എത്രയാ നിന്റെ ഒരു രാത്രിക്ക് വില..?
പൊടുന്നനെയുള്ള അയാളുടെ ചോദ്യം കേട്ട് അവള്‍ അമ്പരന്നെങ്കിലും
തന്നെക്കുറിച്ച് നാട്ടുകാരില്‍ നിന്ന് അറിഞ്ഞിട്ടാവും ഇങ്ങനെയൊരു ചോദ്യം എന്ന് അവള്‍ മനസ്സിലാക്കി മറുപടി പറഞ്ഞു.
500 രൂപ
എവിടെ വരണം..?
എന്റെ വീട്ടിലേക്ക് വന്നോളൂ.
ഒലച്ചൂട്ടും വീശി അവള്‍ പറഞ്ഞുകൊടുത്ത വഴിയിലൂടെ വീട്ടിലെത്തി.
ഒറ്റപ്പെട്ട വീട്.
വാതില്‍ തുറന്നുതന്നെ കിടന്നിരുന്നു.
അയാള്‍ ഉമ്മറത്തേക്ക് കയറിയിരുന്നു.
അവള്‍ അവിടേക്ക് വന്നു.
കഴിക്കാനെന്താ ഉള്ളത്..?
അയാളുടെ ചോദ്യം വീണ്ടും അതിശയിപ്പിച്ചു.
സാധാരണ വരുന്നവര്‍ കാര്യം കഴിഞ്ഞ് പോവാറാണ് പതിവ്.
അവള്‍ മറുപടി നല്‍കി.
ചോറും മീന്‍ കറിയും.
എനിക്ക് വിശപ്പുണ്ട് എടുത്തുവയ്ക്കൂ.
അവള്‍ വിളമ്പിയിട്ട് അയാള്‍ക്ക് ഒരു മൊന്തയില്‍ കൈകഴുകാന്‍ വെള്ളം കൊടുത്തു.
കൈ കഴുകി മൊന്ത തിരിച്ചുകൊടുത്ത് അവളുടെ സാരിത്തലപ്പ് പിടിച്ച് കൈതുടച്ചു.
നീ കഴിക്കുന്നില്ലേ..?
ഞാന്‍ കഴിച്ചു.
ആഹാരം കഴിച്ചതിനുശേഷം അയാള്‍ മുറ്റത്ത് രണ്ട് കസേര എടുത്തിടാന്‍ പറഞ്ഞു.
അവള്‍ കസേരയുമായ് വന്നപ്പോള്‍ അവളോടും ഇരിക്കാന്‍ ആവശ്യപ്പെട്ടു.
നിലാവിനെയും നക്ഷത്രങ്ങളെയും നോക്കി അയാള്‍ മിണ്ടാതെ ഇരുന്നു.
മൗനം ഒരു വീര്‍പ്പുമുട്ടലായ് തോന്നിയപ്പോള്‍ അവള്‍ പറഞ്ഞു
പാത്രങ്ങള്‍ കഴുകി വയ്ക്കാനുണ്ട്.
അയാള്‍ മൂളുക മാത്രം ചെയ്തു.
അവള്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
ജോലി തീര്‍ത്ത് തിരികെ മുറ്റത്തേക്ക് നോക്കുമ്പോള്‍ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയിരുന്നു .
കട്ടിലില്‍ കിടന്നുകൊണ്ട് അവളെ വിളിച്ചു.
വരൂ..കിടക്കൂ
അവള്‍ ലൈറ്റ് ഒാഫ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു.
അവള്‍ അയാളുടെ അടുത്ത് ചെന്ന് കിടന്നു.
കുറച്ചു നേരം തമ്മില്‍ സ്പര്‍ശിക്കാതെ കിടന്നതിനുശേഷം അയാള്‍ പറഞ്ഞു
വെളുപ്പിനെ അഞ്ചുമണിക്ക് ചായ തയ്യാറാക്കിയിട്ട് എന്നെ വിളിക്കണം.
അവള്‍ മൂളി
അയാള്‍ തിരിഞ്ഞ് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
കുറെ നേരം കഴിഞ്ഞിട്ടും അയാളില്‍ നിന്ന് മറ്റൊരു പ്രവര്‍ത്തിയും ഉണ്ടാവാത്തതിനാല്‍ അയാള്‍ ഉറങ്ങിയെന്ന് അവള്‍ക്ക് മനസ്സിലായ്.
പുലര്‍ച്ചെ അഞ്ചുമണിക്കു തന്നെ അയാളെ വിളിച്ചുണര്‍ത്തി ചായ കൊടുത്തു.
അയാള്‍ അതു കുടിച്ച് ഷര്‍ട്ടുമിട്ട് പോവാനായ് എഴുന്നേറ്റ് അവള്‍ക്ക് അഭിമുഖമായ് നിന്നു.
അവളുടെ മുഖം പിടിച്ച് അടുപ്പിച്ച് നെറ്റിയില്‍ ഒരുമ്മ നല്‍കി കൈയ്യില്‍ അഞ്ഞൂറ് രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു
നന്ദി .. ഒരു രാത്രി ഭാര്യയുടെ ചൂടും അമ്മയുടെ പരിചരണവും തന്നതിന്.
അത്രയും പറഞ്ഞ് തിരിഞ്ഞു നോക്കാതെ വീടു വിട്ടിറങ്ങി നടന്നു.
ഉമ്മറത്തൂണില്‍ ചാരി നടന്നകലുന്ന അയാളെ നോക്കി അവള്‍ നിന്നു.
അതൊരു കാത്തുനില്‍പ്പായിരുന്നു.
ഊരും പേരും അറിയാതെ ഒറ്റ രാത്രികൊണ്ട് തനിക്ക് ആരൊക്കെയോ ആയിമാറിയ അയാളുടെ മടങ്ങിവരവിനായുള്ള കാത്തുനില്‍പ്പ്.
Jayan vijayan konni