മഴയൊന്നൊതുങ്ങിയ സായന്തനത്തിലെൻ
തൊടിയിലെ തെങ്ങിൻതടത്തിലൊന്നിൽ
മുട്ടോളമെത്തിയ തെളിനീരിൽ നീന്തിയെൻ
കളിവഞ്ചി മെല്ലെയൊഴുക്കീടവേ ….
മഴയിൽ കുതിർന്നെന്റെ തോപ്പും തൊടികളും
പൊൻവെയിലേറ്റു തിളങ്ങീടവേ…
തെളിനീരിനുള്ളിലായ് തെളിയുന്നു വിസ്മയം
മല്ലികാബാണന്റെ സായകം പോൽ!
ഏഴു നിറങ്ങളും ചാലിച്ച് നിന്നെയീ –
മാനത്ത് കോറിയതേതു ശിൽപ്പി …?
ഏഴഴകോലുമീ മാല്യങ്ങൾ കോർത്തവൻ
ഭൂമിക്കു പൂത്താലി ചാർത്തീടുന്നോ?
വർണ്ണിക്കാനായെനിയ്ക്കാവതില്ലൊട്ടുമീ-
വർണ്ണമനോഹര വിസ്മയത്തെ ;
വാനത്തിന്നോരത്ത് വഴി തെറ്റിവന്നൊരു
വാർമഴവില്ലേ നമിക്കുന്നു ഞാൻ!