17.1 C
New York
Friday, January 21, 2022
Home Literature റ്റാറ്റാനഗർ 4ത് ലെയിൻ (കഥ)

റ്റാറ്റാനഗർ 4ത് ലെയിൻ (കഥ)

ആനി ജോർജ്ജ് ✍

കണ്ടത്തിന്റെ ഒത്ത നടുക്കുള്ള ഒരു ചോരുന്ന വലിയ വീടും, ഗ്രാമത്തിന്റെ പഴമയും, പച്ചപ്പും, വീട്ടിലെ അമ്മായിഅമ്മയുടെ സ്വേച്ഛാധിപത്യവും,നാത്തൂന്റെ ഭരണോപദേശങ്ങളും ഒക്കെ ഉപേക്ഷിച്ച് റ്റാറ്റാ നഗർ കോളനിയിൽ നാലാമത്തെ ലൈനിൽ എലിസ താമസം ആക്കിയിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ.
ഭർത്താവ് ടോമിച്ചന് ജോലിസ്ഥലത്തേക്ക് മൂന്നു നാല് കിലോമീറ്റർ യാത്ര കൂടുതലുണ്ടെങ്കിലും, എലിസയ്ക്ക് നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ. നാലു വയസ്സുകാരൻ മകനെ സ്കൂളിൽ ആക്കിയിട്ട്, എലിസ ഓഫീസിൽ എത്തുമ്പോൾ സമയം കൃത്യമാണ്.

ടാറ്റാ നഗർ കോളനിയിൽ ക്രിസ്ത്യാനികളാണ് കൂടുതലും. ഉയർന്ന ഉദ്യോഗങ്ങളിൽ നിന്നും റിട്ടയർ ചെയ്ത് സ്വസ്ഥമായ വിശ്രമ ജീവിതം നയിക്കുന്നവരും, തൊട്ടടുത്ത കോളേജിലും സ്കൂളുകളിലും പഠിപ്പിക്കുന്നവരുമൊക്കെ അയൽക്കാരായി, ആഗ്രഹിച്ചതുപോലെ സമാധാനവും അന്തസ്സും ഉള്ള ഒരു സാഹചര്യം.

ടോമിച്ചന് മുറ്റത്തെ തെൻ ചുവട്ടിൽ മൂത്രമൊഴിക്കാൻ പറ്റാത്തതിന്റെയും, ഉറക്കെ ഫോണിൽ സംസാരിക്കാൻ പറ്റാത്തതിന്റെയും,  കിണറ്റിന്റെ ചുവട്ടിൽ നിന്ന് കുളിക്കാൻ പറ്റാത്തതിന്റെയുമൊക്കെ ബുദ്ധിമുട്ട്, കോളനിയിലെ വീട്ടിൽ ചെലവഴിക്കുന്ന സമയത്തെയും സാരമായി ബാധിച്ചു. എലിസയാകട്ടെ,  ‘സമാധാനവും സ്വസ്ഥതയും നമ്മളുണ്ടാക്കുന്നതാണ് ‘എന്ന് സ്വയമേയും,ടോമിച്ചനെയും വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു.

ചുരുങ്ങിയ കാലയളവിൽ എലിസ കുറേയേറെ പരിചയക്കാരെയും സുഹൃത്തുക്കളെയും സമ്പാദിച്ചു. അയല്പക്കത്തു താമസിക്കുന്നത് സാമൂഹ്യപ്രവർത്തക റോസിലിൻ മാഡവും, ഭർത്താവ് ടൈറ്റസുമാണ്. രണ്ടുപേരും PWDൽ നിന്നും റിട്ടയർ ചെയ്തവരാണ്. ഡയബറ്റിക് ആയി വിശ്രമജീവിതം അസ്വസ്ഥതകളും വയ്യായ്കകളുമായി  തള്ളിനീക്കുകയാണ് ടൈറ്റസ്. റോസിലിൻ മാഡം മെഡിക്കൽ ക്യാമ്പുകളും, പാർട്ടി പ്രവർത്തനവും, സെമിനാറുകളുമൊക്കെയായി ഔദ്യോഗിക ജീവിതത്തേക്കാൾ തിരക്ക് പിടിച്ച ജീവിതവും.

“റോസ്യേ… ഡീ…റോസ്യേ….. “
ടൈറ്റസ് സാറിന് ഉറക്കെ ബഹളം വയ്ക്കുന്നതിന് സമയം ഒരു പ്രശ്നമേയല്ല. കുറച്ച് മാസങ്ങളേ ആയുള്ളെങ്കിലും, സമയബന്ധിതമായി ചിന്തിച്ചാൽ എലിസയ്ക്ക് മനസ്സിലാകും, അത് എന്തിനുള്ള വിളിയാണെന്നും, അവിടെ എന്താണ് നടക്കുന്നതെന്നും. ടൈറ്റസ് സാർ ഒരു മുരടനാണ്. കർക്കശക്കാരനും. പ്രായത്തിന്റെയും, വയ്യായ്കകളുടെയും വാശികൾ രാത്രിയിലാണ് കൂടുതൽ തെളിഞ്ഞു കേൾക്കുന്നത്. ടൈറ്റസിന്റെ ശബ്ദം റോസ്‌ലിനെന്നല്ല, അയൽവക്കത്തെ എലിസയ്ക്കും, കുഞ്ഞന്നാമ്മ ടീച്ചറിനും, LIC ക്ലാരമ്മയ്ക്കുമൊക്കെ ഒരുപോലെ അരോചകമാണ്. റോസിലിൻ അത് അറിഞ്ഞു പ്രവർത്തിക്കാറുമുണ്ടെന്നു തോന്നുന്നു.

അന്ന് പതിവിലും നിശബ്ദമായിരുന്നു ലെയ്ൻ. പകല് നടന്ന സംഭവത്തിന്റെ പ്രതികരണത്തിന് കാതോർത്തിരിക്കുകയാണ് ചുറ്റുവട്ടത്തുള്ള അവരെല്ലാവരും. പകല് പുറത്തു പ്രദർശിപ്പിക്കുന്ന അന്തസ്സും ആഭിജാത്യവും മാറ്റിവെച്ച്, സന്ധ്യ കഴിഞ്ഞാൽ അവർ തനി മനുഷ്യരാകും. തനി നാട്ടിൻപുറത്തുകാർ. അടുത്ത വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ജിജ്ഞാസയുള്ള തനി നാട്ടിൻപുറത്തുകാർ. അവിടെ നടക്കുന്ന അസ്വാരസ്യങ്ങളിലേക്ക് ചെവി തുറന്നു വയ്ക്കുന്നവർ.

റോസിലിൻ  വീടെത്തിയപ്പോൾ പതിവുപോലെ എട്ടു മണി കഴിഞ്ഞു. പകല് ടൈറ്റസിനെ നോക്കാൻ വന്ന ഹോം നേഴ്സിനെ ടൈറ്റസ് ഉപദ്രവിച്ചെന്ന് അവർ തന്നെയാണ് റോസിലിനെ വിളിച്ചു പറഞ്ഞത്. ഇനി അയാളെ ശുശ്രൂഷിക്കാൻ അവർക്ക് താൽപര്യമില്ലത്രേ… അയാളുടെ അസുഖത്തിന് മരുന്ന് റോസ് ലിൻ മാഡത്തന്റെ കയ്യിലുണ്ടെങ്കിൽ എത്രയും വേഗം തന്നെ അത് കൊടുക്കണമെന്നും അവൾ പറഞ്ഞു. റോസിലിൻ അപ്പോൾ അടുത്ത ആഴ്ചത്തേക്ക് പ്ലാൻ ചെയ്യുന്ന പാർട്ടിയുടെ വനിതാ മതിലിന്റെ നീളം ചർച്ച ചെയ്യുകയായിരുന്നു.
റ്റാറ്റാ നഗറിലെ ഫോർത്ത് ലെയ്നിലെ ആരും തന്നെ ഇനി ആ വാർത്ത അറിയാനുണ്ടായിരുന്നില്ല. പക്ഷേ ആരും തന്നെ അത് അറിഞ്ഞതായി ഭാവിച്ചില്ല.എതിർവശത്ത് താമസിക്കുന്ന കുഞ്ഞന്നാമ്മ ടീച്ചർ, ഹോം നേഴ്സ് കരഞ്ഞുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടത്രെ. മുറ്റത്തെ കുറ്റിമുല്ലയുടെ ചുവട്ടിൽ നിന്ന് ടൈറ്റസിനെ ഉറക്കെ പ്രാകിയ ഹോംനഴ്സിന്റെ മുഖത്തേക്ക് അവളുടെ ചുരിദാറിന്റെ ഷാൾ എറിഞ്ഞുകൊടുത്തതും ജനാലയിലൂടെ ടീച്ചർ കണ്ടിരുന്നത്രേ.

ഓഫീസിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള വരവിന്റെ കണക്കുകൾ ടാലി ചെയ്യുകയായിരുന്ന എലീസയുടെ ഫോണിലേക്ക് ഇന്ത്യ-പാക് ക്രിക്കറ്റിന്റെ ഹൈലൈറ്റ്സ് പോലെ കുഞ്ഞന്നാമ്മ ടീച്ചറിന്റെ കമൻട്രി ചൂടോടെ എത്തി. 4ത് ലെയ്നിലെ എല്ലാ വീടുകളിലെയും മൊബൈലുകളും ലാൻഡ്ഫോണും അന്നേരം ബിസി ആയിരുന്നിരിക്കണം.
സംഭവത്തിന്റെ അലയൊലികൾക്ക്‌ കാതോർത്ത് ലെയ്നിൽ പതിവിലും നിശബ്ദത തോന്നി. അന്ന് സന്ധ്യകഴിഞ്ഞ് ‘ഇന്ദുലേഖ’യും, ‘തിങ്കൾക്കലമാ’നും, ‘സ്വന്തം സുജാത’ യുമൊക്കെ പതിവിലും ഒച്ച താഴ്ത്തിയാണ് സംസാരിച്ചത്. റോസിലിന്റെ കാറിന്റെ ശബ്ദത്തിന് വേണ്ടിയാണ് എല്ലാവരും കാതോർത്തിരുന്നത്. കാത്തിരിപ്പിൻറെ നിരാശയിൽ അടുത്തടുത്ത വീടുകളിലെ ലൈറ്റുകൾ പതുക്കെ പതുക്കെ ഓഫ് ആയി.

“റോസിയെ… ഡി… റോസിയെ…നിന്റെ അധ്വാനം കഴിഞ്ഞില്ല്യോടീ… ” എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന എലിസയെ നിർദ്ദാക്ഷണ്യം നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട്, ടൈറ്റസിന്റെ ഞരക്കങ്ങളും മൂളലുകളും ഉണർന്നു.

പതിവുപോലെ പിറ്റേന്നും റോസിലിൻ രാവിലെ തന്നെ പുറപ്പെട്ടു. ഗേറ്റിങ്കൽ പ്രതീക്ഷയോടെ നിന്ന കുഞ്ഞന്നാമ്മ ടീച്ചറിനെ കൈ വീശി കാണിക്കുന്നതിനിടയിൽ, പറയാൻ മറന്നില്ല. “കിടപ്പുരോഗികൾക്ക് വാട്ടർബെഡ് വിതരണം ഉണ്ട്…എട്ടാം വാർഡിൽ…അവിടെ വരെയൊന്ന് ചെല്ലണം. മാത്രമല്ല, ടൈറ്റസച്ചായനെ നോക്കുന്ന ഹോം നേഴ്സിന് എന്തോ അസൗകര്യം..പുതിയൊരാളെ അറേഞ്ച് ചെയ്യണം.”
റോസിലിന്റെ ചുവന്ന സാൻഡ്രോ വളവ് തിരിഞ്ഞ് പോയതും, കുഞ്ഞന്നാമ്മ ടീച്ചർ തിരിച്ച് അകത്തേക്ക് കയറി. കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ലിസയുടെ ഫോൺ അടുത്ത നിമിഷം ബെല്ലടിച്ചു.

ആനി ജോർജ്ജ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: