ശിലയിൽനിന്നാണ്,
നീയെന്നെ ഉണർത്തിയത്.
ഞാനാരാണെന്ന് നീപറഞ്ഞുകേൾക്കു-
വാനായിരുന്നു എനിക്കിഷ്ടം.
എന്നെ കൊത്തിയെടുത്ത,
നിന്റെ ഉളിത്തുമ്പുകൾക്ക്,
അഗ്നിയുടെ ചൂടായിരുന്നു!
അസ്ത്രത്തിന്റെ മൂർച്ചയായിരുന്നു!
എങ്കിലും പെയ്യാൻ കൊതിച്ച,
മഴമേഘത്തിന്റെ കുളിരും..
പറയാൻ മറന്ന പ്രണയവുമു-
ണ്ടായിരുന്നു..
നിന്റെ മനസ്സിലെ വികാരവിചാരങ്ങ-
ളൊക്കെയുമെന്നിൽ ചൊരിഞ്ഞത്
നിറയൗവ്വനമായിരുന്നു..
എന്റെ കണ്ണുകളിൽ മഴവില്ലുതീർത്തതും,
എന്റെ മുടിയിഴകളിൽ ശാന്തമായ
സാഗര മൊഴുക്കിയതും നീയായിരുന്നു..
നിന്റെ വിയർപ്പുതുളളികളിൽ,
ആത്മാവിനെ ഞാനറിഞ്ഞു..
നിന്റെ ശ്വാസഗതികളിൽ,
ജീവാംശവും നിറഞ്ഞിരുന്നു..
നിന്നേപ്പോലെ ചലിയ്ക്കുവാൻ
ഞാനും കൊതിച്ചിരുന്നു..
നിന്നേപ്പോലെ മിണ്ടുവാൻ
വെറുതെ മോഹിച്ചിരുന്നു..
പറന്നുയരണമെനിക്ക് ഈ ശിലാ-
തല്പത്തിൽനിന്നും നിന്നോടൊപ്പം..
ഒടുവിൽ..തിരിഞ്ഞുനോക്കാതെ നീ
പോകുമ്പോഴും, വെറും ശില്പമെന്നു-
വിളിച്ചതെന്തേ..
വെറുതെ ശിലയായ് കണ്ടതെന്തേ…
✍️ കൃഷ്ണാജീവൻ.