17.1 C
New York
Thursday, August 18, 2022
Home Literature 'വൈകി വന്ന വസന്തം' (ചെറുകഥ)

‘വൈകി വന്ന വസന്തം’ (ചെറുകഥ)

പ്രതാപ് ചന്ദ്ര ദേവ്✍

വിശാലമായ പാർക്കിംഗ് സ്പേസിൽ തന്റെ കാറിൽ ചാരി നിന്ന് ഫോൺ ചെയ്തു കൊണ്ടു നില്ക്കുകയാണ് അയാൾ.. ഉച്ചത്തിലാണ് അയാളുടെ സംസാരം.. തന്റെ കീഴിലുള്ള രണ്ടു മൂന്നു മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളുമായി കോൺഫറൻസ് കാളാണ്.. ഇന്നയാൾ കുറച്ചു ദേഷ്യത്തിലാണ്… ഈസിയായി കിട്ടാവുന്ന ഒരു വലിയ ബിസിനസ് അവരിൽ ഒരാൾ കാണിച്ച മണ്ടത്തരം കൊണ്ട് തെറിച്ചതിന് എല്ലാവരെയും ഷൗട്ട് ചെയ്യുകയാണ് അയാൾ…

റെസ്റ്റാറന്റിനകത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന അവളുടെ കർണ്ണങ്ങളിലും, സമീപത്തെ ഗ്ലാസ്സ് ഫ്രെയിമിനെ ഭേദിച്ച് അയാളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.. ഇത് പതിവുള്ള ഒരു കാര്യമായതുകൊണ്ട്, അവൾ അങ്ങോട്ടു കുടുതൽ ശ്രദ്ധിക്കാൻ പോയില്ല…

ആഴ്ചയിൽ ഒന്നു രണ്ടു പ്രാവശ്യം അവർ ഈ റെസ്റ്റാറന്റിൽ വരാറുണ്ട്.. കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും ബോർഡറിലുള്ള ഈ റെസ്റ്റാറന്റിൽ അവരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത്, വിശാലമായ പാർക്കിംഗ് ഏരിയ തന്നെയാണ്.. മുളവേലിക്കകത്ത് പല കളറുകളിൽ പൂത്തു കിടക്കുന്ന ഓർക്കിഡുകളുടെ ഒരു ഉദ്യാനം, ഇരുമ്പു ഫ്രെയിമുകളിൽ മറ്റൊരു മതിൽ തീർത്തിരിക്കുന്നു.. ആ ജില്ലയിൽത്തന്നെ ഇത്രയും മനോഹരവും വിശാലവുമായ ഒരു ഹോട്ടൽ വേറെയില്ല..

തടികളുടെയും കണ്ണാടികളുടെയും ഒരു മാസ്മരികതയാണ് ആ റെസ്റ്റാറന്റ്… ഫാമിലി കോർണർ, ഫ്രെണ്ട്സ് കോർണർ, ബിസിനസ് കോർണർ, ലവേഴ്സ് കോർണർ എന്നു തുടങ്ങി പല വിഭാഗങ്ങളുണ്ട് .. നടുവിൽ ഒരു നാലുകെട്ട് ശൈലിയിൽ ഓപ്പണായി.. അവിടവിടെയായി കായ്ച്, വിളഞ്ഞു കിടക്കുന്ന ഫലങ്ങളുള്ള ബോൺസായി ചെടികൾ വലിയ പൂച്ചട്ടികളിൽ ഭംഗിയായി നിരനിരയായി വെച്ചിരിക്കുന്നു…

കുറേ കഴിഞ്ഞ്, ഫോൺ സംഭാഷണം മതിയാക്കി, അയാൾ അകത്തേയ്ക്കു വന്നു.. തന്റെ പ്ലേറ്റിലെ ബെജിറ്റബിൾ പുലാവ്, കാൽ ഭാഗം പോലും അവൾ തീർത്തിട്ടില്ല..

” ഇത് ഇതുവരെ കഴിഞ്ഞില്ലേ !?”

എന്ന് ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അയാൾ അവൾക്ക് എതിർവശത്തെ കസേരയിലേയ്ക്കിരുന്നു…

”എന്തോ ഇന്നെനിക്ക് കൂടുതൽ കഴിക്കാൻ തോന്നുന്നില്ല.. “

അവൾ പതുക്കെ പറഞ്ഞു…

” വേണ്ടെങ്കിൽ പിന്നെയെന്തിനാ ഇങ്ങോട്ടു വന്നത് ? മനുഷ്യരെ മെനക്കെടുത്താൻ…”

ദേഷ്യത്തിലുള്ള ആ സംസാരം അവളിൽ വലിയ പ്രതിഫലനം ഉണ്ടാക്കിയില്ല.. ബിസിനസ്സിന്റെ എന്തോ ടെൻഷൻ അയാളുടെ തലയിൽ കയറിയിരിക്കുന്നു.. ഇനി അതു മാറുന്നതു വരെ ഇങ്ങനെത്തന്നെയായിരിക്കും….
സപ്ലയർ യുവാവ് ഒരു കോഫി കൊണ്ടുവന്ന്, അയാൾക്ക് മുമ്പിൽ വച്ചു..

“ഒരു കോഫി കിട്ടാൻ എന്താ ഇത്ര താമസം..? ” എന്നു പറഞ്ഞു കൊണ്ട് , അയാൾ കോഫി കൈയ്യിലെടുത്തു… അവൻ ഒന്നും പറയാതെ പുഞ്ചിരിച്ചു കൊണ്ട് പോയതേയുള്ളു.. കോഫി നേരത്തെ കൊണ്ടു വച്ചിരുന്നാൽ തണുത്തു പോയെന്ന് പറഞ്ഞ് അയാൾ കുടിക്കാറില്ല.. അതവർക്കെല്ലാം അറിയാം…

ആ റെസ്റ്റാറന്റ് സ്റ്റാർട്ട് ചെയ്തതു മുതൽ പതിവ് സന്ദർശകരാണവർ.. അവരുടെ രീതികളും ഇഷ്ടങ്ങളുമൊക്കെ അവിടെയുള്ളവർക്ക് അറിയാം.. രാത്രി സമയങ്ങളിൽ അവൾ, ഓർഡർ കൊടുക്കുന്നത് വെജ്.പുലാവാണ്.. അയാൾ സ്പെഷ്യൽ കോഫിയും… രാത്രി അയാൾ ഭക്ഷണം കഴിക്കാറില്ല.. കിടക്കുന്നതിന് അര മണിക്കുന്നിന്നു മുൻപേ കുറച്ച് വെജിറ്റബിൾ സലാഡ് കഴിക്കും.. അത്ര മാത്രം.. ഒന്നു രണ്ടു വർഷമായി ഈ പതിവ് ആണ്.. തടി കുറയ്ക്കാനുള്ള ശ്രമം..

“നീ കഴിക്കുന്നെങ്കിൽ പെട്ടെന്ന് കഴിക്ക്.. എനിക്കിവിടെത്തന്നെ ഇങ്ങനെ ഇരുന്നാൽ പോര.. വേണ്ടങ്കിൽ മതിയാക്ക്.. “

എന്നവളോട് പറഞ്ഞിട്ട്, ബില്ലിനായി നോക്കി. സപ്ലയർ യുവാവ് പെട്ടെന്ന് ബില്ലുകൊണ്ട് മേശപ്പുറത്തു വച്ചു. സ്ഥിരം ഫുഡ് ആയതിനാൽ ബില്ല് നോക്കാതെത്തന്നെ വെജ്.പുലാവിന്റ 160 രൂപയും കോഫിയുടെ 40 രൂപയും ടിപ്പ് 50 രൂപയും കണക്കാക്കി അയാൾ പേഴ്സിൽ നിന്ന്, ഇരുന്നൂറു രൂപയുടെയും അൻപതിന്റെയും ഓരോ നോട്ട് ചെയ്ഞ്ചായിത്തന്നെ ബില്ലിനു പുറത്തെടുത്തു വച്ചു… അവൻ കാശ് കൈയ്യിലെടുത്തിട്ട്, സങ്കോചത്തോടെ അയാളെ നോക്കിക്കൊണ്ട് അങ്ങനെത്തന്നെ നിന്നു.. ചോദ്യഭാവത്തിൽ അയാളവനെ നോക്കി..

” സാർ ഒരു ഫിഫ്റ്റി റൂപ്പീസുകൂടെ വരും “

അയാൾ ബില്ലെടുത്തു കൊണ്ട് ,

” വീണ്ടും റേറ്റ് കൂട്ടിയോ?”

എന്ന് പറഞ്ഞ് ബില്ലിലേയ്ക്കു നോക്കി.. അതിൽ സ്ഥിരം ഐറ്റങ്ങളോടൊപ്പം ” മാംഗോ Rs100 ” എന്ന് വായിച്ചിട്ട് ,

“മാംഗോയോ ?”

എന്നയാൾ ദേഷ്യത്തോടെ ചോദിച്ചു..

“അതേ സാർ.. മാഡത്തിന്റെ കൈയ്യിലിരിക്കുന്ന…”

അപ്പോഴാണ് അവളുടെ ഇടതു കൈയ്യിൽ പകുതി കടിച്ചിട്ടു വച്ചിരിക്കുന്ന ഒരു പച്ച മാങ്ങ അയാളുടെ കണ്ണിൽ പെട്ടത്..

” ഈ ബോൺസായിയിൽ നിന്ന് മാഡം അടത്തെടുത്തതാ… “

അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.. ചാടിയെണീറ്റ്, അവളുടെ കൈയ്യിലെ മാങ്ങ വാങ്ങി ദൂരെ എറിഞ്ഞു..

” ആവശ്യമില്ലാത്ത സാധനങ്ങൾ കടിച്ചു തിന്നിട്ടാണു പുലാവു ഇറങ്ങാത്തത് !”

എന്നിട്ട് സപ്ലയറുടെ മുഖത്തു നോക്കി

“ഒരു ചെറിയ മാങ്ങ പറിച്ചതിന് നൂറു രൂപ ! ഒരു കിലോ വരിക്ക മാങ്ങയ്ക്ക് ഇത്രയും ഇല്ല വില! “

എന്നിട്ട് ദേഷ്യത്തോടെ പേഴ്സിൽ നിന്ന് 100 രൂപയെടുത്ത് വച്ചിട്ട്, ടിപ്പായിട്ട് വച്ചിരുന്ന 50 രൂപ തിരികെയെടുത്തു കൊണ്ട്, കാറിനടുത്തേയ്ക്ക് ദേഷ്യത്തിൽ നടന്നു…

പെട്ടെന്ന് എണീറ്റ് കൈ കഴുകിയിട്ട് അവൾ കാറിന്റെ അടുത്തേയ്ക്ക് ഓടി.. കാറിന്റെ അടുത്ത് അവൾ എത്തിയപ്പോഴേയ്ക്കും അയാൾ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു എടുത്തു കഴിഞ്ഞു.. ഗ്ലാസ്സ് താഴ്ത്തിയിട്ട്, അയാൾ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു..

” റാസ്കൽ… മനുഷ്യരെ നാണം കെടുത്തി… നിനക്ക് മാങ്ങ മോഷ്ടിക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ… നീ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോ… എനിക്ക് വേറെ കാര്യമുണ്ട്.. “

അവൾക്ക് എന്തെങ്കിലും തിരിച്ചു പറയാൻ പറ്റുന്നതിനു മുമ്പേ കാർ പാഞ്ഞു പോയി.. ഒരു നിമിഷം പകച്ചു നിന്നു പോയ അവൾ, ഗേറ്റിലേയ്ക്ക് പതുക്കെ നടന്നു.. അപ്പോഴാണ് ആ സപ്ലെയർ 100 രൂപയും കൈയ്യിൽ പിടിച്ചു കൊണ്ട് ഓടി വന്നത്..

”മാഡം, മാങ്ങയുടെ കാശ് വാങ്ങണ്ട എന്ന് മാനേജർ പറഞ്ഞു.. ഇതാ മാഡം “

വേണ്ട എന്ന് ആംഗ്യം കാണിച്ചിട്ട്, അവൾ ഗേറ്റ് കടന്ന് ഇറങ്ങിപ്പോയി..

ബിസിനസ്സിന്റെ ടെൻഷനും ഹോട്ടലിലെ നാണക്കേടും എല്ലാം കൂടെ അയാളെ ഒരു വല്ലാത്ത പരുവത്തിലാക്കിയിരുന്നു.. സിറ്റി യിലേയ്ക്കാണ് അയാൾ കാറോടിച്ചു പോയത്.. അപ്പോഴാണ് അയാളുടെ സ്നേഹിതൻ മാത്യുവിന്റെ കാൾ വന്നത്.. അയാൾ അത് ബ്ലൂറ്റൂത്തിൽ ഹാന്റ് ഫ്രീയായി കണക്ട് ചെയ്തു.. മാത്യു ചാർട്ടേട് അക്കൗണ്ടന്റാണ്.. തന്റെ ഒരു ക്ലൈന്റിന്റെ ഓഫീസിലിരുന്നാണ് മാത്യു അയാളെ വിളിച്ചത്.. അയാളുടെ എക്സിക്യുട്ടീവ് സമർപ്പിച്ച്, റിജക്ട് ചെയ്തിരുന്ന പ്രൊപ്പോസൽ ക്ലൈന്റിന്റെ മേശപ്പുറത്തു കിടക്കുകയായിരുന്നു.. സംസാരത്തിനിടയിൽ അയാളുടെ കമ്പനിയും ചർച്ചയിൽ വന്നു.. റിജക്ട് ചെയ്ത പ്രൊപ്പോസലും.. മാത്യുവിന്റെ നല്ല സപ്പോർട്ടു വന്നപ്പോൾ, ആ പ്രൊപ്പോസൽ റീകൺസിഡർ ചെയ്യാമെന്ന് ക്ലൈന്റ് സമ്മതിച്ചു.. ആ വിവരം പറയാനാണ് മാത്യു വിളിച്ചത്..

അയാളിലുണ്ടായിരുന്ന എല്ലാ ടെൻഷനും ആ കാളിൽ ഉരുകി ഒലിച്ചു.. അയാൾ കാർ റോഡരുകിൽ നിറുത്തി.. ആ സൗഹൃദ സംഭാഷണം അരമണിക്കൂറോളം നീണ്ടു പോയി..

മാത്യു ഫോൺ വച്ചുകഴിഞ്ഞപ്പോഴാണ് അയാൾക്ക് അവളുടെ കാര്യം ഓർമ്മ വന്നത്.. പാവം അവളോട് എന്ത് ഹാർഷ് ആയിട്ടാണ് താൻ പെരുമാറിയത്.. കാറിൽ കയറ്റുക കൂടി ചെയ്തില്ല.. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. കൊതി കൊണ്ട് ഒരു മാങ്ങ പറിച്ചത് വലിയ തെറ്റാണോ !? വീടിന്റെ താക്കോൽ തന്റെ കൈയ്യിലാണല്ലോ എന്ന് അയാൾ ഓർത്തു.. പാവം ഓട്ടോയിലെത്തി കാത്തു നില്ക്കുന്നുണ്ടാകും.. അയാൾ വണ്ടി തിരിച്ച് വീട്ടിലേയ്ക്കു വിട്ടു..

കാറിൽ പായുമ്പോൾ അവളോടങ്ങനെ പെരുമാറിയതിന്റെ പശ്ചാത്താപം അയാളിൽ കൂടിക്കൊണ്ടിരുന്നു.. കല്യാണം കഴിഞ്ഞ് ഇരുപത് വർഷം കഴിഞ്ഞിരിക്കുന്നു.. മക്കളുണ്ടായില്ലെങ്കിലും ആഹ്ളാദകരമായ ഒരു ജീവിതമായിരുന്നു അവരുടേത്.. അവൾ പോസ്റ്റ്ഗ്രാജുവേറ്റായിരുന്നിട്ടും തനിക്ക് താല്പര്യമില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ജോലിക്കും ശ്രമിച്ചില്ല.. അവളുടെ സൗന്ദര്യത്തിലെ ശാലീനത തന്നെയായിരുന്നു സ്വഭാവത്തിലും.. മിതഭാഷിണി.. ആർഭാടം ഒട്ടുമില്ലാത്ത ജീവിതം.. മോഡേൺ ഡ്രസ്സുകളിലൊന്നും താല്പര്യമില്ല… സാരി മാത്രമേ ഉടുക്കാറുള്ളു.. വില കൂടിയ സാരികളൊന്നും നിർബന്ധിച്ചാലും എടുക്കാറില്ല.. കുറഞ്ഞ സാരികളേ എടുക്കൂ.. പക്ഷെ അതവൾ ഉടുക്കുമ്പോൾ കൂടിയ സാരികളാവും… താനെന്തു വഴക്കു പറഞ്ഞാലും തിരിച്ച് പ്രതികരിക്കാറില്ല.. ആരെയും വെറുപ്പിക്കാനവൾക്കറിയില്ല…

അയാളുടെ കാർ ഗേറ്റ് കടന്ന്, പോർച്ചിൽ പാർക്കു ചെയ്തു.. കാറിൽ നിന്നിറങ്ങിയ അയാൾ അവിടെയൊന്നും അവളെ കണ്ടില്ല.. അവൾ വന്നിട്ടെവിടെ പോയി?!
അയാൾ അവളുടെ മൊബൈലിലേയ്ക്ക് ഡയൽ ചെയ്തു.. കാറിനകത്ത് റിംഗ് ശബ്ദം കേട്ടു.. കുറേ നേരമായി ചാറ്റൽ മഴ പെയ്യുന്നു..
അവളിതെവിടെ പോയി കിടക്കുന്നു.. എപ്പോഴേ എത്തേണ്ട സമയം കഴിഞ്ഞു.. എന്നു പിറുപിറുത്തു കൊണ്ട്, അയാൾ കാറിലേയ്ക്ക് കയറി, വണ്ടി തിരിച്ചെടുത്ത് ഗേറ്റിലേയ്ക്ക് ഇറങ്ങി… അപ്പോഴാണ് അയാൾ, സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ചാറ്റൽ മഴ നനഞ്ഞു കൊണ്ട് ദൂരെനിന്ന് ദൈന്യതയോടെ നടന്നു വരുന്ന അവളെ കാണുന്നത്.. അയാൾക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടെ വന്നു..
അടുത്തെത്തിയ അവളോട്,

” നിന്നോട് ഞാൻ ഓട്ടോയിൽ വരാനല്ലേ പറഞ്ഞത്.. “

നനഞ്ഞു കതിർന്ന മുഖം ഉയർത്തി അവൾ പതുക്കെ പറഞ്ഞു…

“പഴ്സ് കാറിലായിരുന്നു.. ”

അതു കേട്ട അയാൾക്ക് തന്റെ നെഞ്ചിലൊരു പ്രഹരം ഏറ്റതു പോലെ തോന്നി… രാത്രി ഈ മഴയത്ത് നാലഞ്ചു കിലോമീറ്റർ നടന്നു വന്നിരിക്കുന്നു അവൾ.. തന്റെ ഉപേക്ഷ കാരണം… അയാൾക്ക് വല്ലാത്ത ഒരു ആത്മനിന്ദ തോന്നി.. കൈയ്യിൽ കാശൊണ്ടോ എന്ന് നോക്കാതെ രാത്രി, വഴിയിൽ സ്വന്തം ഭാര്യയെ നിഷ്കരുണം ഉപേക്ഷിച്ചു വന്നിരിക്കുന്ന താൻ എന്തൊരു മനുഷ്യനാ…

അവളൊന്നു തുമ്മി.. അതു കണ്ട് അയാൾ താക്കോലെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തിട്ട്,

“പെട്ടെന്ന് പോയി തല തോർത്ത്”

അവളതും വാങ്ങി രണ്ടു ചുവടു മുന്നോട്ടു പോയിട്ട്, കാറിനടുത്തുവന്നിട്ട് വിതുമ്പലോടെ പറഞ്ഞു..

”ചേട്ടാ ആ മാങ്ങ ഞാൻ മോഷ്ടിച്ചതല്ല… ചോദിച്ചിട്ടു പറിച്ചതാ.. അതിനു ബില്ലിടുമെന്ന് ഞാൻ വിചാരിച്ചില്ല… ചേട്ടൻ പോയിക്കഴിഞ്ഞതും ആ സപ്ലയർ പയ്യൻ. നൂറു രൂപ തിരികെ കൊണ്ടുവന്നു.. മാനേജർ വാങ്ങണ്ടെന്ന് പറഞ്ഞെന്ന്.. ഞാൻ വാങ്ങിയില്ല… വാങ്ങണമായിരുന്നോ?”

അവൾ പറഞ്ഞ ഓരോ വാക്കുകളും അയാളുടെ ഉള്ളിനെ നീറ്റിക്കൊണ്ടിരിക്കുകയായിരുന്നു… പക്ഷെ അയാളതു പുറത്തു കാണിക്കാതെ പറഞ്ഞു..

” അതൊക്കെ പിന്നെ സംസാരിക്കാം… നീ പോയി തല തോർത്ത് “

അവൾ പോയി കഴിഞ്ഞിട്ടും അയാൾ ആ കാറിന്റെ സ്റ്റിയറിംഗും പിടിച്ചു കൊണ്ട് കുറേ നേരം ഇരുന്നു.. ഒരു തെറ്റും ചെയ്യാത്ത അവളോട് താൻ കാണിച്ച ക്രൂരത ഓർത്തു കൊണ്ട്…

രാത്രി മുഴുവനും നല്ല തുമ്മലും ജലദോഷവും പിടിച്ച്, അവൾ ഉറങ്ങിയില്ല.. ഹോസ്പിറ്റലിൽ പോകാൻ അയാൾ നിർബന്ധിച്ചിട്ടും അവൾ തയ്യാറായില്ല..

“സാരമില്ലന്നേ മഴ നനഞ്ഞതു കൊണ്ടുള്ള ചെറിയ ജലദോഷമാ.. നാളെ രാവിലെ എണീക്കുമ്പോൾ എല്ലാം മാറും.. “

അവളോടൊപ്പം അയാളും ഉറക്കം വരാതെ കിടന്നു നേരം വെളുപ്പിച്ചു…

രാവിലെ ജലദോഷത്തിനൊപ്പം പനിയും കൂടെ തുടങ്ങി.. ഒപ്പം ഛർദ്ദിലും.. അവൾ എതിർത്തിട്ടും അയാൾ നിർബന്ധിച്ച്, ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയി.. ഗവർൺമെൻറ് മെഡിക്കൽ കോളേജിൽ ഗൈനക്കോളജി പ്രൊഫസറായിട്ട് റിട്ടയറായ ലേഡി ഡോക്ടർ.. വീട്ടിനടുത്തായതിനാൽ എന്തസുഖം വന്നാലും സാധാരണ അവിടെയാണ് പോകാറുള്ളത്..

ഭാഗ്യത്തിന് അവിടെ അന്ന് രോഗികളുടെ തിരക്കില്ലായിരുന്നു.. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലിരുന്ന അയാൾക്ക് ഒരു അർജന്റ് കാൾ വന്നു. അയാൾ ഫോൺ കൊണ്ട് പുറത്തിറങ്ങി.. ഒരു പത്തു മിനിറ്റോളം വേണ്ടി വന്നു സംസാരം അവസാനിപ്പിക്കാൻ.. അയാൾ കൺസൾട്ടിംഗ് റൂമിലേയ്ക്ക് തിരികെ ചെന്നപ്പോൾ അവൾ ഡോക്ടറുടെ അടുത്തില്ലായിരുന്നു.. ഒരു പുഞ്ചിരിയോടുമുടി ഡോക്ടർ അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു…

അവളെവിടെയെന്ന അയാളുടെ മുഖഭാവത്തിനു ഉത്തരമായി സമീപത്തെ കർട്ടൻ ഇട്ടിരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി ഡോക്ടർ പറഞ്ഞു..

“കക്ഷി അവിടെ കിടപ്പുണ്ട്.. ഒരു ഇൻജക്ഷൻ കൊടുത്തിരിക്കുകയാ…”

അയാളുടെ മുഖത്തെ ഉത്കണ്ഠ കണ്ടു കൊണ്ട് ഡോക്ടർ പറഞ്ഞു..

“പേടിക്കണ്ട ഇന്നലെ മഴ നനഞ്ഞതു കൊണ്ടു പറ്റിയതാ… ഒരു പത്തു മിനിറ്റ് .. അതു കഴിഞ്ഞ് പോകാം.. “

അയാളുടെ മുഖത്തെ ആശ്വാസഭാവം ശ്രദ്ധിച്ചു കൊണ്ട് ഡോക്ടർ തുടർന്നു..

” പിന്നെ ഒരു ഹാപ്പി ന്യൂസ് കൂടെയുണ്ട്.. നിങ്ങൾ രണ്ടു പേരും അച്ഛനും അമ്മയും ആകാൻ പോകുന്നു.. ഷി ഈസ് ക്യാരീങ്ങ്…”

തുളുമ്പി വന്ന ആഹ്ളാദത്തിനൊപ്പം മഴ നനഞ്ഞു കൊണ്ടു ദൈന്യതയോടെ നടന്നുവരുന്ന അവളുടെ മുഖം… സങ്കടത്തോടെ അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു…

പ്രതാപ് ചന്ദ്ര ദേവ്✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: