✍️lg_ലിജുഗോപാൽ ആഴ്വാഞ്ചേരി
ജനലിന് പുറത്ത് ചന്നം പിന്നം പെയ്യുന്ന മഴയെ നോക്കിയിരുന്നപ്പോൾ വാസന്തിക്ക് കരച്ചിൻ വന്നു... മഴയുടെ സ്വരം കേൾക്കുമ്പോൾ എക്ലയർ മിഠായിയുടെ സ്വാദോർമ്മ വരുന്ന കഴിഞ്ഞ കാലത്തേക്ക് തിരിച്ചു പോവാൻ മനസ് കൊതിക്കുന്നു.
വിജയേട്ടന്റെ സുസുക്കി മാക്ക്സ് ഹണ്ട്രഡിന്റെ പുറകിലിരുന്ന് മഴയും കൊണ്ട് വിജയേട്ടനേം കെട്ടിപിടിച്ചു കൊണ്ടൊരു യാത്ര പോണം…
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് വാസന്തി ഗോവിന്ദൻ എന്ന പീഡ്രിഗ്രി വിദ്യാർത്ഥിനി ഡയറിയിൽ കുത്തിവരച്ച വാചകങ്ങൾ!
മഴയുടെ സംഗീതത്തെ പതുക്കെ ആസ്വദിക്കവെ വിജയേട്ടന്റ സിഗരറ്റ് മണക്കുന്ന ചുണ്ടുകൾ കൊതിച്ച… താനൊരിക്കലും കൊടുത്തിട്ടില്ലാത്ത ചുംബനങ്ങൾ തന്നെ നോക്കി കൊഞ്ഞനം കുത്താറുള്ള രാത്രികളെ ഓർത്ത് അവളൊന്ന് ചിരിച്ചു.
“അമ്മ കിടന്നില്ലെ ” ?
വാസന്തി പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി. നന്ദ മോളാണ്. നല്ല വീതിയുള്ള വയലറ്റ് കളർ ടീ ഷർട്ടും നീല ഷോർട്ട്സുമിട്ട് അലസമായി മുടിയിലൊന്ന് തടവികൊണ്ട് നന്ദ സ്റ്റയർകേയ്സ് കയറി നടന്നു വരുന്നു. !
വാസന്തി ചിരിച്ചു.!
ജനൽ ചേർത്തടച്ചു കൊണ്ട് നന്ദ അമ്മയെ നോക്കി…
ജനലും തുറന്നിട്ടിരിക്കാണോ വാസന്തി മാഡം ? തണുപ്പടിക്കില്ലെ ?
വാസന്തിയുടെ മൂക്കിൽ പിടിച്ചു കൊണ്ട് അവൾ കൊഞ്ചി.
“നീ പോടി… നരുന്തേ… “
നന്ദയെ തള്ളി മാറ്റി വാസന്തി കട്ടിലിൽ ഇരുന്നു. മേശപ്പുറത്ത് പകുതി വായിച്ചു വെച്ച ” വേനൽമരത്തിലെ പക്ഷികൾ ” എന്ന പുസ്തകം അവളെ നോക്കി ചിലച്ചു.
അതിലുപരി അതിന്റെ ഗ്രന്ഥകർത്താവിന്റെ പേര് .. അത് വായിച്ച ശേഷമാണ് ജനൽ തുറന്നിട്ടും മഴ നോക്കി കണ്ടതും !
ജി. ആർ വിജയരാഘവൻ !
ഘനഗംഭീരമായ ആ പേരിന് മുകളിൽ നരച്ച താടി രോമങ്ങൾക്കിടയിൽ തിളങ്ങുന്ന യൗവന ചിരി ചിരിച്ച മധ്യവയസ്ക്കന്റെ മുഖം !
അമ്മ ആ പുസ്തകത്തിലേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട നന്ദ തെല്ലത്ഭുതത്തോടെ അമ്മയെ നോക്കി.
ജി.ആർ സാറിന്റെ പുതിയ ബുക്ക് ആണോ അമ്മേ …?
ചോദ്യ ഭാവത്തിൽ നന്ദ യെ നോക്കി അവളുടെ മുടിയിൽ പതുക്കെ തടവി കൊണ്ട് വാസന്തി ഒന്നു നെടുവീർപ്പിട്ടു.
ജി. ആർ സർ.
അതെ വിജയേട്ടനിപ്പോൾ ജി.ആർ സാറാണ്
പത്മശ്രീ ജി. ആർ.
സാമൂഹിക പ്രവർത്തകൻ. ഗ്രന്ഥകാരൻ. സർവോപരി സന്യാസ ജീവിതം നയിക്കുന്ന സാത്വികൻ.
വാസന്തി കണ്ണുകൾ ചിമ്മി തുറന്നു.
അതു മാത്രമല്ല നന്ദ. അത് നിന്റെ അച്ഛൻ കൂടിയാണ്. ബാലേട്ടന്റെ ഭാര്യയാവുന്നതിനും മുൻപേ നിയെന്ന കുസൃതി കുടുക്കയുടെ വിത്തെന്നിൽ പാകിയ നിന്റെ അച്ഛൻ.!
വാസന്തിയുടെ മനസാണ് മന്ത്രിച്ചത്.
താനിപ്പോഴൊരു ഭാര്യയാണ്. പതിനേഴ് കൊല്ലം മുൻപ് ബാലേട്ടൻ കെട്ടിയ താലി കഴുത്തിലുണ്ട്. ബാലേട്ടൻ ചാർത്തിയ സിന്ദൂരം നെറ്റിയിലുമുണ്ട്. പക്ഷെ എന്തുകൊണ്ടോ വിജയേട്ടനെ പറിച്ചെറിയാൻ അവിടെ ബാലേട്ടനെ പ്രതിഷ്ഠിക്കാൻ മനസനുവദിക്കുന്നില്ല…. |
അവളൊന്നു നെടുവീർപ്പിട്ടു.
കല്യാണം … വീട്…കുടുംബം കുട്ടികൾ.. തനിക്കും വിജയേട്ടനും സ്വപനങ്ങൾ പലതായിരുന്നു.
“പാലക്കാട്ടേ കുടുംബ വീടിന് അടുത്തായി ഒരു ചെറിയ വീട് പണിയണം അതിന് നന്ദനം എന്ന് പേരിടണം.. “
വിജയേട്ടൻ ഒരിക്കൽ പറഞ്ഞതോർക്കുന്നു. പ്രണയമായിരുന്നു കൊടുമ്പിരി കൊണ്ട പ്രണയം… തനിക്കായിരുന്നു വിജയേട്ടനോട് പ്രണയം തന്റെ പ്രണയം അംഗീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
” അമ്മ…. അമ്മ…. ഈ അമ്മ ഇതിപ്പോ ഏത് ലോകത്താ? ചിന്താവിഷ്ടയായ വാസന്തിയായല്ലോ ” –
നന്ദ മോൾ കുലുക്കി വിളിച്ചപ്പോഴാണ് വാസന്തി ഓർമ്മയിൽ നിന്നുണർന്നത്.
അവൾ വാത്സല്യത്തോടെ നന്ദയെ നോക്കി.
വിജയേട്ടന്റെ നുണക്കുഴി പോലും കിട്ടിയിട്ടുണ്ട് പെണ്ണിന്….!
പതുക്കെ അവളുടെ കവിളിൽ തലോടികൊണ്ട് അവൾ പറഞ്ഞു –
” കുട്ടി പോയുറങ്ങിക്കോ… അമ്മ കുറച്ചുടി വായിക്കട്ടെ,,,, “
“ഒഖെ… അമ്മ ജനൽ തുറന്നിടരുത്… തണുപ്പടിക്കും.. പുറത്ത് നല്ല മഴയാണ്….”
നന്ദ എണീറ്റു വാസന്തിയുടെ മൂർദ്ധാവിൽ
ചു:ബിച്ചു കൊണ്ടാണവളിത് പറഞ്ഞത്..
ഒരു തമിഴ് പാട്ടും മൂളി വാട്ട്സ്ആപ്പ് തുറന്നു കൊണ്ട് നന്ദ സ്റ്റയർകേയ്സിറങ്ങി.
വാസന്തി പതുക്കെയെണീറ്റു…
കള്ളത്തരം ചെയ്യുന്ന കൊച്ചു കുട്ടികളുടെ ലാഘവത്തോടെ അവൾ ജനൽ പതുക്കെ തുറന്നു…
ശക്തിയായി കാറ്റ് അകത്തേക്ക് വീശി…
അവളൊന്ന് ചുമച്ചു…
ആസ്തമയാണ്… കുറച്ചു കാലമായി വിടാതെ പിടി കുടിയ ദുർഭൂതം… പൊടിയടിച്ചാൽ , കാറ്റടിച്ചാൽ, മഴ കൊണ്ടാൽ അന്ന് രാത്രി പിന്നെ ശുഭം !
“വിജയേട്ടന്… വീട്ടുകാർ എന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു…
എന്നിലെ ചിന്തകളെ വിജയേട്ടനിൽ കെട്ടിയിടാൻ ഞാനഗ്രഹിക്കുന്നു… മറുപടി തരിക “
അന്ന് മദ്രാസിലെ “കർപ്പകം” എന്ന മാസികയിൽ ജോലിക്കാരനായിരുന്ന വിജയേട്ടന് തപാലിൽ അയച്ച കത്തോർമ്മ വാസന്തിയുടെ ചുണ്ടുകളെ കരയിപ്പിച്ചു…
കല്യാണം ഉറപ്പിച്ചിട്ടും , ബാലേട്ടൻ താലി കെട്ടിയിട്ടും വാസന്തി കാത്തിരുന്നു..
ആദ്യരാത്രിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാലേട്ടനെ നോക്കി യാതൊരു ദയയുമില്ലാതെ വാസന്തി പറഞ്ഞു.
” താലി കെട്ടിയതുകൊണ്ടു മാത്രം എന്റെ ഭർത്താവാകാമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ട…!
ഞെട്ടി തരിച്ചിരുന്ന ബാലേട്ടന്റെ കണ്ണുകളിൽ നോക്കി വാസന്തി തുടർന്നു..
“എന്റെ ശരീരം വിജയേട്ടന് സമർപ്പിച്ചു കഴിഞ്ഞു… എന്റെ മനസുകൊണ്ട് ഞാൻ ഭർത്താവാക്കിയ ആൾക്ക്…! നിങ്ങളെ കേവലം എന്റെ അച്ഛനുവേണ്ടി കെട്ടിയതാണ് “
വേദനിപ്പിക്കാൻ വേണ്ടിയാണങ്കിൽ കൂടി അത്രയൊന്നും പറയേണ്ടിയിരുന്നില്ലന്ന് വാസന്തിക്ക് തോന്നി..
എങ്കിലും പാൽ ഗ്ലാസ് ശക്തിയായി മേശപ്പുറത്ത് വെച്ച് അവൾ തിരിഞ്ഞു കിടന്നു.
കേട്ടതെന്തെന്ന് മനസിലാക്കാനാവാതെ ബാലകൃഷ്ണൻ എന്ന പാവം തളർന്നു പോയി.
ഒരു പാവം സ്ക്കൂൾ മാഷായിരുന്ന അദ്ദേഹം പ്രതീക്ഷിക്കാത്ത വഴിതിരിവിലേക്കുള്ള ജീവിതത്തിന്റെ പോക്കിൽ അമ്പരന്നു നിൽക്കുകയായിരുന്നു.
അന്നത്തെ കാലത്ത് മദ്രാസിൽ നിന്നും മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസികയായിരുന്നു കർപ്പകം. മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചകളിൽ ഇറങ്ങുന്ന കർപ്പകത്തിന്റെ പതിപ്പിന് വേണ്ടി അവൾ കാത്തിരിക്കും.
ഓരോ തവണ ആ പുസ്തകം കയ്യിലെടുക്കുമ്പോഴും വിജയേട്ടന്റെ ഗന്ധം അവൾ അനുഭവിച്ചു.
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ടു മൂടിയപ്പോൾ ചെറിയൊരു പുഞ്ചിരി തനിക്ക് സമ്മാനിച്ച് മുണ്ട് മടക്കി കുത്തി കുടയും പിടിച്ച് ഇടവപാതി മഴയിലേക്ക് നടന്നു നീങ്ങിയ ബാലേട്ടന്റെ മുഖം നെഞ്ചിലൊരു നീറ്റൽ സമ്മാനിച്ചെങ്കിലും അവൾ പുറത്തു കാണിച്ചില്ല
നന്ദ മോൾ പിറന്നപ്പോൾ അവളുടെ നെറ്റിയിലമ്മ വെച്ച് ബാലേട്ടനാണ് ആ പേരിട്ടത്
നന്ദന… !!
“പാലക്കാട്ടേ കുടുംബ വീടിന് അടുത്തായി ഒരു ചെറിയ വീട് പണിയണം അതിന് നന്ദനം എന്ന് പേരിടണം”
വിജയേട്ടൻ പറഞ്ഞ വാക്കുകൾ !
ബാലേട്ടൻ സ്വന്തം മകളെ പോലെ അവളെ സ്നേഹിച്ചു , പരിലാളിച്ചു, ഓമനിച്ചു… പഠിപ്പിച്ചു !
“രണ്ടാമതൊരു കുട്ടി കൂടി വേണ്ടേ മാഷേ.. “
എന്നു അമ്പലത്തിൽ നിന്നും മറ്റും പലരും ചോദിക്കുമ്പോൾ നന്ദ മോളുടെ മൂർദ്ധാവിൽ തലോടികൊണ്ട് ബാലേട്ടൻ പറയും
“ഇവളുണ്ടല്ലോ കാന്താരി… ഇവൾ മതി “
എന്നിട്ടെന്റ മുഖത്തേക്ക് പാളി നോക്കാൻ ശ്രമിച്ച് മുഖം തിരിക്കും !
ശക്തമായ കാറ്റ് മുഖത്തേക്ക് വീശിയപ്പോൾ വാസന്തി ചുമച്ചു… വായും മുഖവും പൊത്തി കൊണ്ട് ചുമരിനോട് ചാരി അവളിരുന്നു…
വേപഥു വോടെ അവളെണീക്കാൻ ശ്രമിച്ചു.
വയ്യ… ശ്വാസം മുട്ടുന്നു..! ദൈവമേ .. ഇൻ ഹീലർ എവിടെയോ വെച്ചല്ലോ..!
കാണാനില്ലല്ലോ…!
കണ്ണുകൾ മങ്ങി.. അഗാധമായ ഇരുട്ടിലേക്ക് .. കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്നതായി അവർക്ക് തോന്നി.
നാലു വശവും പൂക്കൾ വിതറി കൊണ്ട് മാലാഖമാർ നൃത്തം ചെയ്യുന്നു..!
അസ്ഥി നുറുങ്ങുന്ന തണുപ്പ്… !
മരണമാണോ ?
ബാലേട്ടാ മാപ്പ്
അവൾ പിറുപിറുത്തു…
…. …. ….
പ്രതീക്ഷയോടെ തന്നെ നോക്കുന്ന രണ്ടു വെളിച്ചങ്ങളിലേക്കവൾ മിഴികൾ തുറന്നു!
നന്ദ മോളായിരുന്നു അത്.
പ്രയാസപ്പെട്ട് വാസന്തി കണ്ണുകൾ തുറന്നപ്പോൾ സന്താഷം സഹിക്കാനാവാതെ അവൾ തുള്ളി ചാടി.
“അച്ഛാ… അച്ഛാ… ദേ… അമ്മ കണ്ണ് തുറന്നു.. “
അപ്പോൾ റൂമിൽ ഒരറ്റത്ത് ബഞ്ചിൽ ചടഞ്ഞിരുന്ന ഒരാൾ എണീറ്റു വരുന്നു.
ബാലേട്ടൻ!
അവൾ ചുറ്റും കണ്ണുകൾ പായിച്ചു
ഈശ്വരാ ഞാനിപ്പോൾ എവിടാണ്…. ഒന്നും മനസിലാകുന്നില്ലല്ലോ!
പകച്ച മിഴികളോടെ അവൾ ബാലേട്ടനെ നോക്കി.
നരച്ച മീശ മേൽ തെരുപിടിച്ചു കൊണ്ട് ബാലേട്ടൻ ചിരിക്കുന്നു
“പേടിക്കണ്ട വാസന്തി… വാസന്തിയൊന്ന് ബോധം കെട്ടു വീണു.ഇപ്പോ രണ്ടീസായി വാസന്തി ബോധം ലാണ്ട് കിടക്കാർന്നു.. നമ്മള്ളിപ്പോ ആശൂത്രീലാണ്.”
ഒന്നും പറയാൻ പറ്റിയില്ല.
മൂന്നു വർഷായി ബാലേട്ടനെ കണ്ടിട്ട്….!
കല്ലാണം കഴിഞ്ഞ് പതിനേഴു വർഷായിട്ടും ഈശ്വരാ ആ മനസു കാണാൻ താൻ ശ്രമിച്ചിട്ടില്ലല്ലോ എന്ന് ഓർത്തപ്പോൾ കുറ്റ ബോധം കൊണ്ടവളുടെ ഉള്ളം വിങ്ങി..!
“ബാലേട്ടാ…”
അവൾ വിളിക്കാൻ ശ്രമിച്ചു.
സ്വതവേയുളള തേജസോടെ ബാലേട്ടൻ മിണ്ടല്ലെയെന്ന് ആംഗ്യം കാണിച്ചു…
“വാസന്തിക്കൊരു പാട് ക്ഷീണം ണ്ട്.. ഒറങ്ങിക്കോള്ളു”
അവൾ ചിരിക്കാൻ ശ്രമിച്ചു.
പഠിക്കുന്ന സമയത്ത് ഒരാളോട് തനിക്ക് തോന്നിയ പ്രണയത്തിന്റെ പേരിൽ ഒരു പാവം മനുഷ്യനെ എത്രകാലം താൻ അകറ്റി നിർത്തി…!
കഴിഞ്ഞ മൂന്നു വർഷമായി അയാൾ താമസിക്കുന്ന വീട്ടിൽ താമസിക്കാൻ കഴിയില്ലന്ന് പറഞ്ഞ് തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് താമസം മാറ്റി…. കൂടെ മോളേയും കൂട്ടി…. വിജയേട്ടന്റ ഓർമ്മകളിൽ ജീവിക്കാൻ തീരുമാനിച്ച് ജി.ആർ എന്ന ആ സാത്വികൻ എഴുതുന്ന പുസ്തകങ്ങൾ വായിച്ചു കൂട്ടി ജീവിതം തീർക്കാമെന്ന് കരുതിയ താനെത്ര വിഡ്ഢിയാണന്ന് അവളോർത്തു….!
മുന്നിൽ നിൽക്കുന്ന മെല്ലിച്ച ആ പാവം സ്ക്കൂൾ മാഷ് എന്തു പിഴച്ചു ?
പതിനേഴ് കൊല്ലം മുൻപ് തന്നെ താലികെട്ടിയതാണോ അയാൾ ചെയ്ത തെറ്റ് ?
താനൊരു ഭാര്യയാണോ?
അവൾ വിളറി വെളുത്തു.
“ബാലേട്ടാ… “
അവൾ മെല്ലെ വിളിച്ചു..
ബാലേട്ടൻഅവളുടെ കൈ പിടിച്ചു…..
” നീ… ടെൻഷനടിക്കണ്ട…. ഇപ്പോ കുഴപ്പൊന്നുല്യ… ഇന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്യാന്ന് ഡോക്ടർ പറഞ്ഞു….”
വാസന്തി ഒന്നു ചുമച്ചു..
“ഡിസ്ചാർജാക്കുമ്പോ…. പാലക്കാട്ടിക്കല്ല… തിരുവനന്തപുരത്തേക്ക് പൂവാം മ്മക്ക്…”
കട്ടിലിനോട് ചേർന്ന് ചുമരിൽ ചാരി നിന്നിരുന്ന ബാലകൃഷ്ണൻ മാഷ് ഒന്നു ഞെട്ടി.. അയാൾ വാസന്തിയെ നോക്കി..
നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു…
“ഇനിയെനിക്ക് ജീവിക്കണം ബാലേട്ടന്റെ ഭാര്യയായി…. മ്മടെ വീട്ടില്…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ബാലകൃഷ്ണൻ മാഷ് ആ മിഴികൾ തുടച്ചു , മെല്ലെ കട്ടിലിൽ ഇരുന്നു…
നന്ദ മോൾ പതുക്കെ റൂമിൽ നിന്നിറങ്ങി. വാതിൽ ചേർത്തടച്ച് നിറഞ്ഞ പുഞ്ചിരിയോടെ വിസിറ്റേഴ്സ് റൂം ലക്ഷ്യമാക്കി അവൾ നടന്നു.. അപ്പോൾ അകത്ത് ആദ്യമായി ബാലേട്ടന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചുബനം തീർത്തു… ആ മെല്ലിച്ച മനുഷ്യന്റെ കവലയത്തിനുള്ളിൽ വാസന്തി അക്ഷരാർത്ഥത്തിൽ അയാളുടെ ഭാര്യയാവുകയായിരുന്നു !
മേശമേൽ ഇരുന്നൊരു കുപ്പി ഗ്ലാസ് താഴെ വീണു പൊട്ടി…. പക്ഷെ അതൊന്നും കാര്യമാക്കാതേ അവരിരുവരും പതിനേഴ് വർഷം മുൻപ് മുടങ്ങിയ ജീവിത യാത്ര പുനരാരംഭിക്കാനുള്ള തിരക്കിലായിരുന്നു…!