17.1 C
New York
Wednesday, December 1, 2021
Home Literature റാഹേലിന്റെ കൈപ്പുണ്യം

റാഹേലിന്റെ കൈപ്പുണ്യം

സുജ പാറുകണ്ണിൽ

റാഹേൽ ഇല്ലാതെ ഒരു കാര്യവും നാട്ടിൽ നടക്കാറില്ല. കല്യാണം ആയാലും അടിയന്തിരം ആയാലും, പ്രസവം ആയാലും, എന്തിനും ഏതിനും നാട്ടുകാർക്ക്‌ റാഹേൽ ഇല്ലാതെ പറ്റില്ല. മരണം കാത്തു കിടന്ന ഒരുപാടുപേരെ ശിശ്രുഷിച്ചു സ്വർഗത്തിലേക്കും നരകത്തിലേക്കും ഒക്കെ യാത്ര ആക്കിയിട്ടുണ്ട് റാഹേൽ. നേരം പുലരുന്നതിനു മുൻപേ റാഹേൽ ജോലി തുടങ്ങും. എവിടെയും എപ്പോളും എല്ലായിടത്തും റാഹേൽ ഉണ്ട്. ഏറ്റെടുക്കുന്ന ജോലി വൃത്തി ആയും ഭംഗിയായും വളരെ പെട്ടെന്ന് ചെയ്തു തീർക്കും. നിത്യ തൊഴിൽ അഭ്യാസം എന്ന് പണ്ടുള്ളവർ പറയുന്നത് റാഹേലിന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.

റാഹേലിന്റെ കൈപ്പുണ്യം നാട്ടിൽ പ്രശസ്തം ആണ്. റാഹേലിന്റെ താറാവ് കറിയും, ബീഫും, മീൻ മുളക് അരച്ച കറിയും ഒക്കെ ഒരുതവണ കഴിച്ചവർ ഒരിക്കലും മറക്കില്ല.എന്തു ഉണ്ടാക്കിയാലും ഒരു പ്രത്യേക രുചി.ഏതു വീട്ടിൽ എന്തു വിശേഷം വന്നാലും പാചകത്തിനു റാഹേൽ വേണം അത് എല്ലാവർക്കും നിർബന്ധം. അതുകൊണ്ട് തന്നെ റാഹേലിന്റെ ജീവിതം അടുക്കളയിൽ നിന്നും അടുക്കളകളിലേക്കു ഓടി തീർന്നുകൊണ്ട് ഇരുന്നു.

റാഹേലിന്റെ പതിമൂന്നാം വയസിൽ അപ്പന് പുറകെ അമ്മയും സെമിത്തേരിയിലേക്ക് യാത്ര ആയപ്പോൾ എട്ടും പൊട്ടും തിരിയാത്ത അനിയനെയും അനാഥത്വത്തെയും കെട്ടിപ്പിടിച്ച് ആ പാവം നോക്കി നിന്നു.

ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. വയറു വിശന്നപ്പോൾ റാഹേൽ വീട്ടു ജോലി ചെയ്യാൻ ഇറങ്ങി .അനിയൻ

ചെറുക്കന് അവൾ അമ്മയും ചേച്ചിയും എല്ലാം ആയി.

യൗവനകാലത്തിലൂടെ ഒക്കെ കടന്നു പോയെങ്കിലും ആരും ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് എത്തി നോക്കിയില്ല . കറുത്ത് പൊക്കം കുറഞ്ഞു ചടച്ച ശരീരം ഉള്ള സൗന്ദര്യം ഇല്ലാത്ത അവളെ ആര് നോക്കാൻ.

അവളുടെ കൈപ്പുണ്യം മാത്രം എല്ലായിടത്തും ഒരുപോലെ വാഴ്ത്തപ്പെട്ടു. അവൾ മാത്രം എപ്പോളും തിരശീലയ്ക്കു പിന്നിൽ ഇരിപ്പിടം കണ്ടെത്തി.

അവളുണ്ടാക്കിയ പല വിഭവങ്ങളും കടൽ കടന്നു പല രാജ്യങ്ങളിലേക്കും പോയി. വിദേശത്തേക്ക് പോകുന്ന പലരുടെയും പെട്ടികളിൽ അവളുണ്ടാക്കിയ അവലോസ് പൊടിയും, അച്ചപ്പവും, അച്ചാറും, ബീഫും ഒക്കെ സ്ഥാനം പിടിച്ചു. വിദേശത്തു ഇരുന്നു പോലും പലരും അവളുടെ കൈപ്പുണ്യത്തെ പുകഴ്ത്തി.

പ്രസവിച്ചില്ല എങ്കിലും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വളർത്താനും ഒക്കെ റാഹേൽ മിടുക്കി ആയിരുന്നു. പ്രസവം കഴിഞ്ഞ അമ്മമാർക്ക് റാഹേലിനെ കാണുമ്പോളേ ആശ്വാസം തോന്നുമായിരുന്നു. എത്ര നിർത്താതെ കരയുന്ന കുഞ്ഞും അവൾ എടുക്കുമ്പോൾ കരച്ചിൽ നിർത്തും.

അങ്ങനെ അവളുടെ കൈകളിലൂടെ കടന്നുപോയ പല കുട്ടികളും വളർന്നു വലുതായി ലോകത്തിന്റെ പല ഭാഗത്തും ജോലി ചെയ്യുന്നു. റാഹേൽ ഇപ്പോളും പുലരും മുതൽ അന്തിയോളം ഒരു വീട്ടിൽ നിന്നു അടുത്ത വീട്ടിലേക്കു ഓടിക്കൊണ്ട് ഇരിക്കുന്നു.

ഇതിനിടയിൽ റാഹേലിന്റെ അനിയൻ വലിയ ആൾ ആയി. വിവാഹവും കഴിച്ചു. അവർ താമസവും മാറ്റി. അത് റാഹേലിനു വലിയ വിഷമം ആയി. ജനിച്ചപ്പോൾ മുതൽ ചേർത്തു പിടിച്ചിരുന്ന അനിയൻ ഒറ്റയ്ക്ക് ആക്കി പോയത് സഹിക്കാൻ പറ്റിയില്ല എങ്കിലും മറ്റുള്ളവരുടെ അടുക്കളയിൽ കടുക് വറുത്തും അവരുടെ കുട്ടികളെ വളർത്തിയും അവൾ ആ സങ്കടം തീർത്തു.

കാലം കഴിയും തോറും പ്രായം കൂടുകയും ആരോഗ്യം കുറയുകയും ചെയ്തപ്പോൾ റാഹേലിന്റെ ജോലിക്ക് പോക്കും കുറഞ്ഞു. പിന്നെ പിന്നെ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാതെ ആയി റാഹേൽ. എവിടേലും ചുരണ്ടു കൂടി കിടക്കും. വല്ലപ്പോളും എന്തേലും ഉണ്ടാക്കി കഴിക്കും.

റാഹേൽ ജോലി ചെയ്തിരുന്ന വീട്ടിലെ പെണ്ണുങ്ങൾ അവൾ ജോലിക്ക് വരാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മതിലിനു അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ട് പരസ്പരം വാ തോരാതെ പറഞ്ഞു തീർത്തു . ചിലരാണെങ്കിൽ ഫോണിലൂടെ മണിക്കൂറുകൾ അവരുടെ ബുദ്ധിമുട്ടുകളും റാഹേലി ന്റെ കൈപ്പുണ്യത്തെ കുറിച്ചും സംസാരിച്ചു.

പക്ഷെ ആരും റാഹേൽ എവിടെ എന്ന് അന്വേഷിച്ചില്ല. ആരും അവളെ ഓർത്തില്ല.

പട്ടിണിയും പനിയും മൂലം സുബോധം നഷ്ട്ടപ്പെട്ടു വീടിന്റെ മൂലയിൽ കിടന്നു റാഹേൽ ഏതൊക്കെയോ വീടിന്റെ അടുക്കളയിൽ പലഹാരങ്ങൾ വറുത്തു കോരി, കുഞ്ഞുങ്ങളെ താരാട്ടു പാടി ഉറക്കി , അനിയൻ ചെക്കന് ചോറ് വാരി കൊടുത്തു. അങ്ങനെ അങ്ങനെ പതിയെ പതിയെ ആ ഓർമകളും നിലച്ചു. ഒരുപാട് പേർക്ക് രുചിയോടെ വച്ചു വിളമ്പിയ കൈകൾ തണുത്തു മരവിച്ചു. അവസാനമായി ഇത്തിരി വെള്ളം പോലും ഇറക്കാതെ പാവം

റാഹേൽ യാത്രയായി.

പിറ്റേന്ന് റാഹേലിന്റെ പെട്ടി തുറന്നു നോക്കിയ അനിയൻ ചെക്കൻ റാഹേൽ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന കവർ എടുത്തു തുറന്നു നോക്കി. ചേച്ചി അവനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ. ആരോ എപ്പോളോ എടുത്തത് ആണ്. അത് കണ്ടു അവന്റെ കരൾ ഉരുകി പോയി. കണ്ണ് നിറഞ്ഞു ഒഴുകി. ഈ ലോകത്ത് ചേച്ചിക്ക് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നത് താൻ മാത്രം ആയിരുന്നു എന്ന് അവൻ വേദനയോടെ ഓർത്തു. അവൻ ആ ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.

നിനക്ക് വാരി തന്നതും വളർത്തി വലുതാക്കിയതും ഞാൻ അല്ലേ? ഞാൻ അല്ലായിരുന്നോ നിന്റെ അമ്മ. എന്നിട്ടും മരണനേരത്തു ഇത്തിരി വെള്ളം തരാൻ നീ വന്നില്ലല്ലോ. ചേച്ചി അങ്ങനെ ചോദിക്കുന്നതു പോലെ അവനു തോന്നി.

കുറ്റബോധം സഹിക്കാൻ വയ്യാതെ ആ ഫോട്ടോയും കയ്യിൽ പിടിച്ചു അവൻ അവിടിരുന്നു സങ്കടം മുഴുവൻ കരഞ്ഞു തീർത്തു.

അപ്പോളും നാട്ടിലെ കൊച്ചമ്മമാർ റാഹേൽ ഇല്ലാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും റാഹേലിന്റെ കൈപ്പുണ്യത്തെകുറിച്ചും പരസ്പരം സംസാരിച്ചു കൊണ്ടേ ഇരുന്നു.

COMMENTS

2 COMMENTS

  1. നമ്മുടെ ഒക്കെ ഇടയിൽ ഉണ്ടായിരുന്ന ഒരു നല്ല മനസ്. ഇപ്പോഴും ഇങ്ങെനെയുള്ള ചില നന്മ മരങ്ങളെ നമുക്ക് കാണാൻ സാധിക്കും. സുജയ്ക്കു അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: