കാടുകൾവെട്ടിത്തെളി-
ച്ചീറയും മുളങ്കാലും
ചേർത്തു ചേർത്തൊരുക്കീയോ-
രാറുകാൽപ്പുരയ്ക്കുളളിൽ
പാതിപട്ടിണിപ്പകൽ,
ഇരുളിൻപുതപ്പുമായ്
കാലങ്ങളെറെത്താണ്ടി
ജീവിതക്കൊതിമൂലം.
മൂന്നു വത്സരം മുമ്പു
നീണ്ടനാൾ സ്വപ്നംകണ്ട
വാർത്തവീടുയർത്തുവാ-
നൊത്തിരിപ്പണിപ്പെട്ടു.
കുഞ്ഞുങ്ങൾപോലും കാളും
വിശപ്പും സഹിച്ചെത്ര
മഞ്ഞുരാത്രികൾ വിറ-
ച്ചച്ഛനെ സഹായിച്ചു.
പൂർത്തിയായില്ലെങ്കിലും
പേമാരിക്കാലം മുമ്പേ
പുത്തനാംവീട്ടിൽ പാർക്കാൻ
മോഹിച്ചു കിടാങ്ങളും.
കല്ലുകൾ മണ്ണും പാഴാം
വസ്തുവൊക്കവേ നീക്കി,
തെല്ലുനാൾ കൊണ്ടാഗേഹം
വാസയോഗ്യമായ് തീർത്തു.
നാളുപക്കങ്ങൾ നോക്കി
തീയതി കുറിപ്പിച്ചു.
ആളുമാഹ്ലാദത്തോ-
ടാദിനം കാത്തീടവേ
അമ്മതന്നുള്ളിൽ പൂത്തോ
രാശയാവീടിന്നേറ്റം
ഭംഗിയാം പേരൊന്നിട്ടു
കേൾക്കണം ചെല്ലപ്പേരായ്.
ചൊല്ലി കാന്തനോടമ്മ,
മക്കൾക്കും സന്തോഷമായ്
ചെല്ലപ്പേരൊരൊന്നായി
ട്ടെത്തി തൽക്ഷണം തന്നെ.
ചന്തമില്ലെന്നും, നീണ്ട-
പേരെന്നും തർക്കങ്ങളായ്
എത്തിയില്ലൊരു പേരും
നാലാൾക്കുമിഷ്ടം തോന്നാൻ.
തൻപ്രിയാത്മജെ ചാരേ
ചേർത്തുകൊണ്ടച്ഛൻ ചൊല്ലി
“കുഞ്ഞിവൾ ജനിച്ചതിൻ
ശേഷമാണൈശ്വര്യങ്ങൾ
കുട്ടിതൻ പേരാകട്ടെ
വീടിനുത്തമം” , കേൾക്കെ
മൊട്ടുപോൽ മുഖാംബുജം
വിടർന്നു കൂരയ്ക്കുള്ളിൽ.
മേഘരാജികൾമൂടും
സൂര്യനെപ്പോലെ, മൂത്ത
നന്ദനൻ മുഖം വാടി
ജ്വലിച്ചു കോപാഗ്നിയാൽ
ചൊല്ലി, ഞാൻ വരുന്നില്ല
വീടിനുള്ളിലേക്കിനി
ഇല്ലെനിക്കല്ലാവീടു,
പൊട്ടിപ്പോയവൻ തേങ്ങൽ.
മൂകത തളംകെട്ടി,
കാൽതെറ്റിവീണുയിരുൾ
ശോകത മുറിക്കുളളിൽ
പ്പതങ്ങീ കപോതം പോൽ.
ചിന്തിക്കാതുരുവിടും
വീൺവാക്കിൻ വിപത്തെത്ര
ചിത്തത്തിൽ തീയായാളും
കാലങ്ങൾ കഴിഞ്ഞാലും.
മിന്നലൊന്നൊളിവീശി
പിന്നാലെയിടിയുമായ്
ആകാശം കരിമുകിൽ
കെട്ടുമങ്ങഴിച്ചിട്ടു.
പേമാരിക്കോലം കെട്ടി
വർഷമേഘങ്ങൾ തുള്ളി
മണ്ണിലേക്കുറഞ്ഞെത്തീ
തോരാത്ത മഴത്തെയ്യാം.
നാലുനാൾ തിമർത്ത പേ-
മാരിയും, കൊടുങ്കാറ്റും
കാലുഷ്യമടങ്ങാതെ
പെയ്തു പെയ്തിറങ്ങവേ
പട്ടിണിക്കൂരയ്ക്കുള്ളിൽ
രോദനപ്പെരുമ്പറ
കേട്ടു കേട്ടച്ഛൻ മനം
ശോകമൂകമായ് ത്തേങ്ങി.
കമ്പിബന്ധങ്ങൾ വിട്ട
ശീലകീറിയ ഛത്രം
ചൂടിയിട്ടച്ഛൻ മെല്ലെ
മുറ്റത്തേക്കിറങ്ങിപ്പോയ്.
ഊർന്നിറങ്ങിയ നിക്കർ
മേലേക്കുവലിച്ചിട്ടു
താതനോടൊപ്പം ചേരാൻ
കുട്ടനും നനഞ്ഞോടി.
ആകാശം നടുങ്ങുന്നോ-
രുഗ്രശബ്ദത്താൽ ഭൂമി-
യാകെയൊന്നുലഞ്ഞൊറ്റ
മാത്രയിൽ കഴിഞ്ഞെല്ലാം.
കുന്നുകൾ പിളർത്തിപ്പാ-
ഞ്ഞെത്തിയോരുരുൾ വെളളം
കൊണ്ടുപോയ് പുത്തൻവീടും
പൊന്നുണ്ണിക്കുമാരനേം.
പൊൻമകൻ വിയോഗവും,
വീടുമാമണ്ണും സർവ്വം
നഷ്ടമായതിൻ ദുഖം
തോരാതെ മിഴികളിൽ
കഷ്ടതപ്പെയ്ത്തിൽമുങ്ങി
ജീവിതമൊലിച്ചെത്തി
അഷ്ടിക്കു വകയില്ലാ
താകാശക്കൂരക്കീഴിൽ.
സഞ്ചിയും തോളിൽത്തൂക്കി
പുഞ്ചിരിച്ചുല്ലസിച്ചും
കൊച്ചുകുട്ടികൾ സ്കൂളിൽ
കൂട്ടമായ് പോകുന്നേരം.
പച്ചമൺക്കൂനക്കുള്ളിൽ
നിന്നും പൊന്നുണ്ണിക്കുട്ടാൻ
പുഞ്ചിരിച്ചെത്തും നിത്യം
അമ്മതൻ നെഞ്ചിൻകൂട്ടിൽ.
അഞ്ജാതനേതോ നന്മ
ക്കൈത്തണൽ കാരുണ്യത്താൽ
സജ്ജമാക്കിയ വേശ്മം
ദാനമായ് നല്കും വേള
അറ്റ നൽസ്വപ്നങ്ങൾക്കു
സ്മരണാഞ്ജലി നേർന്നി-
ട്ടെത്തിയതുൾപ്പൂവാളും
സന്തോഷാമൃതം തൂകി.
നീട്ടിയതാക്കോൽ കൈയി –
ലേറ്റുവാങ്ങവേചുറ്റും
കൂട്ടമായ് നിന്നോരൊക്കെ
കൈയടിച്ചാഹ്ളാദത്താൽ
പൂട്ടിയ വാതിൽപ്പാളി
മെല്ലവേ തുറന്നമ്മ
പൊട്ടിപ്പോയുരുൾ കണ്ണിൽ
വദനം പുഴയായി.
പേരിനെച്ചോല്ലിക്കണ്ണാ
പിണങ്ങിപ്പോയെങ്കിലും
നീരസം വെടിഞ്ഞു നീ
വരികീഗൃഹം പൂകാൻ.
പേരു ഞാൻ നല്കാം, നിൻ്റെ,
വിടിതല്ലോ പൊന്നുണ്ണീ
നേരു, നീവന്നെങ്കിലെ
ഞങ്ങൾക്കു മിഴിതോരു.
നീർമിഴിതുടച്ചമ്മ
പൈതലിൻ പടം ചേർത്തി
ട്ടാമഗ്നഖിന്നയായി-
ട്ടാഗൃഹം പുക്കീടവേ
ജാലകം കടന്നു വ –
ന്നെത്തിയ വെയിൽ നാളം
ആശ്ലേഷിച്ചമ്മയെതൻ
അരുമക്കിടാവു പോൽ.
ബാലചന്ദ്രൻ ഇഷാര.✍