വെള്ളോട്ടുരുളിയിൽ കണികാണുവാനായ്
പൊൻനിറമാർന്ന വെള്ളരിക്ക,
പൊന്നാഭരണം, കോടി വസ്ത്രം,
വാൽക്കണ്ണാടി,നാണയത്തുട്ടുകൾ
പൊൻകണിയായ് നിറപുഞ്ചിരി തൂകി
ഉണ്ണിക്കണ്ണനും കൂടെയുണ്ട്
മഞ്ഞപ്പട്ടുടയാട ചാർത്തി
അരമണികിങ്ങിണി കിലുക്കിക്കൊണ്ട്,
അരികിലായ് മുത്തശ്ശി കസേരയിൽ
പുഞ്ചിരിയോടെ കാത്തിരിപ്പൂ,
കണ്ണുപൊത്തും അമ്മയോടൊപ്പം
കണികാണുവാനായ് എത്തിടുന്നു,
ഉണ്ണിക്കണ്ണനെ കൈതൊഴുത്
കാൽ തൊട്ടു വന്ദിച്ചു മുത്തശ്ശി തൻ,
കൈനീട്ടവും വാങ്ങി കണ്ണിൽ ചേർത്തു
ഓടുന്നിതാ കളിക്കൂട്ടരൊപ്പം
ഓർമ്മയിലഞ്ചു വയസ്സുകാരി,
അന്നത്തെ നാണയത്തുട്ടുകൾക്ക്
മൂല്യമതെത്രയുണ്ടായിരുന്നു,
ഇന്നിൻ്റെ ബാല്യം അടച്ചിട്ട മുറിയിൽ
ടിവിയിൽ കണ്ടിടുന്നു വിഷുക്കണി,
പോയ കാലത്തിനാഘോഷമായ്
വിഷുക്കൈനീട്ടവും മറയുന്നുവല്ലോ.
അനിത സനൽകുമാർ✍
Facebook Comments