ഇരുളടഞ്ഞ ഒരുപാട് ദിവസങ്ങൾക്ക് നിയമത്തിൻ്റെ ഭാഗത്ത് നിന്ന് തീർപ്പ് കൽപിച്ച ദിവസം – ഏപ്രിൽ 16……
കറുത്ത കോട്ടുകളണിഞ്ഞ ഒരുപാട് നീതിയുടെ കാവലാളുകളെ സാക്ഷിയാക്കി കോടതി മുറിക്കുള്ളിലെ അഴിക്കൂട്ടിൽ നിന്ന് കൊണ്ട് ന്യായാധിപൻ്റെ വിധി വാചകം കേട്ട് പുറത്തിറങ്ങിയ ഞാൻ .
അമ്മയേയും കാത്ത് കോടതി വരാന്തയിൽ മൊബൈലും നോക്കിയിരുന്ന 14 വയസ്സുകാരനായ എൻ്റെ മകനെ അടുത്തേക്ക് വിളിച്ചു.
ഉണരുമ്പോൾ മുതൽ ഉറങ്ങുന്നവരെ ഓൺലൈനിൽ കാണാറുള്ള മകനോട് ‘എന്തേ മോൻ അച്ഛനെ ഒന്ന് വിളിക്കാത്തത് ?എന്തേ ഒരു മെസ്സേജ് പോലും അയക്കാത്തത് ?…… ഷോൾഡർ കൊണ്ട് ഒന്നുമില്ല എന്ന് ആഗ്യം കാണിച്ച് ഒന്നു ചിരിക്കുക പോലും ചെയ്യാതെ അവൻ അവൻ്റെ അമ്മയുടെ കൂടെ കോടതി വരാന്തയിലൂടെ നടന്നകലുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ നോക്കി നിന്നു……
ഭാര്യ പോയതിൽ ഒരു ശതമാനം പോലും വിഷമം തോന്നിയില്ല. അവളുടെ മുന്നിൽ ഭൂമിയോളം ക്ഷമിക്കുകയും സഹിക്കുകയും ചെയ്തതാണ് ഞാൻ ചെയ്ത തെറ്റ്. മന:സാക്ഷിയുടെ മുന്നിലും നിയമത്തിൻ്റെ മുന്നിലും ഞാൻ കുറ്റക്കാരനല്ല. പരസ്പരം മനസ്സിലാക്കാൻ പറ്റാത്തവർ ഒന്നിച്ച് ജീവിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ മകൻ……. അവൻ ജനിച്ച് 29 ദിവസം കഴിഞ്ഞപ്പോൾ മുതൽ എൻ്റെ കൂടെ മാത്രമേ അവൻ ഉറങ്ങാറുള്ളൂ. എപ്പോഴും എൻ്റെ ബൈക്കിൻ്റെ മുന്നിൽ ടാങ്കിൽ പറ്റിപ്പിടിച്ച് അവൻ ഉണ്ടാവും. അതിൽ കിടന്നാണ് അവൻ പലപ്പോഴും ഉറങ്ങാറ്.
മൂന്നര വയസ്സിൽ അവനെ എന്നിൽ നിന്ന് അടർത്തി കൊണ്ടു പോകും വരെ ഞാനവനെ പൊന്നുപോലെ നോക്കിയിരുന്നു. അവനെ എന്നിൽ നിന്നകറ്റിയ ശേഷം കുറച്ച് കാലം ശരിക്കും ഞാൻ തളർന്നു പോയി. എല്ലാ ബന്ധങ്ങളിൽ നിന്നും അകന്ന് ഒറ്റപ്പെട്ട ജീവിതം തുടങ്ങി…. നീണ്ട ആറു വർഷം എൻ്റെ മകനെ കണ്ടതേയില്ല. മക്കൾ സ്കൂൾ വിട്ട് വരാൻ അല്പം താമസിച്ചാൽ ചങ്ക് തകരുന്ന മാതാപിതാക്കളുള്ള ഈ നാട്ടിൽ – കൈയ്യെത്തും ദൂരത്തിൽ മകൻ ഉണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നിൽക്കാൻ വിധിക്കപ്പെട്ട ഒരച്ഛനായ് ഞാനും……
അങ്ങനെ ഒരു ദിവസം ഒരു സുഹൃത്ത് വഴി മകനെ ഒരു മണിക്കൂർ കാണാൻ അവസരം കിട്ടി. അതീവ സന്തോഷത്തോടെ ഞാനവനെ വാരി പുണർന്നു. അവൻ്റെ ചെറിയ ചെറിയ സന്തോഷങ്ങൾ ആ ഒരു മണിക്കൂറിൽ ഞാൻ സാധിച്ചു കൊടുത്ത് പിരിയുമ്പോൾ ലീവുള്ള ദിവസം എൻ്റെ ഒപ്പം വരാമെന്ന വാക്ദാനത്തോടെ അവൻ തിരികെ പോയി.പിന്നീട് അവധി ദിവസങ്ങളിൽ അവൻ വരാൻ തുടങ്ങി. അവൻ്റെ ആഗ്രഹങ്ങൾക്കൊത്ത് അവധി ദിവസങ്ങൾ ഞങ്ങൾ അടിച്ചു പൊളിച്ച് സന്തോഷത്തോടെ ചിലവിട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായ് അച്ഛനെന്ന നിലയിൽ എനിക്കും മകനെന്ന നിലയിൽ അവനും കിട്ടാതിരുന്ന കുറവുകൾ ഞങ്ങൾ പരിഹരിച്ചു മുന്നോട്ട് പോയി. ഓരോ വരവു കഴിഞ്ഞ് മടങ്ങുമ്പോഴും എന്നെ കെട്ടിപ്പിടിച്ച് മുത്തം തന്നിട്ട് അടുത്ത അവധി ദിവസം കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിയുകയാണ് പതിവ്.അങ്ങനെ രണ്ടര വർഷം ഹാപ്പിയായ് കടന്നു പോയി.
കാലം കടന്നു പോയ്കൊണ്ടിരുന്നു. അച്ഛനിൽ നിന്ന് കിട്ടാവുന്ന ജീവനാംശത്തിൻ്റെ നിയമ സാധ്യതകൾ തേടി അവൻ്റെ അമ്മ അവനെയും കൊണ്ട് നീതിപീഠത്തിൻ്റെ മുന്നിൽ കയറിയിറങ്ങാൻ തുടങ്ങിയപ്പോൾ തൊട്ട് അവൻ വരാതെയായി- വിളിക്കാതെയായ് – ശരിക്കും ഒരു ശത്രുവിനെ പോലെ എന്നെ കാണാൻ തുടങ്ങി. നീണ്ട രണ്ടു വർഷത്തെ നിയമയുദ്ധം. എൻ്റെ ഭാഗത്തുള്ള വക്കീലിൻ്റെ ഇടപെടൽ മൂലം കേസ്സു നടക്കുന്ന സമയത്ത് ഇടക്ക് ഒരു ദിവസം അവൻ എൻ്റെ കൂടെ വന്നു. ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു- അത്യാവശ്യം അവനു വേണ്ടി ഷോപ്പിങ്ങ് നടത്തി തിരികെ പോകുന്നതിനിടയിൽ ഒരു തവണ പോലും അച്ഛാ എന്നവൻ വിളിച്ചില്ല, ശരിക്കും അന്ന് എൻ്റെ മനസ്സ് വേദനിച്ചു. അവൻ ഒത്തിരി മാറിയിരിക്കുന്നു, മാറിയതാവില്ല മാറ്റിയതായിരിക്കും എന്ന് എൻ്റെ മനസ്സു പറഞ്ഞു. അത്യാവശ്യം എല്ലാ കാര്യങ്ങളും മനസ്സിലാവുന്ന പ്രായമാണ് അവനിന്ന്.14 വയസ്സായി…. അവധി ദിവസങ്ങളിൽ വന്നാൽ പോകാൻ കൂട്ടാക്കാത്ത അവൻ ഇത്രയും മാറ്റത്തിന് ഉടമയാവണമെങ്കിൽ അവൻ ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് അത്രയേറെ വിഷം പുരട്ടിയ ഉപദേശങ്ങളും വികലമായ ധാരണകളും അവൻ്റെ ഉള്ളിൽ നിറച്ചിട്ടുണ്ടാവും.
എൻ്റെ മകനായ് വളർത്താൻ കഴിയാത്തതിൽ അതിയായ വിഷമമുണ്ട്. പക്ഷേ എന്നിൽ നിന്ന് മുഖം തിരിച്ച് നീ നടന്നകലുന്നത് നിന്നിലുള്ള നന്മയെ തിരിച്ചറിയാൻ കഴിയാത്തവർക്കൊപ്പമാണല്ലോ എന്ന വേദന ബാക്കിയാവുന്നു.
ഒരിക്കൽ എൻ്റെ കുട്ടിക്ക് മനസ്സിലാവും നീതിപീഠം അച്ഛന് പകരം നേടി തരുന്ന നാണയ തുട്ടുകളേക്കാൾ വലുത് അധികം ആളുകളും വിസ്മരിക്കുന്ന അച്ഛനെന്ന സത്യം തന്നെയാണെന്ന്.
ഒരച്ഛൻ്റെസ്നേഹത്തോടെ അതിലേറെ പ്രാർത്ഥനയോടെ പറയുന്നു, എവിടെയായാലും എൻ്റെ കുട്ടി ഉയരങ്ങളിലെത്തണം. നമുക്ക് ഉണ്ടാവുന്ന കയ്പേറിയ അനുഭവങ്ങൾ നമ്മുടെ മക്കൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പറയാൻ എല്ലാവർക്കും എളുപ്പമാണ്. ജീവിത യാഥാർത്ഥ്യങ്ങൾ അനുഭവിക്കുമ്പോഴേ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ ഉപ്പും പുളിയും രുചിച്ചറിയാൻ കഴിയൂ.11 വർഷം ഒറ്റക്ക് ജീവിച്ചപ്പോഴും അവൻ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇന്ന് ഈ കോടതി വരാന്തയിൽ ആ പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. മക്കളെയും മാമ്പൂവും കണ്ട് കൊതിക്കരുത് എന്നത് എൻ്റെ ജീവിതത്തിലും അർത്ഥവത്തായി. ഇവിടെ നഷ്ടമാവുന്നത് ഇരുപക്ഷത്തുമാണ്. ഒരു ഭാഗത്ത് കൈവിരൽ തുമ്പു പിടിച്ച് അവൻ്റെ ബുദ്ധിവികാസത്തിനും കഴിവിനും അനുസരിച്ച് വളർത്താനും മാറോട് ചേർത്ത് ഉറക്കാനും കഴിയാതെ പോയ ഒരച്ഛൻ …… മറുഭാഗത്ത് അച്ഛനെന്ന സത്യത്തെ ജീവിതത്തിൽ കൂടെ നിന്ന് അനുഭവിച്ചറിയാൻ കഴിയാതെപോയ ഒരു മകൻ…..
തെറ്റുകാരനല്ല എന്ന പൂർണ്ണ ബോധ്യമുള്ളിടത്തോളം ഈ ഒറ്റപ്പെടലിൽ എനിക്ക് സങ്കടമില്ല. മക്കളെ ലാളിക്കുന്ന അച്ഛൻമാരെ കാണുമ്പോൾ കുശുമ്പും സങ്കടവും തോന്നിയിട്ടുണ്ട്..
എന്ന്
എന്നോട് പറയുമ്പോൾ ആ
അച്ഛൻറെ തൊണ്ട ഇടറുന്നതും കണ്ണ് നിറയുന്നുതും കാണാമായിരുന്നു….
നിഷ ജോർജ്✍