17.1 C
New York
Sunday, September 19, 2021
Home Literature വേർപാടിന്റെ ഒന്നാം വാർഷികം : എന്റെ അമ്മ എഴുതിയ 2 ജീവിതാനുഭവങ്ങൾ ഇതാ നിങ്ങൾക്കായ്‌....

വേർപാടിന്റെ ഒന്നാം വാർഷികം : എന്റെ അമ്മ എഴുതിയ 2 ജീവിതാനുഭവങ്ങൾ ഇതാ നിങ്ങൾക്കായ്‌….

ജീവിതത്തിലെ ഉത്തമ സുഹൃത്തും വഴി കാട്ടിയുമായ എന്റെ അമ്മയുടെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം.

എന്റെ അമ്മ എഴുതിയ 2 ജീവിതാനുഭവങ്ങൾ ഇവിടെ ഷെയർ ചെയ്യുന്നു.

സ്നേഹപൂർവ്വം നിങ്ങളുടെ…

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

നാട്ടാനയും കാട്ടു തേനീച്ചയും:-

1964 -68 കാലഘട്ടം. ശബരിഗിരി പ്രൊജക്ടുമായി ബന്ധപ്പെട്ട് ഞങ്ങളന്ന് ആനത്തോട് കെഎസ്ഇബി ക്വാർട്ടേഴ്സിലാണ് താമസം. ക്വാർട്ടേഴ്‌സ് കരിങ്കല്ല് കൊണ്ട് നിർമ്മിച്ചതാണെങ്കിലും മേൽക്കൂര ആസ്ബസ്റ്റോസ് ആണ്. കമ്പി ഇല്ലാത്ത വലിയ ഗ്ലാസ് ജനലുകൾ, പ്രവേശനകവാടം പോലും ഗ്ലാസ് ഡോർ ആണ്. താൽക്കാലിക ആവശ്യത്തിന് പണിതിട്ടുള്ള വലിയ ഉറപ്പില്ലാത്ത വീടുകളാണ് എല്ലാം. ഡാം പണി തീരുന്നതോടെ ഇവയൊക്കെ പൊളിച്ചു മാറ്റാനുള്ളതാണ്. ക്വാർട്ടേഴ്സിനു അടുത്തുതന്നെ കണ്ണുനീരിനു സമാനമായ വെള്ളമൊഴുകുന്ന ഒരു അരുവി ഉണ്ട്. അരുവിയുടെ അടുത്ത് ഞങ്ങൾ ചേന കൃഷി നടത്തിയിരുന്നു. ഇടയ്ക്കിടെ അവിടെ കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് കൃഷിയൊക്കെ നശിപ്പിക്കാറുണ്ട്. ആന ത്തോട്ടിൽ നിന്നും പമ്പയിലേക്കുള്ള വഴിയുടെ അടുത്തുള്ള കാട്ടിൽ പുലി ഉണ്ടായിരുന്നു.ഒരെണ്ണത്തിനെ നടരാജൻ എന്ന ഡ്രൈവർ വെടിവെച്ച് കൊന്നിട്ട് വാഹനത്തിൽ കയറ്റി എല്ലാവരും കാണത്തക്കവിധം പ്രദർശിപ്പിച്ചിരുന്നു. അന്ന് കാലത്ത് അതൊരു കുറ്റമല്ല അന്തസ്സായിരുന്നു. ഇതൊക്കയാണ് ആ സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ.

അവിടത്തെ കോൺട്രാക്ടർമാർ നാട്ടിൽനിന്ന് ആനകളെ കൊണ്ടുവന്ന് മരങ്ങൾ വെട്ടിമാറ്റി തടി എടുത്തു മാറ്റുന്ന ജോലി ഒക്കെ ചെയ്യിപ്പിക്കാറുണ്ട്. ഒരു ദിവസം ഉച്ച സമയത്ത് പാപ്പാൻ ഒരു നാട്ടാനയെ കൊണ്ടുവന്ന് ക്വാർട്ടേഴ്സ്നടുത്ത് നിൽക്കുന്ന ഒരു തടിച്ച മരത്തിൽ ചങ്ങലകൊണ്ട് തളച്ചു ഞാനൊന്ന് ചായകുടിച്ച് രണ്ടു മണിക്കൂർ കൊണ്ട് തിരിച്ചു വരാം എന്നും പറഞ്ഞു പോയി. നീളത്തിലുള്ള ചങ്ങല ആയതുകൊണ്ട് ആനക്ക് ദാഹിച്ചാൽ അരുവി വരെ പോയി വെള്ളം കുടിക്കാം, കുറച്ചു നടക്കുകയും ചെയ്യാം. കുറച്ചു ഓലയും കൊണ്ട് ഇട്ടു കൊടുത്തു. രാത്രി ആകുന്നതുവരെ എല്ലാവരും ആനയെ കൗതുകത്തോടെ നോക്കി നിന്നു. രണ്ടു മണിക്കൂർ എന്ന് പറഞ്ഞു പോയ പാപ്പാനെ കാണുന്നുമില്ല. ഒരു ഇൻസ്പെക്ഷനു മായി ബന്ധപ്പെട്ട് പോകാനൊരുങ്ങിയ കുട്ടികളുടെ അച്ഛനോട് “അയ്യോ, ഈ പാപ്പാൻ വന്ന് ആനയെ കൊണ്ടുപോയി ല്ലല്ലോ” എന്ന് പറഞ്ഞു ഞാൻ.ഉടനെ തന്നെ അദ്ദേഹം കോൺട്രാക്ടറെ ബന്ധപ്പെട്ടപ്പോഴാണ് അയാൾ പറയുന്നത് അയ്യപ്പന്റെ പാപ്പാൻ ഒരു അത്യാവശ്യത്തിന് നാട്ടിൽ പോയിരിക്കുകയാണ്. ഓരോ ആനയ്ക്കും ഓരോ പാപ്പാന്മാരുണ്ട്, അവർ പറയുന്നത് മാത്രമേ ആന അനുസരിക്കുകയുള്ളൂ. ആനയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയല്ലേ, അതുകൊണ്ട് ഒന്നും പേടിക്കാനില്ല.മാത്രവുമല്ല അയ്യപ്പൻ ആള് ശാന്ത സ്വഭാവിയാണ്. കുഴപ്പക്കാരൻ ഒന്നുമല്ല എന്ന്.
“ഓ, നമ്മൾ പണ്ട് കാട്ടാന കൂട്ടത്തിനു നടുവിൽ ആയിരുന്നില്ലേ ഈ നാട്ടാനയെ എന്ത് പേടിക്കാൻ ആണ്?” എന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു അദ്ദേഹം സഹപ്രവർത്തകരോടൊപ്പം പോയി.

രാത്രി മുഴുവൻ മൂന്നുമക്കളും ജോലിക്കാരിയും ആയി ഉറങ്ങാതെ കഴിച്ചുകൂട്ടി. ജനലും മുൻവശത്തെ ഗ്ലാസ് ഡോറും ആനയ്ക്ക് ഒറ്റയടിക്ക് തകർക്കാവു ന്നതേയുള്ളൂ. വെളുക്കാറായപ്പോൾ ഒന്ന് മയങ്ങി പോയി. അപ്പോഴുണ്ട് ജോലിക്കാരി വന്നു പറയുന്നു. “ ചേച്ചി, ആന നിന്ന സ്ഥലത്തു ചങ്ങല മാത്രമേയുള്ളൂ ആനയെ കാണാൻ ഇല്ല” എന്ന്. ചങ്ങല നീണ്ടുനിവർന്ന് അരുവി വരെ നീണ്ടു കിടക്കുന്നുണ്ട്. രണ്ടുദിവസം കഴിഞ്ഞ് അദ്ദേഹം ടൂർ കഴിഞ്ഞ് എത്തി.ആന ചങ്ങല പൊട്ടിച്ചു ഉൾക്കാട്ടിലേക്ക് കയറി പോയതാകാം എന്ന നിഗമനത്തിൽ എത്തി എല്ലാവരും. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ എൻറെ ആന എവിടെ എന്നും ചോദിച്ചു പാപ്പാൻ എത്തി. ആന നിന്നിടത്തു ചങ്ങല മാത്രമുണ്ട്. അപ്പോഴാണ് ആ വലിയ മരത്തിൻറെ ഉയരങ്ങളിലേക്ക് എല്ലാവരും കണ്ണയച്ചത്. അവിടെ വലിയൊരു തേനീച്ചക്കൂട് ഉണ്ടായിരുന്നു.കാട്ടു തേനീച്ചകളെ ഏത് ആനയ്ക്കും പേടിയാണ്. എന്തെങ്കിലും കാരണവശാൽ കൂട് ഇളകിയാൽ തേനീച്ചകൾ ആനയെ കുത്തും. ഒരുപാട് എണ്ണം കൂടി ഒന്നിച്ചു കുത്തുമ്പോൾ ആന സാധാരണ ഗതിയിൽ വിരണ്ടോടും. നമ്മൾ ശ്രദ്ധിക്കാത്ത തേനീച്ചകൂട് ആന മണത്തറിഞ്ഞിരിക്കും. കൂട് എങ്ങാനും ഇളകുമൊ എന്ന് ഭയന്നിട്ടാകാം അത് ചങ്ങലയും തകർത്ത് ഉൾക്കാട്ടിലേക്ക് രക്ഷപ്പെട്ടത്. ഉടനെതന്നെ ‘അയ്യപ്പാ’, ‘അയ്യപ്പാ’ എന്നും ഉറക്കെ ഉറക്കെ വിളിച്ച് പാപ്പാൻ ഉൾക്കാട്ടിലേക്ക് പോയി. കുറേ സമയം കഴിഞ്ഞപ്പോൾ ഒരു ജേതാവിനെ പോലെ ആനപ്പുറത്തിരുന്ന് പാപ്പാൻ വരുന്നു.അയ്യപ്പനെ ചങ്ങലയിൽ ബന്ധിച്ചു ക്വാർട്ടേഴ്സിന് മുമ്പിൽ കൊണ്ടുവന്ന് എല്ലാവർക്കും തുമ്പിക്കൈകൊണ്ട് നമസ്കാരം, സലാം ഒക്കെ പറയിപ്പിച്ചു പാപ്പാൻ ആനയെ കൊണ്ട് മടങ്ങി. മനുഷ്യന്റെ ശ്രദ്ധയിൽപ്പെടാതെ ഇരുന്ന തേനീച്ചക്കൂട് ആന കണ്ടു.അതിന്റെ രക്ഷ അത് നോക്കി. കാട്ടാനകളുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചില രാജ്യങ്ങളിൽ കാട്ടു തേനീച്ചകളെ വളർത്തുന്നതായി ചില പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അത്രേ! ഏതായാലും അതിന് ഒന്നാന്തരം ഒരു തെളിവായി ഞങ്ങളുടെ ഉറക്കമില്ലാത്ത പേടിച്ചരണ്ട ആ നാലുദിവസം.

റോസിലി ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

++++++++++++++++++++++++++++++++++++++++++

കുമളിയിലെ അമളി

ഞങ്ങൾ മുതു മുത്തശ്ശിയും മുതു മുത്തച്ഛനും ആയ ദിവസം. അന്ന് ഞങ്ങളുടെ പേരക്കുട്ടിക്ക് ഒരു മകൾ ജനിച്ചു. അതൊന്ന് ആഘോഷിക്കാൻ ഞങ്ങൾ പ്ലാൻ ഇട്ടു. മൂന്നാറിലേക്ക് ഒരു യാത്ര.സ്വതവെ ഗൗരവ പ്രകൃതക്കാരനും കണിശക്കാരനും ആയിരുന്ന മുതുമുത്തച്ഛനും ഞങ്ങളോടൊപ്പം കൂടി.

ജീവിതത്തിലെ ഏറ്റവും നല്ല വസന്തകാലം ചെലവഴിച്ചിരുന്ന ആ സ്ഥലങ്ങളൊക്കെ കാണാൻ മക്കളോടും കൊച്ചു മക്കളോടുമൊപ്പം പോകാനും, ഞങ്ങളുടെ മക്കൾ അന്ന് പഠിച്ചിരുന്ന സ്കൂളും അന്ന് ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സും എല്ലാം അവരെ കാണിച്ചു കൊടുക്കാനും പ്രായത്തിന്റെ അവശത മറന്ന് ഞങ്ങൾ കൊച്ചുകുട്ടിളെപ്പോലെ അവരോടൊപ്പം തുള്ളി ചാടി പുറപ്പെട്ടു.

ദുബായ്, സിംഗപ്പൂര്‍, അങ്ങനെ വിദേശത്തേക്കും ഡൽഹി, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കും ഒക്കെ കൂടെ കൂടെ പോകാറുണ്ട് എങ്കിലും മൂന്നാറിനടുത്തുള്ള ആനയിറങ്കലിൽ താമസിക്കുമ്പോൾ തേക്കടിയിലേക്ക് പോയ ഒരു യാത്രയെക്കുറിച്ച് ഓർത്താൽ ഇന്നും എൻറെ കാലിൻറെ പെരുവിരലിൽ നിന്ന് ഒരു തണുപ്പും വിറയലും വരും. അത് ഈ വിധമായിരുന്നു. കൊച്ചുമക്കൾ ഒക്കെ കഥ കേൾക്കാനായി മുതു മുത്തശ്ശിയായ എൻറെ ചുറ്റും കൂടി.

അന്ന് എനിക്ക് വയസ് ഇരുപത്. മൂന്നും ഒന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മ.ഞങ്ങളുടെ ഇലക്ട്രിസിറ്റി ബോർഡ് ക്വാർട്ടേഴ്‌സ് നു അടുത്തായിരുന്നു മൂന്നാർ ചിന്നക്കനാൽ കോൺവെൻറ് സ്കൂൾ. ആ സ്കൂളിനോട് ചേർന്ന് ഒരു അനാഥ ശാലയും ഉണ്ട്. അഞ്ചാറ് സിസ്റ്റേഴ്സും ഓർഫനേജിൽ 20 കുട്ടികളും ഉണ്ടായിരുന്നു. ചാപ്പലിലേക്ക് പൂവ് ഇറുക്കാനും മറ്റുമായി സിസ്റ്റേഴ്സ് ക്വാർട്ടേഴ്സുകളിൽ വരുമായിരുന്നു. അന്ന് വന്നപ്പോൾ സിസ്റ്റർ പറഞ്ഞു ഈ വരുന്ന ശനിയാഴ്ച ഞങ്ങൾ തേക്കടിയിലേക്ക് ഒരു പിക്നിക്നു പോവുകയാണ് നിങ്ങൾ വരുന്നോ എന്ന്. ഞാൻ എൻറെ ഒരു ഫ്രണ്ടിനെ കൂടി കൂട്ടു വിളിച്ചു. ഒരു മകനുണ്ട് അവർക്ക്. അമ്മുക്കുട്ടി, ബോർഡിലെ തന്നെ ഒരു എൻജിനീയർ ശ്രീ കെ. ടി. ജോണിന്റെ, ഭാര്യയായിരുന്നു. ഞാനും എൻറെ മൂത്ത രണ്ടു മക്കളും (സുജ മൂന്ന് വയസ്സ്, സാജു ഒരു വയസ്സ് )അമ്മുക്കുട്ടിയും മകൻ ഷിബുവും, 20 അനാഥ കുട്ടികളും 6 സിസ്റ്റേഴ്സ് , വൃദ്ധനായ ഒരു അച്ചനും, ഡ്രൈവറും പിന്നെ ഞങ്ങളുടെ ഡ്രൈവറായ വടിവേലുവിന്റെ മകൾ ത്രേസിയും.ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ ഒരു സഹായത്തിനു ആ കുട്ടിയെ കൂട്ട് വിളിച്ചതാണ്. ഞങ്ങൾ എല്ലാവരും ചേർന്ന് രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ടു. ബസ്സ് പത്തു മണിയോടെ തേക്കടിയിൽ എത്തി. തേക്കടി ഒക്കെ നടന്നു കണ്ടു സന്തോഷമായി. എല്ലാവരും കൂടി ബോട്ടിങ്ങിന് ഒക്കെ പോയി, ഞങ്ങളും അവരും കരുതിയിരുന്ന ഭക്ഷണമൊക്കെ പങ്കുവെച്ച് കഴിച്ച് വൈകുന്നേരം 5 മണിയോടെ തിരികെ പുറപ്പെട്ടു. എട്ടുമണിയോടെ വീട്ടിൽ തിരിച്ചെത്താം എന്നായിരുന്നു കണക്കുകൂട്ടൽ.

ഒരു 7 മണി ആയി കാണും. ബസ് ബ്രേക്ക് ഡൗണായി.എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങി. അവിടെ വർക്ക് ഷോപ്പ് പോയിട്ട് ഒരു ഈച്ചയെ പോലും കാണാനില്ല.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇനി നേരം വെളുത്തിട്ടേ യാത്ര തുടരാൻ പറ്റുകയുള്ളൂ എന്ന് ഡ്രൈവർ അറിയിച്ചു.മാത്രവുമല്ല രാത്രി കാട്ടാനക്കൂട്ടമിറങ്ങും. വന്യമൃഗങ്ങളും. എൻറെയും എൻറെ കൂട്ടുകാരിയുടെയും ദേഹത്തു എല്ലാം കൂടി ഒരു 40 പവന്റെ സ്വർണം എങ്കിലും ഉണ്ടാകും. തേയില കാടുകളിൽ നിന്ന് കള്ളന്മാർ എത്തിയാൽ അവരെ നേരിടാനുള്ള ഏക ആയുധം അച്ചന്റേ കയ്യിലുള്ള ഒരു ടോർച്ച് മാത്രമാണ്. അപ്പോൾ അത് വഴി തേയില കൊളുന്തു കൊണ്ടു പോകുന്ന ചിലരെ കണ്ടു. അവരിൽ നിന്നാണ് അറിയുന്നത് അവിടെ അടുത്ത് പണി തീരാത്ത ഒരു കട മാത്രമേ ഉള്ളൂ എന്ന്.

കുറേ നേരത്തെ ശ്രമഫലമായി ആ ചെത്തി തേക്കാത്ത കടമുറി തുറപ്പിച്ചു അച്ചനും അനാഥക്കുട്ടികളും അതിൻറെ വരാന്തയിലും സ്ത്രീകൾ അതിനകത്തും കയറിക്കിടന്നു. തറയൊക്ക മണ്ണാണ്. ബസ്സിൽ കരുതി യിരുന്ന മിച്ചം ഉണ്ടായിരുന്ന ഭക്ഷണമെല്ലാം കഴിച്ച് എല്ലാവരും കിടന്നു. കുട്ടികളൊക്കെ കിടന്നതും ഉറക്കം തുടങ്ങി. കൂരാകൂരിരുട്ട്. നല്ല തണുപ്പും. തണുത്തുവിറച്ചു പല്ലുകൾ കൂട്ടി ഇടിക്കാൻതുടങ്ങി. കോടമഞ്ഞു കൊണ്ട് ആ ഭാഗം മുഴുവൻ മൂടി. വന്ന റോഡ് ഒന്നും കാണാൻ പോലുമില്ല. ആന അടുത്ത് വന്നു നിന്നാൽ പോലും അറിയില്ല. ശ്മാശാന മൂകത. ചെറിയ ചീവീടുകളുടെ ശബ്ദം മാത്രം. മുതിർന്നവരൊക്ക കണ്ണിമവെട്ടാതെ കള്ളന്മാരോ വന്യമൃഗങ്ങളോ, പാമ്പോ, തേളോ എന്താണ് വരിക എന്ന് ഭയന്ന് കണ്ണും കാതും കൂർപ്പിച്ചു ഇരുന്ന് നേരം വെളുപ്പിച്ചു. അച്ചനും കന്യാസ്ത്രീകളും നേരം വെളുക്കുന്നതുവരെ മാറിമാറി ഉറക്കെ ഉറക്കെ കൊന്ത ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അന്ന് തെരുവുവിളക്കുകൾ ഇല്ല.

പിക്നിക്കിനു പോയവരെ കാണാതെ മുതുമുത്തഛനും ജോൺ സാറും ഉറങ്ങാതെ വീട്ടിൽ. രാത്രിയായിട്ടും പോയവരെ കാണാതായപ്പോൾ ജോൺ സാർ നമ്മുടെ മുതുമുത്തച്ഛനെ സമീപിച്ചിരുന്നുവത്രേ, നമുക്ക് പോയി അന്വേഷിക്കേണ്ടേ എന്നും ചോദിച്ചു. “എല്ലാവരും കൂടി പോയതല്ലേ നാം ചെന്ന് കുറച്ചു പേരെ മാത്രം തിരിച്ചുകൊണ്ടുവരുന്നത് ശരിയല്ലല്ലോ, ബസ് ബ്രേക്ക് ഡൗൺ ആണെങ്കിൽ സ്പെയർപാർട്സ് കിട്ടില്ല. ഇരുട്ടത്ത് പണിയാനും പറ്റില്ല. എല്ലാവരും കൂടി ഒരുമിച്ച് തിരിച്ചു വരട്ടെ” എന്നു പറഞ്ഞു മുതു മുത്തച്ഛൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു വിട്ടു. ഏഴുമണി കഴിഞ്ഞാൽ ആ നാളുകളിൽ ആരും പുറത്തിറങ്ങാറില്ല.ഒറ്റയാൻ, പുലി ഒക്കെ ഇറങ്ങുന്ന കാലം ആണ് അന്ന്.

നേരം വെളുപ്പിച്ചു ഡ്രൈവർ കുമളി വരെ നടന്നു പോയി ബസ് ന്റെ സ്പെയർ പാർട്സ് വാങ്ങി വന്ന് ബസ് ശരിയാക്കി വീട്ടിൽ എത്തിയപ്പോൾ രാവിലെ മണി പതിനൊന്ന്.
ഇന്ന് എന്നല്ല എന്ന് പിക്നിക്കിനു പോകുമ്പോഴും എൻറെ ഓർമ്മയിലേക്ക് ഓടിയെത്തുന്ന ഒരു യാത്രയാണ് ഈ തേക്കടി യാത്ര. മുതു മുത്തശ്ശി കഥ പറഞ്ഞു നിർത്തി.

ഇവരെ കൂടെ കൂട്ടിയതാണ് ഇത്രയും ടെൻഷനു കാരണമായിത്തീർന്നത് എന്ന് അച്ചൻ പിന്നീട് എപ്പോഴും പറയുമായിരുന്നു അത്രേ. സ്വർണാഭരണഭൂഷിതരും യൗവനയുക്തരുമായ രണ്ട് സ്ത്രീകൾ, അവരുടെ സംരക്ഷണ ചുമതല ആയിരുന്നുവത്രേ അവരെ ഏറെ ഭയപ്പെടുത്തിയിരുന്നത്. അനാഥക്കുട്ടികളെയൊ കന്യാസ്ത്രീകളെയോ അച്ചനെയോ ഒരു കള്ളനും ആവശ്യമുണ്ടാവില്ല. വന്യമൃഗങ്ങളെ ഓർത്തു മാത്രം ഭയപെട്ടാൽ മതിയായിരുന്നു.

എന്റെ വ്യത്യസ്തമായ പിക്നിക് കഥ കേട്ട പേര കുട്ടികളൊക്കെ അന്തം വിട്ടിരുന്നു.

റോസിലി ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

COMMENTS

1 COMMENT

  1. മേരി ചേച്ചിയുടെ അമ്മയുടെ ആത്മാവിന് മുന്നിൽ സാദരം പ്രണാമം അർപ്പിക്കുന്നു 🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: