17.1 C
New York
Wednesday, October 20, 2021
Home Literature * വഴിത്തിരുവ് * (ഓർമ്മക്കുറിപ്പ്)

* വഴിത്തിരുവ് * (ഓർമ്മക്കുറിപ്പ്)

നന്ദു. ബി. പിള്ള, വൈക്കം.

ഗ്രാമീണ ഭംഗിയും, ചരിത്ര പ്രാധാന്യവും, നാടൻ കായികാ വിനോദവും, ചകിരി തല്ലലും, തഴപ്പായ നെയ്യലും, ഓല മെടയലും, അത്യാവശ്യവും, അതിനുപ്പുറവും കൃഷി ചെയ്യുന്ന വൈക്കം ചെറുപട്ടണം, അത്യാവശ്യം എല്ലാം ഒത്തിണങ്ങിയ ഒരു പ്രദേശമാണ് വൈക്കം. പിന്നെ വൈക്കത്തിന്റെ അഹങ്കാരമായ വൈക്കത്തപ്പൻ, സാക്ഷാൽ അന്നദാനപ്രഭു. ഏകദേശം 8 ഏക്കറോളംസ്ഥലത്ത്, വ്യാപിച്ചു കിടക്കുന്ന മഹാദേവ ക്ഷേത്രത്തിന്റെ നാലു ഗോപുരത്തിൽക്കൂടി ഗുരുവായൂർ പത്മനാഭൻ മുതൽ തിരുനക്കര ശിവൻ വരെ നിർബാധം കേറി ഇറങ്ങി പോകുന്ന അനിതരസാധാരണമായ ഗോപുരം. വടക്കേ നടയിൽ ഭക്തജനങ്ങൾക്ക് തിരക്ക് അനുഭവപ്പെടാതിരിക്കാൻ ഒരു സാമാന്യം വലിയ ഗോപുരം വേറെയുമുണ്ട്. മൂന്ന് ഭാവങ്ങളിൽ വാണരുളുന്ന സാക്ഷാൽ നീല കണ്ഠന്റെ ക്ഷേത്രം. ഞങ്ങളുടെ അന്നദാന പ്രഭു. സാക്ഷാൽ ശ്രീ മഹാദേവന്റെ രണ്ടാമത്തെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ഉദയനാപുരം ക്ഷേത്രം. പിന്നെ ഒട്ടനവധി ഉപദേവതാ ക്ഷേത്രങ്ങും നിറഞ്ഞ എന്റെ നാട് വൈക്കം. ഈ വൈക്കം ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്, വൈക്കത്ത് കൊടിയേറിയാൽ കൊടിയുടെ മുഖബിംബമായ ചന്ദ്രക്കല ഉദയാനാപുരം ക്ഷേത്രത്തിന് അഭിമുഖമായെ വരുകയുള്ളു. ഇനി ഉദയനാപുരത്ത് കൊടയേറിയാലും വേല് വൈക്കം ക്ഷേത്രത്തിനഭിമുഖമായിരിക്കും. പിന്നെ എന്റെ ഉറക്കം കെടുത്തുന്ന, ഒരിക്കലും എഴുതിയാൽ തീരാത്ത, വാക്കുകൾ കിട്ടാൻ വിഷമിക്കുന്ന മദാലസയായാ, മാദകത്വം നിറഞ്ഞ യവന സുന്ദരി വൈക്കംകായൽ, നിറയെ വള്ളങ്ങളും, മീൻ പിടിത്ത ബോട്ടുകളും, പിന്നെ കമ്പവലയും, ഹൗസ് ബോട്ടുകളും കുറച്ചൊന്നുമല്ല അവളെ അലോസരപ്പെടുത്തുന്നത്. അവളുടെ നിറഞ്ഞ മാറിടത്തിന്റെ സൗന്ദര്യം തെല്ലും വകവെക്കാതെ മാന്തിപ്പൊളിച്ചു കൊണ്ട് യാത്രാബോട്ടകളും ജങ്കാറും പായുന്നതു കാണുമ്പോൾ അവൾ നിശബ്ദമായിട്ട് തേങ്ങിക്കരയും. എന്നാലും അവൾ ആഹ്ളാദചിത്തയായി കുഞ്ഞൊളങ്ങളെ ഇളക്കിവിട്ട് പ്രിയ കാമുകനായ കരയെ ചുംബിക്കുന്നതു കാണുമ്പോൾ കവിയല്ലാത്ത എന്റെ ഹൃദയത്തിൽ ഒരു ഇക്കിളിയുണർത്താൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ മനോഹാരിണിയായ വൈക്കം കായലിന്റെ മാറിൽവശ്യതയോടെ ഒഴുകിചേരുന്ന ഒരാറുണ്ട്, മൂവാറ്റുപുഴയാറ്, ശാന്തമാണങ്കിലും അടിയൊഴുക്കുള്ള പുഴ. നല്ല തെളിഞ്ഞ പുഴ. ഞങ്ങളുടെ ഹരമാണ് ആ പുഴ. ഞങ്ങൾ കുട്ടി വാനരന്മാർക്ക് പുഴയോട് വലിയ ഇഷ്ടമാണ്, നന്നായിട്ട് കുളിക്കാം, നീന്തി തിമിർക്കാം. പക്ഷേ വീട്ടിലറിഞ്ഞാൽ ചൂരൽ എത്ര പ്രാവശ്യമുയർന്നു താഴുമെന്ന് അമ്മക്കു മാത്രമെ അറിയൂ. പക്ഷേ രാവിലെ കളിക്കാൻ പോകുന്നെന്ന് പറഞ്ഞ് സൈക്കിളിൽ രണ്ട് പേരൊക്കെയായിട്ട് പുഴയിൽ കുളിക്കാൻ പോകും അമ്മയറിയാതെ!

ഒരു ദിവസം അമ്മയും കൊച്ചനിയനും കൂടി ചിറ്റമ്മയുടെ വീട്ടിലേക്ക് പോയി. ചിറ്റമ്മയുടെ വീട് ചേർത്തല പട്ടണക്കാട് എന്ന സ്ഥലത്താണ്, സാധാരണ അമ്മ എന്നേയും കൂട്ടിച്ചോണ്ട് ആണ് പോകുന്നത്, അന്ന് എന്തോ അമ്മക്ക് നല്ല ബുദ്ധി തോന്നി ഇളയവനേയും കൊണ്ടുപോയി, അമ്മപോകുമ്പോൾ കുറച്ചു തേങ്ങ, വാളൻപുളി, കുടംപുളി, മൂവാണ്ടൻ മാങ്ങ, പിന്നെ എന്തെങ്കിലും വെളിച്ചെണ്ണ പലഹാരം, അമ്മക്കും അനിയനും എടുക്കാവുന്ന അത്രയും കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകും. അമ്മ പോയാൽ മൂന്നാല് ദിവസം കഴിഞ്ഞേ വരുകയുള്ളു. എനിക്ക് കോളായി, അതിലുപരി സന്തോഷവുമായി, അമ്മ അടിക്കും. പക്ഷേ ചേച്ചി അടിക്കുകയില്ല. എത്ര താമസിച്ചാലും ഒന്നും പറയില്ല.

ഒരു വ്യാഴാഴ്ച ഞാനും, രവിയും, രാധയും കുളിക്കാനായിട്ട് പോയി. ഏകദേശം 12.30 നാണ് ഞങ്ങൾ സൈക്കിൾ ചവുട്ടി പുഴ ക്കരയിലെത്തിയത്, പിന്നെ തിമിർത്ത് നീന്തലും മുങ്ങാ കുഴിയിടലും, മണ്ണ് വാരിയെറിയലും ഒക്കെയായി അരങ്ങു തകർക്കുന്നു. ഈ മണ്ണുവാരിയെറിയൽ പുതിയ ഒരു തരം കളിയാണ്, വൈക്കം നിവാസികളുടെ നാട്ട് കളിയല്ലാന്ന് സാരം. ഞങ്ങക്ക് കുഴി പന്ത് കളി, കശുവണ്ടികളി, പുളിങ്കുരു കളി, രാശി വട്ട് കളി അതൊക്കെയാണ്, ഇത് ആര് കൊണ്ടുവന്ന് എന്നറിയില്ല പക്ഷേ ഞങ്ങളുടെ കുട്ടി വാനരന്മാരുടെ ഇടയിൽ പെട്ടെന്ന് തരംഗമായി, ഒരുമിച്ച് മുങ്ങും എന്നിട്ട് ആ പുഴയുടെ അടിയിലുള്ള ചൊരിമണൽ കൈയ്യിൽ വാരിയെടുത്ത് ആരെങ്കിലും മുങ്ങിപ്പൊങ്ങിയിട്ടുണ്ടെങ്കിൽ അവന്റെ മുഖത്തേക്കെറിയും. കൈ ഓങ്ങുമ്പോഴെ അവരൊക്കെ മുങ്ങും. ചിലർക്കൊക്കെ കൃത്യം മുഖത്തിനു തന്നെ ഏറ് കിട്ടും. ഏറ് കിട്ടിയാൽ കണ്ണിൽ മണ്ണു പോകും. മണ്ണ് കഴുകിക്കളഞ്ഞാൽ ചെമ്പോത്തിന്റെ കണ്ണു പോലെ ചുവന്നിരിക്കും. മൂന്നുപേരുടേയും കണ്ണ് ചുവന്ന് കഴിഞ്ഞാൽ പിന്നെ അന്നത്തെ പ്രോഗ്രാം തീർന്നു. പിന്നെ വഴിനീളെ എന്തെങ്കിലുമൊക്കെ പറഞ്ഞ് സൈക്കിൾ ചവുട്ടി വീടെത്തും.

പിറ്റേ ദിവസം പതിവു പോലെ മുക്കൂട്ട് മുന്നണിയായ ഞങ്ങൾ സൈക്കിൾ ചവുട്ടി ആറ്റിലേക്ക് പോയി, കളിയും മണ്ണുവാരിയെറിയലും ഒക്കെയായി പുഴ ഉഴുതു മറിക്കുന്നു. ഏകദേശം 1.30 മണി കഴിഞ്ഞു കാണും, കൂട്ടത്തിലെ രവി പറഞ്ഞു, നന്ദു ഇന്ന് നമുക്ക് മുങ്ങിക്കിടന്ന് കളിക്കാം, ഏറ്റവും കൂടുതൽ സമയം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നവന് 15 കശുവണ്ടി സമ്മാനം. ആദ്യം രവി മുങ്ങി, ഞങ്ങൾ ഒന്ന് രണ്ട് മൂന്ന്, അങ്ങനെ, പിന്നെ രാധ, മൂന്നാമത് എന്റെ ഊഴമായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, ഞാൻ മുങ്ങി തന്നെ കിടന്നു. എനിക്കു തോന്നി 40 ഒക്കെ കഴിഞ്ഞു കാണും. ഞാൻ വെള്ളത്തിൽ നിന്ന് പൊങ്ങാൻ മുതിരവെ എന്തോ ഒന്ന് കാലിലൂടക്കി കിടന്നു. ഞാൻ നോക്കിയപ്പോൾ ഏകദേശം 13 വയസ് തോ ന്നിക്കും, പച്ച സ്ക്കർട്ടും ജംബറുമിട്ട പെണ്ണ്, പേടിച്ചു വിറച്ചു പോയ ആ പെണ്ണിനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് വലിച്ച് കരക്കടുപ്പിച്ചു. രാധയും രവിയും സഹായിച്ചു. ഞങ്ങൾ ഒൻപതാം ക്ലാസിലാണ് പഠിക്കുന്നത്, ക്രിസ്തുമസ് വെക്കേഷനു മുമ്പ് ഫസ്റ്റ് എയിഡ് പഠിപ്പിക്കുന്ന സമയം., കൃത്രിമ ശ്വാസോച്ച്വാസം ഒക്കെ പഠിപ്പിക്കുന്ന സമയം, ഞാൻ ആദ്യം നെഞ്ചത്ത് അമുക്കിയപ്പോൾ വായിൽക്കൂടി കുറച്ചധികം വെള്ളം പോയി, പിന്നെ കമഴ്ത്തിക്കിടത്തി ഏതാണ്ടൊക്കെ കാണിക്കവേ, രവി അവിടെക്കിടന്ന് അലറി വിളിച്ച് നാട്ടുകാരെ കൂട്ടി, അവരിലാരൊ വഴിയെ പോയ സൈക്കിൾ റിക്ഷ തടത്തു നിർത്തി അവിടെ അടുത്തുള്ള ഡിസ്പെൻസറിയിൽ കൊണ്ടുപോയി, ഞങ്ങൾ റിക്ഷ പോകുന്നതും നോക്കി കരയിൽ നിന്നു.

ഏകദേശം മൂന്നു ദിവസം കഴിഞ്ഞ് ഞങ്ങൾ കളിച്ച് തിമിർക്കവെ അവളും അവളുടെ കൂടെ ഒരു വലിയചേട്ടനും(?) കൂടി ആറിൽ തീരത്ത് ഞങ്ങളെക്കാണാൻ വന്നു. ഞാനാണെങ്കിൽ നീന്തി, നീന്തി അങ്ങു ദൂരെ ഒരു കൽപ്പടവിൽ ചേച്ചിമാർ തുണി നനക്കുന്നതും നോക്കി നിന്നു. കിതപ്പ് മാറ്റി തിരിച്ച് സ്ഥിരം കടവിലേക്ക് നീന്തിയെത്തി. എന്റെ തല വെട്ടം കണ്ടപ്പോഴെ രവി പറഞ്ഞു, ദേ! അവന്റെ കാലിലാണ് ഈ പെണ്ണ് ഉടക്കി കിടന്നത്, അവൻ ഞങ്ങളെക്കായിലും നീന്തൽ വശമുള്ളത് കാരണം വലിച്ച് കരക്കടുപ്പിച്ചു, കഴിഞ്ഞ ദിവസം ഫസ്റ്റ് എയിഡ് ക്ലാസ് പഠിപ്പിക്കുന്നുണ്ടായിരുന്നു. അതിന്റെ ബലത്തിൽ ഇവൻ നന്ദു ഏതാണ്ടൊക്കെ കാണിച്ചു. ഈ പെണ്ണിന്റെ വായിൽ നിന്ന് കുറെ വെള്ളമൊക്കെ ചാടി, പിന്നെ നന്ദു കമഴ്ത്തിക്കിടത്തി അമർത്തുക ഒക്കെ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാനാണ് ഒച്ചയിട്ട് ആളെക്കൂട്ടിയതും ഈ പെണ്ണിനെ ആരെക്കെയോ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതും. രവി ആവേശത്തോടെ പറഞ്ഞു നിർത്തി.

അവളുടെ കൂടെ വന്ന വലിയ ചേട്ടൻ എന്നെ ചേർത്തു നിർത്തി, മോന്റെ വീട് എവിടെയാണ്, എത്ര ക്ലാസിലാണ് പഠിക്കുന്നത്, ആ ചേട്ടൻ എന്റെ സമൃദ്ധമായ ചുരുളൻ മുടിയിൽ കഥാപ്രസംഗം നടത്തുകയായിരുന്നു. ഞാൻ കാര്യം പറഞ്ഞു. ആ സമയമത്രയും അവൾ എന്റെ മുഖത്ത് അറിയാത്ത, അതേ എനിക്കു പോലുമറിയാത്ത ഭാഷയിൽ കാവ്യം രചിക്കുകയായിരുന്നു. വലിയ ചേട്ടൻ തലയിൽ നിന്ന് കൈയ്യെടുത്ത് ആ പെണ്ണിനെ വിളിച്ചു, മാളുട്ടി അത് ഇവന്റെ കൈയ്യിൽ വച്ച് കൊടുത്തേക്കു, അവൾ മനോഹരമായി പുഞ്ചിരിച്ച് വലതു കൈയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന * നാരങ്ങാ മിഠായി * എന്റെ കൈയ്യിൽ വെച്ച് തന്നപ്പോൾ അവൾ അണിഞ്ഞിരുന്ന കറുത്ത കുപ്പിവള ഒരു പക്ഷേ നാണിച്ച് ചിരിച്ചുണ്ടാകും തീർച്ച.

പിന്നെയാണറിഞ്ഞത് വളരെ നാളുകൾക്കു ശേഷം മങ്ങാട്ട് തറവാട്ടിലെ കൃഷ്ണ മേനോനും സുഭദ്ര ക്കുട്ടി മേനോത്തിക്കും ഉണ്ടായ ഒരെയൊരു സന്താനമായിരുന്നു, അവരുടെ എല്ലാമായ മാളുട്ടി എന്ന മാളു! ലോക്ക് ഡൗണിലിരുന്ന് മുഷിഞ്ഞപ്പോൾ പഴയ ഡയറി താളുകൾ വെറുതേ മറിച്ചു നോക്കിയപ്പോൾ കണ്ണിൽ പെട്ടത്, അതേ കഴിഞ്ഞു പോയ നിറം പിടിച്ച ബാല്യകാലത്തിന്റെ ഒരു സിന്ദൂരപൊട്ട് വീണ്ടും ഞാൻ ഇവിടെ കുറിക്കുന്നു.

നന്ദു. ബി. പിള്ള.
വൈക്കം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സാക്ഷരത മിഷൻ തുല്യതാ പരീക്ഷയിൽ വിജയിച്ച അമ്മയെയും, മകനെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി.

പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ്...

മലയാളത്തിലെ ആദ്യ അച്ചടിമഷി പുരട്ടിയതിനു 200 വയസ്സ് – (വാൽക്കണ്ണാടി – കോരസൺ)

കൃത്യം ഇന്നേക്ക് 200 വർഷം മുൻപ് അതായതു, 1821 ഒക്ടോബർ 18നു കോട്ടയത്ത്, ഇംഗ്ലണ്ടിലെ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിനിധി ബെഞ്ചമിൻ ബെയിലിയുടെ കരങ്ങളാൽ ആദ്യമായി പ്രിൻറിംഗ് പ്രെസ്സിൽ മഷിപുരട്ടുമ്പോൾ വന്യജീവികൾ വിഹരിച്ചിരുന്ന...

പൊലീസിനെ കബളിപ്പിച്ച യുവാവിൻ്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി; യുവാവിനെതിരെ കേസെടുത്തു .

ചടയമംഗലം: അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി ചടയമംഗലം പൊലീസ്. തിരുവനന്തപുരം കാട്ടാക്കട മൈലാടി സ്വദേശിയായ നന്ദകുമാര്‍ ആണ് യഥാര്‍ത്ഥ പേര് മറച്ച്‌ വച്ച്‌ നവമാധ്യമങ്ങളില്‍ പൊലീസിനെ പരിഹസിച്ച്‌ വീഡിയോ...

സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി.

സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങിയതോടെ വീണ്ടും പ്രളയഭീഷണി. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോര മേഖലകളില്‍ മഴ ശക്തമായി. ഉച്ചയോടെയാണ് മഴ കനത്തു തുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. അടുത്ത...
WP2Social Auto Publish Powered By : XYZScripts.com
error: