“ നേരം എത്രയായി , മോനേ ?” ബസ് സ്റ്റാൻഡിൽ നിന്നവരുടെ കൂട്ടത്തിൽ കയ്യിൽ വാച്ച് കെട്ടിയിരുന്ന ചന്ദ്രശേഖരനോട് ഒരു വയസ്സായ സ്ത്രീ ചോദിച്ചു.
“It’s two thirty”. അയാൾ മറുപടി നൽകി. പറഞ്ഞത് ആ സ്ത്രീക്ക് മനസ്സിലായില്ലഎന്നു കണ്ട്, അടുത്തുനിന്ന ഒരാൾ പറഞ്ഞു
“ രണ്ടര മണിയായമ്മേ”
“ എന്നാ പിന്നെ അതങ്ങ് മലയാളത്തി പറഞ്ഞൂടായോ ? ഓ, ഓരോ സായിപ്പമ്മാരിറങ്ങയിരിക്കുന്നു.” അവർ പുറുപുറുത്തു. തൊലിയുരിഞ്ഞുപോയത് പോലെ തോന്നി അയാൾക്ക്.
ചന്ദ്രശേഖരൻ നായർ എന്ന ചന്ദ്രൻ സാർ, എങ്ങോട്ടും യാത്ര ചെയ്യാനായിരുന്നില്ല, അഞ്ചാലുംമൂട് ബസ് സ്റ്റാൻഡിൽ നിന്നത്. ആരെയെങ്കിലും പരിചയക്കാരെക്കാണാം എന്ന പ്രതീക്ഷയിലാണ് . ഒരിക്കലും ഒന്നും വെറുതെ ചെയ്യുന്ന ആളായിരുന്നില്ല ചന്ദ്രൻ സാർ.
അഞ്ചാലുംമൂടിലെ ഒരു നല്ല നായർ തറവാട്ടിൽ ജനിച്ചു. മേലേപറമ്പിൽ രാജശേഖരൻ നായരുടെയും ഭഗീരഥിയമ്മയുടെയും മൂത്തമകൻ. മല്ലിക, മാളവിക എന്ന രണ്ടു സഹോദരിമാർ ഇളയവരായി. ആറടി ഉയരവും, അതിനൊത്ത വണ്ണവും, വെളുത്ത നിറവും ഒക്കെയുള്ള സുമുഖനായ ചെറുപ്പക്കാരൻ.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അയാൾക്ക് ഇംഗ്ലീഷ് ഭാഷയോട് വലിയ കമ്പമായിരുന്നു. SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത് ഇംഗ്ലീഷിനായിരുന്നു. ഇംഗ്ലീഷിൽ തന്നെ MA പാസാകണമെന്ന ഉദ്ദേശത്തോടെയാണ് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്.
ഇതിനിടയിൽ കാൻസറിന്റെ ലക്ഷണങ്ങൾ രാജശേഖരൻ നായരിൽ കണ്ടുതുടങ്ങി. ചികിത്സയ്ക്കായി കുറെ പണം ചെലവഴിച്ചു. സ്വത്തുക്കളോരോന്നായി വിറ്റ് ആവശ്യമുള്ള പണം ചെലവഴിച്ചു. താൻ മരിക്കുന്നതിന് മുമ്പ് മക്കളുടെ വിവാഹം കഴിയണമെന്ന് രാജശേഖരൻ നായർ വാശിപിടിച്ചു. ബാക്കിയുണ്ടായിരുന്ന സ്വത്തുക്കൾ പങ്കു വയ്ച്ചു. ചന്ദ്രശേഖരന് വീടും അതിന് ചുറ്റുമുള്ള ഇരുപത് സെന്റ് സ്ഥലവും ഓഹരിയായി കിട്ടി.
ആദ്യം മല്ലികയുടെയും മാളവികയുടെയും വിവാഹം തരക്കേടില്ലാത്ത രീതിയിൽ നടത്തി, സ്ത്രീധനം കൊടുത്തു തന്നെ.
എം ഏ ആദ്യവർഷം പഠിക്കുമ്പോൾ ചന്ദ്രന്റെ വിവാഹം നടത്തി. കുരീപ്പുഴയിൾ നിന്നുമുള്ള രാധിക ആയിരുന്നു വധു. ഒരുവിധം ഭംഗിയായി കാര്യങ്ങൾ ഒക്കെ നടന്നു.
കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ രാജശേഖരൻ നായർ മരിച്ചു. മൂന്നുമാസം കഴിയുന്നതിനുമുമ്പ് ഭാഗീരഥിയമ്മയും ഈ ലോകത്തോട് യാത്ര പറഞ്ഞു. അതോടെ താറുമാറായി ചന്ദ്രശേഖരന്റെ ജീവിതവും.
ഫാത്തിമ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ അഭിമാനവും പ്രതിക്ഷയുമായിരുന്നു ചന്ദ്രശേഖരൻ. ഡിപ്പാർട്ട്മെന്റിന്റെ മേധാവി പ്രൊഫസർ ബലറാം മൂസദ് ഒരു പ്രത്യേക ശ്രദ്ധ ചന്ദ്രശേഖരന് കൊടുത്തിരുന്നു. അത്തവണ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം എയ്ക്ക് ഒന്നാം റാങ്ക് ചന്ദ്രശേഖരൻ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പഠിത്തത്തിൽ അത്രകണ്ട് മിടുക്കനായിരുന്നു ചന്ദ്രശേഖരൻ. പക്ഷേ, മാതാപിതാക്കളുടെ മരണം അയാളെ വല്ലാതെ തളർത്തി. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെയായി. ഇതിനിടയിൽ രാധിക ഗർഭിണിയായി.
മാനസികമായി അയാളാകെ വിഷമിക്കുന്ന സമയത്താണ് പരീക്ഷ നടന്നത്. റിസൽട്ട് വന്നപ്പോൾ ചന്ദ്രശേഖരന് റാങ്ക് കിട്ടിയില്ല. കഷ്ടിച്ച് ഫസ്റ്റ് ക്ലാസ്സ് മാത്രം നേടി.
യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് റാങ്ക് കിട്ടിയാൽ പിറ്റേന്നുതന്നെ ലക്ചറർ ആയി നിയമനം ചെയ്യാമെന്ന് വാക്ക് കൊടുത്തിരുന്ന കോളേജ് അധികൃതർ റാങ്കില്ലാതെ വെറുതെ ഒരു ജോലികോടുക്കാൻ തയ്യാറായില്ല. രണ്ട് ലക്ഷം രൂപ കോളേജ് ഫണ്ടിലേക്ക് സംഭാവന കൊടുത്താൽ ശ്രമിച്ചു നോക്കാമെന്ന് പ്രൊഫസർ പറഞ്ഞു. നിത്യ ജീവിതത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അയാൾക്ക് അത് സാധ്യമല്ലായിരുന്നു. വേറെ എന്തെങ്കിലും ജോലിക്ക് ശ്രമിക്കാമെന്ന് രാധിക പറഞ്ഞു. രണ്ടുപേരും ഒരു ജോലിയ്ക്കായി ശ്രമം തുടങ്ങി.
ഉയർന്ന ജാതിയിലുള്ള ജനനം ഒരു വലിയ തടസ്സമായി അവരുടെ മുന്നിൽ നിന്നു.
എൽ ഡി ക്ളർക്കിന്റെ ജോലി മുതൽ കളക്ടർ ആകാനുള്ള സിവിൽ സർവീസ് പരീക്ഷ വരെ ചന്ദ്രശേഖരൻ എഴുതി. പലതിനും ഇന്റർവ്യൂ വരെ എത്തി. എല്ലായിടത്തും ജാതി ഒരു വലിയ പ്രശ്നമായി. കൈക്കൂലി കൊടുത്തു ജോലി വാങ്ങാനുള്ള പണമില്ലായിരുന്നു. മാത്രമല്ല കൈക്കൂലി ചന്ദ്രശേഖരൻ നായരുടെ സിദ്ധാന്തത്തിന് പുറത്തായിരുന്നു.
ഇതിനിടയിൽ രാധിക പ്രസവിച്ചു. മിടുക്കനായ ഒരു ആൺകുട്ടി. പ്രസവത്തിനും മറ്റ് ആവശ്യങ്ങൾക്കായി കുറെ സഹായങ്ങൾ രാധികയുടെ വീട്ടുകാർ ചെയ്തു. പക്ഷേ അത് സ്വീകരിക്കാൻ അഭിമാനിയായ ചന്ദ്രശേഖരൻ വളരെ ബുദ്ധിമുട്ടി.
കാലം കടന്നുപോയി. ഇതിനിടയിൽ അഞ്ചാലുംമൂട് നളന്ദാ ട്യൂട്ടോറിയലിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ചന്ദ്രശേഖരന് അവസരം ലഭിച്ചു. കൂടുതൽ വരുമാനമില്ലാത്ത ഒരു ചെറിയ ജോലി. എന്നാലും ആ കുടുംബത്തിന് അതൊരു വലിയ ആശ്വാസമായി.
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ജീവിതം മുന്നോട്ടു പോയി.
ഈ അടുത്തകാലത്ത് ഒരു സാംക്രമിക രോഗം നാടാകെ പടർന്നു. ഒരു പ്രധിവിധിയും ഇതുവരെ കണ്ടുപിടിക്കാത്തൊരു രോഗം. നാട്ടിൽ പലയിടത്തും ഒരുപാടുപേർ മരിച്ചു. ജനം ഭയഭീതരായി വീടിന്റെ ഉള്ളിൽ തന്നെ അഭയം തേടി. കടകമ്പോളങ്ങൾ പൊതുവെ അടച്ചു പൂട്ടി. അതുപോലെതന്നെ സ്കൂളും കോളേജും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും. അങ്ങനെ നളന്ദാ ട്യൂട്ടോറിയലും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒപ്പം പോയി ചന്ദ്രശേഖരൻ നായരുടെ ഉണ്ടായിരുന്ന ചെറിയ ജോലിയും വരുമാനവും.
ജീവിതം ആകെ ബുദ്ധിമുട്ടിലായി. ആദ്യമാദ്യം രാധികയുടെ കുറെ സ്വർണം വിറ്റ് ചിലവുകൾ നടത്തി. പിന്നീട് അതും തിർന്നു. ഒരിക്കലും ആരോടും കടം വാങ്ങിയിട്ടില്ലാത്ത മേലേപറമ്പിൽ ചന്ദ്രശേഖരൻ നായർ ഇപ്പോൽ കിട്ടുന്നിടത്തൊക്കെ കടംവാങ്ങി ജീവിതം നയിക്കാൻ തുടങ്ങി. അങ്ങനെയാണ് ആരെയെങ്കിലും പരിചയക്കാരെ കാണാനായി ബസ് സ്റ്റാൻഡിൽ നിന്നത്.
വീട്ടിലേക്ക് തിരിച്ചു പോകുന്നവഴി മൊത്തക്കട സൈനുദ്ദീന്റ പലചരക്ക് കടയിൽ ഒന്ന് കയറാമെന്ന് അയാൾ വിചാരിച്ചു. കുറെ കടം വാങ്ങിയിട്ട് തിരികെക്കൊടുക്കാൻ പറ്റിയില്ല.
കണ്ടയുടനെ സൈനുദ്ദീൻ ഉറക്കെ വിളിച്ചു പറഞ്ഞു
“ എടേ ചന്ദ്രാ, എന്താ താൻ സാധനം വാങ്ങിയ പറ്റ് തീർക്കാത്തത് ? കാശ് തന്ന് തീർത്തിട്ട് സാധനം വാങ്ങിയാൽ മതി.”
ചന്ദ്രൻ സാർ എന്ന് വിളിച്ചിരുന്ന സൈനുദ്ദീൻ ഇന്ന് ‘എടേ ചന്ദ്രാ’ എന്ന് വിളിച്ചു. അത് ‘എടാ’ എന്ന് ആകുന്നതിന് മുമ്പ് അയാൾ കടയിൽ നിന്നുമിറങ്ങി. ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു. നല്ല വിശപ്പുമുണ്ടായിരുന്നു. വളരെ വിഷണ്ണനായി അയാൾ വീട്ടിലേക്ക് നടന്നു.
അഞ്ചാലുംമൂട് സഹകരണ സംഘത്തിന്റെ ഓഫീസ് തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അതിനുള്ളിലേക്ക് കയറി. സെക്രട്ടറി സോമൻ സാർ കസേരയിൽ ഇരിക്കുന്നു. എന്തോ ചോദിക്കാനായി മുന്നോട്ട് നീങ്ങി. പെട്ടെന്ന് ചന്ദ്രശേഖരൻ തിരികെ നടന്നു. എന്തോ പന്തികേട് തോന്നിയ സോമൻ സാർ ചന്ദ്രശേഖരനെ തിരികെ വിളിച്ചു ചോദിച്ചു.
“എന്താ സാറേ, ഒന്നും പറയാതെ തിരിച്ചു പോകുന്നത് ? “
“ ഏയ്, ഒന്നുമില്ല , വെറുതെ ഒന്ന് കയറി. അത്രതന്നെ.” ചന്ദ്രശേഖരൻ പറഞ്ഞു.
സോമൻ സാർ എഴുന്നേറ്റു വന്ന് ചന്ദ്രശേഖരന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.
“ ഞാൻ ഒരു ചായകുടിക്കാൻ ഇറങ്ങാൻ തുടങ്ങുവായിരുന്നു. കൂട്ടിന് ആരെയും കിട്ടാതെ കാത്തിരിക്കുമ്പോഴാണ് സാറിനെ കണ്ടത്. വാ, നമുക്കൊരു ചായ കുടിക്കാം.”
ഒന്നും മിണ്ടാതെ അയാൾ സോമൻ സാറിന്റെ കൂടെ ശാന്താസ് ഹോട്ടലിൽ കയറി. ഇതിനിടയിൽ സോമൻ സാർ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എന്തൊക്കെയോ സംസാരിച്ചു.
ചായ കുടി കഴിഞ്ഞ് രണ്ടുപേരും സഹകരണ സംഘത്തിന്റെ ഓഫീസിൽ എത്തി. ചന്ദ്രശേഖരൻ വിടപറയുന്നതിന് മുമ്പ് സോമൻ സാർ പറഞ്ഞു.
“ചന്ദ്രൻ സാറിനനറിയാമോ, ഇവിടെ ഒരു ക്ളാർക്കുണ്ടായിരുന്നു. ഈ അടുത്തകാലത്ത് അയാൾ മരിച്ചു പോയി. അയാളായിരുന്നു എന്റെ അസിസ്റ്റന്റും . സഹായിക്കാൻ ആരുമില്ലാതെ ഞാൻ വല്ലാതെ വിഷമിക്കുകയാണ്.”
ഒന്ന് നിർത്തിയിട്ട് സോമൻ സാർ തുടർന്നു
“ ചന്ദ്രൻ സാറിനെ ഇവിടത്തെ ക്ളാർക്കായി ഞാൻ നിയമിക്കട്ടെ?”
ഒരു ഷോക്കേറ്റത് പോലെ തോന്നി ചന്ദ്രശേഖരൻ നായർക്ക്. മറുപടി പറയാൻ അയാൾക്ക് വാക്കുകൾ കിട്ടിയില്ല. കണ്ണ് നിറഞ്ഞു, ഒന്നുരണ്ട് തുള്ളി കണ്ണുനീർ തറയിൽ വീണു. സോമൻ സാറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കുറെ നേരം നിന്നു. പിറ്റേന്ന് മുതൽ ജോലിക്ക് കയറാൻ സോമൻ സാർ പറഞ്ഞു.
സഹകരണ സംഘത്തിന്റെ ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ ചന്ദ്രശേഖരനെ തിരികെ വിളിച്ച് സോമൻ സാർ ഒരു നൂറു രൂപയുടെ നോട്ട് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് പറഞ്ഞു
“ഇതിരിക്കട്ടെ. കടമല്ല, ശമ്പളത്തിന്റെ അഡ്വാൻസാണ്. നാളെക്കാണാം”.
ഒരു മാലാഖയുടെ മുന്നിൽ നില്ക്കുന്നതുപോലെ തോന്നി ചന്ദ്രശേഖരൻ നായർക്ക്….