വൃദ്ധരായ് മാറിയിന്നച്ഛനുമമ്മയും
ദേഹമോ ചുക്കിച്ചുളുങ്ങി വിവർണ്ണമാം
നാമിരുന്നാന കളിച്ച നട്ടെല്ലിനെ
കാലത്തിനൊപ്പം ക്ഷയിപ്പിച്ചു നമ്മളും!
ഇന്നീകരുത്തിൽ തുടിക്കുന്ന യൗവ്വനം
എല്ലാംമറന്നുള്ളയാത്രയിലോർക്കണം
നമ്മിലെ തേജസ് ദാനമായേകിയോർ
എത്രയോ ശക്തരായിയിരുന്നോരവർ!
വിടരുമാ പൂവിൻ്റെ പൂമ്പൊടിയാകവെ
തേനിനായ്മാത്രമണയുന്ന വണ്ടുകൾ
തട്ടിക്കവർന്നങ്ങു ദൂരേയ്ക്കു പാറിടും
പൂവിൻ്റെ വേദന ആരോടു ചൊല്ലിടും!.
നീർ വലിച്ചീടുന്ന വേരിൻ്റെ ശക്തിയും
പച്ചിലച്ചാർത്തിൻ്റെ പച്ചപ്പുമില്ലിന്ന്
വർണ്ണങ്ങൾവറ്റിയ പൂക്കളിൽ തേനില്ല
എത്തുന്നതില്ലൊരു വണ്ടും ശലഭവും.
.ഹരിദാസ് പല്ലാരിമംഗലം.