പതിവുപോലെ രാവിലെ ആൻറണി പത്രം വായനയ്ക്ക് ഇരുന്നു. മലയാളമനോരമയുടെ പതിനൊന്നാം പേജ് ‘ആദരാഞ്ജലി’പേജിലൂടെ കണ്ണോടിച്ചു.എല്ലാ ഫോട്ടോകളും ഒന്ന് നോക്കി, അറിയുന്നവരോ പരിചയക്കാരോ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി ആണ് നോക്കുന്നത്.അപ്പോഴുണ്ട് അക്കൂട്ടത്തിൽ ഒരു പരിചിത മുഖം. കുഞ്ചെറിയ, 64 വയസ്സ്, താഴോട്ട് വായിച്ചപ്പോൾ റിട്ടയർ ചെയ്ത ഒരു സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ. ആൻറണിയുടെ ഓർമ്മകൾ ഒരു 10-40 വർഷം പുറകോട്ട് പോയി. ഭാര്യയുടെ ഇന്ന് കട തുറക്കുന്നില്ലേ, എന്ന ചോദ്യം വരുന്നതുവരെ. തൻറെ ജീവിതയാത്രയിൽ ഈ സഹപാഠി തന്ന ഒരു ഉപദേശം എന്നും ഓർമ്മയിൽ അടിവരയിട്ട് സൂക്ഷിച്ചിരുന്നു ആൻറണി.
അന്ന് ആൻറണിക്ക് 23 വയസ്സ്. പഠിത്തം കഴിഞ്ഞ് ടൗണിൽ തന്നെ സ്റ്റേഷനറി കട നടത്തുകയാണ്. സത്യസന്ധമായി കച്ചവടം ചെയ്യുന്ന ആളായിരുന്നു അദ്ദേഹം അന്നും ഇന്നും. ആ നിരയിൽ തന്നെ അഞ്ചാറ് പീടികകൾ ഉണ്ട്. ഒരു ദിവസം അപ്പൻ ആശുപത്രിയിൽ ആണെന്നും പറഞ്ഞ് ഫോൺ വന്നതിനെ തുടർന്ന് പെട്ടെന്ന് അടുത്ത കടക്കാരനെ കട ഏൽപ്പിച്ചു അങ്ങോട്ടോടി. മറ്റു മക്കളെയൊക്കെ വിവരമറിയിച്ച് അവരൊക്കെ എത്തിത്തുടങ്ങി. മൂത്ത ചേട്ടൻ വന്ന് ഉത്തരവാദിത്വമേറ്റെടുത്ത് “നീ കടയിലേക്ക് പൊക്കോ ഇവിടെ ഞങ്ങൾ ഒക്കെ ഉണ്ടല്ലോ” എന്നും പറഞ്ഞതനുസരിച്ച് ആൻറണി തിരികെ കടയിലെത്തി. അപ്പോഴുണ്ട് അടുത്ത കടക്കാരൻ കൃഷ്ണൻ ഓടിവന്ന് പറയുന്നു.ചെറിയ ഒരു പ്രശ്നം ഉണ്ട്.”എന്റെ വീട്ടിൽ ഇപ്പോൾ excise കാർ റെയ്ഡ് നടത്തുകയാണ്. ഞാൻ ഒരു പണി ഒപ്പിച്ചിട്ടുണ്ട്. എൻറെ കയ്യിൽ കുറച്ചു സ്വർണം ഉണ്ടായിരുന്നു. അത് നിൻറെ കടയിലിരിക്കുന്ന സാധനങ്ങൾക്ക് ഇടയിലേക്ക് തിരുകിയിട്ടുണ്ടെന്ന്. കൃഷ്ണൻ കാസറ്റ് കടയാണ് നടത്തുന്നതെങ്കിലും സൈഡ് ബിസിനസ് ആയി ഇങ്ങനെ ചില തരികിട പണികൾ ചെയ്യാറുണ്ടായിരുന്നു.അഞ്ച് മിനിട്ടിനകം സെൻട്രൽ എക്സൈസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ ഇവിടെ എത്തും, എൻറെ കടയിൽ നിന്ന് സാധനം എടുത്തു കൊണ്ടുപോ എന്ന് ആൻറണി പറഞ്ഞു തീരുന്നതിനു മുമ്പ് ഒരു വെള്ള അംബാസഡർ കാർ നാലഞ്ച് ഉദ്യോഗസ്ഥന്മാരുമായി അവിടെ എത്തി കൃഷ്ണൻറെ കട പരിശോധന തുടങ്ങി. ആൻറണി തലയും കുമ്പിട്ട് കസേരയിലിരുന്നു. വിളറി വെളുത്ത് എന്തോ താഴെ വീണത് തപ്പുന്നത് പോലെ ഇരുന്നു. സ്വർണക്കടയിലെ തിരക്ക് കുറയുന്ന സമയത്ത് ഇത് കൊണ്ടുപോയി അവിടെ വിൽക്കൽ ആണ് കൃഷ്ണൻറെ പണി. എല്ലാം നിയമവിരുദ്ധമായ പ്രവൃത്തി ആയതുകൊണ്ട് ഒളിക്കാനും പരുങ്ങാനും അഭിനയിക്കാനും ഒക്കെ നന്നായി അറിയാം കൃഷ്ണന്.
പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥന്മാരൊക്കെ കാറിലേക്ക് തിരിച്ചു കയറുന്നത് കണ്ടു ആശ്വാസത്തോടെ ഇരിക്കുമ്പോഴുണ്ട് അതിലെ പ്രധാന ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ചാടി ഇറങ്ങി, “ഹലോ ആൻറണി, എന്നെ മറന്നോ? നമ്മൾ പേട്ട പള്ളിയിൽ വേദോപദേശത്തിനു ഒന്നിച്ചു പഠിച്ചവരല്ലേ? അപ്പൻറെ ബിസിനസ് നോക്കുക ആണല്ലേ? എത്ര നാളായി കണ്ടിട്ട്? നമുക്ക് എല്ലാവർക്കും കൂടി ഒരു ദിവസം ഒന്ന് കൂടണ്ടേ? “കാറിൽ കയറിയ ബാക്കി ഉദ്യോഗസ്ഥന്മാരും ഒക്കെ ചാടിയിറങ്ങി ആൻറണിയുടെ കടയിലേക്ക്. പോരേ പൂരം!!ഇപ്പോഴും നാടകാഭിനയം ഒക്കെ ഉണ്ടോ? നാടകത്തിലെ നായകനായിരുന്നു അന്ന് ആൻറണി. ഞാൻ വേലക്കാരി. ബാക്കി ഉദ്യോഗസ്ഥന്മാർക്ക് ഒക്കെ കുഞ്ചെറിയ ആന്റണിയെ പരിചയപ്പെടുത്തി കൊടുത്തു.നാടകത്തിൽ അല്ലാതെ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആൻറണിയുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. തൊട്ടടുത്തു കൃഷ്ണനും ഉണ്ട് വളരെ വോൾട്ടേജ് കുറഞ്ഞ ചിരിയുമായി.കൃഷ്ണൻറെ തോളിൽ തട്ടി കുഞ്ചെറിയ “ ഇക്കുറി നീ രക്ഷപ്പെട്ടു, അടുത്ത തവണ നിന്നെ ഞങ്ങളു പൊക്കിക്കോളാം. ഈ തരികടയെ അടുപ്പിക്കരുത് കേട്ടോ ആൻറണി, നിനക്ക് പണി കിട്ടും”. എന്നൊക്കെ പറഞ്ഞു സംഘം തിരിച്ചുപോയി. കാർ കണ്ണിൽ നിന്ന് മറഞ്ഞതും ആൻറണി കൃഷ്ണൻറെ ചെവി പിടിച്ച് നാലു കറക്കം. സ്വർണ്ണം ഇരുന്ന കവർ അവിടെ ചെറുപുഞ്ചിരിയോടെ പുസ്തകത്തിനിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. പിന്നെ നാളിതുവരെ എന്തെങ്കിലും അത്യാവശ്യം വന്ന് കടയിൽ നിന്ന് പോകേണ്ടിവന്നാൽ ഷട്ടർ ഇട്ടു കട അടച്ചിട്ട് പോകുന്നത് അല്ലാതെ ആരെയും ഏൽപ്പിക്കാൻ നിന്നിട്ടില്ല ആൻറണി. ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവ പാഠങ്ങളാണ്. തലനാരിഴയ്ക്കാണ് അന്ന് ആൻറണി രക്ഷപ്പെട്ടത്. സ്വർണം അവിടെനിന്ന് പൊക്കിയിരുന്നെങ്കിൽ ആ കട ആരുടെ പേരിലാണോ ആ ആളെ അറസ്റ്റ് ചെയ്തനേ. കൂട്ടുകാരനാണ്, കൂടെ നാടകം കളിച്ചതാണ് എന്നൊന്നും അന്നേരം പറഞ്ഞാൽ യാതൊരു കാര്യവും ഉണ്ടാകില്ല. പൂജപ്പുരയിൽ മൂന്നാല് ദിവസം ജാമ്യത്തിൽ ഇറങ്ങുന്നതുവരെ ഗോതമ്പുണ്ടയും തിന്ന് മൂന്നാല് വർഷം കേസും കോടതിയുമായി നടക്കാമായിരുന്നു. അതും ആൻറണിക്കല്ല ആൻറണിയുടെ അപ്പന്.അന്ന് 23 വയസ്സ് മാത്രം പ്രായമുള്ള ആൻറണിയുടെ പേരിലല്ല കട. കട അപ്പൻറെ പേരിലായിരുന്നു.
മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍