സമയമിതു സമാഗതമായിനി
സർവ്വവുമിവിടുപേക്ഷിക്കവേണം
സന്തോഷമോടെന്നെ യാത്രയാക്കീടുക
സാക്ഷിയായ് നീയീത്തീരത്തിരിക്കുക
അടരരുതു കണ്ണുനീർ എൻ ഹൃദയം
അരുമയോടിന്നു നിൻ പക്കലല്ലേ
അകന്നു ഞാൻ പോകിലും
ഓർമ്മകളിൽ
അടരുവാൻ കഴിയില്ലന്നറിയുകില്ലേ
പണ്ടുനാം നടന്നോരാ പാതകളിൽ
പതിയെ നീ വീണ്ടും നടന്നുകൊൾക
പലവുരു ഞാൻ നിന്നോടോതിയോരാ
പ്രണയമൊഴികളുണർന്നിടട്ടെ
ഒരുജന്മസാഫല്യമെനിക്കു നൽകി
ഓരത്തു നീ ചേർന്നു നിന്നനാളിൽ
ഒരുവർഷമേഘംപോൽ പെയ്തിറങ്ങി
ഒരുപൂക്കാലമെന്നിൽ ചേർത്തതല്ലേ
വിടപറയുന്നൊരീ വേളയെത്തേ
വിവശമാണെൻ ഹൃദയമെങ്കിലും നിൻ
വിടരുന്ന പുഞ്ചിരി കണ്ടുകൊണ്ടെൻ
വിധിയെ വരിക്കാൻ കൊതിച്ചീടുന്നു
മിഴിനിറയുന്നത് തുടച്ചുകൊൾക
മൊഴിവറ്റി നീ നിന്നിടൊല്ല
മൗനമായെൻ ജീവനു യാത്രചൊല്ലി
മരണത്തിൻ വേദന കൂട്ടിടാതെ
പലവഴി ഒന്നായ് നാം പോയിടിലും
പാതിവഴി നമ്മൾ പിരിഞ്ഞിടേണം
പാതകൾ നീളുമ്പോൾ നിന്നിടാതെ
പിന്നോട്ടു നോക്കി തപിച്ചിടാതെ
കളിയരങ്ങൊഴിയാൻ നേരമായി
കരിന്തിരി പോലെ നീ എരിഞ്ഞിടാതെ
കാർത്തികദീപം പോൽ
തെളിഞ്ഞുകത്തെ
കണ്ടെന്റെഹൃദയം നിറഞ്ഞിടട്ടെ
കണ്ണുനീരിറ്റാതെ ഞാൻ യാത്രയാകാം
മോഹങ്ങളൊക്ക കരിഞ്ഞ മണ്ണിൽ
സ്നേഹത്തിൻ പൂക്കൾ വിതറിടുമ്പോൾ
തേങ്ങലുണരാതെ പുഞ്ചിരിക്ക
പിന്തിരിഞ്ഞൊരിക്കലും നോക്കിടാതെ
പിൻവിളികേട്ടാലുഴറിടാതെ
മുൻപേ ചുവടുകൾ ചേർത്തിടുക
ഇപ്പോൾ വിടയെനിക്കേകുക നീ
കൈകളിൽ നിൻ കൈകൾ ചേർത്തു
വെക്കാ
ചേർന്നിരിന്നിന്നൊന്നു പുഞ്ചിരിക്ക
ചേതന വിട്ടുഞാൻ പോയിടട്ടെ…
ചിതയണയും വരെ നീ കാത്തുനിൽക്ക
ചീർത്ത്പൊട്ടുമെൻ ഹൃദയമേറ്റുവാങ്ങി
ചിതയിലെന്റെ ചിരിച്ചമുഖം കണ്ട്
ചിതതണുക്കെ നീ വിടവാങ്ങണം..
സരിത എൻ എസ്സ് ✍️