17.1 C
New York
Monday, August 15, 2022
Home Literature വളരുന്ന വാമനൻ (കവിത)

വളരുന്ന വാമനൻ (കവിത)

മംഗാളാനന്ദൻ TK

ഇരുളിൻ പടിപ്പുര
പാതാളംതുറക്കുന്നു
തിരുവോണത്തിൻ നാളിൽ
മാവേലിയുണരുന്നു.
ശ്രാവണത്തിങ്കൾ വാരി
വിതറും കുളിരേറ്റു
ഗ്രാമീണ വഴികളിൽ
പുമണമുറങ്ങുന്നു.
ദേവനുമസുരനു-
മല്ലയെൻ മഹാബലി,
കേവലമനുഷ്യനെ
സ്നേഹിച്ച നരോത്തമൻ.
നിയതി വേഷംമാറി
വാമനരൂപം പൂണ്ട-
തൊരുവൻചതിയുടെ
മൂർത്തിയായിരുന്നല്ലോ.
തടവിൽ കിടക്കുന്ന
മാവേലിയെഴുന്നേറ്റു
നടകൊള്ളുന്നു വീണ്ടും
നമ്മുടെ മനം പൂകാൻ.
മടങ്ങിപ്പോയീടേണം
പാതാളലോകത്തിലെ
സുതലത്തിലേക്കുടൻ,
എങ്കിലുമുത്സാഹത്തിൽ
നടന്നു , കാലത്തിന്റെ
തേരുരുൾ പലവട്ടം
കടന്നു പോയിട്ടുള്ള
പാതയിലേകാകിയായ്.
തടവിലാക്കപ്പെട്ട
നദികൾ, വെള്ളക്കെട്ടിൽ
മരണം വരിച്ച വൻ
തരുക്കൾ, താഴ് വാരങ്ങൾ.
ഉരുൾപൊട്ടലിൽ മണ്ണു
തിരികെ വിളിച്ചവർ,
തിരയാൻ പറ്റാതെങ്ങോ
കിടക്കും ശരീരങ്ങൾ.
ഒഴുകാനിടം കിട്ടാ-
തൊടുവിൽ ശ്വാസം മുട്ടി
അപഥസഞ്ചാരത്തിൽ
വീണനീരൊഴുക്കുകൾ,
ഒടുവിലൊന്നിച്ചൊരു
പ്രതിഷേധത്തിൻ രൗദ്ര–
പ്രതിരൂപമായ് വീണ്ടും
പ്രളയമാകുന്നതും,
പുതിയ മാമാങ്കങ്ങ-
ളിപ്പൊഴുമധികാര –
ക്കൊതിയാലരങ്ങേറ്റം
കുറിക്കാൻ വെമ്പുന്നതും,
തിരുനാവകൾ ചോര-
നുണയാൻ കൊതിയോടെ
തിരയുമവിവേകം
തുളുമ്പും യുവതയും,
കൊടിയ വിഷം വീണ്ടും
തീണ്ടവേ കരയുന്ന
കടലിൻ ശോകം പത-
ഞ്ഞുയരും തീരങ്ങളും,
മണലിൻ ധാതുക്കളെ-
യൂറ്റുവാൻ ഗ്രാമങ്ങളെ
മുഴുൻ അരിപ്പയി-
ലെടുത്തു മാറ്റുന്നതും,
നഗരം വളർന്നതും,
മാളുകളുയർന്നതും,
പകരം നാട്ടിൻപുറ-
നന്മകൾ പൊലിഞ്ഞതും,
വിവരസാങ്കേതിക-
വ്യാപാരം പൊലിച്ചതും,
വിവരക്കേടുമതി-
നോടൊപ്പം വളർന്നതും,
മദമാത്സര്യം തൊട്ടു-
തീണ്ടാത്ത ദൈവത്തിന്നു
മതവും ആചാരവും
കല്പിച്ചു കൊടുത്തതും,
അധികാരത്തിൻ വീഞ്ഞു
കവരാൻ ദൈവത്തിന്റെ
അവകാശികളായി
നാടകം കളിപ്പതും,
പണവും തോക്കും ചേർന്നു
ഭരണം നടത്തുന്ന
പുതിയ കാലത്തിലെ
സമരം കെടുന്നതും,
പരിണാമത്തിൻ ചക്ര-
മെത്രമേലുരുണ്ടിട്ടും
നരനിൽ വംശീയത
പിന്നെയും വളർന്നതും,
മരണം വരെ സ്വാർത്ഥം
വെടിയാത്തവനേയും
നരനായ്തന്നെ നമ്മ-
ളിപ്പൊഴുമെണ്ണുന്നതും,
തിരുവോണത്തിൻ നാളി-
ലാരാരുമറിയാതെ
വെറുതെ നടക്കുന്ന
മാവേലിയറിയുന്നു.
കുമ്പിളിൽ നിറയുന്ന
കോരന്റെകണ്ണീരിലെ
നൊമ്പരമുറയുന്ന-
തറിവൂ മഹാബലി.
അമ്പലങ്ങളിലഷ്ട-
ബന്ധിത ശിലകളിൽ
അൻപൊടു പാലും നെയ്യം
പെയ്തിടുമഭിഷേകം.
ഖിന്നനായിടറുന്ന
കാലടി വെച്ചീടുന്നു
പിന്നെയും നടക്കുന്നു
മാവേലിയേകാകിയായ്.
വിളകൾക്കൊന്നും ന്യായ-
വിലകിട്ടാതെ പാവം
കൃഷകൻ കടക്കെണി-
ക്കുരുക്കിൽ പിടഞ്ഞാലും,
ഉത്സാഹപുർവം വര-
വേറ്റിടാൻ കാണംവിറ്റും
ഉത്സവം കൊണ്ടാടുന്നീ
ബലിദർശനനാളിൽ.
അറിയാമങ്ങേക്കിന്നീ
മലയാളികളോണ-
പ്പെരുമ ലോകത്താകെ
പരത്തിക്കഴിഞ്ഞതും.
എങ്കിലുമുണർത്തിക്കാ-
നുണ്ടൊരു സത്യം, ഞങ്ങൾ
നല്ലൊരു നാളേക്കായി
കാത്തുകാത്തിരിക്കുമ്പോൾ,
അറിയുന്നല്ലോ കരൾ
നീറ്റുന്ന വെറും സത്യം,
പറയാതിരിക്കുവാ-
നാവാത്ത മഹാസത്യം.
ശിരസ്സിൽ ചവിട്ടിയ
വാമനകുതന്ത്രങ്ങൾ
തഴച്ചൂ വളരുന്നീ
നാടിന്റെ തലച്ചോറിൽ.
വാമനൻ വളരുന്നു
ദിനവും, അധികാര-
കാമനകളെയൊപ്പം
പാലൂട്ടി വളർത്തുന്നു.
വാമന തന്ത്രം തന്നെ-
യിപ്പൊഴും ജയിയ്ക്കുന്നു.
ആവുമോ കുടിയൊഴി-
പ്പിക്കുവാൻ ഞങ്ങൾക്കൊപ്പം?

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: