലെ വിശേഷങ്ങളും,അമ്മയുടെ ആണ്ടിന്റെ ചടങ്ങുകളൊക്കെ ഒഴിവാക്കിയതും,പണ്ടത്തെ ടീച്ചറിന്റെ പലഹാരത്തിന്റെ രുചിയോർമ്മകളും ,അമ്മയുടെ അസ്സാന്നിധ്യത്തിന്റെ നോവുകളും ,അങ്ങനെയങ്ങനെ പലതും..
മഴക്കോളുണ്ട് ..കാലം തെറ്റിയുള്ള മഴയാണ് …ഞാൻ പതിയെ പോകാനെഴുന്നേറ്റു..
‘സുമീ .. ഞാൻ ഇറങ്ങുവാനേ.”.ഒഴിഞ്ഞ വാതിൽക്കലേക്കു നോക്കി ഞാൻ തെല്ലുറക്കെ പറഞ്ഞു.
“അവനെ കുളിപ്പിച്ചിറങ്ങണമെങ്കിൽ സമയമെടുക്കും “മോളിറങ്ങിയ്ക്കോ ..ഞാൻ പറഞ്ഞേക്കാം..മഴയ്ക്ക് മുൻപ് വീടെത്താൻ നോക്ക്..”
റ്റീച്ചർ സ്നേഹം നിറഞ്ഞ ഗാഢമായ ഒരു ആലിംഗനത്തിലൂടെയെനിയ്ക്കു യാത്ര പറഞ്ഞു .ടീച്ചറിന്റെ തോളിലേക്ക് മുഖം അമർത്തിയപ്പോൾ അമ്മയുടെ മണം എനിയ്ക്കു വീണ്ടുമനുഭവപ്പെട്ടു. പടികളിറങ്ങുമ്പോൾ റ്റീച്ചർ പറഞ്ഞു.
“വഴുക്കല് കാണും… സൂക്ഷിച്..”
പടികളിറങ്ങി കാറിനടുത്തെത്തി …ഡോർ തുറക്കുന്നതിനു മുൻപ് ഞാൻ തിരിഞ്ഞു നോക്കി.വീണ്ടും കൈകൾ വീശി.പടികൾക്കു മുകളിൽ ശാരദ റ്റീച്ചർ ചിരിച്ചു കൈവീശുന്നതു കണ്ണുനീരിന്റെ മറവിലൂടെ ഞാൻ കണ്ടു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: