പ്രകൃതി രമണീയമായൊരു പ്രദേശം…
ഒരു വശത്ത് വയലും… മറുവശത്ത് തമ്പുരാൻ പാറയും… തമ്പുരാട്ടി പാറയും…
പുലർച്ചെ നാലുമണി സമയം… അങ്ങകലെ ചന്ദ്രൻ മേഘകീറുകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്നു…
എങ്ങും… കിളികളുടെ കലപില ശബ്ദം മാത്രം…
അങ്ങ് പാറ മുകളിൽ… കുറുക്കൻ ഓരിയിടുന്നു…
ആ നിലാവെളിച്ചത്തിൽ… മൂസാക്ക
ഒരു ബീഡിയും വലിച്ച് വെളിയിൽ പോയി തിരിച്ച് വന്ന് ഒരു കട്ടൻ ചായയും കുടിച്ച് നേരെ ഇറങ്ങിപ്പോയത് വീട്ടിൽ നിന്ന് അല്പം മാറിയ കൃഷിയിടത്തേക്ക്.
ചന്തയിൽ കൊണ്ടുപോയി കൊടുക്കാനുള്ള പച്ചക്കറികൾ തലേദിവസം വൈകിട്ട് കെട്ടി വെച്ചിരുന്നു.
അതെടുത്തു തലയിൽ വച്ചു ചന്തയിലേക്ക് നടക്കാൻ തുടങ്ങി,
ഏകദേശം ഒരു കിലോമീറ്ററോളം നടന്നു വല്ലാതെ കിതക്കുന്നു… ഇന്ന് എന്തോ വയ്യ… തീരെ വയ്യ…,
തലയിൽ ഇതുപോലെ, ചുമടുംവച്ചുള്ള നടത്തം തുടങ്ങിയിട്ട് അൻപതു വർഷത്തോളമായിരിക്കുന്നു, എന്നത്തെയും പോലെ അല്ല ഇന്ന്… നടന്നിട്ട് തീരെ നീങ്ങുന്നില്ല, ഇനിയും അഞ്ചാറു മിനിട്ടെങ്കിലും നടന്നാലേ വിശ്രമിക്കാൻ വഴിയമ്പലത്തിൽ എത്തൂ,.. മൂസാക്ക സ്വന്തമായി പിറുപിറുത്ത് കൊണ്ട് നടക്കുന്നു…
65 വയസ്സിന് മുകളിൽ പ്രായമുള്ള മൂസാക്ക വളരെ ചെറുപ്പത്തിലെ കർഷകനായി ജീവിതം തുടങ്ങിയതാണ്.
നാല് കിലോമീറ്ററോളം ദൂരമുള്ള ചന്തയിൽ ആഴ്ചയിൽ രണ്ട് പ്രാവശ്യം പച്ചക്കറികൾ കൊണ്ട്പോയി കൊടുക്കും.
ഈ വഴിയമ്പലവുമായി മൂസാക്കാക്ക് പണ്ട് മുതലേ ഒരു ആത്മബന്ധമാണുള്ളത്, ചന്തയിൽ പോയി തുടങ്ങിയ കാലംമുതലേയുള്ള ശീലമാണ് പോകുന്ന വഴിയിലുള്ള ചുമട്താങ്ങിയിൽ ചുമടിറക്കി വെച്ച് വഴിയമ്പലത്തിൽ, ബീഡി വലിച്ചിരുന്നു വിശ്രമിക്കുന്നത്.
ഇന്ന് എന്തോ വല്ലാത്തൊരു ക്ഷീണം നടന്നിട്ടും നീങ്ങുന്നില്ല… ചുമടുമായി പതുക്കെ… പതുക്കെ, നടന്നു വഴിയമ്പലത്തിൽ എത്തി, ഒരു ബീഡിയും വലിച്ചു മൂസാക്ക അവിടെ ഇരുന്നു..
ഇവിടെ എത്തിയാൽ പിന്നെ മൂസാക്കാക്ക് മനസ്സിന് എന്തെന്നില്ലാത്തൊരു സന്തോഷമാണ്.
സാധാരണ പത്ത് പതിനഞ്ച് മിനിറ്റ് നേരം വിശ്രമിച്ചിട്ടാണ് പോകാറുള്ളത്, പക്ഷെ… ഇന്ന് എന്തോ വല്ലാത്തൊരു ക്ഷീണം മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുന്നു, ഒരു നിമിഷം അറിയാതെ മക്കളിലേക്ക് ചിന്ത പോയി.
നാലു പെണ്മക്കളിൽ ഇനി നൂറായെയും കൂടി ആരുടെയെങ്കിലും കൈ പിടിച്ചു ഏൽപ്പിക്കണം അത് ഓർമിക്കുമ്പോൾ മൂസാക്കാക്ക് മനസ്സിന് വല്ലാത്തൊരു വിങ്ങലാണ് .
രണ്ടാമത്തെ മകൾ ഒഴികെ ബാക്കി എല്ലാവരെയും കല്യാണം കഴിഞ്ഞു, മൂത്ത മകളുടെ കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞപ്പോഴേയ്ക്കും
രണ്ടാമത്തെ മകൾ നൂറ ഇരിക്കെ മൂന്നാമത്തെ മകൾക്ക് ആലോചന വന്നത്.
പൊന്നും പണവും വേണ്ടാന്ന് പറഞ്ഞൊരാൾ വന്നാൽ തള്ളിക്കളയാനുള്ള മനസ്സ് വന്നില്ല.
രണ്ടാമത്തെ മകളുടെ സമ്മതത്തോടുകൂടി മൂന്നാമത്തെ മകളുടെ കല്യാണം കഴിഞ്ഞു.
മൂന്നാമത്തെ മകളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുന്നേ നാലാമത്തെ മകൾക്കും വിവാഹാലോചന വന്നു.
ഒന്നും വേണ്ട, കെട്ടിച്ചു കൊടുത്താൽ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞു അതും തട്ടിക്കളയാനുള്ള മനസ്സ് വന്നില്ല.
അങ്ങനെ നാലാമത്തെ മകളുടെ കല്യാണവും കഴിഞ്ഞു.
നൂറാക്കു പല ആലോചനയും വരുന്നുണ്ടങ്കിലും ഒന്നും ശെരിയാവുന്നില്ല.
ഇളയ മകളുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി, ഇതുവരെയും നൂറായുടെ കല്യാണക്കാര്യമൊന്നുമായില്ല.
ഒരു ആൺതരി ഇല്ലാത്ത മൂസാക്കാക്ക് നാല് പെൺമക്കളിൽ മൂന്നു പേരുടെ കാര്യത്തിലും ഒരു വിഷമവും അറിയേണ്ടി വന്നില്ല.
ഇപ്പോൾ മൂസാക്കാന്റെ മനസ്സിനെ അലട്ടുന്നതും ഇതുതന്നെയാണ്… കണ്ണ് അടയും മുമ്പ് നൂറായെ അയക്കണം… ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നു…
ഓർക്കുമ്പോൾ ശരീരം തളരുന്നത് പോലെ.. മനസ്സ് വല്ലാതെ പിടയുന്നു ശരീരം വല്ലാതെ വിയർക്കുന്നു…
ചുമടെടുത്ത്കൊണ്ട് പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു, പക്ഷേ… പോകാൻ കഴിയുന്നില്ല… എഴ്‌നേൽക്കാനും കഴിയുന്നില്ല…. ശരീരം വല്ലാതെ വേദനിക്കുന്നു… ഇടതുഭാഗത്ത്, നെഞ്ച് വേദന അനുഭവപ്പെടുന്നു…
നേരം പുലർന്നു കുറച്ചു വഴിയാത്രക്കാർ അവിടെ ഇരിക്കുന്നു… എന്തോ അസ്വാഭാവികത തോന്നിയത് കൊണ്ടാവാം ഒരു വഴിയാത്രക്കാരൻ മൂസാക്കായെ വിളിച്ചുണർത്താൻ ശ്രമിക്കുന്നു… അനക്കമില്ല… ഒന്ന് കൂടി കുലുക്കി വിളിച്ചു, ഒരനക്കവുമില്ല…
നാട്ടുകാർ എല്ലാവരും അവിടെ കൂടി… ആരോ വിളിച്ച് പറയുന്നു…. ഇനി… വിളിക്കണ്ട….
കണ്ട് നിന്നവരുടെ മനസ്സുകൾ വിങ്ങി അവരറിയാതെ മിഴികൾ ഈറനണിഞ്ഞു മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു…
അവസാനത്തെ ഒരു സ്വപ്നം ബാക്കിയാക്കി മനസ്സിന് ഏറെ ഇഷ്ടപ്പെട്ട അൻപതു വർഷത്തോളം ആത്മബന്ധമുള്ള വഴിയമ്പലത്തിൽ വച്ചു അവസാന ശ്വാസം വലിക്കുമ്പോൾ മൂസാക്കാന്റെ ആത്‌മാവ് സന്തോഷിക്കുന്നുണ്ടാവാം…
ഒപ്പം ദുഖവും…
രചന
റാസി വെമ്പായം