17.1 C
New York
Monday, December 4, 2023
Home Literature ശിവാനി.. (കഥ ) ✍️ മഞ്ജുഷ മുരളി

ശിവാനി.. (കഥ ) ✍️ മഞ്ജുഷ മുരളി

നിശാഗന്ധി ആഡിറ്റോറിയത്തിൽ….
കാമിനീമണീ സഖീ ……”
സ്വാതിതിരുന്നാൾ പദം ചിലങ്കകളുടെ താളവും, കാമുകനെ തേടുന്ന നായികാഭാവവും ഭ്രമിപ്പിക്കുന്നൊരു ഭൂമികയിൽ ദൈവങ്ങൾക്കും എനിക്കും വേണ്ടി ചുവടുകളിൽ മുദ്രകളുതിർക്കുമ്പോളാണ്
നിറഞ്ഞ സദസ്സിൽ നിന്നുതിരുന്ന മർമ്മരങ്ങൾ, പിന്നെ നീണ്ട കരഘോഷം… കേട്ടത്.
ആദ്യം എന്താണു കാര്യമെന്ന് മനസ്സിലായില്ല. നൃത്തം തീർന്നതും സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചഭിനന്ദനങ്ങൾ അറിയിച്ചു.അപ്പോഴാണ് ഈ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് എനിക്കാണെന്ന സന്തോഷവാർത്ത ഞാനും അറിയുന്നത്.അനുഗൃഹീതമായ നിമിഷങ്ങൾ… ഒടുവിൽ ജഗദീശ്വരൻ എൻ്റെ കണ്ണുനീർത്തുള്ളികളെയെല്ലാം സ്ഫടികമായി തീർത്തിരിക്കുന്നു…..

വീടിനുള്ളിലും പുറത്തുമായി സ്നേഹവും, പച്ചപ്പും ഉച്ചവെയിൽ പോലെ തിളങ്ങി നിന്നിരുന്ന എൻ്റെ ബാല്യകാലം.പാലക്കാട് കൃഷിയും ബിസിനസ്സുമായി ഒരു സമ്പന്ന കുടുംബത്തിലായിരുന്നു എൻ്റെ ജനനം. അച്ഛനും അമ്മയ്ക്കും ഞങ്ങൾ അഞ്ചു മക്കളായിരുന്നു.. ഏറ്റവുമിളയതായിരുന്നതിനാൽ എല്ലാവരുടേയും സ്നേഹലാളനകളേറ്റു വളർന്ന ബാല്യം. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. അതിനാൽ കളിക്കാൻ സമപ്രായക്കാർ ധാരാളമുണ്ടായിരുന്നു ..

പക്ഷേ വളർന്നുവരുന്തോറും എനിക്ക് അവരിൽ നിന്നൊക്കെ അകന്നു മാറി ഒറ്റയ്ക്കു നടക്കാനായി താൽപര്യം.മനസ്സിൽ ഒന്നിനുമൊരു ഉണർവ്വില്ലാതായി…’ ഇതല്ല ഞാൻ’ ‘എനിക്കെന്തോ വ്യത്യാസമുണ്ട്’ എന്നൊരു തോന്നൽ..ഞാൻ മൗനിയായിരിക്കുന്നതു കണ്ട് അമ്മയെന്നോട് ചോദിക്കുമ്പോഴൊക്കെ ഒന്നും മിണ്ടാനാവാതെ ഒഴിഞ്ഞുമാറി, അതമ്മയെ കൂടുതൽ വേദനിപ്പിക്കുന്നു എന്നുകണ്ട് എൻ്റെ മനസ്സിലെ ചിന്തകൾ അമ്മയോടു പറഞ്ഞു “അതു വലുതാകുമ്പോൾ മാറിക്കൊള്ളും ‘ എന്ന് അമ്മ സമാധാനിപ്പിച്ചു.ആരോടുമൊന്നും പങ്കുവയ്ക്കാനാകാതെ ഞാൻ ഉഴറിനടന്നു.

ആൺകുട്ടികളേക്കാൾ പെൺകുട്ടികളോട് കൂട്ടുകൂടുന്നതായിരുന്നു എനിക്കിഷ്ടം. അവരുടെ കൂടെ ഇരിക്കുന്നതായിരുന്നു എനിക്ക് സന്തോഷം. അച്ഛനും, ചേട്ടന്മാരും കർശന നിയന്ത്രണങ്ങളുമായി എന്നെ അതിൽ നിന്നു വിലക്കി.

ഒരിയ്ക്കൽ വീട്ടിനടുത്തുള്ള അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച് നൃത്തസന്ധ്യ ഉണ്ടായിരുന്നു.അന്നെനിക്ക് രണ്ടുരണ്ടരവയസ്സു പ്രായം. അമ്മയുടെ മടിയിൽ മുൻനിരയിലിരുന്നാണന്നു ഞാനാ പരിപാടി കണ്ടത്.അവരുടെ ഓരോ നൃത്തച്ചുവടുമെന്നിൽ വല്ലാത്ത ഉണർവ്വുണ്ടാക്കി. അന്നുമുതൽ ഡാൻസ് ചെയ്താണ് നടപ്പ്,നടപ്പിലുമെടുപ്പിലുമെല്ലാം എന്നിൽ പെൺമൈ താളംതുള്ളാൻ തുടങ്ങി.. അതോടെ എല്ലാവരിൽ നിന്നുമെനിക്ക് അടിയും ശകാരവർഷവും കിട്ടിത്തുടങ്ങി.

അന്നെന്നെ കാണാൻ നല്ല ഭംഗിയായിരുന്നു. വെളുത്തു തുടുത്ത് ,കാണുന്നവരെല്ലാമെൻ്റെ കവിളിൽ പിടിച്ചു ‘വെണ്ണക്കട്ടിപോലെയിരിക്കുന്നു ‘എന്നു പറയുമായിരുന്നു… പക്ഷേ ദിവസങ്ങൾ കടന്നു പോകുന്തോറും ഞാൻ വീട്ടിലും ബന്ധുക്കൾക്കിടയിലും ഒരു അപശകുനമായി മാറുകയായിരുന്നു. ജ്യേഷ്ഠൻമാരുടേയും, അച്ഛൻ്റെയും അടിയും, ശകാരവും കേട്ടുമടുത്തു.സ്കൂളിൽ പോകാനും മടിയായിരുന്നു.എൻ്റെ ഇഷ്ടം മുഴുവൻ നൃത്തത്തിലായിരുന്നു.പറമ്പിലെ ഒഴിഞ്ഞ കോണിൽ പോയി മതിവരുവോളം നൃത്തം ചെയ്യുമായിരുന്നു, ആരും കാണാതെ. പത്താം ക്ലാസ് കഴിഞ്ഞു തുടർന്നു പഠിക്കാനെനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു .. വീട്ടിൽ അതേ ചൊല്ലി വഴക്കുണ്ടായി, ഞാൻ കുടുംബത്തിന് അപമാനമാണെന്നും, വീട്ടിൽ നിന്നിറങ്ങി പോകാനും ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ അന്ധാളിച്ചു നിന്നു.അമ്മ പാവം, എല്ലാം കണ്ടും കേട്ടും കരയാനല്ലാതെ മറ്റൊന്നുമാവില്ലായിരുന്നു. അന്നു അധികമൊന്നും ചിന്തിക്കാനുള്ള അറിവ് പതിനാറു വയസ്സുകാരനായ എനിക്കുമില്ലായിരുന്നു.അന്നു ഞാനവിടം വിട്ടിറങ്ങി. അടിയും ശകാരവും ശാപവർഷങ്ങളുമത്രയേറെയെന്നെ മടുപ്പിച്ചിരുന്നു.

ഞാൻ എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്നിറങ്ങി നടന്നു റയിൽവേ സ്‌റ്റേഷനിലെത്തി കണ്ട ഒരു ട്രെയിനിൽ കയറിയിരുന്നു. ഞാൻ കയറിയ കമ്പാർട്ട്മെൻ്റിൽ തിരക്കു കുറവായിരുന്നു.പ്രായം ചെന്ന ഒരു മുത്തശ്ശിയും അവരോടൊപ്പം ഒരു പെൺകുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ട്രെയിൻ മുന്നോട്ടുനീങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ടി ടി ആർ എത്തി ടിക്കറ്റ് ചോദിച്ചു, അമ്പരന്നു നിൽക്കുന്ന എന്നോട് ആ മുത്തശ്ശി സ്നേഹവായ്പോടെ എവിടെ പോകാനാണെന്നു തിരക്കി ചെന്നൈയെന്നാണ് നാവിൽ വന്നത്. മുത്തശ്ശി എനിക്കൂടെ ടിക്കറ്റെടുത്തു, അവർ ഭക്ഷണം കഴിച്ചപ്പോഴെനിക്കും ഭക്ഷണം തന്നു. പിന്നീടെന്നോട് എന്നെക്കുറിച്ചു ചോദിച്ചു.ആദ്യമൊന്നും പറഞ്ഞില്ല. പിന്നീട് സ്നേഹപൂർവ്വമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു.

ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നു., ആളുകൾ ഇറങ്ങുകയും, കയറുകയും ചെയ്യുന്നതിൻ്റെ ശബ്ദകോലാഹലങ്ങൾ കേട്ടാണ് ഞാനുണർന്നത്…’ കുട്ടി ഉണർന്നോ?ഇറങ്ങുന്നില്ലേ? ചെന്നൈ സെൻട്രൽ സ്റ്റേഷനെത്തി ‘ മുത്തശ്ശിയുടെ ചോദ്യംകേട്ടു ഞാൻ തലകുലുക്കി, അവർ ഇറങ്ങിയതിനു പിന്നാലെ ഞാനും ട്രെയിനിൽ നിറങ്ങി.
എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചുനിന്നു. തലങ്ങും വിലങ്ങും പായുന്ന മനുഷ്യർ.ആരും ആരേയും ശ്രദ്ധിക്കുന്നില്ല. പതുക്കെ വിശക്കാനും തുടങ്ങി.. ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും ലക്ഷ്യമില്ലാതെ നടന്നുനീങ്ങി.

പെട്ടെന്നാണ് ഒരാൾ ഓടി വന്നെൻ്റെ കൈയ്യിൽ പിടിച്ചിട്ട് “അമ്മാ കൂപ്പിടുറാങ്ക തമ്പീ’ എന്നു പറഞ്ഞു.അതാരാവുമെന്നോർത്ത് ഞാൻ തിരിഞ്ഞു നോക്കി.ട്രെയിനിൽ എന്നോടൊപ്പമുണ്ടായിരുന്ന മുത്തശ്ശിയും, കുട്ടിയും അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അയാളോടൊപ്പം നടന്നവർക്കരുകിലെത്തി.’നീ എങ്ങോട്ടു പോകുന്നു, ഞങ്ങളോടൊപ്പം പോരുന്നോ ” -മുത്തശ്ശിയുടെ ആ ചോദ്യം എൻ്റെ ജീവിതത്തിലെ പ്രധാനവഴിത്തിരിവായിരുന്നു.

ആ മുത്തശ്ശിയോടൊപ്പം കാറിൽ കയറി ഞാനെത്തിയത് കൊട്ടാരസദൃശമായ ഒരുവീട്ടിലേക്കായിരുന്നു.മുത്തശ്ശിയുടെ മകൻ്റെ വീടായിരുന്നു അത്.അവരെല്ലാം വലിയ വലിയ ഉദ്യോഗസ്ഥരായിരുന്നു.മുത്തശ്ശി ഡ്രൈവർ രാമനാഥനോട് ,എന്നെക്കൂടി സഹായിയായി കൂടെ കൂട്ടിക്കോളാൻ പറഞ്ഞു.താമസവും ഭക്ഷണവുമെല്ലാം രാമേട്ടൻ്റ കൂടെയായി.

ദിവസങ്ങൾ, മാസങ്ങൾ ഓടിമറഞ്ഞു,ആദ്യമൊക്കെ അമ്മയെ പിരിഞ്ഞുനിൽക്കുന്നതിൻ്റെ നല്ല വിഷമമുണ്ടായിരുന്നു.പിന്നെ ക്രമേണ ഞാനാ ജീവിതവുമായി പൊരുത്തപ്പെട്ടു. യാദൃശ്ചികമായി മുത്തശ്ശിയുടെ മരുമകൾ ഞാൻ നൃത്തംചെയ്യുന്നതു കാണാനിടയായി.അങ്ങനെ അവരുടെ കുട്ടികളെ നൃത്തം പഠിപ്പിക്കാൻ തുടങ്ങി,പിന്നീട് കണ്ടും കേട്ടുമറിഞ്ഞ് ധാരാളം കുട്ടികൾ പഠിക്കാനെത്തി. വീടിൻ്റെ ടെറസതിനായി സജ്ജീകരിച്ചു തന്നു. പുറത്തു നിന്നുള്ള കുട്ടികൾ ഫീസു തന്നുതുടങ്ങിയതോടെ എനിക്കു നല്ലവരുമാനവുമായി. മുത്തശ്ശിയുടെ മരണംവരെ ഞാനാ കുടുംബത്തിൽ തുടർന്നു. അതിനു ശേഷം ഞാൻ എന്നെപ്പോലെ പെണ്ണാകാൻ ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡേഴ്സിനൊപ്പം എത്തി.അവരിലൊരാളായി ആൺവേഷം ഉരിഞ്ഞുകളഞ്ഞ് പെണ്ണായിമാറി.

സിനിമയും, മറ്റുള്ളവരുടെ നൃത്തവും കണ്ടാണ് ഞാൻ ചുവടുകൾ പഠിച്ചത്, കിട്ടുന്ന വേദികളിലെല്ലാം നൃത്തം ചെയ്തു, ഓരോ വേദികളിലും നൃത്തം അവതരിപ്പിക്കുമ്പോൾ എല്ലാവരും ചോദിച്ചുതുടങ്ങി, നൃത്തം ചിട്ടപ്പെടുത്തിയതാരാണ്, ഗുരു ആരാണ് എന്നൊക്കെ.അപ്പോഴാണ് ഒരു ഗുരുവിൻ്റെ ആവശ്യമെനിക്കു മനസ്സിലായത്.ഒരു വലിയ നർത്തകിയാകണമെന്ന ആഗ്രഹം സഫലീകരിക്കാനുള്ള യാത്രയിലായിരുന്നു പിന്നീടങ്ങോട്ട്.എൻ്റെ ഗുരുവിനെ തേടിയുള്ള അലച്ചിൽ അവസാനിച്ചത് തഞ്ചാവൂർ ചിന്നയ്യ പിള്ളയുടെ നാട്യഗൃഹത്തിലായിരുന്നു. ഗുരുകുല വിദ്യാഭ്യാസരീതിയിൽ നീണ്ട പതിനഞ്ചുവർഷക്കാലമവിടെ അദ്ധേഹത്തിൻ്റെ ശിഷ്യയായി നൃത്തം അഭ്യസിച്ചു.അന്ന് ട്രാൻസ്ജെൻഡേഴ്സ് നൃത്തം അഭ്യസിക്കുന്നത് അപൂർവ്വമായിരുന്നെങ്കിലും ഭരതനാട്യത്തിൽ കുലഗുരുവായ അദ്ധേഹമെന്നെ ശിഷ്യയാക്കി.പാരമ്പര്യചിട്ടയായ നായകീഭാവമാണ് അദ്ധേഹമെന്നെ പഠിപ്പിച്ചത്. ആത്മാവിനോളം ചെന്നെത്തുന്ന ഭക്തിഭാവമാണത്.

.’തിരുണങ്കൈ നർത്തകി’ എന്നായിരുന്നു ഞാനറിയപ്പെട്ടത്.നൃത്തത്തിൽ വാത്സല്യഭാവവും, നായകീഭാവവുമാണ് എനിക്കേറ്റവുമിഷ്ടം.വാത്സല്യഭാവം ചെയ്യുമ്പോൾ വയറിൽ നിന്നൊരു പെരുപെരുപ്പുവരും.ജീവിതത്തിൽ അമ്മയാകാൻ കഴിയാത്തതുകൊണ്ട് നെഞ്ചിലെ താരാട്ടെല്ലാം നൂത്തത്തിൽ ലയിപ്പിക്കും ,ആ സമയത്ത് ഞാനൊരു അമ്മയാണ്.
നായകീഭാവം ചെയ്യുമ്പോൾ എൻ്റെ സങ്കൽപ്പനായകൻ എന്നോടൊപ്പം സ്റ്റേജിലുണ്ട്.അവനോടാണെൻ്റെ പ്രണയം, കനവ്, വിരഹം എല്ലാം, ആ സമയം നെഞ്ചിനകം പ്രേമംകൊണ്ടു നിറഞ്ഞു തുളുമ്പും.ഞാനൊരു രാധയായി നൃത്തമാടും.പലപ്പോഴും എൻ്റെ നൃത്തം കഴിയുമ്പോൾ കാണികൾ കണ്ണുതുടക്കുന്നത് കാണാറുണ്ട്.ഭക്തിയിലവർ ലയിക്കുന്നതു കൊണ്ടാണത്.
ഭരതനാട്യത്തിൽ നായകീഭാവത്തിനു പ്രാധാന്യമുള്ളതുകൊണ്ടാണു ഞാനത് തെരഞ്ഞെടുത്തത്.പത്താംക്ലാസിൽ പഠനം അവസാനിപ്പിച്ചെങ്കിലും ഇന്ന് നൃത്തമെനിക്ക് ഡോക്ടറേറ്റും, നിരവധി കോളേജുകളിൽ വിസിറ്റിംഗ് പ്രൊഫസർ സ്ഥാനവും നേടിത്തന്നു…
വർഷങ്ങൾക്കിപ്പുറം ഞാനാ കുടുംബത്തിന് അപമാനം എന്നു പറഞ്ഞെന്നെ പുറന്തള്ളിയ എൻ്റെ സഹോദരങ്ങൾ തന്നെ ഞാൻ അവർക്ക് അഭിമാനം എന്നുപറഞ്ഞു ചേർത്തുനിർത്താൻ മത്സരിക്കുന്നു. ഇതെല്ലാം എനിക്ക് സന്തോഷം തരുന്നുവെങ്കിലും വേദന നിറഞ്ഞ ആ കാലമെനിക്ക് മറക്കാനാവുന്നില്ല. ഉള്ളിലെ ഉണർവ്വിന് എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചിരുന്നൊരു ആൺകുട്ടിയെ ഞാൻ മറക്കുന്നതെങ്ങനെ….? അവനിലെ പെൺമയെ കളിയാക്കുകയും, തള്ളിക്കളയുകയും ചെയ്തിരുന്നവരെ മറക്കുന്നതെങ്ങനെ?ദു:ഖകരമായ പല അനുഭവങ്ങളിലൂടെയുമാണ് ഞാനിന്നീ അംഗീകാരങ്ങളുടെ നെറുകയിലേറി നിൽക്കുന്നത്….!!

©® മഞ്ജുഷ മുരളി

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. സ്ത്രൈണത സന്നിവേശിക്കപ്പെട്ട പുരുഷന്റെ അമൂർത്ത ഭാവങ്ങൾ നന്നായി വരഞ്ഞിട്ടു. നോവ് നിറഞ്ഞ വരികളിൽ കഥാപാത്രങ്ങൾക്ക് നല്ല മിഴിവ്. ഭംഗിയായി പറഞ്ഞ കഥ. ഭാവുകങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: