കോറോണയെ നീ വരുംമുന്നേ
കേരളത്തിലെ
സ്ത്രീകൾ സത്യവാങ് മൂലം
കൊടുത്തു ഒരുജന്മം
എവിടേയ്ക്ക്
എപ്പോൾ
എങ്ങനെ
പോകുംവരും
എഴുതിയെഴുതി തല
കുമ്പിട്ട പെണ്ണുങ്ങളെ
കണ്ടിട്ടുണ്ടോ
പുരുഷ മേധാവിത്വത്തിന്റെ
ബാലപാഠം നിറഞ്ഞ
കരിനിയമംപോലും
വീട്ടകത്തളങ്ങളിൽ അമ്മയ്ക്ക്
ആകാശക്കാഴ്ചയ്ക്ക് അച്ഛന്
താലി ചാർത്തിയവന്
പെറ്റുവളർത്തിയ മക്കൾക്ക്
വിജനവീഥിയിൽ കളഞ്ഞു പോയ
മുഖങ്ങൾക്കും കൊടുത്തു
സത്യവാങ് മൂലം,
പതിനെട്ടു തികയുന്ന തലേരാത്രി
നക്ഷത്രക്കുഞ്ഞുങ്ങളെ
കാണുവാൻ ജനലരികിൽ
നിന്നപ്പോൾ മുന്നിൽ
പോക്സോയുംസദാചാരവും
നിയമയുദ്ധം അവർക്കും
കൊടുത്തു സത്യവാങ് മൂലം,
രക്തം കട്ടപ്പിടിച്ച നാവിനെപൂട്ടി
മനസ്സാക്ഷിയ്ക്കും
ഉൾക്കടലിലെ ദ്വീപ്
ആരവമുയർത്തുമ്പോൾ
മൗനത്തോണിയിലെഴുതി
ശബ്‌ദിക്കില്ലെന്നും കൊടുത്തു
സത്യവാങ് മൂലം,
ഇരുളിനും വെളിച്ചതിനുംമദ്ധ്യേ
മൗനവീഥിയിൽ
നിയമത്തിന്റെ
പരിരക്ഷയില്ലാത്ത ഇരകളെന്നു
സത്യവാങ് മൂലം
തുക്കുമരണം വാങ്ങിയ
ഒരു സ്ത്രീ..
പ്രീതി✍