മനോജ് മുല്ലശ്ശേരി, നൂറനാട്
ഇടമുറിയാതെ പെയ്തവർഷത്തിനും
വർണ്ണങ്ങൾ സൃഷ്ടിക്കും ഇന്ദ്രചാപത്തിനും
കോകിലമീട്ടിയ ഈണത്തിനും
പാതി സരണിയിലെരിഞ്ഞടങ്ങിയെൻ
കനവിനെ ഉണർത്തുപാട്ട് പാടി –
ഉണർത്താനായില്ല!
അടവിയിലൊരു കോണിൽ വസിക്കും
ഹരിണമാണ് ഞാൻ
ക്രൂരനാം ശബരനൊരുക്കിയ കെണിയിലകപ്പെട്ടെൻ പതി.
സംവത്സരമേറെ കൊഴിഞ്ഞിട്ടും –
തിരികെ വന്നില്ല..
ആറ്റ് നോറ്റു വളർത്തി ഞാനെന്നുണ്ണിയെ
വിരഹത്തിൻ നോവ് മറന്നു ഞാൻ !
ഇതരൻ്റെ മിഴിയിലകപ്പെട്ടിടാതെ കാത്ത് –
വെച്ചു ഞാനെന്നാൽ
മിഴിയൊന്നു ചിമ്മിയമാത്രയിലോടി –
മറഞ്ഞെൻ പൈതൽ.
അർക്കനാഴിയിൽ പോയി മറഞ്ഞു
തിരികെ വന്നിട്ടും .
എന്നരികിൽ വന്നണഞ്ഞില്ലെൻ കുഞ്ഞ്!
നിണം ഊറ്റിടും ജളൂകമായി വിരഹമെൻ ഹൃത്തടത്തിൽ കുടിയേറി.
തിമിർത്താടുന്നു വിരഹ പെഴുമഴയെന്നുള്ളിൽ
നേത്രാംബു പൊഴിക്കാൻ കഴിയാതെ
വറ്റിവരണ്ട മിഴികളുമായി
കാടുകളിൽ ഞാനലയുന്നെൻ കുഞ്ഞിനായ്!
മനോജ് മുല്ലശ്ശേരി
നൂറനാട്
Super 👌
All the very best 🌹💐