പതിനെട്ടു വർഷമായി ഈ നഗരത്തിൽ എത്തിയിട്ട് . വിവാഹശേക്ഷം വിവേകേട്ടനും ഒരുമിച്ചു വന്നതാണിവിടെ. അധികം താമസിയാതെ ജോലിയുമായി. പിന്നെ കുട്ടികൾ അവരുടെ കാര്യങ്ങൾ, വീട്ടുകാര്യങ്ങൾ, ജോലിയുടെ തിരക്കുകൾ…. അതേ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്. അതിനിടയിൽ എപ്പോളോ ഏറെ പ്രിയപ്പെട്ട വായനയും പറ്യുകേൾക്കൽ പോലും ഇല്ലാതായി. ഇപ്പോൾ സർജെറിയെത്തുടർന്നു മൂന്നു മാസത്തെ റെസ്റ്റ് പറഞ്ഞപ്പോൾ തന്റെകൂടെ സമയം ചിലവഴിക്കാൻ ആർക്കും സമയമില്ല എന്ന്. ഭർത്താവിന് ജോലിത്തിരക്ക്, മക്കൾക്ക് അവരുടേതായ തിരക്കുകൾ. അതിനിടയിൽ തനിക്കുവേണ്ടി എവിടെ സമയം.
ആരെയും ശല്യപ്പെടുത്തണ്ട എന്നുകരുതിയാണ് സുഹൃത്തുക്കളിലൂടെയും ഓണ്ലൈനിലൂടെയും കുറെ പുസ്തകങ്ങൾ വരുത്തിച്ചത്. അതേ ഇനിയുള്ള മൂന്നുമാസം തനിക്കേറെ പ്രിയമായിരുന്ന വായനയിലേക്കും പാട്ടുകളിലേക്കും തിരിയാം. തന്റേതായ ലോകം തീർക്കാം.
കിട്ടിയ പുസ്തകങ്ങൾ എല്ലാം ഒന്നടുക്കിവയ്ക്കാം. എന്നിട്ട് ഓരോന്നായി വായിച്ചുതുടങ്ങാം. എടുത്തടുക്കുമ്പോൾ ഓർത്തു ഇതിൽ ചിലതെല്ലാം വായിച്ചതാണല്ലോ എന്ന്. ” പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും” സി. രാധാകൃഷ്ണന്റെ നോവൽ. എത്രമാത്രം ഓർമ്മകളാണ് തന്നിലേക്ക് നിറയ്ക്കുന്നത്. പഠനം കഴിഞ്ഞ് ജോലി അന്വേഷണങ്ങളും, വിവാഹ ആലോചനകളുമായി വീട്ടിൽ നിന്ന ഒരു വർഷം.വായിച്ചു തീർത്ത പുസ്തകങ്ങൾ. നാട്ടിലെ ലൈബ്രറിയിലെ മെംബറായിരുന്ന താനും അടുത്തവീട്ടിലെ സന്തോഷും സാനിയയും സനലും എല്ലാ ആഴ്ചയിലും പുസ്തകങ്ങൾ എടുത്തിരുന്നു. ഒരാൾ എടുക്കുന്ന പുസ്തകങ്ങൾ നാലുപേരും വായിച്ചിട്ടെ തിരിച്ചു കൊടുതുക്കാറുണ്ടായിരുന്നുള്ളു . വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അതിലേറ്റവും ചർച്ചചെയ്ത പുസ്തകങ്ങളിൽ ഒന്നായിരുന്നു “പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും”. അപ്പുവും മായയും മങ്ങാതെ മനസ്സിൽ നിൽക്കുന്നതും അതുകൊണ്ടാവാം. എന്തിനേറെ അവയുടെ കളിക്കിടയിൽ അവർ കണ്ടെടുത്ത മന്ത്ര ത്തകിടിലെ മന്ത്രമായ “കങ്കസ്‌ന മങ്കസ്‌ന ” പോലും മനസ്സിലുണ്ട്.
ശരിക്കും അന്നൊക്കെ ഒരു ടെൻഷനും മനസ്സിനെ ബാധിച്ചിരുന്നില്ല. തിരക്കുകളില്ലാത്ത ശാന്തമായ സന്തോഷം നിറഞ്ഞ ഒരു കാലം. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ഒരുകാലം. ഇപ്പോളാണ് നാടും നാട്ടിന്പുറത്തിലെ ജീവിതവും എത്രമാത്രം ശാന്തമായിരുന്നു എന്നു തിരിച്ചറിയുന്നത്. നഗരജീവിതത്തിൽ എല്ലാം മറന്ന കൂടെ ഗ്രാമത്തിന്റെ നന്മകളും താൻ മറന്നോ. തറവാട്ടിൽ പോയിട്ട് എത്രകാലമായി… ഓരോ പ്രാവശ്യം ‘അമ്മ വിളിക്കുമ്പോളും എന്തെങ്കിലുമൊക്കെ ഒഴിവുകഴിവ് പറയുകയാണ് പതിവ്..”തനിക്കെന്തുകൊണ്ടു നാട്ടിൽ പോയിക്കൂടാ, ഈ മൂന്നുമാസം നാട്ടിൽ അമ്മയോടും അച്ഛനോടും ഒപ്പം കഴിയാമല്ലോ”.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അത്യാവശ്യം ഡ്രെസ്സുകളും പുസ്തകങ്ങളും പായ്ക്ക് ചെയ്യിപ്പിച്ചു. കൊണ്ടുപോയി വിടാൻ ആർക്കും സമായമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് പിറ്റേ ദിവസത്തേക്ക് ഒരു കാൾ ടാക്സി വിളിച്ചു പറഞ്ഞു വച്ചു. വൈകിട്ടെത്തിയ ഭർത്താവിനോടും മക്കളോടും തറവാട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു.
ഇനി കാത്തിരിപ്പാണ്. നാളെ നേരം വെളുക്കാൻ… കുളിച്ചൊരുങ്ങി യാത്രയാവാൻ, അമ്മയുടെ മടിയിൽ തലവെച്ചു കിടന്നൊന്നുറങ്ങുവാൻ. കൂട്ടുകാരുടെ കഥകൾ കേൾക്കുവാൻ. വീട്ടിലെ തെക്കേമുറിയിലിരുന്നു വീണ്ടും വായിക്കണം പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും. മനസ്സെന്ന മാന്ത്രികൻ എത്ര പെട്ടെന്നാണ് തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്.
ബിന്ദു ജി ന്യൂട്ടൺ
ഉടുപ്പി, മംഗലാപുരം
അതൊരു ഭാഗ്യം. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നിർവൃതിയും അല്ലെ?
തീർച്ചയായും