പട്ടാളക്കാരനായ മകൻ ജയകൃഷ്ണൻ ലീവിനു വന്നതിന്റെ സന്തോഷത്തിലാണ് അമ്മ ദേവയാനി. മകന് ഏറ്റവും ഇഷ്ട്ടമുള്ള മാമ്പഴ പുളിശ്ശേരി തയ്യാറാക്കുകയാണ് അവർ അടുക്കളയിൽ.
കുളി കഴിഞ്ഞു വന്ന ജയകൃഷ്ണൻ അവരോടൊപ്പം വിശേഷങ്ങൾ ചോദിച്ചു കൊണ്ട് അടുക്കളയിൽ നിൽപ്പുണ്ട്.
” ആഹാ! ദേവൂട്ടിയേ…മൂത്തമോൻ വന്നതിന്റെ വിവരം പടിക്കൽ വെച്ചേ അറിയാമല്ലോ.. നല്ല മാമ്പഴ പുളിശ്ശേരിയുടെ മണം”
ഇളയ മകൻ ഹരികൃഷ്ണൻ ഒരു ബാഗും തൂക്കിപ്പിടിച്ച് അകത്തേക്കു വന്നു കൊണ്ട് അമ്മയോട് പറഞ്ഞു.
ഹരികൃഷ്ണൻ തുടർന്നു.
” വായ്ക്ക് രുചിയായിട്ട് വല്ലതും കഴിക്കണമെങ്കിൽ ജയേട്ടൻ പട്ടാളത്തിൽ നിന്ന് ലീവിനു വരണം. ഞാനിവിടെ രുചിയില്ലാത്ത ഹോസ്റ്റൽ ഫുഡടിച്ച് മടുത്ത് ആഴ്ചയിലൊരിക്കൽ വരുമ്പോൾ നമ്മളെയൊന്നും ദേവൂട്ടിക്ക് മൈൻഡില്ല”
ചേട്ടനെ കണ്ണിറുക്കി കാട്ടിക്കൊണ്ട് ഹരികൃഷ്ണൻ ചിരിച്ചു.
“കൊച്ചു ഡോക്ടറെ കണ്ടില്ലല്ലോന്ന് ഞാനിപ്പോൾ ജയനോട് പറഞ്ഞതേയുള്ളു. പോയി കുളിച്ചിട്ടു വന്നാട്ടെ വായ്ക്കുരുചിയായിട്ട് നിനക്കും അമ്മ ആഹാരം തരാം”
ദേവയാനി ചിരിച്ചു കൊണ്ടു പറഞ്ഞു.
ജയനും ഹരിയും വിശേഷങ്ങൾ പറഞ്ഞു കൊണ്ട് റൂമിലേക്ക് കയറിപ്പോയി.
ദേവയാനിയുടെ മൂത്ത മകൻ ജയകൃഷ്ണൻ പട്ടാളത്തിലാണ്.ഇളയ മകൻ ഹരികൃഷ്ണൻ മെഡിസിന് പഠിക്കുകയാണ്.ഇത് രണ്ടാം വർഷമാണ്. വീട്ടിൽ നിന്നും ഒരു മണിക്കൂർ മാത്രം യാത്രയുള്ളു ഹരിയുടെ കോളേജിലേക്ക്. അതു കൊണ്ട് എല്ലാ ആഴ്ചയിലും ഹരി വീട്ടിൽ വരാറുണ്ട്.
ദേവയാനിയുടെ ഭർത്താവ് ഭാസ്ക്കരനും പട്ടാളക്കാരനായിരുന്നു. അതിർത്തിയിലുണ്ടായ ഒരു വെടിവെയ്പ്പിൽ ഭാസ്ക്കരൻ കൊല്ലപ്പെടുകയാണുണ്ടായത്. അന്ന് ജയനും ഹരിയും സ്കൂളിൽ പഠിക്കുന്ന കുട്ടികളായിരുന്നു.
കുളി കഴിഞ്ഞു വന്ന മക്കൾക്ക് ദേവയാനി ചോറുവിളമ്പി. ദേവയാനിയുടെ കൈയ്യിൽ നിന്നും ഒരുരുള ചോറ് മക്കൾ അടുത്തുള്ളപ്പോൾ പതിവാണ്.
ജയകൃഷ്ണനേറ്റവും പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരി കൂട്ടി ഒരുരുള ചോറ് ദേവയാനി വാരി ജയന് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
ഫോൺ എടുത്ത ജയ കൃഷ്ണൻ അങ്ങേത്തലയ്ക്കൽ നിന്നുള്ള സംഭാഷണം കേട്ട് ഒരു നിമിഷം തരിച്ചുനിന്നു.
പിന്നെ ഫോൺ വെച്ചതിനു ശേഷം തിരികെ വന്ന് അമ്മയോടും ഹരിയോടുമായി പറഞ്ഞു.
” എനിക്ക് ഇന്നു തന്നെ വേഗം പുറപ്പെടണം. അവിടെ അതിർത്തിയിൽ എന്തോ പ്രശ്നം നടക്കുന്നുണ്ട്.ലീവിനു പോയ പട്ടാളക്കാരെ മുഴുവൻ ക്യാംപിലേക്ക് തിരിച്ചുവിളിപ്പിക്കുന്നുണ്ട്. “
ഇത്രയും പറഞ്ഞ് ജയൻ വേഗം പോകാനുള്ള തയ്യാറെടുപ്പിനായി അകത്തേയ്ക്കു പോയി.
പിറകേ വിഷമിച്ചു കൊണ്ട് ഹരിയും.
ജയൻ പറഞ്ഞതു കേട്ട് ദേവയാനിയുടെ മനസ്സിൽ വേദനതിങ്ങി. കൈയ്യിലിരുന്ന ചോറ് ആറി തണുത്തു. അവർ വിമ്മിഷ്ട്ടപ്പെട്ട് നിറമിഴികളോടെ ഭിത്തിയിൽ മാല ചാർത്തി തൂക്കിയിട്ടിരിക്കുന്ന ഭർത്താവിന്റെ ഫോട്ടോയിലേക്ക് നോക്കി.
അവർക്ക് സങ്കടം കരച്ചിലായി അണപൊട്ടിയൊഴുകി. അപ്പോൾ താൻ അവസാനമായി കണ്ട തന്റെ ഭർത്താവിന്റെ മുഖം ഓർമ്മയിലോടിയെത്തി.
സ്കൂളിൽ പ്രഛന്ന വേഷമത്സരത്തിൽ വിജയിച്ച് സമ്മാനവുമായി വന്ന ജയനെയും ഹരിയേയും ചേർത്തു പിടിച്ച് ഭാസ്ക്കരൻ പറഞ്ഞു.
“ജയന് ഈ പട്ടാളവേഷം നന്നായി ചേരുന്നുണ്ട്. അവനെ എന്നെ പോലെ ഞാനൊരു പട്ടാളക്കാരനാക്കും.ഹരിയുടെ ആഗ്രഹം പോലെ അവനെ ഒരു ഡോക്ടറുമാക്കും”
അന്നും ഇതുപോലെ പെട്ടന്ന് ഭാസ്ക്കരന് പട്ടാളത്തിലേക്ക് മടങ്ങേണ്ടി വന്നു. അതിർത്തിയിൽ യുദ്ധം നടക്കുന്ന സമയം. സങ്കടം സഹിക്കാതെ കരഞ്ഞ ദേവയാനിയെ നോക്കി ഭാസ്ക്കരൻ പറഞ്ഞു.
” ദേവൂ നീ കരയരുത്. നീ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്. നമ്മുടെ നാടിനു വേണ്ടി എനിക്ക് ജീവൻ ത്യജിക്കേണ്ടി വന്നാലും കരയരുത്. നീ അഭിമാനിക്കണം.”
ഭർത്താവിന്റെ വാക്കുകൾ ചെവിയിൽ വീണ്ടും കേൾക്കുന്നതായി ദേവയാനിക്കു തോന്നി. അവർ വേഗം കണ്ണു തുടച്ചു. മനസിനു ധൈര്യം നൽകി.
ഓർമ്മകളിൽ മുഴുകി നിന്ന ദേവയാനിയുടെ മുന്നിലേക്ക് പെട്ടിയും തൂക്കി ജയൻ വന്നു.
അമ്മയോടും ഹരിയോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ ജയൻ പെട്ടന്ന് എന്തോ മറന്നതു പോലെ അമ്മയ്ക്കരികിലേക്ക് ഓടി വന്നു.
അമ്മയുടെ കൈയ്യിൽ നിന്നും ഒരുരുള ചോറ് വാങ്ങി കഴിച്ചു പെട്ടിയും തൂക്കി നടന്നകന്നു.
തിളച്ചു വന്ന സങ്കടം ദേവയാനി മനസ്സിലൊതുക്കി മകൻ നടന്നു മറയുന്നതും നോക്കി നിന്നു.
പിറ്റേന്നു രാത്രിയിൽ ഉറക്കത്തിൽ നിന്നും ഏതോ ദു:സ്വപ്നം കണ്ട് ദേവയാനി ഞെട്ടിയുണർന്നു.ജയനെക്കുറിച്ചോർത്തപ്പോൾ അവർക്ക് ആവലാതി തോന്നി. അപ്പോഴാണ് അപ്പുറത്തെ മുറിയിൽ ഫോൺ ബെല്ലടിക്കുന്ന ഒച്ച കേട്ടത്.
ഹരി ആരോടോ സംസാരിക്കുന്നുണ്ട്. സംസാരം വ്യക്തമല്ല.ദേവയാനി എണീറ്റു ചെന്ന് കാര്യം തിരക്കിയപ്പോൾ ഒന്നുമില്ലന്നും പറഞ്ഞ് ഹരിവേഗം റൂമിലേക്കു പോയി.
രാവിലെ ടിവിയിലെ ന്യൂസിൽ അതിർത്തിയിൽ അയൽ രാജ്യവും ഇന്ത്യയുമായി യുദ്ധം കൊടുമ്പിരി കൊള്ളുന്ന വാർത്തകൾ.
പത്തിൽ പരം ജവാൻമാർക്ക് നാടിനു വേണ്ടി ജീവത്യാഗം നൽകേണ്ടി വന്നു.മരിച്ച ജവാൻമാരുടെ ഫോട്ടോകൾ ടിവിയിൽ കാണുന്നുണ്ട്.
ദേവയാനിക്ക് ശ്വാസം വിലങ്ങുന്നതായി തോന്നി.
അപ്പോൾ ടിവിയിൽ കാണിച്ച ഒരു ഫോട്ടോ ജയ കൃഷ്ണന്റെതായിരുന്നു.
മോനേ….ന്നു വിളിച്ച് ദേവയാനി ബോധരഹിതയായി വീണു.
ജയകൃഷ്ണന്റെ ശവശരീരം ബഹുമതികളോടെ നാട്ടിലെത്തിച്ചു.
ദേശിയ പതാകയിൽ പൊതിഞ്ഞ മകന്റെ ബോഡി കണ്ട ദേവയാനിക്ക് ഭൂമി പിളരുന്നതായിട്ട് തോന്നി.
ഹരികൃഷ്ണൻ സങ്കടം ഉള്ളിലടക്കി അമ്മയെ താങ്ങിപ്പിടിച്ചിട്ടുണ്ട്.
അവൻ അമ്മയോടു പറഞ്ഞു.
“അമ്മേ…..
ഞാനിനി ഒരു ഡോക്ടറാകുന്നില്ല, അതായിരുന്നു എന്റെ ആഗ്രഹമെങ്കിലും. എനിക്കും… എനിക്കും ഒരു പട്ടാളക്കാരനാകണം. എന്റെ അച്ഛനെ പോലെ..
എന്റെ ചേട്ടനെ പോലെ… നാടിനഭിമാനിയ്ക്കാൻ… നാടിനു വേണ്ടി ജീവിയ്ക്കുന്ന ഒരു ധീര ജവാൻ….”
അവൻ അമ്മയെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു.
ഓർമ്മയിൽ മകന്റെ അവസാന മുഖം തെളിഞ്ഞ ദേവയാനിക്ക് കരച്ചിൽ പെയ്തിറങ്ങി.
പെട്ടന്ന് അവരുടെ കാതിൽ ഭർത്താവിന്റെ ശബ്ദം വന്നലയ്ക്കുന്നതായി തോന്നി.
“ദേവൂ നീ കരയരുത്, നീ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്, രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ധീരപുത്രന്റെ അമ്മയാണ്..
നീ കരയരുത്….
വിളിക്ക്…
ഭാരത് മാതാ കീ ജയ്…
വിളിക്കു ദേവൂ…
ഭാരത് മാതാ കീ ജയ് “
ദേവയാനി കണ്ണുനീർ തുടച്ച് രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച തന്റെ മകന്റെ മുഖത്തേയ്ക്കു നോക്കി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
” ഭാരത്…മാതാ… കീ…ജയ് “
രാധിക സരസ്വതി