17.1 C
New York
Sunday, September 24, 2023
Home Literature റീ യൂണിയൻ (കഥ )

റീ യൂണിയൻ (കഥ )

സുജ ഹരി

“പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെന്റെ കൂടെച്ചേർന്നു
കളിച്ചു നടന്നില്ലേ …. “

നേർത്ത ശബ്ദത്തിലും, പതിഞ്ഞ താളത്തിലും ഒഴുകിയെത്തിയ ഗാനം ,
പ്രൗഢ ഗംഭീരമായ ആ ഹാളിലെ
ശാന്തവും ഗൃഹാതുരത്വം നിറഞ്ഞതുമായ അന്തരീക്ഷത്തിന് മാറ്റുകൂട്ടി. തമ്മിലറിയുന്നവരാണ് എല്ലാവരുമെന്ന
വിശ്വാസമുണ്ടെങ്കിലും പലർക്കും പരസ്പരം തിരിച്ചറിയാനായിരുന്നില്ല.
കാരണം, രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമുള്ള, ബി.എഡ് വിദ്യാർത്ഥികളുടെ കൂടിച്ചേരൽ വേദിയായിരുന്നു അത്.
നിറഞ്ഞ മനസ്സോടെ, സംഘാടകർ, എല്ലാവരെയും സ്വീകരിച്ചു.

പിന്നിലെ ഒരു മേശക്കരികിൽ ‘ജിഷടീച്ചർ’
തനിച്ചിരുന്നു.

മുഖ്യസംഘാടകൻ, മുരളി ഓരോരുത്തരെയായി സദസ്സിന് പരിചയപ്പെടുത്തി. അവർ കുടുംബത്തോടൊപ്പം വേദിയിലെത്തി
സംസാരിച്ച് തിരികെ പോകുന്നതിനോടൊപ്പം
സദസ്സിൽ കയ്യടികളും ഉയർന്നു. ഏറ്റവുമൊടുവിലെത്തിയത് ഡേവിസായിരുന്നു….

അല്പം തടിയും ചെറിയ കഷണ്ടിയും ബാധിച്ചതൊഴിച്ചാൽ അയാൾക്ക്
വലിയ മാറ്റങ്ങളില്ലെന്ന് ജിഷയ്ക്ക് തോന്നി.

യുവത്വം നഷ്ടപ്പെടാത്ത, ഊർജസ്വലനായ ഡേവിസ് സംസാരിച്ചു തുടങ്ങി…

“ഞാൻ ഡേവിസ് പീറ്റർ !”

സദസ്സിൽ നിന്ന് കരഘോഷവും
ആരവവും ഉയർന്നു.

” ഇപ്പോൾ കാസർഗോഡ് ഗവ.ഹയർ സെക്ക.സ്കൂളിൽ അധ്യാപകനാണ്
ഭാര്യ നീനയും അധ്യാപികയാണ്,
she is carrying. “

വർത്തമാനത്തിൽ നിന്ന് ഭൂതത്തിലേക്കവൻ
യാത്ര തുടങ്ങുമ്പോൾ ജിഷ ടീച്ചർ തലകുനിച്ചിരുന്നു…

അമ്മയും മൂന്ന് സഹോദരിമാരുമടങ്ങിയ കുടുംബത്തിന്റെ അത്താണി. പഠനത്തിനിടയിലുണ്ടായ സങ്കീർണ്ണമായ കുടുംബ പ്രശ്നങ്ങൾ, വിധിയ്ക്കു മുന്നിൽ തകർന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ! വളരെ വൈകിയുള്ള വിവാഹവും, പിന്നീടുള്ള ജീവിതവും – ഡേവിസ് വിവരിക്കുമ്പോൾ സദസ്സ് നിശ്ശബ്ദമായിരുന്നു… പലരുടെയും കണ്ണുകളപ്പോൾ ജിഷയെ തേടി.
ജിഷയുടെ മുഖം ഉയർത്താനായി
സിസ്റ്റർ ലിസ്സി ശ്രമിച്ചെങ്കിലും, അവൾ ഒഴിഞ്ഞുമാറി….

കണ്ണടക്കുള്ളിലെ നനവ് ആരും അറിയാതിരിക്കാനായിരുന്നു അവളുടെ ശ്രമം.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം ആഘോഷങ്ങൾ തുടങ്ങി.

ആസ്ഥാനഗായിക പ്രിയയുടെ പാട്ടിനൊപ്പം
ചുവടു വച്ച് … നിഷ – ശോഭ – ബൈജുമാർ.
കുട്ടിപ്പട്ടാളത്തോടൊപ്പം മറ്റ് കൂട്ടുകാരും ആടിയും പാടിയും തകർക്കുകയാണ്.

“ജിഷേ, വേഗം ഉഷാറായിക്കേ, ദേ ..ഇത്
തെറ്റാതെ പത്തു പ്രാവശ്യം വേഗത്തിൽ പറഞ്ഞാൽ നല്ല സമ്മാനമുണ്ട് “
ചെറുചിരിയോടെ ‘മാത്യൂസ് ‘ വച്ചു നീട്ടിയ പേപ്പറിൽ ഇങ്ങനെ എഴുതിയിരുന്നു.

“അച്ഛൻ അച്ചപ്പം അടിച്ചു പൊട്ടിച്ചു “

വായിച്ച ആദ്യവട്ടം തന്നെ അവൾ
പൊളിച്ചടുക്കി.

അൽപ സമയത്തിനു ശേഷം, ഒരു നല്ല കാഴ്ചക്കാരിയാകാൻ പോലുമാവാതെ അവൾ അവിടം വിട്ടു !
ട്രാൻസ്പോർട്ടേഷൻ ചുമതലയുണ്ടായിരുന്ന സഖറിയാസ്, അവളെ റയിൽവേസ്റ്റേഷനിൽ എത്തിച്ചു.

ചായ വിൽപനക്കാരുടേയും യാത്രക്കാരുടെയും ശബ്ദകോലാഹലങ്ങൾക്കിടയിൽ ടിക്കറ്റെടുത്ത് അവൾ അകത്തു കയറി, സൈഡ്സീറ്റു തന്നെ പിടിച്ചു. ട്രെയിൻ മുന്നിലേയ്ക്കും, അവളുടെ ഓർമ്മകൾ പിന്നിലേയ്ക്കും കുതിച്ചു…

……..

ഇരുപത്തിയഞ്ച് വർഷം മുൻപുള്ള ബി.എഡ് പoനകാലം…. ജീവിതത്തിലെ
സുവർണ്ണകാലം !

അദ്ധ്യാപകരെ വാർത്തെടുക്കുന്ന, ഗ്രാമാന്തരീക്ഷത്തിലുള്ള കോളേജിലെ, ഇരുപത് പെൺകുട്ടികളും പതിനേഴ് ആൺകുട്ടികളുമടങ്ങിയ ക്ലാസ്സ് റൂം. ജിഷയുൾപ്പടെയുള്ള പെൺകുട്ടികൾ പലരും ഹോസ്റ്റലിലാണ് താമസം, ആൺകുട്ടികൾ എല്ലാവരും തന്നെ പുറത്തെ വാടക വീടുകളിലും. വീട്ടിൽ പോയി വരുന്നവർ ഒന്നോ രണ്ടോ മാത്രം.

ലാൻഡ്ഫോൺ പോലും ആർഭാടമായിരുന്ന കാലമാണല്ലോ !

ദൂര വ്യത്യാസമുണ്ടെങ്കിലും, ഒരേ ദിശയിലേയ്ക്ക് ആഴ്ചാവസാനമുള്ള ട്രെയിൻ യാത്രകളാണ് ജിഷയെ ഡേവിസുമായി കൂടുതൽ അടുപ്പിച്ചത്. സൗഹൃദം പ്രണയമായി മാറിയത് അവർ പോലുമറിഞ്ഞില്ല. പക്ഷേ …മനസ്സിലെ പ്രണയം തുള്ളാതെ, തുളുമ്പാതെ, അവർ കാത്തുസൂക്ഷിച്ചതെന്തിനെന്ന് ഇരുവർക്കും അറിയില്ലായിരുന്നു. അവൻ പറയുമെന്ന് അവളും അവൾ പറയുമെന്ന് അവനും ആശിച്ചു കാണുമോ? അതോ
പിന്നീട് പറയാമെന്ന് കരുതിയോ …?
അതുമറിയല്ല?

ആഹ്ളാദത്തിന്റെ ദിനരാത്രങ്ങൾ പ്രകാശ വേഗത്തിലാണ് കടന്ന് പോയത്.

ക്ലാസ്സ് അവസാനിക്കാറായി ….
വർണ്ണാഭമായ പഠനകാലവും, കഠിനമായ പരീക്ഷക്കാലവും കഴിഞ്ഞു…
ഡേവിസിനെ കാണാൻ കഴിയാതെ നിരാശയായ ജിഷ നാട്ടിലേക്കു ട്രെയിൻ കയറി. ഡേവിസിന്റെ ഓർമ്മകൾക്കൊപ്പം അവളും സഞ്ചരിച്ചു. കലങ്ങിയ
മനസ്സുമായി വീടണഞ്ഞ ജിഷയ്ക്ക്; അകമ്പടിയായെത്തിയത് ഒരു വിവാഹാലോചനയാണ്. ആദ്യം കാര്യമായെടുത്തില്ലെങ്കിലും പിന്നീടത് ഗൗരവമുള്ളതായി.

ഡേവിസിനെ വിവരമറിയിക്കാനായി അവളെഴുതിയ കത്തുകൾ മറുപടി കിട്ടാത്ത ചോദ്യം പോലെ ഏതോ ശൂന്യതയിൽ മറഞ്ഞു !

അവൾ കേൾക്കാനാഗ്രഹിച്ചത്
എന്തുകൊണ്ടാണവൻ പറയാതിരുന്നത്?
അവൻ അവളെ ഒഴിവാക്കുകയായിരുന്നോ? അതോ അവനുണ്ടായിരുന്നത് സൗഹൃദം മാത്രമായിരിരുന്നോ….?
തീരിച്ചറിയാനാവാതെ അവൾ കുഴങ്ങി.

“ആണുങ്ങൾക്കിതൊക്കെ ഒരു തമാശയാ, നീയൊരു മണ്ടി, അവനതൊക്കെ എപ്പഴേ
മറന്നു കാണും ” കൂട്ടുകാരി ഷേർലിയുടെയും, മറ്റു സഹപാഠികളുടെയും ഉപദേശം അവളെ ചിന്തിപ്പിച്ചു. ഒടുവിൽ വിങ്ങുന്ന മനസ്സോടെ, അവൾ അവന്റെ ഓർമ്മകൾക്ക് മേൽ കറുത്ത ചായം പൂശി…

വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോയ ജിഷ, അവിടത്തെ ഒരു ഇൻഡ്യൻ സ്കൂളിൽ അദ്ധ്യാപികയായി.
ഇപ്പോഴവൾ മകന്റെ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലാണ്.

….…..

ട്രെയിനിന്റെ ചൂളംവിളി ജിഷയുടെ ചിന്തകളെ മുറിച്ചു. സ്റ്റേഷനിൽ കാത്തുനിന്ന മകനോടൊപ്പം വീട്ടിലെത്തി.

നേരമിരുട്ടി. മുറ്റത്തും തൊടിയിലും ചിതറി വീണ വെള്ളിനിലാവ് അവളുടെ മനസ്സിലെ
കാർമേഘത്തെ അൽപാൽപമായി അകറ്റിക്കൊണ്ടിരുന്നു.

അത്താഴം കഴിച്ചിരിയ്ക്കെ, അകത്തെ മുറിയിൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു. പരിചയമില്ലാത്ത നമ്പർ !

ഒന്നു സംശയിച്ചവൾ ഫോണെടുത്തു.

“ഹലോ… ജിഷയല്ലേ “
ഇത് ഞാനാണ് ഡേവിസ്, എന്തേ പെട്ടന്ന്
പോയത്, ഒന്നു മിണ്ടാൻ പോലും നിൽക്കാതെ ….?”

ഷോക്കേറ്റ പോലെ ഒരു വിറയൽ അവളുടെ ശരീരമാകെ പടർന്നു.

പിന്നെ …
നീണ്ട നിശ്ശബ്ദത ….

“ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാർത്ഥിക്കണം “
മറുപടിക്കു കാക്കാതെ ഫോൺ മുറിഞ്ഞു.

ഒരു തൂവലിന്റെ ഭാരമില്ലായ്മ
അവൾക്കനുഭവപ്പെട്ടു. എനിയ്ക്കിതെന്തുപറ്റി? അയാളെന്റെ സഹപാഠി മാത്രമല്ലേ ? അവളോർത്തു.

ഡേവിസിനെ പഴയ സഹപാഠിയാക്കാൻ ശ്രമിച്ചെങ്കിലും അവൾ പരാജയപ്പെട്ടു.

…….

രണ്ടു വർഷത്തിനു ശേഷമുള്ള
റീ യൂണിയനിൽ പങ്കെടുക്കാൻ ജിഷ തീരുമാനിച്ചിരുന്നില്ല. അതു മനസ്സിലാക്കിയെന്നപോലെ തലേദിവസം ഡേവിസ് ജിഷയെ വിളിച്ചു.

“താൻ നാളെ എന്തായാലും വരണം
ഒരു സർപ്രൈസുണ്ട് “

പറഞ്ഞു തീർന്നതും
ഫോൺ കട്ടു ചെയ്തു.

…..…

ആ മനോഹര ഗാനം അന്നും; അവരെ സ്വാഗതം ചെയ്തു ….

ആകാംക്ഷാഭരിതയായി, ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഭരിച്ച മനസ്സുമായെത്തിയ ജിഷ, ഭാര്യയ്ക്കും മകൾക്കുമൊപ്പം ഉല്ലാസവാനായിരിക്കുന്ന ഡേവിസിനെയാണ് കണ്ടത്.

ജിഷയെ കണ്ട് പുഞ്ചിരിയോടെ
ഡേവിസ് അവൾക്കരുകിലെത്തി …
സംസാരിക്കുന്നതിനിടയിൽ ഒരു
കുഞ്ഞു ശബ്ദമുയർന്നു…

‘ പപ്പാ.. വാ… അമ്മ വിളിയ്ക്കുന്നു ‘

അപ്പോഴാണ് ഡേവിസിന്റെ കൈയിൽ തൂങ്ങിയ കുഞ്ഞിനെ അവൾ ശ്രദ്ധിച്ചത്.
ഡേവിസിന്റെ അതേ കണ്ണുകളും, ചിരിയുമുള്ള, കുസൃതിക്കുടുക്ക.

അൽപം കുനിഞ്ഞ്, കൗതുകത്തോടെ
ആ റോസാപ്പൂക്കവിളിൽ തൊട്ടു കൊണ്ട്, ജിഷ ചോദിച്ചു

“വാവേടെ പേരെന്താ? “

ഡേവിസ് ചെറു ചിരിയോടെ
മോളോടു പറഞ്ഞു

‘പേരു പറഞ്ഞേ’ …

“ജിഷ ആൻ ഡേവിസ് ” അവൾ
കൊഞ്ചിക്കൊഞ്ചി മൊഴിഞ്ഞു.

ഒരു നിമിഷം സ്തബ്ധയായി നിന്ന ജിഷയുടെ, പെരുവിരലിൽ നിന്ന്
ഇടനെഞ്ചിലേക്കൊരു മിന്നൽപ്പിണർ പാഞ്ഞു; പപ്പയുടെ കൈവിരൽ പിടിച്ചകന്നു പോകുന്ന പൊൻമാനിനെ ഒരു നിമിഷം
നോക്കി, പെരുമ്പറ കൊട്ടുന്ന ഹൃദയത്തെ
മെരുക്കാൻ ശ്രമിച്ച് ജിഷയും
തിരിഞ്ഞു നടന്നു …

അപ്പോഴും മൈക്കിലൂടെ ആ മനോഹര ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു.

പുലരിപ്പൂ പോലെ ചിരിച്ചും;
പുഞ്ചപ്പാടക്കാറ്റു വിതച്ചും,
നീയെന്റെ കൂടെച്ചേർന്നു
നടക്കില്ലെന്നറിയാം ….

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ്ജ് അന്തരിച്ചു.

കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജ്‌ വിടവാങ്ങി . ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം...

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...

പുസ്തക പരിചയം – “ഉറങ്ങുന്നവരുടെ ആംബുലൻസ് ” രചന: ശ്രീ സുരേഷ് കുമാർ വി, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല...
WP2Social Auto Publish Powered By : XYZScripts.com
error: