17.1 C
New York
Monday, November 29, 2021
Home Literature വൺ ഡേ ട്രിപ്പ് (അനുഭവക്കുറിപ്പ്)

വൺ ഡേ ട്രിപ്പ് (അനുഭവക്കുറിപ്പ്)

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം

1978 കാലഘട്ടത്തിൽ നടന്ന രസകരമായ ഒരു അനുഭവ കുറിപ്പാണ് ഇത്. അഞ്ചു സുഹൃത്തുക്കൾ യഥാക്രമം ക്രിസ്റ്റഫർ, നിക്കോളാസ്, ഹിൽട്ടൺ, മിൽട്ടൺ,ചാൾസ് എല്ലാവരും പലതരം ബിസിനസ് ചെയ്യുന്ന ഏകദേശം 20 -22 വയസ്സുള്ള ചെറുപ്പക്കാരാണ്. ഒരു ഒഴിവുദിവസം അടിച്ചുപൊളിക്കാൻ ഒരു വൺ ഡേ ട്രിപ്പിന് അവർ പ്ലാനിട്ടു. ഒരാളുടെ ഫിയറ്റ് കാറിൽ അഞ്ചുപേരും കൂടി പോകാം എന്ന് തീരുമാനമായി. അഞ്ചുപേർക്കും വണ്ടി ഓടിക്കാൻ അറിയാമെങ്കിലും രണ്ടു പേർക്കു മാത്രമേ ലൈസൻസ് ഉള്ളൂ. ലൈസൻസുള്ള രണ്ടുപേർ മാറി മാറി കാർ ഓടിക്കാംഎന്ന് നിശ്ചയിച്ചു. 70 മോഡൽ ഫിയറ്റ് കാർ കണ്ടീഷൻ ആണെങ്കിലും ഇടക്കിടെ അനുസരണക്കേട് കാണിക്കാറുണ്ട്. ചിലപ്പോൾ ചില കല്യാണത്തിന് ഒക്കെ അഞ്ചുപേരും ഒന്നിച്ചു പോയി മടങ്ങേണ്ടി വരുന്നത് ഓട്ടോറിക്ഷയിൽ ആയിരുന്നിട്ടുമുണ്ട്. തീരുമാനിക്കപ്പെട്ട ദിവസം അഞ്ചുപേരും ബെൽബോട്ടം പാൻഡും കൂളിംഗ് ഗ്ലാസും ഒക്കെ വെച്ച് (മുടിപിന്നെ വെട്ടാറില്ല) കുട്ടപ്പൻമാരായി തന്നെ തൃശ്ശൂരിൽനിന്ന് എറണാകുളത്തിന് യാത്രപുറപ്പെട്ടു. കാറിൽനിന്ന് ബോണി എം, അബ്ബ……… . ഡിസ്കോ ഗായകരുടെ പാട്ട് അത്യുച്ചത്തിൽ! ഇവർക്ക് മാത്രമല്ല റോഡിലൂടെ പോകുന്നവർക്ക് കൂടി ആസ്വദിക്കാൻ പാകത്തിൽ സ്റ്റീരിയോ മുഴക്കി വെച്ചിരുന്നു. ഇന്നാണെങ്കിൽ എവിടെയെങ്കിലും കാർ നിർത്തിയിടുമ്പോൾ ലോട്ടറി ടിക്കറ്റിന് ആൾക്കാർ കൈനീട്ടിയേനെ.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി പാലസ്, ജൂതപ്പള്ളി അങ്ങനെ രാവിലെ കാണാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളൊക്കെ കണ്ടു തീർന്നപ്പോൾ ഹിൽട്ടൺ, മിൽട്ടൺ ഇരട്ട സഹോദരന്മാർക്ക് ഒരു ഐഡിയ. അവരുടെ അങ്കിളിന്റെ ഒരു വീട് അവിടെ ഉണ്ട്. ആ അങ്കിളിനും ആൻറിയ്ക്കും മക്കളില്ല നമുക്ക് അങ്ങോട്ട് പോകാമെന്ന്. അവർ ഭയങ്കര ജോളി ടൈപ്പാണ്. ഈ ഇരട്ടകളെ അവർക്കു വലിയ സ്നേഹവും മക്കളെ പോലെയും ആണത്രേ. ഒരു ക്രിസ്മസിനോട് അടുത്ത കാലമായിരുന്നു അത്. ആംഗ്ലോ ഇന്ത്യൻസ് തിങ്ങിപ്പാർത്തിരുന്ന ഒരു സ്ഥലമായിരുന്നു അന്ന് എറണാകുളം. ക്രിസ്മസ്-ന്യൂ ഇയർ ഒക്കെ പാട്ടും ഡാൻസുമായി നമ്മളെ അപേക്ഷിച്ച് കൂടുതൽ ആഘോഷമാക്കുന്നവർ ആയിരുന്നു അവർ.എല്ലാവർക്കും ആ തീരുമാനം സ്വീകാര്യമായിരുന്നു. എല്ലാവരും കൂടി ഇരട്ടകളുടെ അങ്കിളിന്റെ വീട്ടിലേക്ക് പോയി. ഫ്രോക്കിട്ട ആൻറിയും ഷോർട്ട്സ് ഇട്ട് പൈപ്പ് വലിക്കുന്ന അങ്കിളും ഇവരെ കാര്യമായി സ്വീകരിച്ച് സൽക്കരിച്ചു.വൈനും ബിയറും താറാവും പോർക്കും ഒക്കെയായി എല്ലാവരും ലഞ്ച് കഴിഞ്ഞു ക്ഷീണം തീർത്ത് അഞ്ചുമണിയോടെ, അവർക്ക് നന്ദിയും യാത്രയും പറഞ്ഞു പ്ലാൻ ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളൊക്കെ സന്ദർശിക്കാൻ പോയി. വൈകുന്നേരം 6 മണി ആയപ്പോൾ തന്നെ വണ്ടി ഓടിക്കുന്ന നിക്കോളാസ് “നമുക്ക് തിരിച്ചുപോകാം, തിരിച്ചു പോകാം എന്ന് പറഞ്ഞ് ധൃതി വെച്ചു. വണ്ടിക്ക് ലൈറ്റ് പോര. രണ്ടു മണിക്കൂർ യാത്രയുണ്ട്.” അതൊന്നും സാരമില്ല ഇനി അഞ്ചു പേർക്കും കൂടി ഇങ്ങനെ ഒരു അവസരം ഇനി എന്ന് ഒത്തു കിട്ടാനാ? നമുക്ക് രാത്രി ഭക്ഷണം ഹോട്ടലിൽ കഴിച്ചു എട്ടു മണിയാകുമ്പോൾ പുറപ്പെടാം എന്ന് തീരുമാനമായി.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ചാൾസ് ഓടിവന്ന് പറഞ്ഞു “എടാ ഇനി ഒന്നും പേടിക്കാനില്ല എൻറെ അടുത്ത കടയിൽ ഇരിക്കുന്ന സേട്ടുവിന്റെ കാർ ഇവിടെ കിടപ്പുണ്ട് അത് ഒരു ഒന്നൊന്നര വിദേശ കാറാണ്. ഉഗ്രൻ ലൈറ്റും. നമുക്ക് അതിൻറെ പുറകെ പോയാൽ ഒരു പ്രശ്നവും വരില്ല എന്ന്.”

സേട്ട് ഒരു രത്ന വ്യാപാരി ആണ്. “ഞങ്ങൾ പുറകെ വരുന്നുണ്ട്, കാറിനു ലൈറ്റ് കുറവാണ്. ഞങ്ങളെ ഒന്ന് ശ്രദ്ദിച്ചേക്കണം “.ഇവർ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചാൾസ് ഇത് സേട്ടുവിനോട് സംസാരിച്ചു. തിരിച്ചു വന്ന് എല്ലാവരും കൂടി ഭക്ഷണം കഴിച്ച് കാറിൽ കയറി ഇരുന്നു.സേട്ട് എന്തോ അവിടെ അടുത്ത ഒരു കടയിൽ വന്നതായിരുന്നു. മുക്കാൽ മണിക്കൂറോളം ഇവർ സേട്ടുവിനെ കാത്തുനിന്നു. സേട്ടു വന്നു കാറിൽ കയറി ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് തുടങ്ങിയത് വളരെ പതുക്കെ ആണ്. സേട്ടുവിന്റെ കാറിൻറെ ഉഗ്ര വെളിച്ചത്തിന്റെ പുറകിൽ ഫിയറ്റ് കാർ ഡിം ലൈറ്റും ആയി പുറപ്പെട്ടു. ഒരു 100 മീറ്റർ വരെ സേട്ടുവിന്റെ കാറിൻറെ തൊട്ടുപുറകെ ഫിയറ്റ് കാർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പോയി.ദാ പോയി പിന്നെ കണ്ടില്ല !! പിന്നെ ആ വിദേശ കാർ എവിടെപ്പോയെന്ന് പോലും ആരും കണ്ടില്ല.

റോഡിൽ വെളിച്ചവും കുറവായിരുന്നു. ഫിയറ്റ് കാർ നിരങ്ങി, ഇഴഞ്ഞു നീങ്ങി. യാത്രക്കാരെല്ലാം നിശബ്ദരായി. അബ്ബയും ബോണി എം ഉം എല്ലാം നിശബ്ദം. “എന്ത് തെണ്ടിത്തരം ആണ് അല്ലേ ഈ സേട്ടു ചെയ്തത് “ എന്ന് ബാക്കി എല്ലാവരും പറഞ്ഞെങ്കിലും ചാൾസ് മാത്രം ഒന്നും മിണ്ടിയില്ല. രാത്രി ഓരോരുത്തരെ വീട്ടിൽ ഇറക്കി നിക്കോളാസ് വീട്ടിലെത്തിയപ്പോൾ മണി പന്ത്രണ്ട്. എല്ലാ വീടുകളിലും മുഴുവൻ ലൈറ്റുകളും തെളിയിച്ചിട്ട് അമ്മമാർ ഇവരെ കാത്തിരിക്കുകയും അപ്പൻമാരുടെ കയ്യിൽ നിന്ന് ചെവി നിറയെ വഴക്ക് കേൾക്കുകയും ആയിരുന്നു ഇവർ എത്തുന്നതുവരെ.

തിങ്കളാഴ്ച രാവിലെ എല്ലാവരും ഒത്തുകൂടി യാത്രയുടെ രസങ്ങളും വീര കഥകളുമൊക്കെ അയവിറക്കി ഒരു തീരുമാനമെടുത്തു. നമ്മുടെ നാട്ടിൽ വന്ന് ബിസിനസ് ചെയ്യുന്ന നമ്മളെ സഹായിക്കാത്ത ഈ സേട്ടുവിനിട്ടു നമുക്ക് ഒരു എട്ടിൻറെ പണി കൊടുക്കണം. അപ്പോഴൊക്കെ ചാൾസ് “ഏയ് അതൊന്നും വേണ്ട പാവം ജീവിച്ചു പൊയ്ക്കോട്ടെ, നമ്മളായിട്ട് ഒരു പ്രശ്നത്തിനും പോകണ്ട. നമ്മുടെ നാടിൻറെ അന്തസ്സ് നമ്മൾ കാണിക്കണ്ടേ? സേട്ട് തെണ്ടിത്തരം ചെയ്തു അത് അവൻറെ സംസ്കാരം “.എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു.

ചാൾസിനെ ഒഴിവാക്കി ബാക്കി നാലു പേരും കൂടി സേട്ടിനെ ഒതുക്കാൻ ഒരു പ്ലാൻ ഇടാൻ തുടങ്ങിയപ്പോഴാണ് ചാൾസ് പറയുന്നത് ഞാൻ സേട്ടിനോട് പറഞ്ഞത് അയാൾക്ക് ശരിക്കും മനസ്സിലായോ എന്ന് എനിക്ക് സംശയമുണ്ട്. അയാൾക്ക് മലയാളം നന്നായി അറിയില്ല.ഹിന്ദിയും മറാത്തിയും മാത്രമേ അറിയൂ. ഇടയ്ക്ക് ‘ഹേ, ഹും’ എന്നൊക്കെ പറയുന്നുണ്ടായിരുന്നു അപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. പിന്നെയും ചാൾസ് സേട്ടുവിനു വേണ്ടി വാദിച്ചു.

കൂട്ടുകാരെല്ലാം മുഖത്തോട് മുഖം നോക്കി. “എടാ സത്യം പറ നീ അന്ന് സേട്ടുവിനെ കണ്ടിരുന്നോ? നിക്കോളാസിന്റെ അലർച്ചയോടെയുള്ള ആ ചോദ്യത്തിനുമുന്നിൽ ചാൾസ് പതറി. ഞാൻ ഉള്ള സത്യം തുറന്നു പറയാം എന്നെ ആരും തല്ലരുത് “ഞാൻ അയാളെ കണ്ടില്ല. ഒന്നാമത് തന്നെ അടുത്ത കടയിൽ ഇരിക്കുന്ന അയാൾ എന്നെ കണ്ടാൽ ഒരു മുഖ പരിചയം പോലും കാണിക്കാറില്ല. ഞാൻ പോയി അയാളോട് എന്ത് പറയാനാ? എനിക്ക് എറണാകുളം കണ്ടു മതിയായി ഇല്ല. അതുകൊണ്ട് ഞാൻ വെറുതെ നുണ പറഞ്ഞതാ. അദ്ദേഹത്തെ കണ്ടെന്നും എല്ലാ കാര്യങ്ങളും പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട് എന്നും. പാവം സേട്ട് ഇതൊന്നും അറിഞ്ഞിട്ടു പോലും ഉണ്ടാകില്ല.ഞാൻ അയാളുടെ കാറിനു ചുറ്റും ഒന്ന് നടന്ന് നിങ്ങളുടെ അടുത്തേക്ക് വന്ന് ഭക്ഷണം കഴിച്ച് കാറിൽ കയറിയിരുന്നു അതാണ് ഉണ്ടായത്.എന്നോട് എല്ലാവരും ക്ഷമിക്കണം. എല്ലാവരും കൂടി കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചു. ഇപ്പൊ മക്കളോട് പറഞ്ഞു ചിരിക്കാനുള്ള ഒരു കഥ.


✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: