മൂക്കുതല എന്ന മനോഹര ഗ്രാമത്തിന്റെ കേന്ദ്രബിന്ദു ആണ് കണ്ണേങ്കാവ് ക്ഷേത്രം. ഈ ക്ഷേത്രത്തിനു ചുറ്റുഭാഗത്തുള്ള മൂന്നു ദേശങ്ങൾ ചേർന്നതാണ് മൂക്കുതല എന്ന സുന്ദരഗ്രാമം. വടക്കുംമുറി, തെക്കുമുറി (പിടവന്നൂർ – നരണിപ്പുഴ), കിഴക്കുമുറി (കാഞ്ഞിയൂർ – ചങ്ങരംകുളം) എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ മൂന്നു ദേശങ്ങൾ ആണ് മൂക്കുതലയുടെ പ്രധാന ഭാഗങ്ങളായി അറിയപ്പെടുന്നത്. ഇതിൽ എന്റെ പത്താംക്‌ളാസ് പഠനകാലം വരെ ഞാൻ താമസിച്ചിരുന്നത് വടക്കുംമുറി എന്ന പ്രദേശത്തായിരുന്നു. അക്കാലത്തൊക്കെ എന്റെ അച്ഛൻ സിംഗപ്പൂർ എന്ന രാജ്യത്തായിരുന്നു ജോലി ചെയ്തിരുന്നത്. അച്ഛന്റെ ഒരു ജേഷ്ഠനും ഒരു അനിയനും ആ അനുജന്റെ ഭാര്യയും അതായത് എന്റെ ചെറിയമ്മയും എന്റെ അമ്മയും എന്റെ ജേഷ്ഠനും കൂടിയുള്ള ഒരു കൂട്ടുകുടുംബം ആയിരുന്നു അക്കാലത്തു് ഞങ്ങളുടേത്. വല്യച്ചനും ചെറിയച്ഛനും മക്കളില്ലാത്തതു കൊണ്ട് അവരുടെ സ്നേഹവും ഇഷ്ടവും മതിവരുവോളം ആസ്വദിച്ചു ഞാനും എന്റെ ജേഷ്ഠനും ഞങ്ങളുടെ കുട്ടിക്കാലം ആ വീട്ടിൽ സന്തോഷപൂർവ്വം ജീവിച്ചു കൊണ്ടിരുന്നു. സ്‌കൂൾ അടച്ചാൽ രണ്ടു മാസം അമ്മയുടെ വീട്ടിൽ പോകും എന്നതൊഴിച്ചാൽ മുഴുവൻ സമയവും ആ സ്വർഗ്ഗീയമായ അന്തരീക്ഷമുള്ള ആ തറവാട്ടിൽ തന്നെ ഞങ്ങൾ കഴിഞ്ഞു കൂടി. വർഷത്തിലൊരിക്കൽ അച്ഛന്റെ സിംഗപ്പൂരിൽ നിന്നുമുള്ള വരവും ഞങ്ങളിൽ അക്കാലത്തെ സന്തോഷം വർദ്ധിപ്പിച്ചു.
എന്റെ കുട്ടിക്കാലത്തു അതായത് LP സ്‌കൂൾ പഠന സമയത്തു അച്ഛൻ ഒരിക്കൽ നാട്ടിൽ വന്നപ്പോഴാണ് അച്ഛന്റെ ഒരു സുഹൃത്ത് മുഖാന്തിരം, അച്ഛൻ മൂക്കുതല തെക്കുമ്മുറി എന്ന ദേശത്തു കുറച്ചു സ്ഥലം വാങ്ങിക്കുന്നത്. സ്ഥലം വാങ്ങി അച്ഛൻ തിരികെ പോവുകയും ചെയ്തു… ഇക്കാലമത്രയും ആ സ്ഥലം നോക്കുകയും അവിടെ കൃഷിക്കാര്യങ്ങൾ നടത്തിയിരുന്നതും ഒക്കെ ചെറിയച്ഛൻ ആയിരുന്നു. എന്നാൽ എന്റെ പത്താം ക്‌ളാസ് സമയത്തു അച്ഛൻ ആ സ്ഥലത്തു ഒരു വീട് വെക്കുകയും ഞങ്ങളെല്ലാവരും (അമ്മയും ജേഷ്ഠനും ഞാനും) ആ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു….പിന്നീട് അച്ഛൻ സിംഗപ്പൂരിലെ ജീവിതം അവസാനിപ്പിച്ചു ഞങ്ങളുടെ കൂടെ താമസമാക്കി. പക്ഷെ, പറഞ്ഞു വന്നത് ഞാൻ ആദ്യം താമസിച്ച വടക്കുമുറിയിലും പിന്നീട് താമസം മാറ്റിയ തെക്കുമുറിയിലും എനിക്ക് ധാരാളം കൂട്ടുകാരുണ്ടായി. ഞാൻ മുഖാന്തിരം വടക്കുമുറിയിൽ ഉള്ള എന്റെ കൂട്ടുകാരും തെക്കുമുറിയിലുള്ള എന്റെ കൂട്ടുകാരും തമ്മിൽ അഗാധമായ സൗഹൃദം വളർന്നു വന്നു.
എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ സന്ധ്യാസമയം ഞങ്ങൾ ചിലവഴിച്ചിരുന്നത് കണ്ണേങ്കാവ് അമ്പലമൈതാനിയിൽ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞും മറ്റുമാണ്. ഞങ്ങൾ ചർച്ച ചെയ്യാത്ത ഒരു വിഷയവും അക്കാലത്തു ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. രാത്രികാലങ്ങളിലേക്കുള്ള പല പദ്ധതികളും രൂപം പ്രാപിക്കുന്നത് ഇത്തരം ചർച്ചകളിൽ നിന്നും ആയിരുന്നു. ഓരോരുത്തരും ഓരോ അറിവും ആയി വരും. അവിടെ വെച്ച് പ്ലാൻ ചെയ്യും. പിന്നീടത് നടപ്പാക്കും. അങ്ങനെയായിരുന്നു അന്നത്തെ രീതി. ആ സമയത്താണ് ആരോ ഒരാൾ വന്നു പറഞ്ഞത് ചങ്ങരംകുളത്തു INTUC സംഘടനയുടെ വാർഷികം പ്രമാണിച്ചു കേരളത്തിലെ ഒരു പ്രധാന നാടകകമ്പനിയുടെ നാടകം ഉണ്ട് എന്നും ഓപ്പൺ സ്റ്റേജിൽ ആണ് എന്നും. ഒരു പ്രോഗ്രാം ഉണ്ടെന്നറിഞ്ഞാൽ പിന്നെ ഇരിക്കപ്പൊറുതിയില്ലാത്ത ഞങ്ങൾ അതിനായി പുറപ്പെട്ടു…വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വീണ്ടും അമ്പലപ്പറമ്പിൽ ഒത്തുകൂടി നടന്നുപോകാനായി പ്ലാൻ ചെയ്തു.
പറഞ്ഞത് പോലെ തന്നെ എല്ലാവരും പറഞ്ഞ സ്ഥലത്തു തന്നെ ഒത്തുകൂടി നാടകത്തിനു പോയി. ദാഹം എന്നായിരുന്നു ആ നാടകത്തിന്റെ പേര് എന്നോർക്കുന്നു. കുറെ രാഷ്ട്രീയ പ്രസംഗങ്ങൾ ഒക്കെ കഴിഞ്ഞു നാടകം തുടങ്ങുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. നാടകാവസാനം ചെറിയൊരു മഴചാറലും കൂടിയുണ്ടായപ്പോൾ ദാഹം തീർന്നു എന്ന് തമാശരൂപത്തിൽ എല്ലാവരും പറഞ്ഞു. നാടകം വളരെ നല്ലതായിരുന്നു എന്ന സന്തോഷത്തിൽ എല്ലാവരും തിരിച്ചു പോകാൻ തെയ്യാറെടുത്തു…
ചങ്ങരംകുളത്തു നിന്നും ഏകദേശം നാല് കിലോമീറ്റർ നടക്കാനുണ്ട് വീട്ടിലേക്കു. സമയം രാത്രി ഒരു മണിയിലധികം കഴിഞ്ഞിരിക്കും. ഇടയ്ക്കിടെ ചെറിയ മഴയും ഇടിമിന്നലും ഉണ്ടെങ്കിലും നടക്കാൻ തന്നെ തീരുമാനിച്ചു. ഞങ്ങൾ പോരുന്ന വഴിയിലുള്ള വീടുകളിൽ ഉറങ്ങിക്കിടക്കുന്നവർ എഴുന്നേൽക്കുന്ന രീതിയിൽ ഉള്ള ബഹളവും ചിരിയും ഒക്കെയായാണ് ഞങ്ങൾ അഞ്ചെട്ട് പേരുള്ളവരുടെ സഞ്ചാരം. അന്നത്തെ ചിന്ത നമ്മള് മാത്രമേ ഈ ഭൂമിയിൽ ജീവിക്കുന്നുള്ളൂ എന്നതായിരുന്നു. പരമാവധി സന്തോഷം എന്ന ലക്‌ഷ്യം മാത്രമാണ് അക്കാലത്തു മനസ്സിൽ ഉള്ളൂ…
ചങ്ങരംകുളം കഴിഞ്ഞു മൂന്നര കിലോമീറ്റർ ആയാൽ ഞങ്ങളുടെ മൂക്കുതല മേലെക്കാവ് ക്ഷേത്രമായി… ഏക്കർ കണക്കിന് അപൂർവ്വ വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാടിനാൽ ചുറ്റപ്പെട്ട ഒരു ക്ഷേത്രം. മെയിൻ റോഡിൽ നിന്നും ക്ഷേത്രത്തിനടുത്തു ക്ഷേത്രമതിൽ അതിരിടുന്ന ചെറിയൊരു ഇടവഴി പ്രദേശമുണ്ട്. എളുപ്പവഴി ആയതു കൊണ്ട് ആ വഴിയാണ് ഞങ്ങൾ തിരികെ വരാൻ തിരഞ്ഞെടുത്തത്. കാട്ടിലെ വൃക്ഷശിഖരങ്ങൾ ഈ വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ പകൽ തന്നെ ഇരുട്ട് നിറഞ്ഞ ആ പ്രദേശം രാത്രിയിൽ ഒന്നുകൂടി കൂരാകൂരിട്ടിനടിമപ്പെട്ടു കിടക്കുകയാണ്. കാർമേഘം മൂടി നിൽക്കുന്നതിനാൽ പനിമതി അതിന്റെ പ്രകാശകിരണങ്ങൾ പൊഴിക്കുന്നതിൽ അമ്പേ പരാജിതനായി നിൽക്കുന്ന സമയം. അക്കാലത്തു പകൽ പോലും ആ പ്രദേശത്തു കൂടെ ഒറ്റക്ക് പോകാൻ ആരും മടിക്കുന്ന കാലഘട്ടമായിരുന്നു അത്. പക്ഷെ സൗഹൃദത്തിന്റെ സന്തോഷത്തിൽ, ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഞങ്ങൾ അതൊന്നും ഓർത്തതേയില്ല, സ്വന്തം നാട് എന്ന ആത്‌മവിശ്വാസവും വേറൊരു ചിന്താഗതിക്ക് വഴിവെച്ച അവസരം നൽകിയതേ ഇല്ല. യാത്ര അനസ്യൂതം തുടർന്നുകൊണ്ടിരുന്നു.
കീഴെക്കാവിലേക്കു തിരിയുന്ന വഴി കഴിയുന്ന ഉടനെ മേലെക്കാവിലെ കാട് ആരംഭിക്കുകയായി. ഉറക്കെ ശബ്ദമുണ്ടാക്കുന്നതിനിടയിൽ ആരോ ശ്രദ്ധിച്ചു…. ഏകദേശം അമ്പതു മീറ്റർ വ്യത്യാസത്തിൽ ആരോ ഒരു ആൾ മുന്നിൽ നടക്കുന്നുണ്ട്. ഇതുവരെ ഇല്ലാതിരുന്ന ആ രൂപം പെട്ടന്ന് അവിടെയെത്തിയപ്പോൾ എങ്ങനെ വന്നു എന്ന സംശയത്തിലാണ് എല്ലാവരും. വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ടൊരാൾ ആണെന്ന് ഒരു ഇടിമിന്നലിൽ മനസ്സിലായി,. അപ്പോൾ എല്ലാവര്ക്കും സമാധാനമായി. വേറെ ആരോ നമ്മളെ പോലെ നാടകം കഴിഞ്ഞു മടങ്ങി പോകുന്ന ആളായിരിക്കും എന്ന് അഭിപ്രായം ഉയർന്നു വന്നു. വീണ്ടും പാട്ടുകൾ ഉയർന്നു. ബഹളം വർദ്ധിച്ചു.
രണ്ടുമൂന്നു വളവുകൾ തീർന്നപ്പോൾ അയാളെ കണ്ടില്ലെങ്കിലും വീണ്ടും മേലെക്കാവിനു മുന്നിലെത്തിയപ്പോൾ അയാൾ മുന്നിൽ തന്നെയുണ്ട്. അയാൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ അയാളുടെ അടുത്തെത്താൻ ആഞ്ഞു നടന്നെങ്കിലും ആ ദൂരത്തിൽ തന്നെ അയാൾ നേരെ നടക്കുകയാണ്. എവിടേക്കെങ്കിലും പോകട്ടെ എന്ന് വിചാരിച്ചു ഞങ്ങൾ പിന്തിരിഞ്ഞു. ചേലക്കടവ് റോഡിൽ ലഡാക്ക് മുക്കിൽ എന്റെ കൂട്ടുകാരിൽ ചിലർക്ക് പിരിയാനുള്ള സ്ഥലമായി. ഇടത്തോട്ട് നരണിപ്പുഴ റോഡിലേക്ക് ഞാനും തെക്കുമുറിയിലുള്ള എന്റെ കൂട്ടുകാരും വലത്തോട്ട് വടക്കുമുറിയിലേക്കുള്ള കൂട്ടുകാരും നാളെ കാണാം എന്ന് പറഞ്ഞു അന്നത്തേക്കു പിരിഞ്ഞു.
ഒന്ന് രണ്ടു കൂട്ടുകാരെ വീട്ടിലാക്കി ഞാനും എന്റെ അയൽവാസിയായ അശോകനും നേരെ നടന്നു.. നടക്കുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു അയാൾ മുൻപിൽ തന്നെയുണ്ട്. അയാൾ നരണിപ്പുഴയോ അല്ലെങ്കിൽ പുഴക്കപ്പുറത്തുള്ള പുഴക്കരയിലോ എരമംഗലത്തോ ഉള്ള
ആളായിരിക്കും എന്ന് അശോകൻ പറഞ്ഞു. എന്റെ വീടെത്തിയപ്പോൾ അശോകൻ നേരെ നടന്നു. അയാൾ എവിടേക്കാണ് പോകുന്നത് എന്ന് നോക്കെടാ എന്ന് പറഞ്ഞു ഞാൻ അമ്മയെ വിളിച്ചുകൊണ്ടിരുന്നു ഗ്രിൽ ഡോർ തുറക്കാൻ വേണ്ടി. ഉറക്കച്ചടവിൽ ‘അമ്മ എന്നെ വഴക്കു പറഞ്ഞു ചാവി ഗ്രില്ലിൽ കൊളുത്തിയിട്ടു തിരികെ പോയി കിടന്നു. ഗ്രിൽ തുറക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി സ്ട്രീറ്റ് ലൈറ്റിനെ വെളിച്ചത്തിൽ അശോകൻ പോകുന്നത് കണ്ടു.
പിറ്റേ ദിവസവും വൈകുന്നേരം ഞങ്ങൾ അമ്പലപ്പറമ്പിൽ ഒത്തുകൂടി. പതിവുപോലെ ലോകകാര്യങ്ങളുടെ ചർച്ചക്കിടയിൽ തലേദിവസത്തെ നാടകകാര്യവും ചർച്ചക്ക് വന്നു. വടക്കുമുറിയിലെ എന്റെ സുഹൃത്തുക്കൾക്കിടയിൽ അവസാനത്തെ വീട്ടിൽ താമസിക്കുന്ന എന്റെ അമ്മാവന്റെ മകൻ കൂടിയായ രാധ പറഞ്ഞു
“എന്നാലും ആ ചങ്ങായി ഏതു നാട്ടുകാരൻ ആണോ ആവോ ? ഞാൻ വീട്ടിൽ കയറുന്നതു വരെ അയാൾ എന്റെ മുൻപിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ അയാൾ മാറഞ്ചേരിക്ക് പോകുന്ന ആളാണോ ആവോ ? പക്ഷെ ഈ രാത്രി അയാൾക്കെങ്ങിനെ പോകാനാവും ?”
ഇത് കേട്ട അശോകൻ എന്റെ മുഖത്ത് നോക്കി. എന്നിട്ട് അവന്റെ സ്വതസിദ്ധമായ ചിരിയിലൂടെ പറഞ്ഞു ” ഇവനെന്താ ഈ പറയുന്നേ ഞാൻ വീട്ടിൽ പോകുന്നത് വരെ അയാൾ എന്റെ മുന്നിൽ ഉണ്ടായിരുന്നു.” ഞാനും എന്റെ കൂടെ ഉണ്ടായിരുന്ന ശ്രീനിയും ഇക്‌ബാലും അതിനെ ന്യായീകരിച്ചു. മറുഭാഗത്തേക്ക് പോയവർ അവരുടെ മുന്നിൽ ആയാളുണ്ടായിരുന്നു എന്നും….
ഇന്നും ഉത്തരം കിട്ടാത്ത ഒരു സംഭവമായി അതെന്റെ മനസ്സിൽ ഉണ്ട്. ഈ ലോകത്തു നമ്മൾ അറിഞ്ഞതു കൂടാതെ അറിഞ്ഞതിനേക്കാൾ ഇരട്ടിയിലേറെ കാര്യങ്ങൾ ഉണ്ടെന്നു അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു.
രവി മൂക്കുതല
സമയം കിട്ടുമ്പോൾ എഴുതുക സ്നേഹിതാ, അനുഭവങ്ങൾ വായിക്കുമ്പോൾ, പ്രത്യകിച്ചു നാടിനെ കുറിച്ച് വായന ഒരു സുഖം തന്നെ.