17.1 C
New York
Wednesday, October 5, 2022
Home Literature ഷാൾ (കഥ) - ഡോളി തോമസ്

ഷാൾ (കഥ) – ഡോളി തോമസ്

✍ഡോളി തോമസ് കണ്ണൂർ

എന്താ അനു നിനക്ക് ഇത്ര തിരക്ക്? എത്ര കാലമായി നീ ഇങ്ങോട്ടൊന്നു വന്നിട്ട്.?

“ഏട്ടാ ഉറപ്പായും ഞാൻ അടുത്ത ലീവിന് വരാം.”

“നീ ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി .”
പരിഭവം തീരുന്നില്ല.
“ഉറപ്പായും വരും ഏട്ടാ..നോക്കിക്കോ..”

ഇളയച്ഛന്റെ മോനാണ്. ഏട്ടൻ പറയുന്നതിൽ കാര്യം ഇല്ലാതില്ല. ലീവിന് നാട്ടിൽ പോകുമ്പോൾ വരുണിന്റെ വീട്ടിലാണ് അധികവും നിൽക്കാറ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒന്ന് ഓടി ചെല്ലും. പിന്നെ ഇളയച്ഛന്റെ അടുത്ത് പോകാൻ പറ്റാറില്ല. കഴിഞ്ഞ ഓണത്തിന് എല്ലാവരെയും ഒന്നു കണ്ടതാണ്.

ഇത്തവണ പോകുമ്പോൾ എന്തായാലും അമ്മയുടെ അടുത്ത് രണ്ടു ദിവസം നിൽക്കണം.

ഒരാഴ്ച്ച അവധിക്ക് അപേക്ഷിച്ചു. വരുൺ വരാഞ്ഞത് നന്നായി. ഇല്ലെങ്കിൽ കോഴിക്കോട് തങ്ങേണ്ടി വന്നേനെ. വരുണിന്റെ അച്ഛനും, അമ്മയും ചേച്ചിയുടെ ഒപ്പം ദുബൈയിൽ ആണ്. അതുകൊണ്ടു തന്നെ അവിടേക്ക് പോകേണ്ട ആവശ്യവും ഇല്ല.

ഇളയമ്മയ്ക്ക് സുഖമില്ല അവിടെ പോകുക. അതാണ് പ്രധാന ഉദ്ദേശ്യം.

വരുൺ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നു. അതുകൊണ്ട് രണ്ടുദിവസത്തെ മുഷിപ്പൻ യാത്ര ലാഭം.

കണ്ണൂർ എയർ പോർട്ടിൽ നിന്നും ടാക്സി പിടിച്ചാൽ മതി. അരമണിക്കൂർ കൊണ്ട് വീട്ടിൽ എത്താം.

തിരക്ക് പിടിച്ച ജോലിക്കിടയിൽ നിന്നും ഒന്നു ശ്വാസം വിടാൻ കിട്ടുന്ന അവസരം. എയർ പോർട്ടിൽ ചെക്-ഇൻ കഴിഞ്ഞപ്പോൾ വരുൺ തിരിച്ചു പോയി. ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട്.

യാത്രക്കാർ കുറവാണ്. പൊതു അവധി ദിവസങ്ങളിൽ നല്ല തിരക്കാവും.

മനസ്സ് തുള്ളുന്നു. പഴയപോലെ എല്ലാവരുടെയും ഇള്ളക്കുട്ടിയായി ഒരിക്കൽകൂടി..

ഏട്ടന്മാരുടെ പിന്നാലെ തൊടിയിലും, വയലിലും ഒരു പൂത്തുമ്പിയെപ്പോലെ പാറി നടന്ന കാലം. സകല മാവിലും കല്ലെറിഞ്ഞതും, തോട്ടിൽ നിന്നും തോർത്തിൽ പരലിനെ പിടിച്ചതും, പാടത്തു വന്നിരിക്കുന്ന കൊറ്റിയെ കൈകൊട്ടി പേടിപ്പിച്ചതും പാടത്ത് പണിക്ക് വരുന്ന പെണ്ണാളുകളുടെ കൂടെ വയൽ വരമ്പത്തിരുന്നു കഞ്ഞി കുടിച്ചതും ഇന്നലെയെന്നോണം ഓർമ്മിക്കുന്നു.

പണിക്കാരുടെ ദേഹത്തെ ചേറും വിയർപ്പും കൂടിക്കുഴഞ്ഞ മണം. അവരുടെ ഇടയിൽ ഇരുന്ന് പാള കോട്ടിയതിൽ വിളമ്പിയ കഞ്ഞിയുടെയും പുഴുക്കിന്റെയും രുചി പിന്നീട് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണത്തിനും കിട്ടിയിട്ടില്ല. പാടത്തെ ചേറിന്റെയും, കൊയ്തു കൂട്ടിയ നെൽകറ്റകളുടെയും സുഗന്ധം ആസ്വദിച്ചു വയൽ വരമ്പിലൂടെ നടക്കുക എന്നും ഇഷ്ടമായിരുന്നു. ഇന്ന് ആ കാർഷിക സംസ്കൃതി തന്നെ നമുക്കിടയിൽ അന്യം നിന്നു പോയിരിക്കുന്നു. വയലും, കൃഷികളും നോക്കാൻ പണിക്കാരെ കിട്ടാതായി. കൃഷി എന്നു പറയുന്നത് തന്നെ മാനക്കേട്. എല്ലാവരും ഉദ്യോഗം അന്വേഷിച്ചു പ്രവസത്തിലേയ്ക്ക് ചേക്കേറി. വയലുകളും കൃഷിയിടങ്ങളും നികത്തി ഫ്ലാറ്റുകളും റിസോർട്ടുകളും പണി കഴിപ്പിച്ചു. ഫലമോ കാലം തെറ്റിപെയ്യുന്ന മഴയും, പ്രളയവും, കൊടിയ വേനലും.

കൊയ്തൊഴിഞ്ഞ പാടത്ത് മേയാൻ വിട്ട ആട്ടിൻ കുട്ടിയുടെ ചെവിയിൽ പിടിച്ചു വലിച്ചു നടക്കുമ്പോൾ അമ്മ പറയും,

“എന്റെ അനു , അതിന് വേദനിക്കും.”

ചെവിയിൽ നിന്നും പിടി വിടുമ്പോൾ ആട്ടിൻ കുട്ടി, പിൻകാലിൽ ഉയർന്നു കുത്താൻ ആയുമ്പോൾ ഓടി അമ്മയുടെ പിന്നിൽ ഒളിക്കുന്നതും……

ഇനിയൊരിയ്ക്കലും തിരിച്ചു കിട്ടാത്ത നല്ല നാളുകൾ. അന്നൊക്കെ മിക്കവാറും താൻ ഇളയച്ഛന്റെ അടുത്താവും. അവിടെ ഏട്ടന്മാരുണ്ട്. അവരുടെയടുത്തു കുറുമ്പ് കാട്ടി നടക്കുക തന്റെ വിനോദം ആയിരുന്നു. താൻ കാരണം ഏട്ടന്മാർ കൊണ്ട തല്ലിന് കണക്കില്ല. എന്നാലും തന്റെ കണ്ണു നിറയുന്നത് അവർക്ക് സഹിക്കില്ല. ഓണത്തിന് ഊഞ്ഞാൽ കെട്ടിയാൽ ആരെയും സ്വതന്ത്രമായി ആടാൻ സമ്മതിക്കില്ല. എല്ലാവരുടെയും മടിയിൽ കയറി ഇരിക്കണം തനിക്ക്. എന്നാലും ഏട്ടന്മാർ ഊഞ്ഞാൽ കെട്ടിയാൽ അപ്പൊ തന്നെ വിളിക്കും.

“അനുക്കുട്ടി…ഊഞ്ഞാൽ കെട്ടി…”
അതു കേൾക്കേണ്ട താമസം ഓടി എത്തും. പാവം എന്റെ ഏട്ടന്മാർ.

ഫ്ലൈറ്റിന്റെ അനൗണ്സ്മെന്റ് വന്നപ്പോൾ ഓർമ്മയിൽ നിന്നും പെട്ടെ ന്നുണർന്നു.

അച്ഛനും അമ്മയും ഉമ്മറത്തുതന്നെക്കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“യാത്ര സുഖമായിരുന്നോ മോളെ”.

“അതേ അമ്മേ”.
അച്ഛനെ നോക്കി ഒന്നു ചിരിച്ചു.
“അച്ഛാ, കാൽ വേദന എങ്ങനെ?

” അതങ്ങനെ കിടക്കും ” അച്ഛന്റെ മറുപടി അത്രേയുള്ളൂ.

കുളിച്ചു വന്നപ്പോഴേക്കും ആവിപറക്കുന്ന ചായയും ഇലയടയും, പൂവൻ പഴവും ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്.
തന്റെ പ്രിയപ്പെട്ട വിഭവം.
“ഇളയമ്മയ്ക്ക് എങ്ങനെയുണ്ട്
അമ്മേ?.

“ഓ.അങ്ങനെ തന്നെ വീൽചെയറിലാണ്. അമ്മാതിരി വീഴ്ചയല്ലേ വീണത്. ആറുമാസം കൂടി റെസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത്”.

പിറ്റേന്ന് രാവിലെതന്നെ ഇളയച്ഛന്റെ വീട്ടിലേയ്ക്ക് പോയി. ഇളയച്ഛനും, ഏട്ടന്മാർക്കും സന്തോഷമായി.

താൻ വരുന്നത് പ്രമാണിച്ചു ഏട്ടന്മാർ രണ്ടാളും ലീവ് എടുത്തു. ഒരാൾ ബാങ്കിലും, ഒരാൾ കച്ചവടവും. ഇളയമ്മയോട് കുറച്ചുനേരം കുശലം പറഞ്ഞു.
പിന്നീട് ഏട്ടന്മാരുടെ പിന്നാലെ ആയി. അവരും പഴയ ആ കാലത്തേക്ക് തിരിച്ചു പോയത് പോലെ. അന്നത്തെ തന്റെ വേലത്തരങ്ങളും, കുസൃതിയും ഒക്കെപ്പറഞ്ഞു ആവോളം കളിയാക്കി. തൊടിയിലൂടെ സംസാരിച്ചു നടന്നു സമയം പോയതറിഞ്ഞില്ല.

അന്നത്തെ മൂവാണ്ടൻ മാവൊക്കെ വലിയ മരമായിരിക്കുന്നു. തോട്ടിൽ വെള്ളവും ഇല്ല. ഈ സന്തോഷത്തിനിടയിലും അവൾക്ക് എന്തോ ഒരു അസ്വസ്ഥത. വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.

ഏട്ടത്തിയമ്മയ്ക്ക് ഇതെന്തു പറ്റി. ? മുഖം കടന്നൽ കുത്തിയത് പോലെ. പതിവ് കുശലാന്വേഷണങ്ങൾ ഒന്നും ഉണ്ടായില്ല.

ഇളയച്ഛൻ വിളിച്ചപ്പോളാണ് ഉച്ചയൂണിന് സമയമായി എന്നറിയുന്നത്. ചോറും കറികളുമൊക്കെ സാധാരണയിൽ കവിഞ്ഞ ശബ്ദത്തിൽ മേശപ്പുറത്തേയ്ക്ക് വീണു. ഏട്ടനും, ഇളയച്ഛനും മുഖമുയർത്തി ചോദ്യഭാവത്തിൽ ഏട്ടത്തിയമ്മയെ, നോക്കുന്നുണ്ട്. ഇത് വകവയ്ക്കാതെ ഏട്ടത്തിയമ്മ ചവിട്ടിക്കുലുക്കി അടുക്കളയിലേയ്ക്കു പോയി.

ചോറുണ്ടെണീറ്റ് കൈകഴുകി തിരിഞ്ഞപ്പോൾ ഏട്ടത്തിയമ്മ മുന്നിൽ. ശത്രുവിനെയെന്നപോലെ തുറിച്ചു നോക്കുന്നു.

“അനു ഇങ്ങു വന്നേ, ഒരു കാര്യം പറയാനുണ്ട്.”

കയ്യിൽ പിടിച്ചു വലിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി. അഭിമുഖമായി നിന്ന് പല്ലിറുമ്മിക്കൊണ്ട് ഒരു ചോദ്യം :
” നിനക്ക് ഒരു ഷാൾ ഇട്ടു വന്നു കൂടായിരുന്നോ, ഇവിടെ ആണുങ്ങൾ ഉള്ളതല്ലേ? “

ശരിക്കും ഞെട്ടിപ്പോയി!
ആണുങ്ങളോ ? കുഞ്ഞിലെ മുതൽ തന്നെ തോളിലേറ്റി വളർത്തിയ ഏട്ടന്മാർ. കഷ്ടം! ഇവർക്കെങ്ങനെ ഇങ്ങനെ പറയാനും ചിന്തിക്കാനും കഴിഞ്ഞു.

അയഞ്ഞ ടോപ്പും പലാസവും ആണ് ധരിച്ചിരുന്നത്. അതിൽ ഒരു മോശവും തോന്നിയില്ല. തനിക്ക് ഇടാൻ സുഖമുള്ള വേഷങ്ങളാണ് സാധാരണ ധരിക്കാറ്. അതിൽ ഒരു അപാകതയും ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല. വൈകുന്നേരമേ തിരിച്ചു പോകുള്ളു എന്നു പറഞ്ഞു വന്നതാണ്. ഇനിയിവിടെ നിൽക്കാൻ വയ്യ.

മനസ്സിലെ ആഹ്ലാദത്തിന്റെ സ്വർണ്ണ നൂൽ പൊട്ടി. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ആരും കാണരുതെ. വേഗംകണ്ണീർ തുടച്ചു. എന്നിട്ടും കണ്ണു നിറയുകയാണ്.ഇനി ഏട്ടന്മാരെ അഭിമുഖീകരിക്കാൻ വയ്യ.

ഏട്ടന്മാർ പതിവ് ഉച്ചമയക്കത്തിൽ ആയിരുന്നത് നന്നായി. യാത്ര പോലും പറയാൻ നിന്നില്ല. വേഗം തന്നെ അവിടുന്ന് ഇറങ്ങി…

ഡോളി തോമസ് കണ്ണൂർ

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: